കൈകേയി

ദശരഥമഹാരാജാവിന് ഏറ്റവും പ്രിയപ്പെട്ട പത്നിയായിരുന്നു, കേകയ രാജകുമാരിയായ കൈകേയി. അതിസുന്ദരിയും ധീരയും ഭർത്താവിൻ്റെ ഹിതമറിഞ്ഞ് പ്രവർത്തിക്കുന്നവളുമായിരുന്നു ഭരതമാതാവായ കൈകേയി. " ഭർത്തൃശുശ്രൂഷക്കേറ്റം കൗശല്യമേറിടും കൈകേയിയും.." എന്നാണ് എഴുത്തച്ഛൻ കൈകേയിയെ പരിചയപ്പെടുത്തുന്നത് തന്നെ.

 കൈകേയിയോടൊപ്പം കേകയത്തിൽ നിന്നു വന്ന  കുബ്ജയായ ദാസി മന്ഥരയാണ് " ഏറിയൊരാപത്ത് വന്നടുത്തു നിനക്ക് ...." എന്ന് പറഞ്ഞ് ശ്രീരാമാഭിഷേക വൃത്താന്തം അലസയായി ശയ്യയിൽ കിടക്കുകയായിരുന്ന കൈകേയിയെ അറിയിക്കുന്നത്. 

കൈകേയിയാവട്ടെ വൃത്താന്തമറിഞ്ഞ്  സന്തോഷത്തോടെ മത്ഥരയ്ക്ക് സമ്മാനം നൽകി ഇപ്രകാരം
പറയുന്നു,

" എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ
അത്രയുമല്ല ഭരതനേക്കാൾ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും
രാമനും കൗസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരുസംശയം
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ" 

ഭർത്താവിൻ്റെ സ്നേഹഭാജനമെന്ന പദവി കൈകേയി അത്യന്തം ആസ്വദിക്കുന്നുണ്ടായിരുന്നെന്ന് വ്യക്തം. രാമനും കൗസല്യയേക്കാൻ തന്നെയാണ് പ്രിയമെന്നവൾ ധരിച്ചിരുന്നു. 

പക്ഷെ മന്ഥര, രാമൻ യുവരാജാവായാലുള്ള അപകടങ്ങൾ സ്വാമിനിക്ക് എണ്ണിയെണ്ണി ഇങ്ങനെ പറഞ്ഞു കൊടുക്കുന്നു,

" രാജ്യാഭിഷേകം കൃതം രാമനെങ്കിലോ
രാജ്യാനുഭൂതി സൗമിത്രിക്ക് നിർണ്ണയം
ഭാഗ്യമത്രെ സുമിത്രക്കതും കണ്ടു നിർ-
ഭാഗ്യയായോരു നീ ദാസിയായ് നിത്യവും
കൗസല്യ തന്നെപ്പരിചരിച്ചീടുക കൗസ-
ല്യാനന്ദനൻ തന്നെ ഭരതനും സേവിച്ചു കൊണ്ടുപൊറുക്കെന്നതും വരും
ഭാവിക്കവേണ്ട രാജത്വമേതുമേ"

കൈകേയി കൗസല്യയേയും, ഭരതൻ രാമനെയും സേവിച്ചു കൊണ്ട് കഴിയേണ്ടിവരുമെന്ന് സമർത്ഥിക്കുന്നു, മന്ഥര . ചിദ്രമുണ്ടാക്കാൻ കെൽപ്പുള്ള മന്ഥരമാർക്ക് ഒരു യുഗത്തിലും കുറവില്ലെന്ന് വ്യക്തം.
 
 കൗസല്യയ്ക്ക് ലഭിക്കാൻ ഇടയുള്ള അംഗീകാരമാവണം കൈകേയിയെ ഏറ്റവും ഉലച്ചിരിക്കുക. തൻ്റെ പ്രഥമഗണനീയ സ്ഥാനഭ്രംശം അവൾക്ക് ചിന്തിക്കാമായിരുന്നില്ല. മന്ഥരയുടെ വാക്കുകൾ അവളുടെ ചപലമാനസത്തെ ഇളക്കിമറിച്ചു. സന്താപമകറ്റാനുള്ള ഉപായവും കുബ്ജ തന്നെ പറഞ്ഞു കൊടുത്തു. 

" മന്ഥര ചൊന്ന പോലെയതിനേതുമൊ-
രന്തരം കൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിക്കെന്നു കൽപിച്ചു ചിത്തമോഹേന കോപാലയം മേവിനാൾ .."

അഭിഷേകത്തിനുള്ള ഒരുക്കങ്ങളൊക്കെ ഏർപ്പാടാക്കി രാജാവ് കൈകേയിയുടെ ഭവനത്തിലെത്തുമ്പോൾ ക്രോധാലയത്തിൽ വെറും നിലത്ത് പൊടിയണിഞ്ഞ് ആഭരണങ്ങളെല്ലാം വലിച്ചെറിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടിയോടെ കിടക്കുന്ന കൈകേയിയെയാണ് കാണുന്നത്. ദശരഥനാകട്ടെ പ്രിയതമയുടെ ദുഃഖം താങ്ങാനാവാതെ ഇപ്രകാരം പറയുന്നു,

 "നാഥേ! വെറും നിലത്തുള്ള പൊടിയണി - ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ?
ചേതോവിമോഹനരൂപേ! ഗുണശീലേ !
ഖേദമുണ്ടായതെന്തെന്നോട് ചൊൽകെടോ!"
...............
നൂനം നിനക്കധീനം മമ ജീവനും
മാനിനി ഖേദിപ്പതിനെന്തു കാരണം?
മൽപ്രാണനേക്കാൾ പ്രിയതമനാകുന്ന-
തിപ്പോളെനിക്ക് മൽപുത്രനാം രാഘവൻ
അങ്ങനെയുള്ള രാമൻ മമ നന്ദനൻ
മംഗലശീലനാം ശ്രീരാമനാണ് ഞാൻ
അംഗനാരത്നമേ! ചെയ് വൻ തവ ഹിത-
മിങ്ങനെ ഖേദിപ്പിയായ്ക മാം വല്ലഭേ!"

രാമങ്കൽ സത്യം ചെയ്തതു കേട്ട് കൈകേയി തൻ്റെ ആവശ്യങ്ങൾ പറഞ്ഞു. ദശരഥൻ മോഹിച്ചു വീണു. പിന്നെ കോപിച്ചു, കേണു, കെഞ്ചി. അപേക്ഷകൾക്കോ അനുനയങ്ങൾക്കോ വഴങ്ങാതെ അവൾ പണ്ടു ദത്തമായ രണ്ട് വരങ്ങൾ വേണമെന്നും അതിൽ ഒന്ന് ഭരതന് രാജ്യവും രണ്ടാമത്തേത് രാമന് പതിനാല് വർഷം വനവാസവുമാകണമെന്ന നിലപാടിൽ ഉറച്ചു നിന്നു. 

വാസ്തവത്തിൽ കൈകേയിയ്ക്ക് അത്ര പ്രധാനമായ സ്ഥാനമുണ്ടായിരുന്നോ രാജധാനിയിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദാസി പറഞ്ഞാണ് അവൾ രാമൻ്റെ അഭിഷേക വൃത്താന്തം അറിയുന്നത്. 

അഭിഷേക സംഭാരങ്ങളെല്ലാം ഒരുക്കി പുലർകാലേ മന്ത്രി സുമന്ത്രർ രാജാവിനെ അറിയിക്കാൻ വരുമ്പോൾ അദ്ദേഹം കണ്ണുനീർ വാർത്തു കൊണ്ട് നിലത്ത് കിടക്കുന്നതാണ് കാണുന്നത്. രാമനെ വിളിച്ചു കൊണ്ട് വരാൻ കൈകേയി പറയുമ്പോൾ സുമന്ത്രർ ഇങ്ങനെ പറയുന്നു,

"ചെന്നു കുമാരനെക്കൊണ്ടു വരാമല്ലോ രാജവചനമനാകർണ്യ ഞാനിഹ
രാജീവലോചനേ! പോകുവതെങ്ങനെ !"

രാജാവ് പറഞ്ഞാലേ പോകൂ എന്നർത്ഥം.

വനത്തിലേക്ക് പോകാൻ തയ്യാറായി രാമലക്ഷമണൻന്മാരും സീതയും വണങ്ങാനായ് വന്നപ്പോൾ കൈകേയി അവർക്ക് വൽക്കലങ്ങൾ നൽകുന്നു. ഇത് കണ്ട് കുപിതനായി വസിഷ്ഠൻ ഇങ്ങനെ പറയുന്നു ,

" ദുഷ്ടേ! നിശാചരി! ദുർവൃത്തമാനസേ!
കഷ്ടമോർത്തോളം കഠോരശീലേ! ഖലേ!
രാമൻ വനത്തിന്നു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ
ജാനകീദേവിക്കു വല്ക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം"

ആർക്ക് വേണ്ടി എല്ലാം  നേടിയെടുത്തെ ന്ന് കൈകേയി കരുതിയോ ആ പുത്രനും അവളെ പരുഷ വചനങ്ങളാൾ നിന്ദിച്ചു.

"ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ!
നിർദ്ദയേ! ദുഷ്ടേ! നിശാചരി!
നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത മഹാപാപി ഞാനഹോ!"

ഒടുവിൽ സുന്ദരിയും ധീരയുമായ കൈകേയിക്ക് ഏവർക്കും അപത്ഥ്യയായി,  ലജ്ജിതയും
പശ്ചാത്താപവിവശയും ആത്മനിന്ദാ പീഡിതയുമായി അയോദ്ധ്യയിൽ കഴിയേണ്ടിവന്നു. 


പ്രീത രാജ്
Pc wikipedia 

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര