ദശരഥൻ
ദശരഥൻ
സരയൂതീരത്തെ സമ്പൽ സമൃദ്ധമായ കോസല രാജ്യത്തിൻ്റെ പ്രൗഢവും മനോഹരവുമായ അയോദ്ധ്യ എന്ന രാജധാനിയിൽ മഹാരഥന്മാരാൽ പരിവൃതനായി ദശരഥൻ വാണരുളി.
" അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാപതി ധർമ്മാത്മാവീരൻ
അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമൻ കരുണാരത്നാകരൻ
കൗസല്യാദേവിയോടും ഭർത്തൃ- ശുശ്രൂഷയ്ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും......"
അനപത്യദുഃഖത്താൽ ദശരഥമഹാരാജാവ് അത്യന്തം ഖിന്നനായി. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുത്രനില്ലാതെ പരലോകത്ത് നല്ലൊരു ഗതിയുണ്ടാവുക കഷ്ടം. രാജഗുരുവായ വസിഷ്ഠമഹർഷിയുടെ നിർദ്ദേശാനുസരണം അശ്വമേധവും
ഋശ്യശൃംഗനാൽ പുത്രകാമേഷ്ടിയാഗവും നിർവഹിച്ചു. യാഗാഗ്നിയിൽ നിന്ന് ലഭിച്ച ദിവ്യ പായസം കൗസല്യ, കൈകേയി എന്ന പത്നിമാർക്ക് വീതിച്ചു നൽകി. രണ്ടു പേരും അവർക്ക് കിട്ടിയതിൽ നിന്നോരോ പങ്ക് സുമിത്രക്ക് നൽകി.
പായസപ്രഭാവത്താൽ മൂന്നു പത്നിമാരും ഗർഭം ധരിച്ചു. യഥാകാലം നാലു പുത്രന്മാർക്ക് ജന്മം നൽകി.
" ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്കലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ"
" പെറ്റിതു കൈകേയിയും പുഷ്യ
നക്ഷത്രം കൊണ്ടു പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം "
പുത്രരെ ജീവനു തുല്യം സ്നേഹിച്ചു ദശരഥൻ. അവരുടെ ബാലലീലകളാസ്വദിച്ച് പുത്രവാത്സല്യത്തിൽ നിമഗ്നനായി നാളുകൾ കഴിച്ചു. അക്കാലം അവിടെയെത്തിയ വിശ്വാമിത്ര മഹർഷി യാഗരക്ഷക്കായി രാമനെ തൻ്റെ കൂടെ വനത്തിലേക്കയക്കാൻ ആവശ്യപെട്ടപ്പോൾ അദ്ദേഹം വിവശനായി ഗുരുവായ വസിഷ്ഠമഹർഷിയോടിങ്ങനെ പറയുന്നു.
"എന്തു ചൊൽവതു ഗുരോ നന്ദനൻ തന്നെ മമ സന്ത്യജിച്ചീടുവാനില്ലല്ലോ
ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ നിർണ്ണയം മരിക്കും ഞാൻ, രാമനെ
നൽകീടാഞ്ഞാലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രൻ."
വസിഷ്ഠമഹർഷിയുടെ ഉപദേശ സാന്ത്വനങ്ങൾക്കൊടുവിൽ സമാധാനം കൈക്കൊണ്ട് രാമലക്ഷ്മണന്മാരെ വിശ്വാമിത്രൻ്റെ കൂടെ അയക്കാൻ തയ്യാറായി.
" വരിക രാമ! രാമ! ലക്ഷ്മണ!
വരികയെന്നരികെ ചേർത്തു
മാറിലണച്ചു ഗാഢം ഗാഢം
പുണർന്നു പുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ ഗുണങ്ങൾ വരുവാനായ് പോവിനെന്നുരചെയ്താൻ "
അത്രത്തോളം പുത്രസ്നേഹ നിമഗ്നനായിരുന്നു അദ്ദേഹം.
നീതിമാനും സർവ്വസമ്മതനും പ്രജാക്ഷേമതത്പരനുമായ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഏറ്റവും സ്നേഹിച്ചിരുന്ന പ്രിയതമ കൈകേയി പണ്ട് നൽകാമെന്ന് പറഞ്ഞ വരങ്ങൾ ആവശ്യപ്പെടുന്നത്. പണ്ട് ദേവാസുര യുദ്ധത്തിൽ ദശരഥൻ്റെ രഥചക്രത്തിൻ്റെ ആണി നഷ്ടപ്പെട്ടു. രഥം തകരാതെ കൈകേയി തൻ്റെ ചെറുവിരൽ രന്ധ്രത്തിൽ ചേർത്ത് യുദ്ധം തീരുവോളം രഥം തകരാതെ കാത്തു. അന്ന് നൽകാമെന്നേറ്റ രണ്ടു വരങ്ങൾ പിന്നീടൊരിക്കൽ ചോദിക്കാമെന്ന് പറഞ്ഞ് വച്ചിരുന്നതാണ് കൈകേയി. ആ വരങ്ങളാണ് ചോദിച്ചിരിക്കുന്നത്.
മൂന്ന് പത്നിമാരിൽ സുന്ദരിയും ധീരയുമായ കൈകേയിയോട് രാജാവിന് സ്നേഹക്കൂടുതലുണ്ടായിരുന്നെന്ന് ഇനി പറയുന്ന സന്ദർഭങ്ങളിൽ വ്യക്തമാണ്.
" ഭർത്തൃശുശ്രൂഷക്കേറ്റം കൗശല്യമേറിടും കൈകേയിയും.." എന്നാദ്യമേ
പറഞ്ഞിട്ടുള്ളതോർക്കുക.
കൗസല്യാദേവി രാമാഭിഷേകത്തിന് മുൻപായി പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുന്നു.
"സത്യസന്ധൻ നൃപവീരൻ ദശരഥൻ
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയ പുത്രീ വശഗതനാകയാ -
ലാകുലമുള്ളിൽ വളരുന്നിതേറ്റവും"
കേകയത്തിൽ നിന്ന് മടങ്ങിയെത്തിയ ഭരതൻ അമ്മയായ കൈകേയിയോട് പറയുന്നു.
"ഖേദമുണ്ടച്ഛനെക്കാണാഞ്ഞെ-നിക്കുളളിൽ
താതനെവിടെ വസിക്കുന്നു മാതാവേ! മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ
താതനെപ്പണ്ടു കാണ്മീലൊരുനാളുമേ."
അത്രയും സ്നേഹിച്ച കൈകേയിയാണ് ദശരഥന് ജീവനേക്കാൾ പ്രിയപ്പെട്ട രാമനെ പതിന്നാല് വർഷം വനത്തിലേക്കയക്കണം എന്ന് പറഞ്ഞത്. മൂർച്ഛിച്ച് വീണു പോയി അദ്ദേഹം. പിന്നെ എഴുന്നേറ്റ് കൈകേയിയുടെ കാൽക്കൽ വീണ് പറഞ്ഞു,
" നിന്നുടെ പുത്രന് രാജ്യം തരാമല്ലോ ധന്യശീലേ! രാമൻ പോകേണമെന്നുണ്ടോ
രാമനാലേതും ഭയം നിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും"
കൈകേയിയാകട്ടെ നേത്രങ്ങൾ ചുവപ്പിച്ച് ക്രോധാക്രാന്തയായി ഇങ്ങനെ പറയുന്നു
" ഭ്രാന്തനെന്നാകയോ ഭൂമീപതേ ഭവാൻ
ഭ്രാന്തിവാക്യങ്ങൾ ചൊല്ലുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളിൽച്ചെന്നു
ചേരുമസത്യവാക്യങ്ങൾ ചൊല്ലീടിനാൽ"
വാക്കാണ് പ്രധാനം. ത്രേതായുഗമാണ് കാലം. ചോദിക്കുന്നത് അന്യായമാണെന്ന് കരുതി വാക്കു മാറാൻ പറ്റില്ല. ദശരഥൻ അത്യന്തം വിവശനായി.
രാമനും ലക്ഷ്മണനും സീതയും പോയിക്കഴിഞ്ഞ് അവശനായ തന്നെ കൗസല്യയുടെ ഭവനത്തിലാക്കാൻ സേവകർക്ക് നിർദ്ദേശം കൊടുത്തു ദശരഥൻ. അവിടെയും അതീവ ഖിന്നയായ കൗസല്യ സ്വന്തം ദുഃഖം താങ്ങാനാവാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
"ദത്തമല്ലോ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ തുഷ്ടനായ് നൽകിയാൽ
പോരാതിരുന്നിതോ
മൽപുത്രനെ കാനനാന്തേ കളവതി -
നിപ്പാപിയെന്തു പിഴച്ചതു ദൈവമേ!
ഏവമെല്ലാം വരുത്തിത്തനിയേ പരി-
ദേവനം ചെയ്വതിനെന്തൊരു കാരണം?"
അപ്പോൾ ദശരഥൻ തൻ്റെ ശാപവൃത്താന്തം പറയുന്നു. ഒരിക്കൽ ഒരു രാത്രിയിൽ നായാട്ടിന് പോയപ്പോൾ ഒരു മുനികുമാരൻ കുംഭത്തിൽ വെള്ളമെടുക്കുന്ന ശബ്ദം കേട്ട് ആനയാണെന്ന് കരുതി അമ്പെയ്തു. തെറ്റു മനസ്സിലാക്കി ചെന്നപ്പോൾ അച്ഛനമ്മമാർക്ക് ദാഹജലം തേടി വന്ന താണ് എന്നും ജലം അവർക്ക് കൊടുത്ത് ദാഹം തീർക്കൂ എന്നും പറഞ്ഞു ആ കുമാരൻ മരണം വരിച്ചു. വൃദ്ധ ദമ്പതികൾക്ക് ജലം കൊണ്ടു ചെന്ന് തൻ്റെ അപരാധം ഏറ്റു പറഞ്ഞപ്പോൾ മകൻ്റെ ചിത കൂട്ടി പുത്രശോകത്താൽ മരിക്കെന്ന് ദശരഥനെ ശപിച്ച് അവരും ചിതയിൽ ചാടി. ആ ശാപം ഫലിക്കാനുള്ള കാലം ആഗതമായി എന്നറിഞ്ഞ് രാമനെ ചിന്തിച്ച് ചിന്തിച്ച് അദ്ദേഹം സുരലോകം പൂകി.
ലക്ഷമണനും പിന്നീട് ഭരതനും പിതാവിനെ ദോഷം പറയുമ്പോൾ രാമൻ പറയുന്നു,
"ഭൂമി ഭർത്താ പിതാ നാരീജിതനല്ല
കാമിയുമല്ല മൂഢാത്മാവുമല്ല കേൾ
താതനസത്യഭയം കൊണ്ടു ചെയ്തതി -
നേതുമേ ദോഷം പറയരുതോർക്ക നീ
സാധുജനങ്ങൾ നരകത്തിലുമതി-
ഭീതി പൂണ്ടിടുമസത്യത്തിൽ മാനസേ"
ഒരു പക്ഷെ നാടിൻ്റെ ക്ഷേമത്തിൽ ശ്രദ്ധയൂന്നിയ രാജാവ് അന്ത:പുരത്തിലെ അന്ത:ഛിദ്രങ്ങൾ കണ്ടില്ലായിരിക്കാം. അല്ലെങ്കിൽ ഒരു പക്ഷെ ഒരു 'സ്ത്രീയിൽ' നിന്ന് ഇത്ര വലിയ ആഘാതം പ്രതീക്ഷിച്ചിരുന്നിരിക്കില്ല. അല്ലെങ്കിലും വിധിയുടെ വഴികൾ ആർക്കു തടുക്കാം.!
എന്തായാലും ഇഷ്ടപ്രേയസിയുടെ വഞ്ചനയിൽ മനമുരുകി അസത്യഭയത്താൽ ചെയ്യേണ്ടി വന്ന ദുഷ്കർമ്മത്തിൽ ആത്മ നിന്ദിതതനായി പുത്ര വിരഹ ദുഃഖത്താൽ ഹൃദയം തകർന്ന് ദശരഥൻ എന്ന വീരനായ രഘുവംശ രാജാവ് ജീവൻ വെടിഞ്ഞു.
#അദ്ധ്യാത്മരാമായണം
#ദശരഥൻ
പ്രീത രാജ്
Pc mahapurana
Comments
Post a Comment