തീർത്ഥയാത്ര
പഠന കാലത്ത് ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടും തീരെ താത്പര്യമില്ലായിരുന്നു. 'എന്തിനിതൊക്കെ പഠിക്കണം ' എന്നായിരുന്നു അക്കാലത്തെ ചിന്ത. അവയുടെ പ്രാധാന്യം അറിയാൻ ഏറെ കാലമെടുത്തു. ഇയിടെയായി ഏറ്റവും താത്പര്യം ഈ രണ്ടു വിഷയങ്ങളിലാണ്. മനുഷ്യരാശി നടന്നു നീങ്ങിയ വഴികൾ-ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങൾ! നിണമണിഞ്ഞ മൺതരികൾ! പർവ്വതങ്ങൾ! ഗർത്തങ്ങൾ! സമതലങ്ങൾ! കിണറുകൾ, കുളങ്ങൾ, അരുവികൾ, പുഴകൾ, സമുദ്രങ്ങൾ! ചുറ്റും അലയടിക്കുന്ന മാറ്റങ്ങളുടെ തിരമാലകൾക്കിടയിൽ പൗരാണികതയുടെ, ആത്മീയതയുടെ ചെറുദ്വീപുകൾ പോലെ ദേവാലയങ്ങൾ! മഹാക്ഷേത്രങ്ങൾ! വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ! എല്ലാം കാണണം, അറിയണം എന്ന വ്യഗ്രതയാണ് ഈയിടെയായി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, (ക്ഷേത്രം എന്നല്ല, മടപ്പുര എന്നാണ് പറയേണ്ടത് ) കാണണമെന്ന മോഹമുദിച്ചിട്ട് കുറെ കാലമായിരുന്നു. യാത്ര സാധ്യമായത് ഇപ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2024 മെയ് 7ന് . രാവിലെ വന്ദേ ഭാരത് ട്രെയിനിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അച്ഛനും അമ്മയും ചെറിയമ്മമാരും ചെറിയച്ഛൻമാരുമടങ്ങുന്ന തീർത്ഥാടക സംഘം ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. പന്ത്രണ്ടരയോടെ ക...