വാഴാലിക്കാവ്

വാഴാലിക്കാവ്

ഷൊർണൂർ വരുമ്പോൾ സമയവും സാഹചര്യവും  ഒത്തു വരുമ്പോഴൊക്കെ ചെറിയ ഡ്രൈവുകൾ പതിവാണ്. പ്രകൃതിയുടെ നൈസർഗ്ഗിക സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇടനാടൻ ഗ്രാമ പ്രദേശങ്ങൾ! പുഴയും കുന്നും നെൽവയലുകളും ഒത്തൊരുമിച്ച് പകർന്നു തരുന്ന ശാന്തി അവാച്യമാണ്.

ഇത്തവണ വാഴാലിക്കാവായിരുന്നു ലക്ഷ്യം. പാലം കടന്ന് ചെറുതുരുത്തിയിൽ നിന്ന് ഇടത്തോട്ട് പൈങ്കുളത്തേക്കുള്ള റോഡിലൂടെ കുറച്ചു ദൂരം പോയാൽ വാഴാലിക്കാവിലെത്താം.  അമ്മയുടെ കുട്ടിക്കാലത്ത് മാന്നന്നൂരിലെ മുത്തശ്ശൻ്റെ വീട്ടിൽ നിന്ന് പുഴ കടന്ന് പോകാറുണ്ടായിരുന്നത്രെ വാഴാലിക്കാവിലേക്ക്. അതുവരെ നടുവേദന കാലുവേദന എന്നൊക്കെ പറഞ്ഞിരുന്ന അമ്മ കാവിലേക്കെത്താറായപ്പോൾ  ഉഷാറായി. ഗൃഹാതുരത്വത്തേക്കാൾ മികച്ച ഉത്തേജക ഔഷധം മറ്റെന്ത്?

കാവിലേക്കുള്ള ഇടുങ്ങിയ വഴിയിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കാറുകൾ! റീലുകളുടെ പ്രഭാവം തന്നെ! പരിസരത്തിന് ഒട്ടും ഇണങ്ങാത്ത ഒരു ഐസ് ക്രീം വണ്ടി വഴിയിൽ സ്ഥാനം പിടിച്ചിരുന്നു. അച്ഛൻ്റെ സാരഥിയും വലം കൈയുമായ ബാബു കാർനിരയെ വിദഗ്ദമായി മറികടന്ന് കാവിന് മുമ്പിൽ കാറെത്തിച്ചു. 

ഒരു കുന്നിൻ്റെ പശ്ചാത്തലത്തിൽ കുറച്ചുയരത്തിലാണ് ദേവിമാരുടെ കുടിയിരുപ്പ്. വാഴാലിക്കാവ് ഭഗവതി വടക്കോട്ട് നിളാ നദിയെ നോക്കി ഇരിയ്ക്കുന്നു. നവക്കുറുംബക്കാവ് ഭഗവതി പടിഞ്ഞാറോട്ട് ദർശനമായും കുടികൊള്ളുന്നു. ചുറ്റമ്പലത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ കളം വരച്ച് വച്ചിരിക്കുന്നത് കണ്ടു. മുഴുവനായിട്ടില്ല. പള്ളിവാളും ചിലമ്പും അരപ്പട്ടയും ശ്രീ കോവിലിൻ്റെ അരികിലായി വച്ചിരുന്നു. 

രണ്ട് ഭഗവതിമാരേയും തൊഴുത് ആലിനെ പ്രദക്ഷിണം വച്ച് ഇറങ്ങി വരുമ്പോൾ ചുറ്റുപാടും നോക്കി. എത്ര മനോഹരമായാണ് പ്രകൃതി അവിടെ ഭൂമിക ഒരുക്കിയിരിക്കുന്നത്! കാവിന് നേരെ മുമ്പിൽ വയലിന് നടുവിൽ നിളാതീരത്ത് കൂത്ത് മാടം. കുംഭമാസത്തിലെ അശ്വതി നാളിലാണ് കാവിലെ വേല. 

കാവിൽ നിന്ന് പടികളിറങ്ങി  ആൽത്തറയ്‌ക്കരികിലൂടെ നീളുന്ന വരമ്പിലൂടെ പുഴയിലേക്ക് നടന്നു. വരമ്പിൻ്റെ ഇരുവശത്തും  പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിറയെ തുമ്പികൾ ( dragon flies) പാറി നടക്കുന്നു. 

 ബാല്യത്തിൽ അവധിക്കാലങ്ങൾക്ക് നിറം പകർന്നിരുന്ന നിളാ നദി. പണ്ട് പുഴയുടെ ഇത്തിരിവെള്ളത്തിലും പഞ്ചാരമണലിലും കളിച്ചിരുന്നതും കളിച്ച് തളർന്ന് മണൽപ്പരപ്പിൽ കിടന്ന് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തെ ചായം പൂശുന്നത് കണ്ടിരുന്നതും ഗൃഹാതുരത്വത്തോടെ ഓർത്തു. 

കൽപ്പടവുകൾ ചവുട്ടി താഴെ പുഴയോരത്തിറങ്ങി. പുഴ ഉയിർത്തെഴുന്നേൽപിലാണെന്ന് തോന്നുന്നു. ഭാഗ്യം! തടയിണ പണിതതിനാലാവാം പുഴയിൽ വെള്ളമുണ്ട്. അമ്മ അക്കരെ റെയിൽപ്പാത കാണുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു. പുഴക്ക് സമാന്തരമായി പോകുന്ന റെയിൽപ്പാതക്ക് മറുപുറത്താണ് മാന്നനൂരും കവളപ്പാറയും. പുഴയുടെ മറുകരയിൽ വൃക്ഷങ്ങൾ വളർന്നതിനാലാവാം റെയിൽപ്പാത കാണാനില്ലായിരുന്നു. 

 ഗാന്ധിജയന്തി നാളിൽ വള്ളത്തോളിൻ്റെ കർമ്മ ഭൂമിയിലൂടെ മടങ്ങുമ്പോൾ ' എൻ്റെ ഗുരുനാഥൻ' ഓർമ്മ വന്നു.

"ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ"

നിളയ്ക്ക് കുറുകെയുള്ള പാലം കടക്കുമ്പോൾ ഗാനഗന്ധർവൻ്റെ
സ്വരമാധുരി അമൃതവർഷം പോലെ കാതുകളിൽ അലയടിച്ചു. നിള ഒഴുകുന്ന നാടുകൾക്കേ ഇത്ര നിറവുണ്ടാവൂ എന്ന് മനസ്സ് കൂടെ മന്ത്രിച്ചു.


പ്രീത രാജ്






Comments

Popular posts from this blog

ആരോ

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ബാഷ്പീകൃതരും പെൺനീതിയും