തീർത്ഥയാത്ര
അവയുടെ പ്രാധാന്യം അറിയാൻ ഏറെ കാലമെടുത്തു. ഇയിടെയായി ഏറ്റവും താത്പര്യം ഈ രണ്ടു വിഷയങ്ങളിലാണ്.
മനുഷ്യരാശി നടന്നു നീങ്ങിയ വഴികൾ-ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങൾ!
നിണമണിഞ്ഞ മൺതരികൾ!
പർവ്വതങ്ങൾ! ഗർത്തങ്ങൾ! സമതലങ്ങൾ! കിണറുകൾ, കുളങ്ങൾ, അരുവികൾ, പുഴകൾ, സമുദ്രങ്ങൾ! ചുറ്റും അലയടിക്കുന്ന മാറ്റങ്ങളുടെ തിരമാലകൾക്കിടയിൽ പൗരാണികതയുടെ, ആത്മീയതയുടെ ചെറുദ്വീപുകൾ പോലെ ദേവാലയങ്ങൾ! മഹാക്ഷേത്രങ്ങൾ! വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ! എല്ലാം കാണണം, അറിയണം എന്ന വ്യഗ്രതയാണ് ഈയിടെയായി.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, (ക്ഷേത്രം എന്നല്ല, മടപ്പുര എന്നാണ് പറയേണ്ടത് ) കാണണമെന്ന മോഹമുദിച്ചിട്ട് കുറെ കാലമായിരുന്നു. യാത്ര സാധ്യമായത് ഇപ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2024 മെയ് 7ന് . രാവിലെ വന്ദേ ഭാരത് ട്രെയിനിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അച്ഛനും അമ്മയും ചെറിയമ്മമാരും ചെറിയച്ഛൻമാരുമടങ്ങുന്ന തീർത്ഥാടക സംഘം ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. പന്ത്രണ്ടരയോടെ കണ്ണൂരിൽ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു.
അന്ന് വൈകന്നേരം മൂന്നരയോടെ ഹോട്ടലിൽ നിന്നിറങ്ങി. പ്ലാൻ എല്ലാം നേരത്തെ റെഡിയായിരുന്നു.
ഒരു ട്രാവലർ നേരത്തെ ഏർപ്പാടാക്കിയിരുന്നു. ലക്ഷ്യം മൃദംഗശൈലേശ്വരി ക്ഷേത്രമായിരുന്നെങ്കിലും വഴിയിൽ പയ്യാമ്പലം ബീച്ച് ഒരു വിഹഗ വീക്ഷണം നടത്തി. വെയിലും സമയക്കുറവും കാരണം ബീച്ചിൽ ഇറങ്ങിയില്ല.
കണ്ണൂർ കോട്ട കണ്ടപ്പോൾ ഒന്നിറങ്ങാതെ വയ്യെന്ന് തോന്നി. കോട്ട വാതിൽക്കൽ നിൽക്കുമ്പോൾ സുഖ ശീതളമമായ കാറ്റ്. കടൽത്തീരത്താണ് കോട്ട. കയറാൻ ടിക്കറ്റെടുക്കണമായിരുന്നു, കൂടാതെ സന്ദർശക സമയം കഴിയാറുമായിരുന്നു. അത് കൊണ്ട് മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നു. അവിടെയുണ്ടായിരുന്ന യുവതികളുടെ സംഘത്തിലെ ദേവനന്ദ ഉത്സാഹത്തോടെ ഒരു ഫോട്ടോ എടുത്തു തന്നു.
മൃദംഗശൈലേശ്വരി
മിഴാവിലെ ഈശ്വരിയാണ് മൃദംഗശൈലേശ്വരി. ദേവി മിഴാവ് രൂപത്തിൽ സ്വയംഭൂവായ സ്ഥലം ശ്രീകോവിലിൽ ഒരു ഭാഗത്തായുണ്ട്. അവിടെ ഒരു മിഴാവിന് മുമ്പിൽ വിളക്ക് കൊളുത്തി വെച്ചിരിക്കുന്നു. ദേവിയുടെ തിരുമുമ്പിൽ നെയ് വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹ സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
പഴശ്ശി രാജാവിൻ്റെ കുടുംബ ക്ഷേത്രമാണ്. ഇവിടെ വെച്ചാണത്രെ കഥകളി രൂപം കൊണ്ടതും പ്രസിദ്ധമായ വന്ദനശ്ലോകം സൃഷ്ടിക്കപ്പെട്ടതും.
" മാതംഗാനന മബ്ജവാസരമണിം
ഗോവിന്ദ മാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം
ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസമഹെ സപദി ന:
കുര്‍വ്വന്ത്വമീ മംഗളം "
ദേവിയുടെ തിരുമുമ്പിലായി മതിൽക്കെട്ടിന് പുറത്ത് പടുത്തു കെട്ടിയ ചതുരാകൃതിയിലുള്ള ഒരു കുളവും കുളക്കരയിൽ ആൽത്തറയും ആലും.
" ആലായാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന് ചേർന്നൊരു കുളവും വേണം "
എന്ന വരികൾ ഓർമ്മ വന്നു.
എല്ലാം എത്ര ഭംഗിയായി ചേ
ർന്നിരിക്കുന്നു ഇവിടെ!!
സംഗീതസ്വരൂപിരിണിയായ ദേവിയുടെ തിരുമുമ്പിൽ അരങ്ങേറ്റം നടത്തുന്ന കുഞ്ഞു ഗായകർ സ്വരസ്ഥാനങ്ങളിടയാതെ ഭംഗിയായി ആലപിക്കുന്നത് കേട്ടുകൊണ്ട് മടങ്ങി വരുമ്പോൾ മനം നിറഞ്ഞിരുന്നു.
പറശ്ശിനിക്കടവ് മുത്തപ്പൻ
പിറ്റേന്ന് രാവിലെ അഞ്ചരയോടെ പറശ്ശിനിക്കടവിലേക്ക് യാത്ര തിരിച്ചു. അവിടെയെത്തുമ്പോഴേ വാദ്യഘോഷം കേൾക്കാമായിരുന്നു. വളപട്ടണം പുഴയോട് ചേർന്ന പ്രധാന വാതിലിലൂടെ അകത്ത് കയറിയപ്പോൾ നല്ല തിരക്ക്. തെയ്യം കെട്ടി ആടുകയാണ്- തിരുവപ്പന എന്ന കണ്ണു മൂടിയ വലിയ മുത്തപ്പനും വെള്ളാട്ടം എന്ന ചെറിയ മുത്തപ്പനും. രണ്ട് തെയ്യങ്ങൾ! ജാതി മത വേഷഭൂഷകൾക്കതീതമായി ഭക്തർക്കു മുമ്പിൽ അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് മുത്തപ്പൻ്റെ പ്രത്യക്ഷരൂപങ്ങൾ !
തിരക്ക് കാരണം ഒന്നും കാണാൻ പറ്റിയില്ല എന്ന സങ്കടത്തിന് ആയുസ്സുണ്ടായിരുന്നില്ല. അവിടെ എൻ്റെ അനിയൻ പ്രമോദിന്റെ പരിചയക്കാരൻ സനത് സഹായിയായി ഉണ്ടായിരുന്നു. ഒരു ചടങ്ങ് കൂടി ഉണ്ട് അകത്തു തന്നെ നിൽക്കാൻ പറഞ്ഞപ്പോൾ ഇത്ര അടുത്ത് നിന്ന് കാണാൻ പറ്റുമെന്ന് കരുതിയില്ല. അത്ഭുതാദരങ്ങളോടെ കണ്ടു നിന്നു, തിരുവപ്പനയും വെള്ളാട്ടവും. ആർക്കും തൊടാവുന്ന, മിണ്ടാവുന്ന ദൈവരൂപങ്ങൾ !!
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിഷിദ്ധമായതെല്ലാം അവിടെയുണ്ട്. മടപ്പുരക്ക് മുമ്പിൽ വെച്ച പീഠത്തിൽ ആദ്യം കയ്യിലുള്ള വില്ലു കൊണ്ടെഴുതി, മടപ്പുരക്ക് മുമ്പിൽ നിന്ന് മുത്തപ്പനോട് സംവദിച്ച്, പീഠത്തിലിരുന്ന് മടയൻ എന്ന
പൂജാരി ചെറിയ വെള്ളിക്കിണ്ടിയിൽ കൊണ്ടുവന്നു കൊടുക്കുന്ന കള്ള് കുടിച്ച് വെറ്റില കീറി നിലത്തിട്ട് തിരുവപ്പനയും വെള്ളാട്ടും ആചാരങ്ങൾ അനുഷ്ഠിക്കുന്നത് നോക്കി നിന്നു.
അതിനിടയിൽ ഒരു നായ ആൾക്കൂട്ടത്തിന് മുന്നിലൂടെ മടപ്പുരക്ക് മുന്നിലെത്തി, ഇവിടം എൻ്റേത് കൂടിയാണെന്ന് പ്രഖ്യാപിച്ചു. മുത്തപ്പന്റെ മടപ്പുരയിൽ ആർക്കും പ്രവേശനം നിഷിദ്ധമല്ല. നായ്ക്കൾ മുത്തപ്പന് ഏറെ പ്രിയപ്പെട്ട കൂട്ടുകാർ. മടപ്പുരക്ക് മുമ്പിൽ ലോഹത്തിൽ തീർത്ത അനേകം ശ്വാനരൂപങ്ങളും കണ്ടു.
നിറുകയിൽ കൈചേർത്ത അനുഗ്രഹം ഏറ്റുവാങ്ങി മടങ്ങുമ്പോൾ പ്രത്യേകിച്ചെന്തെങ്കിലും മുത്തപ്പനോട് പറയാനുണ്ടോ എന്ന് സനത് പോദിച്ചു.. അപ്പോഴാണ് ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്തത്. അല്ലെങ്കിലും എല്ലാമറിയുന്ന ദൈവത്തോട് പ്രത്യേകിച്ചെന്തു പറയാൻ !
സനത് കൊണ്ടുവന്നു തന്ന പ്രസാദം അവിടെയിരുന്ന് കഴിക്കാൻ നിൽക്കാതെ കയ്യിലെടുത്തു. പയർ വേവിച്ചതും തേങ്ങാപ്പൂളും. വീടിൻ്റെ ഏഴയലത്ത് നായ്ക്കളെ കയറ്റാത്ത ചെറിയച്ഛൻ അടുത്ത് വന്ന് നോക്കി നിൽക്കുന്ന നായയ്ക്ക് ഭക്ഷണം വാങ്ങാൻ പോകുന്ന അത്ഭുതവും കണ്ടു, മടങ്ങുമ്പോൾ.
കാഞ്ഞിരക്കാട്/ തൃച്ചംബരം/ തളിപ്പറമ്പ്
( TTK ദേവസ്വം )
വൈകുന്നേരം മൂന്ന് ക്ഷേത്ര ദർശനങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. കാഞ്ഞിരക്കാട് വൈദ്യനാഥക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം. എല്ലാം തളിപറമ്പിൽ അഞ്ചാറ് കിലോമീറ്ററിനുള്ളിലാണ്. രാജരാജേശ്വര ക്ഷേത്രത്തിൽ അത്താഴപ്പൂജയ്ക്ക് ശേഷം മാത്രമേ സ്ത്രീകൾക്ക് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാവൂ എന്നത് കൊണ്ട് അവിടത്തെ ദർശനം അവസാനത്തേക്ക് വച്ചു.
കാഞ്ഞിരക്കാട് വൈദ്യനാഥ ക്ഷേത്രത്തിലേക്ക് അഞ്ചുമണിക്ക് തന്നെ എത്തി. ഒരു കുന്നിൻ്റെ മുകളിലാണ് ക്ഷേത്രം. അവിടെയെത്തിയപ്പോൾ അഞ്ചു മണിക്ക് നട തുറക്കുമെന്ന് ഗൂഗിൾ ഒരു ഗൂഗ്ലി എറിഞ്ഞതാണെന്ന് മനസ്സിലായി. അഞ്ചരക്കേ നട തുറക്കൂ.
പക്ഷെ അതു നന്നായി. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിരയായിട്ടിരിക്കുന്ന കസേരകളിൽ വലിയ കെടാവിളക്കിന് മുന്നിലിരിക്കുമ്പോൾ സുഖകരമായ കാറ്റ് ഞങ്ങളെ തഴുകിയിരുന്നു, വൈദ്യനാഥൻ്റെ സാന്ത്വനസ്പർശം പോലെ.
ധാരയാണ് പ്രധാന വഴിപാട്. നടയിൽ നിന്ന് തൃപ്പടി കയറി ചെറിയ ചിമിഴുകളിൽ തീർത്ഥം വാങ്ങി മാറി നിന്ന് കയ്യിലൊഴിച്ച് സേവിച്ചു. പ്രദക്ഷിണം ചെയ്ത് തിരിച്ചിറങ്ങുമ്പോഴാണ് കുറച്ചപ്പുറത്ത് ഔഷധച്ചിറയുണ്ടെന്നറിഞ്ഞത്. അവിടെ കുളിച്ച് ഈറനോടെ വേണം ഭഗവാനെ പ്രാർത്ഥിക്കാൻ. സമയക്കുറവ് കൊണ്ട് അവിടെ പോയി നോക്കാൻ കഴിഞ്ഞില്ല. നേരെ തൃച്ചംബരത്തേക്ക്.
തൃച്ചംബരത്ത് പെട്ടെന്ന് തൊഴുതുമടങ്ങണം എന്നായിരുന്നു പരിപാടി. ' കൃഷ്ണൻകുട്ടി 'ക്ക് അതത്ര ഇഷ്ടപ്പെട്ടില്ലാന്ന് തോന്നുന്നു. ഞങ്ങൾ തൊഴുതു ഇറങ്ങാൻ നിൽക്കുമ്പോഴേക്കും ദീപാരാധനയ്ക്ക് നട അടച്ചു. ദീപാരാധന കണ്ട് തൊഴുതു നെയ് വിളക്ക് തെളിയിച്ചിട്ടാണ് മടങ്ങിയത്. അപ്പോഴേക്കും ഇരുൾ പടർന്നു തുടങ്ങിയിരുന്നു.
രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും ഇരുട്ടിന് കനം വച്ചു തുടങ്ങിയിരുന്നു. ക്ഷേത്രമതിൽക്കെട്ടിലെ കൊത്തുപണികൾ കാണാനുള്ള മോഹം ആ ഇരുട്ടിൽ എവിടെയോ വീണു ചിതറി. അത്താഴ പൂജ കഴിഞ്ഞതിനാൽ പ്രദക്ഷിണവും പാടില്ല. എങ്കിലും ശ്രീ കോവിലിനകത്ത് പെട്ടെന്ന് തന്നെ കടക്കാനായി. അഞ്ചു രൂപയുടെ നെയ്യമൃതെന്ന വായ് മൂടിക്കെട്ടിയ കൊച്ചു കുടവുമായി തൃപ്പടി കയറി ഭഗവാൻ്റെ മുന്നിൽ വച്ച് പ്രാർത്ഥിച്ചു. പുറത്തിറങ്ങി തെല്ലുനേരം പുറത്തിട്ടിരുന്ന കസേരയിലിരുന്ന് മടക്കയാത്ര.
വിപ്ലവവും പൗരാണികതയും മേളിച്ച കണ്ണൂരിന് വിട!
സഫലമീ തീർത്ഥയാത്ര!!
പ്രീത രാജ്
കണ്ണിമ പൂട്ടാതെ വായിച്ചു തീർത്തു. ഇത് വരെ പോയിട്ടില്ലെങ്കിലും അവിടെയെല്ലാം ദർശിച്ച പ്രതീതി 🥰🥰 ഇനിയും എഴുത്ത് തുടരുക
ReplyDeleteThank you😊
Delete