ഘാതകൻ
ഘാതകൻ
കെ.ആർ.മീര
ആരാച്ചാരിന് ശേഷം കെ.ആർ.മീരയുടെ ശക്തമായ രചനയാണ് ഘാതകൻ .
സ്വന്തം ഘാതകനെ കണ്ടെത്താനുള്ള സത്യപ്രിയയുടെ അന്വേഷണ വഴികൾ ഭൂതകാലത്തിന്റെ ചവറ്റുകുട്ടകളിലെ
ദുർഗന്ധം വമിപ്പിക്കുന്ന മാലിന്യം ചിതറി വീണ് ദുസ്സഹമാകുന്നു. ആര് എന്തിന് എങ്ങനെ എന്ന ഉദ്വേഗജനകമായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മരിക്കാൻ വയ്യ എന്ന നിശ്ചയദാർഢ്യം സത്യപ്രിയയെ ഉള്ളിലെ ഉണങ്ങാ മുറിവുകളിൽ വീണ്ടും വീണ്ടും കുത്തി കീറി നോവിക്കുന്നു. ചില നേരങ്ങളിൽ ഘാതകൻ വിജയിച്ചിരുന്നെങ്കിൽ എന്നു പോലും ചിന്തിച്ചു പോകുന്ന വേദന അവൾ അനുഭവിക്കുന്നു.
പക്ഷെ സത്യപ്രിയ സാധരണ സ്ത്രീയല്ലല്ലോ! തീവ്രാനുഭവങ്ങളുടെ തീച്ചൂളകളിൽ പല തവണ ഉരുകി ഉരുകി രൂപാന്തരം വന്നവൾ. സ്വന്തം ഘാതകനെ മുഖാമുഖം കണ്ടവൾ. അയാളുടെ കയ്യിൽ നിന്ന് അച്ഛന് കുത്തു കൊണ്ട കത്തി കിട്ടിയവൾ! ഘാതകൻ വീട്ടിലെ ജനാല മുറിക്കുന്നത് കേട്ടവൾ! പണവും പ്രതാപവും നിറഞ്ഞ ബാല്യത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെ നിസ്സഹായതയുടെ പടുകുഴിയിൽ വീണവൾ ! പണത്തിന് വേണ്ടി ശരീരം അടിയറ വക്കേണ്ടി വന്നവൾ ! അവയവം വിൽക്കേണ്ടി വന്നവൾ! പ്രണയങ്ങൾ നഷ്ട്ടപ്പെട്ടവൾ. അപമാനിതയായി കൈമുറിച്ച് സ്വയം ഒടുങ്ങാൻ തുനിഞ്ഞവൾ!
സത്യപ്രിയ നടന്നു തീർത്ത വഴികളിലെ കല്ലും മുള്ളുമാണോ ഘാതകന്റെ കയ്യിൽ നിന്ന് വീണ് കിട്ടിയ 's' മുനയുള്ള കത്തിയെ പോലെ അവളുടെ വാക്കുകൾ മൂർച്ചയുള്ളതും തുളഞ്ഞു കയറുന്നതും ആക്കിയത്? അതോ ആഞ്ഞടിച്ച ദുരനുഭവങ്ങളുടെ ചുഴലിക്കാറ്റിൽ ചുറ്റിനും എല്ലാം തകർന്നിട്ടും ഉറച്ചു നിന്ന് നേരിട്ട വസന്തലക്ഷ്മിയുടെ മകളായതു കൊണ്ടോ? അതെന്തായാലും സത്യപ്രിയയുടെ ചിന്തകളിലൂടെയും മറ്റുള്ളവരുമായുള്ള അവളുടെ സംഭാഷണങ്ങളിലൂടെയുമുള്ള കഥയുടെ ഗതി ഒരേ സമയം ഉദ്വേഗഭരിതവും ചിന്തോദ്ദീപകവും നർമ്മരസം തുളുമ്പുന്നതുമാണ്.
നോട്ട് നിരോധനം നോവലിലുടനീളം പ്രതിപാദിക്കപെടുന്നുണ്ട്. ദാരിദ്യത്തിന്റെ നിസ്സഹായതയും അതുകൊണ്ടുണ്ടാകുന്ന അപമാനങ്ങളും അതു തകർക്കുന്ന ബന്ധങ്ങളും അനുഭവിച്ചത് കൊണ്ടാവാം പണമാണ് പ്രണയത്തിനും വിശ്വാസത്തിനും ബന്ധങ്ങൾക്കും എല്ലാം ആധാരം എന്ന തിരിച്ചറിവിലേക്ക് സത്യ പ്രിയയെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ നോട്ട് നിരോധനത്തിന്റെ അനിശ്ചിതത്വം അവിവാഹിതയായ നാൽപതുകാരിയായ സത്യപ്രിയയെ അസ്വസ്ഥയാക്കുന്നുണ്ട്.
തീവ്ര സ്ത്രീപക്ഷ നിലപാടുകൾ ഉള്ളതിനാലാണോ ഒന്നോ രണ്ടോ പുരുഷ കഥാപാത്രങ്ങളൊഴികെ മറ്റെല്ലാവരും വഞ്ചകരും കാപട്യക്കാരും ആയത്? അതെന്തായാലും അന്ധമായ രാഷ്ട്രീയാഭിമുഖ്യവും തീവ്ര വലതു പക്ഷ നിലപാടുകളും സ്ത്രീകളെ, അവരുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കാം എന്ന് നർമ്മത്തിന്റെ മേമ്പൊടിയോടെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു , കഥാകാരി.
ബഹറിനിൽ ക്വാറന്റീനിൽ ഇരിക്കുമ്പോൾ തന്നെ ഘാതകൻ വായിച്ചത് നന്നായി. അതുകൊണ്ട് തടസ്സമില്ലാതെ വായിച്ചു തീർക്കാൻ പറ്റി. സത്യപ്രിയയും അമ്മ വസന്ത ലക്ഷ്മിയും കുറെക്കാലം മനസ്സിൽ തലയുയർത്തി നിൽക്കും. അവരെ സമ്മാനിച്ച മീരയുടെ തൂലികക്ക് പ്രണാമം, ഭാവുകങ്ങൾ.
പ്രീത രാജ്
Comments
Post a Comment