കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ആർ.രാജശ്രീ.

ഫേസ് ബുക്കിൽ സെൻസേഷനായ ഈ നോവൽ തിരക്കി ഞാൻ കുറച്ചു കാലമായി അലയുന്നു.  ലൈബ്രറിയിൽ ഈ ബുക്ക് ആവശ്യപ്പെട്ട് പല തവണ ചെന്നിരുന്നു. നിരാശയായിരുന്നു ഫലം. ഫ്ലാറ്റിലെ സ്ഥലപരിമിതി കാരണം പുസ്തകങ്ങൾ അങ്ങനെ വാങ്ങാറില്ല.  ഇ ബുക്സും ലൈബ്രറിയും തന്നെ ശരണം. 

അങ്ങനെയിരിക്കുമ്പോഴാണ് സമ്മാനങ്ങളിൽ വിശ്വസിക്കാത്ത, പിറന്നാളോ വിവാഹ വാർഷികമോ ഓർക്കുക പോലും ചെയ്യാത്ത ഭർത്താവ് സ്ത്രീദിന സമ്മാനമായി ഈ ബുക്ക് തരുന്നത്. അത്ഭുതം! സന്തോഷം !!
പലവിധ തിരക്കുകളിൽ പെട്ടുപോയതിനാൽ കിട്ടിയ ഉടനെ വായന തുടങ്ങാൻ പറ്റിയില്ല. വായിച്ചു കഴിഞ്ഞപ്പോഴാകട്ടെ പെണ്ണുങ്ങൾ മനസ്സിന്ന് 'കീഞ്ഞ്' പോകുന്നുമില്ല.

കല്യാണിയുടെയും ദാക്ഷായണിയുടെയും കത അവരുടെ മാത്രം 'കത'യല്ല. ഒരു ദേശത്തിന്റെ മുഴുവൻ കഥയാണ്. ചേയിക്കുട്ടിയുടെ, കോപ്പുകാരന്റെ, കോപ്പുകാരൻറനിയൻ ലക്ഷ്മണന്റെ, ബിജുവിന്റെ, , കൈശുമ്മയുടെ, മരിച്ചു പോയ ബല്ല്യേച്ചിയുടെ, മച്ചിനന്റെ അങ്ങനെ അനേകം പേരുടെ കഥയാണ്. കല്യാണിയുടെ ആലയിലെ പശുക്കളുടെയും വീടിന്റെയും കിണറിന്റെയും ചോന്നമ്മയുടെയും ചോന്നമ്മക്കോട്ടത്തിന്റെയും കഥയാണ്. 

"ഞാൻ " എന്ന കഥ പറയുന്നവൾ മന:ശ്ശാസ്ത്രജ്ഞന്റെ മുന്നിൽ ചിത്രം വരക്കുന്നതിന് പകരം വരച്ചിടുന്നതാണ് കഥ. അയാൾക്ക് ചിത്രം വിശകലനം ചെയ്യുന്നതിലും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാകുകയും ചെയ്യുന്നു. വരച്ചിടുന്ന കഥയിലെ കഥാപാത്രങ്ങളെ വരച്ചിടാൻ ശാരീരിക വിവരണങ്ങൾ ഒന്നും ഇല്ല.  അതിർവരകളേക്കാൾ അകത്ത് നിറക്കുന്ന നിറങ്ങളിൽ ശ്രദ്ധിച്ച് വരച്ച ചിത്രം പോലെ.
ചുമന്ന പുകയായി അണ്ടിമാവിന്റെ മുകളിൽ നിന്നൂർന്നിറങ്ങി നിലം തൊടുമ്പോൾ ചിലമ്പിന്റെ ഒച്ചയാൽ അറിയാവുന്ന  ചോന്നമ്മയെ പോലെ, പറയാനുള്ള കാര്യം പറയാതെ മറ്റെന്തൊക്കെയോ പറഞ്ഞ് പഴി കേൾക്കുന്ന അബൂബക്കറെ പോലെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ മിഴിവാർന്ന് തെളിഞ്ഞ് വരും. 
അതിർവരകളില്ലാതെ വരച്ചിട്ട കഥാപാത്രങ്ങളായത് കൊണ്ടാണോ എല്ലാവരുംകൂടി വായനക്കാരന്റെ മനസ്സിൽ ഇങ്ങനെയങ്ങ് കേറിപ്പറ്റുന്നത്.? 

അല്ലെങ്കിലും കല്യാണിയുടെയും ദാക്ഷായണിയുടെയും ദേശത്ത് അതിരുകളില്ലായിരുന്നല്ലോ ! അതാണല്ലോ ദാക്ഷായണിക്ക് എവിടെയും വളച്ചുകെട്ടി അതിരുകൾ ഇടുന്ന ആണിക്കാരന്റെ ദേശത്ത് വച്ച് ഭ്രാന്ത് പിടിച്ചത്. അവൾക്ക് കൊല്ലത്തിൽ പതിനൊന്നു മാസം മാത്രമായത്. ബിജു പറഞ്ഞ പോലെ
" നമ്മളേടെങ്കിലും  പോയാലെ നമ്മള നാടിന്റെ
വെലയറീലും കേട്ടാ.  അതിങ്ങനമ്മള ബേക്ക്ന്ന്  മാന്തിക്കോണ്ട്ക്കും, സൊയിരം തരൂല." 

കഥാപാത്രങ്ങളുടെ  ആഴങ്ങൾ തന്നെയാണ് നോവലിനെ ഏറ്റവും ആകർഷകമാക്കുന്നത്.
ചേയിക്കുട്ടി അനേകം ചുഴികളും ഗർത്തങ്ങളും ഉള്ളിൽ പേറിക്കൊണ്ടും 'മോന്റോളെ ' പെൺമക്കളിൽ നിന്ന് പൊതിഞ്ഞ് പിടിക്കുന്നു. മനോഹരമായ ഒരു ബന്ധത്തിന്റെ നൂലിഴകളാൽ അവളെ ചേർത്തു നിർത്തുന്നു. രാത്രിയുടെ ഏകാന്തതയിൽ' കുറ്റിയേരത്തി' രുന്ന് ബീഡി വലിച്ച് ഉള്ളിലെ ചുഴികളിൽ ചുറ്റിക്കറങ്ങുന്നു.

പെൺ കാമനകളെ സുന്ദരമായി വരച്ചിടുമ്പോഴും പുരുഷനെ ശത്രുവായിക്കാണുന്ന ഏകപക്ഷീയ സ്ത്രീ ചിന്തകളില്ല ഇവിടെ. എങ്കിലും സ്ത്രീക്കെതിരായ സാമൂഹിക പക്ഷഭേദങ്ങൾ സ്വാഭാവികമായി കടന്നു വരുന്നു. സാമൂഹിക സമ്മർദ്ദങ്ങളും ഒറ്റപ്പെടുത്തലുകളും അവഗണിച്ചും അതിജീവിച്ചും തന്നെയാണ് സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത കല്യാണിയും ദാക്ഷായണിയും കാലപ്രവാഹത്തിൽ സ്വന്തം തോണികൾ തുഴയുന്നത്. കല്യാണിയോടും ദാക്ഷായണിയോടും തെല്ല് അസൂയ തോന്നാതെ വയ്യ! ആരാധന കലർന്ന അസൂയ. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ സ്വന്തം ജീവിതങ്ങൾ കൊണ്ട്, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്ത് കൊണ്ട് അവർ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ കണ്ട്. കുറഞ്ഞ പക്ഷം അവരെ പോലെ തനിക്ക് പറ്റാത്തത് പറ്റില്ലാന്ന് തീരുമാനിക്കാനെങ്കിലും എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ! 

വടക്കൻ ഭാഷയിൽ, വടക്കൻ രുചികളിൽ വടക്കൻ ദേശത്തിന്റെ 'കത' പറഞ്ഞ തെക്കൻ മാതാപിതാക്കളുടെ വടക്കത്തി മകളായ പ്രിയ കഥാകാരീ ഇനിയുമിനിയും എഴുതി നിറക്കുക.

പ്രീത രാജ്

Comments

  1. നന്നായി എഴുതി യിരിക്കുന്നു ;മറ്റുള്ളവരെയും വായിക്കാൻ പ്രേരിപ്പിക്കുന്നു

    ReplyDelete
    Replies
    1. നന്ദി. വായിക്കൂ. ഖേദിക്കേണ്ടി വരില്ല.

      Delete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര