കൗസല്യ

ചൈത്രമാസത്തിൽ നവമീതിഥിയിൽ പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥങ്ങളായിരിക്കെ കടക്കടക ലഗ്നത്തിൽ ബൃഹസ്പതിയും ചന്ദ്രനും ഒന്നിച്ചുദിക്കെ പുണർതം നക്ഷത്രത്തിൽ രഘുവംശ രാജാവായ
ദശരഥൻ്റെ പ്രഥമ പത്നി കൗസല്യാദേവി ദിവ്യലക്ഷണയുക്തനായ പുത്രനെ പ്രസവിച്ചു.

"ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ ഭുവനേശ്വരൻ
വിഷ്ണു തന്നുടെ ചിഹ്നത്തോടു -
മവതാരം ചെയ്തപ്പോൾ കാണായി
കൗസല്യയ്ക്കും സഹസ്രകിരണന്മാ-
രൊരുമിച്ചൊരു നേരം സഹസ്രായുത-
മുദിച്ചുയരുന്നതുപോലെ.."

ഇപ്രകാരമാണ് എഴുത്തച്ഛൻ വർണ്ണിക്കുന്നത്. പ്രകാശപൂരിതമായ ദിവ്യരൂപം കണ്ട് സാക്ഷാൽ നാരായണനാണ് തൻ്റെ പുത്രനായി അവതരിച്ചിരിക്കുന്നത് എന്നറിഞ്ഞ് കൗസല്യാദേവി ഇപ്രകാരം പറഞ്ഞു,

" നിന്തിരുവടിയുടെ ജoരത്തിങ്കൽ
നിത്യമന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങൾ
കിടക്കുന്നു.
അങ്ങനെയുള്ള ഭവാനെന്നുടെ ജoരത്തി-
ലിങ്ങനെ വസിച്ചതിനെന്തു കാരണം പോറ്റി!
ഭക്തന്മാർ വിഷയമായുള്ളൊരു പാരവശ്യം വ്യക്തമായ്ക്കാണായ് വന്നു
മുഗ്ദ്ധയാമെനിക്കിപ്പോൾ."

പൂർവ്വ ജന്മത്തിൽ വിഷ്ണു തന്നെ തനിക്ക് മകനായി പിറക്കണമെന്ന് പ്രാർത്ഥിച്ച് തപസ്സു ചെയ്ത കശ്യപ പ്രജാപതിയും അദ്ദേഹത്തിൻ്റെ  പത്നി അദിതിയുമാണ് ദശരഥനും കൗസല്യയുമായി ജന്മമെടുത്തതെന്നും ആ പ്രാർത്ഥന സഫലമാക്കാനാണ് ഇക്കാലം കൗസല്യാത്മജനായി താൻ പിറവിയെടുത്തതെന്നും ഭഗവാൻ അരുളിച്ചെയ്തു.

 അരുമയോടെ കൈകളിലെടുത്ത് ലാളിക്കാനും മാറോട് ചേർക്കാനും പാലൂട്ടാനുമുള്ള മാതൃമനസ്സിന്റെ വെമ്പൽ കൗസല്യ ഇപ്രകാരം അറിയിക്കുന്നു,

"കേവലമലൗകികം വൈഷ്ണവമായ രൂപം ദേവേശ! മറയ്ക്കേണം മറ്റുള്ളോർ കാണും മുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യ വ്യാജമായോരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാർണ്ണവം ."

കൗസല്യയുടെ മാതൃത്വത്തിൻ്റെ വിഹ്വലതകളാണ് രാമായണത്തിലെ ഏറ്റവും ഹൃദയസ്പർശിയായ സന്ദർഭങ്ങൾ. രാമനെ  ഉടനെ യുവരാജാവായി വാഴിക്കുമെന്ന വാർത്തയറിഞ്ഞ കൗസല്യ ഇങ്ങനെ ചിന്തിക്കുന്നു,

"സത്യസന്ധൻ നൃപവീരൻ ദശരഥൻ പുത്രാഭിഷേകം കഴിച്ചിടുമെന്നുമേ
കേകയപുത്രീ വശഗതനാകയാ-
ലാകുലമുള്ളിൽ വളരുന്നിതേറ്റവും
ദുർഗ്ഗേ! ഭഗവതി! ദുഷ്കൃതനാശിനി!
ദുർഗ്ഗതി നീക്കിത്തുണച്ചീടുകംബികേ!
കാമുകനല്ലോ നൃപതി ദശരഥൻ 
കാമിനി കൈകൈയീചിത്തമെന്തീശ്വര!"

സപത്‌നീ ദുഃഖവും പുത്രാഭ്യുദയകാംക്ഷയും ഇവിടെ വ്യക്തമാക്കപ്പെടുന്നു. ഭാര്യയുടേയും അമ്മയുടെയും ആകുലതകൾ. 

വനവാസത്തിന് മുമ്പ് യാത്ര പറയാൻ വന്ന ശ്രീരാമനെ കണ്ടപ്പോൾ അമ്മ അലിംഗനം ചെയ്തു മടിയിലിരുത്തി മുഖം വാടിയിരിക്കുന്നതെന്തേ?  വിശക്കുന്നുണ്ടോ എന്ന് ആരായുന്നു,

"വന്ദിച്ചു നിൽക്കുന്ന രാമകുമാരനെ മന്ദേതരം മുറുകെപ്പുണർന്നീടിനാൾ പിന്നെ മടിയിലിരുത്തി നെറുകയിൽ നന്നായ് മുകർന്നു കുതൂഹലാൽ ഇന്ദീവരദലശ്യാമളം കളേബരം മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ :-
"എന്തെന്മകനേ! മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതു പാരം വിശക്കയോ വന്നിരുന്നീടു ഭുജിപ്പതിനാശു നീ"

വന്നിരുന്നെന്തെങ്കിലും കഴിക്കൂ എന്നു പറയുന്ന അമ്മയോട് വൃത്താന്തങ്ങൾ പറയുന്നു രാമകുമാരൻ. ബോധരഹിതയായി വീഴുന്ന ആ അമ്മ ബോധം തെളിഞ്ഞെഴുന്നേറ്റിരുന്ന് ഇങ്ങനെ പറയുന്നു,

"എന്തു പിഴച്ചതു കൈകേയിയോടു നീ 
ചിന്തിക്ക ഭൂപനോടും കുമാര! ബലാൽ
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റില്ലെന്ന് നിർണ്ണയം പോകേണമെന്ന് താതൻ നിയോഗിക്കിൽ
ഞാൻ പോകരുതെന്ന് ചെറുക്കുന്നതുണ്ടല്ലോ.
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി
തന്നുടെ വാചാ ഗമിക്കുന്നതാകിലോ
ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ"

അച്ഛനും അമ്മയും മക്കൾക്കൊരുപോലെയല്ലേ? അച്ഛൻ വനത്തിന് പോകണമെന്ന് പറയുന്നെങ്കിൽ അമ്മയായ ഞാൻ പോകരുതെന്നു പറയുന്നു. എന്റെ വാക്കു നീ ധിക്കരിച്ചാൽ ഞാൻ ജീവൻ വെടിയുമെന്ന് പറയുന്നു. അല്ലെങ്കിൽ കാനനത്തിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ശഠിക്കുന്നു. രാമന് വളരെ കഷ്ടപ്പെടേണ്ടി വന്നു, അമ്മയെ അനുനയിപ്പിക്കാൻ. രാമൻ പറഞ്ഞു,

" ആത്മാവിനേതുമേ പീഢയുണ്ടാക്കരു-
താത്മാവിനെയറിയാതവരെപ്പോലെ
സർവ്വലോകങ്ങളിലും വസിച്ചീടുന്ന
സർവ്വജനങ്ങളും തങ്ങളിൽ തങ്ങളിൽ
സർവ്വദാ കൂടി വാഴ്കെന്നുള്ളതില്ലല്ലോ.
സർവ്വജ്ഞയല്ലോ ജനനി! നീ "

ഒടുവിൽ നിസ്സഹായയായ ആ അമ്മ പോകാനനുവാദം നൽകി തന്റെ മകനെ കാത്തു രക്ഷിക്കാൻ ദേവകളോടിരക്കുന്നു.

" പ്രീതി കൈക്കൊണ്ടെടുത്തുത്സംഗ-
സീമ്നി ചേർത്താദരാൽ മൂർധ്നി
ബാഷ്പാഭിഷേകം ചെയ്തു ചൊല്ലി- നാളാശീർവചനങ്ങളാശു കൗസല്യയും ദേവകളോടിരന്നീടിനാൾ :-
സൃഷ്ടികർത്താവേ!വിരിഞ്ച!പത്മാസന ! 
പുഷ്ടദയാബ്ധേ! പുരുഷോത്തമ! ഹരേ!
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ!
വൃത്രാരിമുൻപായ ദിക്പാലകന്മാരേ!
ദുർഗ്ഗേ! ഭഗവതി! ദുഃഖവിനാശിനി!
സ്വർഗ്ഗസ്ഥിതിലയകാരിണി ചണ്ഡികേ!
എന്മകനാശു നടക്കുന്ന നേരവും
കല്മഷം തീർന്നിരുന്നീടുന്ന നേരവും 
തന്മതി കെട്ടുറങ്ങീടുന്ന നേരവും സമ്മോദമാർന്ന് രക്ഷിച്ചീടുവിൻ നിങ്ങൾ."

അമ്മമനസ്സുകൾ എക്കാലവും ഒരുപോലെ, ത്രേതായുഗത്തിലായാലും കലിയുഗത്തിലായാലും. ആകുലതകളും പ്രാർത്ഥനകളുമായി അവ എപ്പോഴും മക്കൾക്കു പുറകെ നിരന്തരം സഞ്ചരിക്കുന്നു. പ്രാർത്ഥനയുടെ കവചം തീർക്കാനല്ലേ മാതാവിന് കഴിയൂ.

പ്രഥമ പത്നിയെങ്കിലും ഭർത്താവിൻ്റെ സ്നേഹഭാജനം മറ്റൊരുവളാണെന്നറി യാമായിരുന്നു കൗസല്യാദേവിയ്ക്ക്. സദ് ഗുണസമ്പന്നനും സർവ്വസമ്മതനുമായ രാമകുമാരൻ്റെ അമ്മ എന്ന പദവി കൗസല്യ മുറുകെപ്പിടിച്ചിരുന്നു. ഒടുവിൽ യുവരാജാവാകേണ്ടിയിരുന്ന ആ ഓമനപ്പുത്രൻ വൽക്കലം ധരിച്ച് കാനനത്തിലലയുന്നതിനും അതേ സ്ത്രീയും സ്വന്തം ഭർത്താവും തന്നെ നിമിത്തമായ ദുർവിധിയാണ് കൗസല്യാദേവിക്ക് അനുഭവിക്കേണ്ടി വന്നതും. ദുഃഖം അസഹ്യമാവുന്ന വേളകളിൽ കൗസല്യയുടെ ഹൃദയവേദന കുത്തുവാക്കുകളായി പുറത്തുവരുന്നു, 
  
"ദത്തമല്ലോ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ തുഷ്ടനായ് നൽകിയാൽ
പോരാതിരുന്നിതോ 
മൽപുത്രനെ കാനനാന്തേ കളവതിനി-പ്പാപിയെന്തു പിഴച്ചതു ദൈവമേ!"

കാത്തുകാത്തിരുന്ന് കിട്ടിയ ഓമൽ പുത്രൻ കാട്ടിലലയുമ്പോൾ  വിങ്ങിപ്പൊട്ടുന്ന അമ്മമനസ്സിൻ്റെ ദുഃഖവും കാരണക്കാരായവരോടുള്ള കോപവും ഇങ്ങനെയെങ്കിലും പുറത്തു  വന്നല്ലേ മതിയാകൂ. 

പ്രീത രാജ്
Pc Wikipedia 

Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര