സുഗ്രീവൻ
കിഷ്കിന്ധയിൽ നിന്ന് ജ്യേഷ്ഠനായ ബാലിയാൽ നിഷ്കാസിതനായ സുഗ്രീവൻ, ഋശ്യമൂകാചലത്തിൽ ഹനുമാൻ മുതലായ നാലമാത്യന്മാരുമായി പാർക്കവേ ദൂരെ നിന്ന് നടന്നടുത്തു വരുന്ന ആയുധപാണികളായ രാമലക്ഷ്മണന്മാരെ കണ്ടു. ജ്യേഷ്ഠൻ ബാലി, തന്നെ കൊല്ലാനായയച്ച ഏതോ വീരന്മാരാണാവരെന്ന് ധരിച്ച് ഭീതിദനായി സചിവന്മാരോടൊത്ത് മലയുടെ മുകളിലേക്ക് പാഞ്ഞു കയറി സൂര്യപുത്രനായ ആ വാനരൻ. പിന്നെ അവരാരെന്ന് അന്വേഷിച്ച് വരാൻ സചിവനായ ഹനുമാനെ ഏൽപ്പിച്ചു. "നീയൊരു വിപ്രവേഷം പൂണ്ടവരോടു വായു സുത! ചെന്നു ചോദിച്ചറിയണം വക്ത്രനേത്രാലാപ ഭാവങ്ങൾ കൊണ്ടവർ ചിത്തമെന്തെന്നറിഞ്ഞാൽ വിരവിൽ നീ ഹസ്തങ്ങൾ കൊണ്ടറിയിച്ചീടു നമ്മുടെ ശത്രുക്കളെങ്കിലതല്ലെങ്കിൽ നിന്നുടെ വക്ത്ര പ്രസാദമന്ദസ്മേരസംജ്ഞയാ മിത്രമെന്നുള്ളതുമെന്നോടു ചൊല്ലണം" ഹനുമാൻ രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ട് വന്ന് സുഗ്രീവനുമായി സഖ്യം ചെയ്യിച്ചു. മിത്രങ്ങളായി അന്യോന്യം ഉപകാരം ചെയ്യാമെന്ന് ശപഥവും ചെയ്തു. ഒരു തരത്തിൽ രാമനും സുഗ്രീവനും തുല്യ ദുഃഖിതർ. രാജ്യത്തിൽ നിന്ന് നിഷ്കാസിതരായി പത്നീ വിരഹദുഃഖം അനുഭവിക്കുന്നവർ. രാവണൻ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടു പോകുമ്പോൾ സീത താഴേക്കിട്ട ആഭരണങ്ങൾ ക...