ഋതുഭേദങ്ങൾ


എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം  !! 
ആനന്ദത്തിന്റെ വസന്തവും
ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും 
ഗൃഹാതുരത്വത്തിന്റെ ശിശിരവും
നിർവികാരതയുടെ ശൈത്യവും 
മാറി മാറിയങ്ങനെ.....

ഉള്ളിൽ പുകയുന്ന  ഈർഷ്യ അഗ്നിപർവ്വതമായി  പൊട്ടിത്തെറിച്ച്  .... 
തിളക്കുന്ന  ലാവയായി പരന്നൊഴുകി ചുറ്റുപാടും ഭസ്മമാക്കാറില്ലേ ?.....
കോപം കൊടുങ്കാറ്റായി ആഞ്ഞടിച്ച് 
ബന്ധങ്ങൾ പൊട്ടിച്ചെറിയാറില്ലേ? .... 

അണപൊട്ടിയൊഴുകുന്ന ദുഃഖം
പേമാരിയായും പ്രളയമായും
ആർത്തലച്ച് ദുഃഖച്ചുഴികളിലേക്കും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലേക്കും എടുത്തെറിയാറില്ലേ ? 

സാന്ത്വനം കുളുർകാറ്റായും 
ചാറ്റൽ മഴയായും തഴുകാറില്ലേ ? 
ആനന്ദം പുഷ്പ സുഗന്ധമായും 
വർണരാജികളായും മനസ്സിൽ നിറയാറില്ലേ?   

പ്രകൃതിയും ജീവിതവും 
എത്രമേൽ താദാത്മ്യപ്പെടുന്നു!...
ജന്മത്താൽ, പ്രകൃതത്താൽ അത്രമേൽ പ്രകൃതിയോട് ബന്ധനത്തിലാണെങ്കിലും
വൃഥാ വെല്ലുവിളിക്കുന്നു, മനുഷ്യൻ ...
തോൽപ്പിക്കാമെന്ന് അഹങ്കരിക്കുന്നു!! 
അത്  സ്വന്തം തോൽവി 
തന്നെയാകുമെന്നോർക്കാതെ!!!!
 
പ്രീത രാജ്


Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര