സോദരൻ ഭാഗവതർ

സംഗീതത്തിന് ഞാൻ ആൾരൂപം നൽകിയാൽ കുരുവിക്കൂടു പോലെ ചീകിവച്ച മുടിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കണ്ണടയും  ഇരു നിറവും ആയിരിക്കും.
സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച എന്റെ ഗുരുനാഥൻ സോദരൻ ഭാഗവതർ. 
മുമ്പിലിരുന്ന് ഏറ്റുപാടുമ്പോൾ കണ്ണടക്ക് മുകളിലൂടെയുള്ള നോട്ടം ഇപ്പോഴും മിഴിവോടെ ഓർമ്മയിൽ തെളിയുന്നു. 

      അദ്ദേഹം  കൈപിടിച്ചു നടത്തിയ വഴികളിൽ അനുമോദനത്തിന്റെ പൂച്ചെണ്ടുകളും കൈയ്യടികളും, ശിരസ്സിൽ ഏറ്റുവാങ്ങിയ ആശീർവാദങ്ങളും ഉണ്ടായിരുന്നു. 1981 ൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാലക്കാട് വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിന്റെ വേദിയിൽ വരെ എത്തി നിന്നു, ആ യാത്ര. 

      നാലാം ക്ലാസ്സിൽ തുടങ്ങിയ പഠനം പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്തോ കാരണത്താൽ അവസാനിപ്പിച്ചു. അതോടെ എന്റെ സംഗീത യാത്രയും. അല്ലെങ്കിലും അച്ഛന് വേണ്ടിയായിരുന്നു പഠനം. അതുകൊണ്ട് തന്നെ നേടിയതൊക്കെ ഭാഗവതരുടെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നെന്ന് നിസ്സംശയം പറയാം. എത്രയെത്ര കീർത്തനങ്ങൾ പാടി കയ്യടി നേടി ..."രഘുവംശ സുധാംബുധി ..."പക്കാല നിലബാഡി ....." "പരമപുരുഷ ജഗദീശ്വരാ.. "

       ശിഷ്യരുടെ ഉള്ളിൽ ശ്രുതിയും താളവും സ്വരസ്ഥാനവും ഉറപ്പിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ പ്രാരാബ്ധങ്ങളുടെ താളപ്പിഴകൾ അദ്ദേഹത്തെ വലച്ചിരുന്നെന്ന് തോന്നുന്നു. സംഗീതം മാത്രമായിരുന്നു അതിജീവനമന്ത്രം. മക്കളുടെ പേരുകളും സംഗീത സാന്ദ്രമായിരുന്നു. കലാകുസുമം, പുരന്ദരദാസൻ എന്ന പേരുകൾ ഓർക്കുന്നു.

പഠനം,  ജോലി,  വിവാഹം,  കുഞ്ഞ്, അടിക്കടിയുള്ള സ്ഥലമാറ്റങ്ങൾ ഇതിനൊക്കെയിടയിൽ കാലം കുത്തിയൊലിച്ചു പോയി. വളരെ നാളുകൾക്ക് ശേഷം ഭാഗവതരുടെ മരണവാർത്ത പത്രത്തിൽ കണ്ടപ്പോൾ ദുഃഖവും ആത്മനിന്ദയും വല്ലാതെ പിടികൂടി. ഒരിക്കൽ പോലും അദ്ദേഹത്തെ പോയി കണ്ടില്ലല്ലോ. അന്വേഷിക്കുക പോലും ചെയ്തില്ല. എത്രയോ തെറ്റുകൾ ക്ഷമയോടെ തിരുത്തിത്തന്നിരുന്ന എന്റെ ഗുരുനാഥൻ ക്ഷമിക്കുമായിരിക്കും'. കണ്ണടക്ക് മുകളിലൂടെ നോക്കിയിരുന്ന കൺകളിൽ എന്നും സ്നേഹ വാത്സല്യഭാവമായിരുന്നല്ലോ!




പ്രീത രാജ്






Comments

  1. പ്രീത... ഹൃദയസ്പര്ശിയായി എഴുതി. എന്റെയും ഗുരുനാഥൻ..
    മാഷിന്റെ മകന്റെ പേര് പുര ന്ദര ദാസൻ... എന്റെ വീട്ടിൽ ഇടക്ക് വല്ലപ്പോഴും വരുമായിരുന്നു.. പ്രീത, സുമ എല്ലാവരുടെയും കാര്യം ചോദിക്കും..... മാഷ് പഠിപ്പിച്ച ശരവണഭവ...പക്കല....
    മത്സരങ്ങൾ മാഷിന്റെ ഒരു weekness ആയിരുന്നു... സമ്മാനം നേടാനായി ഉള്ള practice ഇപ്പോഴും ഓർക്കുന്നു..
    മാഷ് മരിച്ചത് അറിഞ്ഞ് ഞാൻ
    കൂർക്കഞ്ചേരി വീട്ടിൽ പോയി കണ്ടിരുന്നു.. പാവം... പണ്ട് മാഷ് പഠിപ്പിക്കാൻ വരുമ്പോൾ മടി പിടിച്ച് ഒളിച്ചു നിൽക്കുമായിരുന്നു.. ഇപ്പോഴും കുറച്ചൊക്കെ പാടാൻ കഴിയുന്നത് അന്നത്തെ ആ ട്രെയിനിങ് തന്നെ..
    പ്രിയപ്പെട്ട സോദരൻ മാഷിന് പ്രണാമങ്ങൾ....

    ReplyDelete
    Replies
    1. നന്ദി. മാഷിന്റെ ഹൃദയത്തിൽ ഒരു സ്ഥാനമുണ്ടായിരുന്നു എന്ന് അറിഞ്ഞതിൽ അളവില്ലാത്ത സന്തോഷം. അതോടൊപ്പം ദുഃഖവും കുറ്റബോധവും. അതെ എന്തെങ്കിലും സംഗീതം ഉള്ളിലുണ്ടെങ്കിൽ അത് മാഷുടെ അനുഗ്രഹം. അതു തന്നെ അർച്ചനയും.

      Delete

Post a Comment

Popular posts from this blog

ആരോ

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

മേപ്പിൾ മരം