നിള

കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ ജീവിതം  ഇഴയുന്ന കാലത്ത് ആകെ ആശ്വാസം എല്ലാ മാസവും ഷൊർണൂരിലേക്കും കോഴിക്കോട്ടേക്കും അച്ഛനമ്മമാരെ കാണാനുള്ള യാത്രകളാണ്. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലം എത്തുമ്പോൾ തന്നെ നാടെത്തി എന്ന തോന്നലാണ് . പാലത്തിൽ കയറിയാൽ രണ്ടു പുറവും നോക്കാതെ വയ്യ. പുഴയിൽ വെള്ളമുണ്ടോ എന്ന  പകുതി ആത്മഗതമായ ചോദ്യം ഒരു ശീലമായിക്കഴിഞ്ഞു.

നിള വെറുമൊരു നദിയല്ലല്ലോ. കുടിനീരായും സർഗ്ഗധാരയായും തലമുറകളെ അമൃതൂട്ടിയവൾ. വള്ളത്തോളിനും തുഞ്ചത്തെഴുത്തച്ഛനും  കുഞ്ചൻ നമ്പ്യാർക്കും എം.ടി.ക്കും വി.കെ.എന്നിനും  അങ്ങനെ ഒരു പാടൊരുപാട് മഹാരഥന്മാർക്കും ജന്മം  നൽകിയവൾ..  വെള്ളിത്തിരയിലെ എത്രയോ രംഗങ്ങൾക്ക് മാസ്മരിക സൗന്ദര്യ സാമീപ്യം കൊണ്ട് ധന്യതയേകിയവൾ . വീരശൂര പരാക്രമിക ളുടെ ആയോധന മാമാങ്കത്തിന് സാക്ഷ്യം വഹിച്ചവൾ ... രക്തമണിഞ്ഞവൾ....  എത്രയോ പ്രഗത്ഭർക്ക് നിത്യശാന്തിയുടെ കവാടം തുറന്നവൾ ... എത്രയോ ആത്മാക്കൾക്ക്  നിത്യശാന്തി ഏകിയവൾ..

കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങളിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു, 'പുഴക്ക് പോക്ക്'.  മുതിർന്നവരിൽ ആരെങ്കിലും പുഴയിൽ പോകുന്ന കാര്യം പറഞ്ഞാലുടൻ ഞങ്ങൾ കുട്ടികളുടെയിടയിൽ വാർത്ത പരക്കുകയായി, "ഇന്ന് പുഴക്ക് പോണുണ്ട്". അപ്പോൾ തുടങ്ങുകയായി ആകാംക്ഷയും ആഘോഷവും ആസൂത്രണവും. മുതിർന്നവർക്ക് പിന്മാറാൻ അവസരം കൊടുക്കുന്ന പ്രശ്നമില്ല.  

പടിപ്പുര കടന്ന് പാടവരമ്പുകളിലൂടെ കുറെ ദൂരം നടന്ന്, ഉയരത്തിലുള്ള റെയിൽപ്പാതകൾ മറികടന്ന് , ചെറിയ ചാലുകൾ പോലെയുള്ള വഴികളിലൂടെ ഓടിയിറങ്ങുമ്പോൾ പുഴയുടെ മണൽപ്പരപ്പ് കാണാം. അവധിക്കാലത്ത് പേരക്കുട്ടികൾ വരുമ്പോൾ മാറോടണക്കുവാൻ കൈ നീട്ടുന്ന അമ്മൂമ്മയെ പോലെ നിള ... ആ മടിത്തട്ടിലെ പഞ്ചാരമണലിൽ ഞങ്ങൾ ഓടിത്തിമർത്തു, ചട്ടിപ്പന്ത് കളിച്ചു. വേനലിൽ ശുഷ്കമായ നീർച്ചാലുകളിൽ 'ഉണ്ണിമാമ ' ( ചെറിയ അമ്മാവൻ) എന്ന വമ്പൻ മുതലയിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന ചെറു മീനുകളായി കളിച്ചു തിമർത്തു. ദൂരെ പാലത്തിൽ കൂടെ പോകുന്ന തീവണ്ടി കണ്ട് എവിടന്നു വരുന്നു എങ്ങോട്ട് പോകുന്നു എന്ന് കൗതുകം പൂണ്ടു... കളിച്ച്, കുളിച്ച് ഈറൻ മാറി ഇരുന്നും കിടന്നും സൂര്യൻ പടിഞ്ഞാറൻ ചാക്രവാളത്തിൽ ഇറങ്ങി വന്ന് ചെഞ്ചായം പൂശുന്നത് കണ്ടു. അപ്പോഴേക്കും " മതി, മതി പൂവ്വാം" എന്ന വിളികളായി. രാത്രിയിൽ നിറയെ കള്ളന്മാരും തെമ്മാടികളും വരും എന്ന പേടിപ്പിക്കലുകളായി. 

രാത്രിയിൽ പുഴയിലെ പഞ്ചാരമണലിനെയും വെള്ളത്തിനടിയിലെ മിനുമിനുത്ത വെള്ളാരം കല്ലുകളെയും ഓർത്തു കിടക്കുമ്പോൾ ചന്ദ്രനുദിക്കുമ്പോൾ   പരക്കുന്ന നിലാവിൽ തിളങ്ങുന്ന പഞ്ചാരമണൽത്തരികളും വെള്ളവും കാണാൻ പറ്റില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടു. പിൽക്കാലത്ത് ആ സുന്ദരദൃശ്യങ്ങൾ വെള്ളിത്തിരയിൽ കാണിച്ചു തന്ന ചലച്ചിത്രകാരന്മാർക്ക് നന്ദി. 

പണ്ടൊക്കെ പാടവും തോടും ഒന്നാവുന്ന കാലവർഷങ്ങളിൽ, പുഴ നിറഞ്ഞ് റെയിൽ പാളങ്ങൾ കടന്ന് ഇപ്പുറമുള്ള പാടം മുഴുവൻ നിറയുമായിരുന്നത്രെ.  മണ്ണിനെ ഉർവ്വരമാക്കി 
സർവ്വസമ്പത് പ്രദായിനിയായി നിള ഒഴുകിയിരുന്നു. 

 കോവിഡ് കാരണം നിത്യേനയുള്ള ടൗൺ യാത്ര നഷ്ടപ്പെട്ട അച്ഛനെയും അമ്മയെയും കൊണ്ട് വെറുതെ ഒരു സവാരിക്കിറങ്ങി. മായന്നൂർ പാലം കടക്കുമ്പോൾ പുഴയിൽ നിറയെ വലിയ കുറ്റിച്ചെടികളും പുല്ലും വളർന്നു നിൽക്കുന്നു. മണലൂറ്റിയെടുത്ത് ജീവസ്സറ്റ  നിള, മനുഷ്യന്റെ അത്യാഗ്രഹത്തിനും ചൂഷണത്തിനും ഇരയായി  അവശയായി മരണാസന്നയായി കിടക്കുന്നു. . നേർത്ത  തേങ്ങലുയർന്നത് പുല്ലുകൾക്കിടയിൽ നിന്നോ അതോ ഉള്ളിൽ നിന്നു തന്നെയോ ?!!. 

പ്രീത രാജ്

Comments

  1. Beautiful. She has just poetically expanded the idea of Nila. For me Nila is the quintessence of poetic beauty. The very name takes me to a far away land of mystic beauty. Here the writer has painted its factual beauty on a live canvass. Congratulation Preetha. This is the best of what I have read of you.

    ReplyDelete
    Replies
    1. Thank you so much for the nice words of encouragement.🙏

      Delete
    2. Super. Enthu nalla ormakal. Orikkalum thirichu varatha kalam

      Delete
  2. Well written. Thank you for taking the memory to that beautiful period of our life. Growing up made all of us busy but these few words could make us stop for a while to think about those forgotten innocent days.

    ReplyDelete
    Replies
    1. Thank you😊
      That's the magic of shared memories..

      Delete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര