Posts

Showing posts from November, 2020

കാത്തിരിപ്പ്

Image
അവൻ അവളുടെ സൂര്യനായിരുന്നു... പ്രഭാത രശ്മികൾ ചക്രവാളം തുടുപ്പിക്കുമ്പോൾ ..... പ്രതീക്ഷയാൽ വിരിയാൻ തുടങ്ങുന്ന പൂക്കളെപ്പോലെ ....  അവൾ അവന്റെ സാമീപ്യത്തിനായി  വെമ്പൽ കൊണ്ടു.... സൂര്യപ്രഭക്കു നേരെ മുഖം തിരിച്ച് നിൽക്കുന്ന പുഷ്പങ്ങൾ പോലെ .... അവൾ അവനെ കാണാൻ മാത്രം മിഴികൾ തുറന്നു... സൂര്യപ്രകാശത്താൽ  നിലനിൽക്കുന്ന വൃക്ഷലതാദികൾ പോലെ .. അവളുടെ നിലനിൽപിനാധാരം അവനായിരുന്നു....  ശിഖരങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്ന  മഞ്ഞു പോലെ .... അവളുടെ മനസ്സിലും .... വിരഹം വിങ്ങലായി ഘനീഭവിച്ചു നിന്നു...  സൂര്യനെ കാത്തിരിക്കുന്ന ചെടികളെ പോലെ .... അവളും കാത്തിരുന്നു... അവളുടെ സൂര്യനെ ... മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ  മഴവില്ലു വിരിയിക്കുന്ന പോലെ.....  മനസ്സിൽ മാരിവില്ലൊരുക്കുന്നവനെ ....   മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു ...  വരും ..... വരാതിരിക്കില്ല.....  പ്രീത രാജ്

ഋതുഭേദങ്ങൾ

Image
എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം  !!  ആനന്ദത്തിന്റെ വസന്തവും ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും  ഗൃഹാതുരത്വത്തിന്റെ ശിശിരവും നിർവികാരതയുടെ ശൈത്യവും  മാറി മാറിയങ്ങനെ..... ഉള്ളിൽ പുകയുന്ന  ഈർഷ്യ അഗ്നിപർവ്വതമായി  പൊട്ടിത്തെറിച്ച്  ....  തിളക്കുന്ന  ലാവയായി പരന്നൊഴുകി ചുറ്റുപാടും ഭസ്മമാക്കാറില്ലേ ?..... കോപം കൊടുങ്കാറ്റായി ആഞ്ഞടിച്ച്  ബന്ധങ്ങൾ പൊട്ടിച്ചെറിയാറില്ലേ? ....  അണപൊട്ടിയൊഴുകുന്ന ദുഃഖം പേമാരിയായും പ്രളയമായും ആർത്തലച്ച് ദുഃഖച്ചുഴികളിലേക്കും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലേക്കും എടുത്തെറിയാറില്ലേ ?  സാന്ത്വനം കുളുർകാറ്റായും  ചാറ്റൽ മഴയായും തഴുകാറില്ലേ ?  ആനന്ദം പുഷ്പ സുഗന്ധമായും  വർണരാജികളായും മനസ്സിൽ നിറയാറില്ലേ?    പ്രകൃതിയും ജീവിതവും  എത്രമേൽ താദാത്മ്യപ്പെടുന്നു!... ജന്മത്താൽ, പ്രകൃതത്താൽ അത്രമേൽ പ്രകൃതിയോട് ബന്ധനത്തിലാണെങ്കിലും വൃഥാ വെല്ലുവിളിക്കുന്നു, മനുഷ്യൻ ... തോൽപ്പിക്കാമെന്ന് അഹങ്കരിക്കുന്നു!!  അത്  സ്വന്തം തോൽവി  തന്നെയാകുമെന്നോർക്കാതെ!!!!   പ...

യന്ത്രം വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ

Image
നിലച്ചുപോയ യന്ത്രം കേടുപാടുകൾ തീർത്ത് ചലിച്ചു തുടങ്ങിയതു പോലെ മെല്ലെ മെല്ലെ ചലിച്ചു തുടങ്ങുന്നു മനുഷ്യ നിർമ്മിത ലോകവും. വഴുതി വഴുതിപ്പോകുന്ന ജീവിതത്തെ പ്രത്യേക വൈദഗ്ധ്യത്തോടെ പിടി കൂടാനുള്ള പരിശ്രമം. ഏതോ യൂണിഫോമിട്ട് മാസ്ക് ധരിച്ച് ധൃതിയിൽ കടവന്ത്ര  മെട്രൊ സ്റ്റേഷനിലേക്ക്  കയറി പോകുന്ന  പെൺകുട്ടികൾ. സൗത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ കൂടി പോകുമ്പോൾ നീലകലർന്ന പച്ച നിറമുള്ള വലിയ ഒരു പുഴു പോലെ അങ്ങു മുകളിൽ കൊച്ചി മെട്രൊ. സിഗ്നലുകളിൽ സാമാന്യം നല്ല തിരക്ക്. ഭിക്ഷാടകരും പണി പുനരാരംഭിച്ചിരിക്കുന്നു. ഡർബാർ ഹാൾ ഗ്രൗണ്ടിൽ സായാഹ്ന സവാരിക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അമ്പലത്തിന് മുന്നിലെ പാർക്കിംഗ് മിക്കവാറും നിറഞ്ഞിരിക്കുന്നു.  ശ്രീ കോവിലിൽ ഭഗവാൻ സുവർണ ചന്ദ്രക്കലാധാരിയായി  ദീപങ്ങൾക്കു നടുവിൽ അതേ ഗാംഭീര്യസ്മേരത്തോടെ നിറഞ്ഞു നിൽക്കുന്നു. നൃത്തം ചെയ്യുന്ന ആലിലകളെ തഴുകി വരുന്ന കായൽക്കാറ്റേറ്റ് പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ പരിഭവങ്ങളെല്ലാം അലിഞ്ഞു പോകുന്നു.  തിരികെ വന്ന് കാറ് പുറകോട്ടെടുക്കുമ്പോൾ റിവേഴ്സ് സെൻസറിന്റെ ബീപ് ബീപ്. തൊട്ട് മുമ്പ് കടന്ന് പോയ  ക...

കൈരളി

Image
കൈരളി രാവിന്റെ കുളിരിൽ സഹ്യന്റെ കൈകളിൽ  ഉറങ്ങി പ്രഭാത സൂര്യകിരണങ്ങളുടെ തലോടലിൽ ഉറക്കമുണർന്ന് കേര വൃക്ഷത്തൊങ്ങലുള്ള പച്ചച്ചേല ചുറ്റി നീല രത്നമാലകൾ അലസമായ് ധരിച്ച് മനോഹരിയായ കൈരളി .. വഞ്ചിപ്പാട്ടിന്റെ ചടുല താളത്തിലും മോഹിനിയുടെ ലാസ്യലയത്തിലും കഥകളിയുടെ ശാസ്ത്രീയഗാംഭീര്യത്തിലും അവൾ മാറി മാറി ചുവടു വക്കുന്നു... തിരമാലകൾ അവളുടെ കാലുകളിൽ ഉമ്മവച്ചിക്കിളിയൂട്ടുന്നു... അസ്തമയ സൂര്യ കിരണങ്ങൾ അവളെ തഴുകി തുടിപ്പിക്കുന്നു... കടൽക്കാറ്റിൽ ഉലഞ്ഞ ചേലയുമായി അവൾ വീണ്ടും സഹ്യന്റെ കരവലയത്തിലമരുന്നു.... അവന്റെ മാറിൽ മുഖം ചേർക്കുന്നു... ഇരുപത്തിനാലിന്റെ മുഗ്ദ്ധസൗന്ദര്യമുള്ള കൈരളിക്കിന്ന് അറുപത്തി നാലാം പിറന്നാൾ !!   പ്രീത രാജ്