മെസ്സി
എല്ലും തോലുമായ ഒരു ചാവാലിയായിട്ടാണ് അവൻ അവിടെയെത്തിയത്. തന്റെ ചെറിയ ജീവിതകാലത്തിനിടക്ക് ഏറ്റു വങ്ങിയ അനേകം കല്ലേറുകളുടെ ബാക്കിപത്രമായി ഒരു കണ്ണിൽ നിന്ന് വെള്ളമൊലിപ്പിച്ച് , മുഷിഞ്ഞ വെളളപ്പാണ്ടൻ ദേഹവും ആകർഷകമല്ലാത്ത മുഖവുമായി അവൻ അച്ഛനെ ദയനീയമായി നോക്കി. ദയാലുവായ അച്ഛൻ ഒരു പഴയ അലൂമിനിയം പാത്രത്തിൽ ഇത്തിരി ചോറിട്ടു കൊടുത്തു. പിന്നെ അതൊരു പതിവായി.
അച്ഛൻ പുറത്തു പോകുമ്പോൾ ബസ് സ്റ്റാൻഡ് വരെ അനുഗമിക്കുന്നതും ഉമ്മറമുറ്റത്ത് കാവൽക്കാരന്റെ ഗമയിൽ കിടക്കുന്നതും അവൻ സ്വയം ഏറ്റെടുത്ത ജോലികൾ ആണ്. ഉണ്ട ചോറിന് നന്ദി കാട്ടാത്ത നായയുണ്ടോ. അവനെ വല്ല്യ ഇഷ്ടമൊന്നുമില്ലാത്ത അമ്മയും കൂരിരുൾ മൂടുന്ന രാത്രികളിൽ അവന്റെ കാവലിൽ രഹസ്യമായി ആശ്വാസം കൊണ്ടു. ഇടക്ക് വരുന്ന അവരുടെ മകൾ അവന് മെസ്സി എന്ന് പേരും ഇട്ടു.
അമ്മയുടെ അനിഷ്ടത്തിന് എണ്ണ പകർന്ന് കൊണ്ട് ആരൊക്കെയോ പറഞ്ഞു പോലും, "അവലക്ഷണം പിടിച്ച നായ. വീടിന് ഐശ്വര്യക്കേടാ.. എന്തിനാ ഇങ്ങനെ തീറ്റ കൊടുത്ത് ഈ തെണ്ടി നടക്കണ ജാതികളെ വീട്ടിൽ വച്ചു കൊണ്ടിരിക്കണത്.?"
കുറച്ചു കാലം കഴിഞ്ഞപ്പോൾ അവന്റെ അസംഖ്യം കാമുകിമാരും ഇടക്കിടെ അവിടെ ചുറ്റിപ്പറ്റിക്കൂടാൻ തുടങ്ങി. കൂട്ടത്തിൽ ഒരു ചെറിയ നായ്ക്കുട്ടിയെ കണ്ടപ്പോൾ അമ്മയുടെ കമന്റ്: "അവന്റെത് തന്നെ ആവും. ഇനി കുറച്ച് നിങ്ങൾ നോക്ക് എന്ന് പറഞ്ഞ് കൊണ്ടാക്കീതാവും ." അടുത്ത വീടുകളിൽ പോയി ചവിട്ടി കടിച്ചു കീറുക, ചെരുപ്പുകൾ കടിച്ചു കേടുവരുത്തുക മുതലായ പരാതികൾ അവനെതിരെ ഉയർന്നുവന്നു തുടങ്ങിയപ്പോൾ അമ്മ ഉറപ്പിച്ച് പറഞ്ഞു , "ഇനി മുതൽ അതിന് ഭക്ഷണം കൊടുക്കണ്ട എവിടക്കാന്ന് വച്ചാൽ പൊക്കോട്ടെ".
അവനാവില്ല ഇതൊന്നും ചെയ്യുതെന്നും കൂടെ നടക്കുന്ന പട്ടിക്കൂട്ടമാവും എന്നും അച്ഛൻ വക്കാലത്ത് പറഞ്ഞ് നോക്കിയെങ്കിലും അടുക്കള പൂർണ്ണമായും അമ്മയുടെ കസ്റ്റഡിയിൽ ആയത് കൊണ്ട് അദ്ദേഹം നിസ്സഹായനായി. അവന്റെ അയഞ്ഞ സദാചാരബോധം അച്ഛനും അത്രക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. പക്ഷെ അവൻ ഇടക്കിടെ വന്ന് പിന്നാമ്പുറത്തെ പ്ലാവിന്റെ ചോട്ടിലോ, തൊടിയിലെ വാഴച്ചോട്ടിലോ വെറുതെ കിടക്കും.
അവഗണനയും ആട്ടലും അവന് പുത്തരിയല്ലല്ലോ! തെരുവിന്റെ സന്തതികൾക്ക് പറഞ്ഞിട്ടുള്ളതാണ്, നായായാലും നരനായാലും.. എന്നാലും ചിലപ്പോഴെങ്കിലും, ചിലപ്പോഴെങ്കിലും സ്നേഹത്തോടെ, കരുണയോടെയുള്ള ഒരു നോട്ടം, ഒരു സ്പർശം അവനും കൊതിക്കാറുണ്ടാവും. പക്ഷെ, അവൻ എപ്പോഴും കുറച്ചു ദൂരെ മാറി നിന്നു. "പോ" എന്ന വാക്കു കേട്ടാലുടൻ അവിടെ നിന്ന് മാറി.
അങ്ങനെ അവഗണനയും നീരസവും ശകാരവും ഏറ്റുവാങ്ങി കാലം കഴിക്കവെയാണ് ഒരു കുരങ്ങൻ ആ പരിസരത്ത് പ്രത്യക്ഷപ്പെട്ടത്. തെങ്ങുകളിൽ ഊഞ്ഞാലാടി മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടി കുരങ്ങച്ചാർ സ്വൈരവിഹാരം തുടങ്ങി. പക്ഷെ അച്ഛന്റെ തൊടിയിൽ നിന്ന് മെസ്സി കുരങ്ങച്ചനെ പറപറത്തി.
ഈ സംഭവത്തോടെ മെസ്സിയുടെ പോയ ഇമേജ് തിരിച്ചു കിട്ടി. മിക്കവാറും സസ്യഭുക്കുകളായ വീട്ടിൽ നിന്ന് ഇത്തിരി മോരോ പാലോ ഒഴിച്ച ചോറും അടുത്ത വീട്ടിലെ കുട്ടികൾ കൊടുക്കുന്ന ബിസ്കറ്റും ഒക്കെയായി വലിയ കുഴപ്പമില്ലാതെ പോകുന്നു. ഇടക്ക് ഒന്നു റോന്തുചുറ്റി വല്ല മീൻ തലയോ എല്ലിൻ കഷ്ണമൊ തരമാക്കും. അവന്റെ സദാചാരബോധം അച്ഛന് ഇപ്പോഴും അത്ര പിടിക്കുന്നില്ലെന്ന് മാത്രം. പക്ഷെ എന്തു ചെയ്യാം, ശ്വാനനല്ലേ, ശ്വാനത്തരുണികൾ ഒരു ദൗർബല്യം ആയിപ്പോയി.
പ്രീത രാജ്
Outside of a dog, a book is man's best friend; and inside of a dog, it's too dark to read..
ReplyDeleteThis saying if Groucho Marx haunts me no end..
😊👍
Deleteമനോഹരമായ ഒരു കുട്ടി (കഥ )
ReplyDeleteമെസ്സി ഇനിയും ഗോളുകൾ അടിക്കട്ടെ 👍
അതെ😊
Delete