പ്രണയം പൊസ്സസ്സീവ്നെസ്സ് ആയി മാറുമ്പോൾ
ഒഥല്ലോയിസം ഒരു പകർച്ചവ്യാധിയായി മാറിയോ ? അതോ പ്രണയം പൊസ്സസ്സീവ്നെസ്സ് ആയി മാറുന്നത് നേട്ടങ്ങൾക്ക് പിറകെ പായുന്ന തലമുറയുടെ തകറാണോ? അതോ അവരെ ജീവിതം തന്നെ മത്സരമാണെന്നും തോൽവിക്ക് ജീവിതത്തിൽ സ്ഥാനമില്ലെന്നും പറഞ്ഞു പഠിപ്പിച്ച മുൻതലമുറക്കാരുടെ പിഴവോ? പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിനെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രചോദനമായി കാണുന്ന തലമുറ എന്നെ പലപ്പോഴും ഭീതിദയാക്കിയിട്ടുണ്ട്. ഒരു അത്യാഗ്രഹത്തിനു പിന്നാലെ തീവ്രാവേശത്തോടെ പായുമ്പോൾ പ്രകൃതിയും അതിന്റെ സാക്ഷാത്ക്കാരത്തിനായി ഗൂഢാലോചന നടത്തുമെന്ന് വിശ്വസിച്ച് നടക്കാനിടയില്ലാത്ത ആഗ്രഹങ്ങൾക്ക് പിറകെ പായുന്നവർ. അവർ നിരാശ അത്ര നന്നായി സ്വീകരിക്കില്ല. പ്രണയം അതു പകരുന്ന ആനന്ദവും നോവും ഉന്മാദവും നിരാശയും എല്ലാം ചേർന്നതാണെന്ന് അവരെ ആരു പറഞ്ഞു പഠിപ്പിക്കും?. ജയവും തോൽവിയും ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ദ്വന്ദങ്ങളാണെന്ന് ആര് പറഞ്ഞു കൊടുക്കും ? വിശുദ്ധ ഗ്രന്ഥങ്ങളൊക്കെ വൃദ്ധർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുമ്പോൾ അതിനും ഒരു ബദൽ ആൽക്കെമിസ്റ്റ് വരണമായിരിക്കും. പ്രീത രാജ്