ബാലി

യുദ്ധത്തിനായി വെല്ലുവിളിച്ച മായാവിയെന്ന അസുരനെ വധിക്കാനായി അവൻ ഓടിക്കയറിയ ഗുഹയിൽ കയറുമ്പോൾ ബാലി സുഗ്രീവനോട് പറഞ്ഞിരുന്നു ഗുഹക്കകത്ത് നിന്ന് രക്തം വരികയാണെങ്കിൽ താൻ മരിച്ചെന്നുറപ്പിച്ച് ഗുഹാമുഖം അടച്ച് കൊട്ടാരത്തിലേക്ക് പോകണമെന്ന്. അതനുസരിക്കുക മാത്രമാണ് സുഗ്രീവൻ ചെയ്തതും. തിരിച്ചെത്തിയ ബാലി അസുരൻ്റെ മായയാൽ രക്തം വന്നതിനാലാണ് താൻ ഗുഹാമുഖമടച്ചത് എന്ന സുഗ്രീവൻ്റെ വാക്കുകൾ വിശ്വസിക്കാതെ അനുജനെ ഭവനത്തിൽ നിന്ന് നിഷ്കാസിതനാക്കി. അനുജഭാര്യയായ രുമയെ പരിഗ്രഹിച്ചു. സുഗ്രീവനാകട്ടെ ബാലികേറാമലയായ ഋശ്യമൂകാചലത്തിൽ അഭയം തേടി. 

അതേ സുഗ്രീവൻ  കിഷ്കിന്ധയിലെ  കൊട്ടാര വാതിൽക്കൽ വന്ന് പോർ വിളിച്ചപ്പോൾ പുറത്തേക്ക് കുതിച്ച ബാലിയെ പ്രിയതമയായ താര തടുത്തു. ഭീതിദനായി ഋശ്യമൂകാചലത്തിൽ അഭയം തേടിയ സുഗ്രീവൻ ഇപ്പോൾ പോർ വിളിക്കുന്നുണ്ടെങ്കിൽ അതിന് തക്ക കാരണം കാണുമെന്നവൾ ഭർത്താവിനെ ഓർമ്മിപ്പിച്ചു.

ബാലിയപ്പോൾ അവളോട് പറഞ്ഞു,

"നീയൊരു കാര്യം ധരിക്കേണമോമലേ!
ബന്ധുവായാരുള്ളതോർക്ക സുഗ്രീവനു
ബന്ധമില്ലെന്നോട് വൈരത്തിനാർക്കുമേ
ബന്ധുവായുണ്ടവനേകനെന്നാകിലോ
ഹന്തവ്യനെന്നാലവനുമറിക നീ
ശത്രുവായുള്ളവൻ വന്നു ഗൃഹാന്തികേ
യുദ്ധത്തിനായ് വിളിക്കുന്നത് കേട്ടുടൻ
ശൂരനായുള്ള പുരുഷനിരിക്കുമോ
ഭീരുവായുള്ളിലടച്ചതു ചൊല്ലു നീ"

സ്വന്തം ശക്തിയിലുന്മത്തനായ ബാലി തന്നെ എതിർത്ത് സുഗ്രീവനെ സഹായിക്കാൻ ആരും തയ്യാറാവില്ലെന്നും ഇനി അങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ അവനെയും കൊല്ലേണ്ടത് തന്നെയെന്നും വിശ്വസിച്ചു. 
എന്നിട്ടും താര കാനനത്തിൽ നായാട്ടിനു പോയ പുത്രൻ അംഗദൻ ,സുഗ്രീവൻ ശ്രീരാമനുമായി സഖ്യം ചെയ്ത വാർത്ത കേട്ടതായി ബാലിയെ അറിയിച്ചു. രാമൻ്റെ പിൻബലത്താലാണ് ഇപ്പോൾ സുഗ്രീവൻ വീണ്ടും വന്നിരിക്കുന്നത്. വൈരം കളഞ്ഞ് അവനെ ഇളമയായ് വാഴിച്ച് രാമനെ ശരണം പ്രാപിച്ച് രാജ്യത്തെയും കുലത്തെയും രക്ഷിക്കൂ എന്ന് താരയുടെ അപേക്ഷ ബാലി ഇങ്ങനെ തിരസ്കരിച്ചു.

"രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു നാരായണൻ താനവതരിച്ചു ഭൂമിഭാരഹരണാർത്ഥമെന്നു
കേൾപ്പുണ്ടു ഞാൻ.
പക്ഷഭേദം ഭഗവാനില്ല നിർണ്ണയം
തച്ചരണാംബുജേ വീണു 
നമസ്കരിച്ചിച്ഛയാ ഞാൻ കുട്ടിക്കൊണ്ടിങ്ങു പോരുവൻ
മൽഗൃഹത്തിങ്കലുപകാരവുമേറും
സുഗ്രീവനെക്കാളുമെന്നെ-ക്കൊണ്ടോർക്ക നീ 
തന്നെ ഭജിക്കുന്നവനെ ഭജിച്ചീടുമന്യഭാവം പരമാത്മാവിനില്ലല്ലോ ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ"

രാമന്റെ ഒളിയമ്പേറ്റ് മരിക്കാനായിരുന്നു ഭക്തനും ശക്തനുമായിരുന്ന ബാലിയുടെ വിധി. രാമബാണമേറ്റ് വീണപ്പോൾ ബാലി രാമനോട് ചോദിച്ചു,

"എന്തു ഞാനൊന്നു നിന്നോടു പിഴച്ചതുമെന്തിനെന്നെക്കൊല 
ചെയ്തു വെറുതെ നീ ?
വ്യാജേന ചോര ധർമ്മത്തെയും കൈക്കൊണ്ടു രാജധർമ്മത്തെ
വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീർത്തി ലഭിച്ചതിതു കൊണ്ടു ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ
വീരധർമ്മം നിരൂപിച്ച് കീർത്തിക്കെങ്കിൽ
നേരേ പൊരുതു ജയിക്കേണമെവനും എന്തോന്നു സുഗ്രീവനാൽ കൃതമായതു -
മെന്തുമറ്റെന്നാൽ കൃതമല്ലയാഞ്ഞതും"

നിന്നോടൊന്നും പിഴയ്ക്കാത്ത എന്നെ എന്തിനിങ്ങനെ ഒളിയമ്പ് എയ്തു കൊന്നു? എനിക്ക് കഴിയാത്ത എന്താണ് സുഗ്രീവന് കഴിയുന്നത്? അവിടെയും ബാലി സ്വന്തം ശക്തിയിൽ അഹങ്കരിക്കുന്നു, അനുജനോടുള്ള അവജ്ഞയും വെളിവാക്കുന്നു.

അനന്തരം ബാലി താൻ നിഷ്പ്രയാസം രാവണനെ കെട്ടി രാമൻ്റെ മുമ്പാകെ വച്ചേനെ എന്നും ധർമ്മിഷ്ഠനെന്ന് ലോകർ വാഴ്ത്തുന്ന രാമൻ തന്നോട് എന്തിനീ അധർമ്മം ചെയ്തു എന്നും ചോദിച്ചപ്പോൾ ശ്രീരാമൻ അരുൾ ചെ
യ്തു,

"പാപിയായോരധർമ്മിഷ്ഠനാം നിന്നുടെ
പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ
നിന്നെ വധിച്ചിതു ഞാൻ മോഹബദ്ധനായ് നിന്നെ നീയേതുമറിയാഞ്ഞതുമെടോ
പുത്രീ ഭഗിനീ സഹോദര ഭാര്യയും പുത്രകളത്രവും മാതാവുമേതുമേ ഭേദമില്ലെന്നല്ലോ വേദവാക്യമതു
ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ പാപികളിൽ വെച്ചുമേറ്റം മഹാപാപി
താപമവർക്കതിനാലേ വരുമല്ലോ
മര്യാദ നീക്കി നടക്കുന്നവർകളെ
ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ
ധർമ്മസ്ഥിതി വരുത്തും ധരണീതലേ"

സ്വന്തം സഹോദരനെ ആട്ടിപ്പായിച്ച് അവൻ്റെ ഭാര്യയെ സ്വന്തമാക്കിയ ബാലി
തൻ്റെ ദുഷ്കർമ്മത്തെ മനസ്സിലാക്കാതെ ഏറ്റവും ശക്തനെന്നും ഭക്തനെന്നും അഹങ്കരിച്ചു. ബാലിയെ എതിർക്കാൻ വാനരന്മാർ അശക്തരായിരുന്നു. ഹനുമാൻ മുതലായ കുറച്ചു പേർ മാത്രം ബാലിയുടെ ദുഷ്കൃതത്തെ എതിർത്ത് സുഗ്രീവൻ്റെ കൂടെ നിന്നു. സഹോദര സ്നേഹത്തിൻ്റെ ഉത്തമ മാതൃകകളായ ദശരഥ നന്ദനന്മാർക്ക് ബാലിയുടെ  അപരാധം അക്ഷന്തവ്യമായത് തികച്ചും സ്വാഭാവികം. 

എങ്കിലും മറഞ്ഞു നിന്നമ്പെയ്തത് എന്തിന്? നീതി നടപ്പാക്കാൻ രാജാക്കന്മാർക്കെന്തുമാവാം എന്നു പറയുന്നത് ശ്രീരാമൻ്റെ ദൈവിക ഭാവത്തേക്കാൾ മാനുഷിക ഭാവത്തിനുള്ള മുൻതൂക്കമാണ് കാണിക്കുന്നതെന്ന് കരുതാനാണെനിക്കിഷ്ടം. സുഗ്രീവൻ ബാലിയുടെ അതിശക്തിയെ കുറിച്ച് വർണ്ണിച്ച് രാമനിൽ ഒരു മാത്ര സന്ദേഹമുണ്ടാക്കിയോ? രാമനും ഒരു വേള മായാബന്ധിതനായോ?

പുത്രനായ അംഗദനെ കാത്തുകൊള്ളാൻ രാമനോടപേക്ഷിച്ച്  ബാലി വിഷ്ണുപദം പൂകി.

വാൽക്കഷ്ണം
തൃക്കരിപ്പൂരിലെ  ചീർമക്കാവിലെ നെടുബാലിയൻ തെയ്യത്തെ കുറിച്ച് ഈയിടെ വായിച്ചു ("തെയ്യ രാമായണത്തിലെ ബാലിപ്പെരുമാൾ."  മാതൃഭൂമി ജൂലായ് 21) ബാലിക്ക് വേണ്ടി രാമായണപ്പാട്ടുകെട്ടി ആടുന്ന പെരുവണ്ണാന്മാർ. ബാലി അവിടെ വർഷാവർഷം പുനർജ്ജനിക്കുന്നു. 


പ്രീത രാജ്


Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര