സുമിത്ര
കാശീരാജകുമാരിയായിരുന്ന സുമിത്ര ദശരഥൻ്റെ മൂന്നു പത്നിമാരിൽ ഇളയവളായിരുന്നു. പ്രഥമപത്നിയായ കൗസല്യാദേവിക്കും പ്രിയങ്കരിയായ കൈകേയിക്കും ഇടയിൽ വിധിയോട് കലഹിക്കാതെ സമരസപ്പെട്ട് സുമിത്ര അയോദ്ധ്യയിൽ കഴിഞ്ഞു.
അദ്ധ്യാത്മ രാമായണത്തിൻ സുമിത്രയെ കുറിച്ച് അധികം പരാമർശങ്ങളില്ല. കൗസല്യയോട് കൂടിയേ സുമിത്രയെ കാണുന്നുള്ളൂ. കൗസല്യാദേവിയോട് കൂടെയാണ് സുമിത്ര കൂടുതൽ ചേർന്നു നിന്നതെന്ന് വേണം കരുതാൻ.
ഭർത്താവിൻ്റെ സ്നേഹഭാജനമായ ഒരു സപത്നി ഉള്ളപ്പോൾ മറ്റു രണ്ടു പേർ കൂടുതൽ അടുക്കുന്നത് സ്വാഭാവികം. മാത്രമല്ല സുമിത്രയുടെ രണ്ടു മക്കളും ജ്യേഷ്ഠന്മാരുടെ ആജ്ഞാനുവർത്തികളായി കഴിയുകയും ചെയ്യുന്നു.
" സാമോദം ബാലക്രീഡാ തത്പരന്മാരാം കാലം രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാൽ"
ബാലന്മാർ പായസാംശാനുസാരവശാൽ ഒരുമിച്ചു വാഴുന്നു എന്നും
കൗമാരകാലത്താകട്ടെ സ്വാമി ഭൃത്യകഭാവം കൈക്കൊണ്ടു എന്നും പറയുന്നു, എഴുത്തച്ഛൻ.
" സേവ്യസേവകഭാവം രാമലക്ഷ്മണ- ന്മാരും കൈക്കൊണ്ടാരതു പോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്ന-
ന്മാർ സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം"
ശത്രുഘ്നൻ ഭരതൻ്റെ കൂടെ കേകയത്തിൽ പോയി. ലക്ഷമണൻ സദാ രാമൻ്റെ കൂടെ. അതും സുമിത്രയെ രാമമാതാവിനോട് കൂടുതൽ അടുപ്പിച്ച് കാണണം.
ലക്ഷ്മണൻ അമ്മയെ കൗസല്യാദേവിയെ എൽപ്പിച്ച് ജ്യേഷ്ഠനെ അനുഗമിച്ച് വനത്തിലേക്ക് പോകാനൊരുങ്ങുമ്പോൾ സുമിത്രാദേവി പുത്രനെ ആശീർവദിച്ച് യാത്രാമംഗളങ്ങളായ് ഉപദേശരൂപേണ പറഞ്ഞ വാചകങ്ങളത്രെ രാമായണത്തിലെ ഏറ്റവും മഹത്തായ ഭാഗം. അമ്മയുടെ ആധിയും പുത്രാഭ്യുദയ കാംക്ഷയും സംയമനത്തിൻ്റെ ശക്തിയും സാന്ത്വനത്തിൻ്റെ സൗഖ്യവും സമന്വയിച്ച വാക്കുകൾ!
"ലക്ഷ്മണവീരൻ സുമിത്രയാമമ്മയെ
തൽക്ഷണേ കൗസല്യകൈയിൽ
സമർപ്പിച്ചു വന്ദിച്ച നേരം സുമിത്രയും പുത്രനെ നന്ദിച്ചെടുത്തു സമാശ്ലേഷവും ചെയ്തു നന്നായനുഗ്രഹം ചെ
യ്തു തനയനു പിന്നെയുപദേശ
വാക്കുമരുൾചെയ്താൾ:-
അഗ്രജൻ തന്നെപ്പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നുകൊള്ളേണം പിരിയാതേ
രാമനെ നിത്യം ദശരഥനെന്നുള്ളി -
ലാമോദമോടു നിരൂപ്പിച്ച് കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചു കൊൾ -
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ;
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ"
ജീവിതത്തെ തത്ത്വചിന്താപരമായി നോക്കിക്കാണുന്നു സുമിത്ര. ദുഃഖസമുദ്രത്തിൽ മുങ്ങിപ്പൊങ്ങുന്ന കൗസല്യയെ ആശ്വസിപ്പിക്കുന്നു. ധർമ്മത്തിൽ ഉറച്ചു നിൽക്കുന്നവനും മഹാവീരനുമായ രാമന് എന്ത് അഹിതം സംഭവിക്കാൻ. പതിന്നാല് സംവൽസരങ്ങൾ കഴിഞ്ഞ് അവർ തേജോമയരായി തിരിച്ചു വരും. എന്നിങ്ങനെ ധന്യവാക്കുകൾ പറഞ്ഞ് അവൾ കൗസല്യാദേവിയുടെ ദുഃഖം ശമിപ്പിക്കുന്നു.
ആത്മീയതയുടെയും സംയമനത്തിൻ്റെയും പ്രത്യാശയുടെയും സാന്ത്വനത്തിൻ്റെയും ഉത്തമമായ സമ്മിശ്രണമാണ് സുമിത്ര എന്ന ദശരഥ പത്നിയിൽ കാണാവുന്നത്. ഈ അമ്മയിലായിരിക്കണം ലക്ഷ്മണ പത്നിയായ ഊർമ്മിളയും ഭരതപത്നിയായ മാണ്ഡവിയും ശത്രുഘ്നപത്നിയായ ശ്രുതകീർത്തിയും അഭയവും സാന്ത്വനവും കണ്ടെത്തിയിരിക്കുക. സ്ത്രീമനസ്സിൻ്റെ ദുഃഖങ്ങൾക്ക് വലിയ വില കൽപിക്കപ്പെടാതിരുന്ന ത്രേതായുഗകാലത്ത് അയോദ്ധ്യയിലെ ദുഃഖാർത്തരായ സ്ത്രീജനങ്ങൾക്ക് മുഴുവൻ ആശ്രയമായിരുന്നിരിക്കാം സുമിത്രാദേവി.
പ്രീത രാജ്
Pc pragyata
Comments
Post a Comment