സുഗ്രീവൻ
കിഷ്കിന്ധയിൽ നിന്ന് ജ്യേഷ്ഠനായ ബാലിയാൽ നിഷ്കാസിതനായ സുഗ്രീവൻ, ഋശ്യമൂകാചലത്തിൽ ഹനുമാൻ മുതലായ നാലമാത്യന്മാരുമായി പാർക്കവേ ദൂരെ നിന്ന് നടന്നടുത്തു വരുന്ന ആയുധപാണികളായ രാമലക്ഷ്മണന്മാരെ കണ്ടു. ജ്യേഷ്ഠൻ ബാലി, തന്നെ കൊല്ലാനായയച്ച ഏതോ വീരന്മാരാണാവരെന്ന് ധരിച്ച് ഭീതിദനായി സചിവന്മാരോടൊത്ത് മലയുടെ മുകളിലേക്ക് പാഞ്ഞു കയറി സൂര്യപുത്രനായ ആ വാനരൻ. പിന്നെ അവരാരെന്ന് അന്വേഷിച്ച് വരാൻ സചിവനായ ഹനുമാനെ ഏൽപ്പിച്ചു.
"നീയൊരു വിപ്രവേഷം പൂണ്ടവരോടു
വായു സുത! ചെന്നു ചോദിച്ചറിയണം
വക്ത്രനേത്രാലാപ ഭാവങ്ങൾ കൊണ്ടവർ
ചിത്തമെന്തെന്നറിഞ്ഞാൽ വിരവിൽ നീ
ഹസ്തങ്ങൾ കൊണ്ടറിയിച്ചീടു നമ്മുടെ
ശത്രുക്കളെങ്കിലതല്ലെങ്കിൽ നിന്നുടെ
വക്ത്ര പ്രസാദമന്ദസ്മേരസംജ്ഞയാ
മിത്രമെന്നുള്ളതുമെന്നോടു ചൊല്ലണം"
ഹനുമാൻ രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ട് വന്ന് സുഗ്രീവനുമായി സഖ്യം ചെയ്യിച്ചു. മിത്രങ്ങളായി അന്യോന്യം ഉപകാരം ചെയ്യാമെന്ന് ശപഥവും ചെയ്തു.
ഒരു തരത്തിൽ രാമനും സുഗ്രീവനും തുല്യ ദുഃഖിതർ. രാജ്യത്തിൽ നിന്ന് നിഷ്കാസിതരായി പത്നീ വിരഹദുഃഖം അനുഭവിക്കുന്നവർ. രാവണൻ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടു പോകുമ്പോൾ സീത താഴേക്കിട്ട ആഭരണങ്ങൾ കിട്ടുന്നതും സുഗ്രീവനാണ്. എന്തു കൊണ്ടും ആ സഖ്യം സ്വാഭാവികവും വിധിഹിതവും ന്യായയുക്തവും തന്നെ.
ബാലി കയറിയാൽ തല പൊട്ടിത്തെറിച്ചു പോകും എന്നൊരു ശാപം നിലനിൽക്കുന്നതിനാൽ ഋശ്യമൂകാചലത്തിൽ അഭയം തേടിയതാണ് സുഗ്രീവൻ. സദാ ബാലിയെ പേടിച്ചിരിക്കുന്നവൻ. അതിനാൽ തന്നെ ബാലിയെ വധിക്കാമെന്ന് രാമൻ വാക്കു പറഞ്ഞപ്പോഴും രാമൻ്റെ ശക്തി പരീക്ഷിക്കുന്നു , സുഗ്രീവൻ.
""സ്വർല്ലോകനാഥജനാകിയ ബാലിയെ
കൊല്ലുവാനേറ്റം പണിയുണ്ട് നിർണ്ണയം
ഇല്ലവനോളം ബലം മറ്റൊരുവനും
ചൊല്ലുവൻ ബാലിതൻ ബാഹു പരാക്രമം"
ബാലി കൊന്ന ദുന്ദുഭി എന്ന അസുരൻ്റെ ഭീമാകാരമായ തല കാട്ടിക്കൊടുത്തു സുഗ്രീവൻ. രാമനത് പെരുവിരലാലുയർത്തി ദൂരേക്കെറിഞ്ഞത് കണ്ടിട്ടും തൃപ്തി വരാതെ സുഗ്രീവൻ പറഞ്ഞു,
" മന്നവ സപ്തസാലങ്ങളിവയല്ലോ
ബാലിക്ക് മല് പിടിച്ചിടുവാനായുള്ള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും
വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്ലാം കൊഴിഞ്ഞു പോമേഴിനും
വട്ടത്തിൽ നില്ക്കുമിവറ്റെയൊരമ്പെയ്തു
പൊട്ടിക്കിൽ ബാലിയെ കൊല്ലായ് വരും ദൃഢം"
രണ്ടു പരീക്ഷകളും വിജയിച്ചപ്പോഴാണ് സുഗ്രീവന് രാമൻ്റെ ശക്തിയിൽ വിശ്വാസം വന്നുള്ളൂ.. അത്രയും മതിപ്പാണ് സുഗ്രീവന് ബാലിയുടെ ശക്തിയിൽ. അങ്ങനെയുള്ള സുഗ്രീവനെയാണ് ബാലി ജീവിച്ചിരിക്കെ ഗുഹാമുഖം അടച്ചെന്ന് പറഞ്ഞ് ആട്ടിയോടിച്ചത്! അഹോ! കഷ്ടം!
ആദ്യ തവണ ബാലിയെ യുദ്ധത്തിനായ് വിളിച്ച് ബാലിയുടെ അടിയേറ്റ് ഓടേണ്ടി വന്ന സുഗ്രീവൻ രാമനോട് പരിഭവിച്ചിങ്ങനെ പറഞ്ഞു,
" ശത്രുവിനെക്കൊണ്ട് കൊല്ലിക്കയോ തവ ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ !
വദ്ധ്യനെന്നാകിൽ വധിച്ചു കളഞ്ഞാലു-
മസ്ത്രേണ മാം നിന്തിരുവടി തന്നെ
സത്യം പ്രമാണമെന്നോർത്തേനതും പുന-
രെത്രയും പാരം പിഴച്ചു ദയാനിധേ!"
അടയാളത്തിനായി ഒരു മാല ധരിച്ച് ഒരിക്കൽ കൂടി ബാലിയെ യുദ്ധത്തിനായ് വിളിക്കുക എന്ന രാമനിർദ്ദേശാനുസാരം വീണ്ടും ബാലിയുമായി മൽപിടിക്കുകയും
വൃക്ഷത്തിൻ്റെ മറവിൽ നിന്ന് രാമൻ ബാലിയെ അമ്പെയ്ത് വധിക്കുകയും ചെ
യ്തു. സുഗ്രീവനെ കിഷ്കിന്ധാധിപനായി വാഴിച്ചു.
കൊട്ടാരത്തിൽ തിരികെയെത്തിയ സുഗ്രീവനിലെ ചപല വാനരൻ ഉണരുകയായി. ക്ഷമയോടെ കാത്തിരിക്കുന്ന രാമനെ മറന്ന് മദിരയിലും മദ്യത്തിലും മുഴുകി കാലം കഴിച്ചു. ഉത്തമസചിവനായ ഹനുമാൻ്റെ ഇടപെടൽ വേണ്ടി വന്നു സുഗ്രീവന് കാര്യഗൗരവമുണ്ടാവാൻ.
"പർവ്വതാഗ്രേ നിജസോദരൻ തന്നോടു-
മുർവ്വീശ്വരൻപരിതാപേന വാഴുന്നു
നിന്നെയും പാർത്തു പറഞ്ഞ സമയവും വന്നതു നീയോ ധരിച്ചതില്ലേതുമേ
വാനരഭാവേന മാനിനീ സക്തനായ്
പാനവും ചെയ്തു മതി മറന്നന്വഹം
രാപ്പകലുമറിയാതേ വസിക്കുന്ന
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ "
പറഞ്ഞതത്രയും നന്നായെന്നും ഇത്തരം മന്ത്രിമാരുണ്ടെങ്കിൽ രാജാവിന് ഒരാപത്തും വരികയില്ലല്ലോ എന്നും ഹനുമാനെ പ്രശംസിച്ച് സുഗ്രീവൻ രാമകാര്യങ്ങളിൽ മുഴുകാൻ തയ്യാറെടുത്തു.
കോപത്തോടെ കിഷ്കിന്ധയിലെത്തിയ ലക്ഷ്മണനെ ശാന്തനാക്കാൻ താര ഇങ്ങനെ പറയുന്നു,
" മർക്കടവീരൻ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചിടുന്നു ദീനനായ്
ഇക്കാലമാശു ഭവൽകൃപയാ പരി-
രക്ഷിതനാകയാൽ സൗഖ്യം കലർന്നവൻ
വാണാനതും വിപരീതമാക്കീടായ്ക വേണം ദയാനിധേ! ഭക്തപരായണ!"
ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ട് അപഹരിക്കപ്പെട്ട ഭാര്യയെ വീണ്ടെടുക്കാൻ പോലുമാവാതെ വിരഹ ദുഃഖവും പേറി സർവ്വതിനോടും ഭീതിയും ശങ്കയും പൂണ്ടിരുന്ന സുഗ്രീവൻ ഒടുവിൽ സൗഭാഗ്യങ്ങളെല്ലാം വീണ്ടുകിട്ടിയപ്പോൾ
സർവ്വം മറന്നു ഒരു വേള ഭോഗാസക്തനായെങ്കിലും ദയാർഹൻ തന്നെ.
അനന്തരം കാര്യഗൗരവമോർത്ത് സുഗ്രീവൻ കൊട്ടാരമുപേക്ഷിച്ച് ശ്രീരാമനോട് ചേർന്ന് സീതയെ വീണ്ടെടുക്കാനുള്ള കാര്യങ്ങളിൽ വ്യാപൃതനായി. സീതയെ വീണ്ടെടുത്ത് അയോദ്ധ്യയിലെത്തുന്നത് വരെ ഉറ്റസുഹൃത്തായി രാമൻ്റെ കൂടെ നിന്നു.
പ്രീത രാജ്
PC Hindu Blog
Comments
Post a Comment