നിരീശ്വരൻ
നിരീശ്വരൻ
വി.ജെ. ജെയിംസ്
" ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം.
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ മണ്ണിൽ ഉൽപത്തിയായ കഥകൾ പറയാം....
............ ഓം നിരീശ്വരായ നമ:
ഇങ്ങനെ നിരീശ്വര പ്രാർത്ഥനയിലൂടെ തുടങ്ങുന്ന നോവൽ നിരീശ്വരന്റെ ഉൽപത്തി മുതൽ പുന:സൃഷ്ടി വരെയുള്ള സംഭവങ്ങൾ വിവരിക്കുന്നു.
ആഭാസന്മാർ എന്ന് സ്വയം വിളിക്കുന്ന പുരോഗമനവാദികളും അവിശ്വാസികളുമായ മൂന്ന് യുവാക്കൾ (ആന്റണി, ഭാസ്കരൻ, സഹീർ), ദൈവ വിശ്വാസത്തിന്റെ അർത്ഥമില്ലായ്മ സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് ആലും മാവും ചേർന്നു നിൽക്കുന്നതിനാൽ " ആത്മാവ് " എന്നു വിളിക്കുന്ന വൃക്ഷദ്വയത്തിന്റെ ചുവട്ടിൽ ഒരു അമാവാസി ദിവസം ഒരു കല്ല് എടുത്ത് വച്ച് നിരീശ്വര പ്രതിഷ്ഠ നടത്തിയത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ഉപാസിച്ചിരുന്ന ദേവ ക്ഷേത്രത്തിൽ നിന്ന് നിഷ്കാസിതനായ ഈശ്വരൻ എമ്പ്രാന്തിരിയെയാണ് കാർമികനായി ആഭാസന്മാർ കണ്ടെത്തിയത്. ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ചില പ്രാർത്ഥനകളും നിരീശ്വര സമക്ഷം വച്ചു.
ആളുകൾ ആരാധിച്ചു തുടങ്ങുമ്പോൾ കല്ലെടുത്ത് വലിച്ചെറിയാനായിരുന്നു ആഭാസന്മാരുടെ പരിപാടി. പക്ഷെ
ഫലിച്ച പ്രാർത്ഥനകൾ നിരീശ്വരന്റെ പുകൾ നാടെങ്ങും പരത്തി. പ്രതിഷ്ഠ നടത്തിയവർക്ക് അപ്രാപ്യനായി നിരീശ്വരൻ അത്മാവിന്റെ ശിഖരങ്ങളേക്കാൾ ഉയരത്തിൽ നിലകൊണ്ടു.
വിശ്വാസിക്ക് വിശ്വാസം ആശ്രയമായ ഊന്നുവടിയാണെങ്കിൽ അവിശ്വാസിക്ക് അവിശ്വാസം അസ്തിത്വമാണ്. ആ അവിശ്വാസമില്ലാതെ അയാൾക്ക് നിലനിൽപില്ല. ഒരു തരത്തിൽ രണ്ടും ഉറച്ച വിശ്വാസങ്ങൾ തന്നെ. വിശ്വാസം( അവിശ്വാസം) മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല, അപകടകരവുമാണ് എന്ന് ആഭാസന്മാർ മനസ്സിലാക്കുന്നത് അൽപം വൈകിയാണ്. ചുരുക്കത്തിൽ എന്തിനെ എതിർക്കാനാണോ ആഭാസന്മാർ നിരീശ്വരനെ പ്രതിഷ്ഠിച്ചത്, ആ നിരീശ്വരൻ മറുപക്ഷത്തെ ഏറ്റവും ശക്തമായ ആയുധമായി.
വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലുള്ള അനന്ത സാദ്ധ്യതകളാണ് ഗന്ധങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ അവിടെയെത്തിയ റോബർട്ടോ എന്ന ശാസ്ത്രജ്ഞൻ അറിയാൻ ശ്രമിച്ചത്. പ്രപഞ്ചത്തിൽ എത്രയോ നിഗൂഢ രഹസ്യങ്ങൾ ഇനിയും നമ്മുടെ അറിവിന്റെ പരിധിക്ക് പുറത്താണെന്നും ഓരോ പുതിയ അറിവുകളാണ് അതുവരെ അത്ഭുതമെന്ന് കരുതിയതിനെ സാധാരണമാക്കുന്നതെന്നും ശാസ്ത്രജ്ഞനായ റോബർട്ടോക്ക് അറിയാം. ഇരുപത്തഞ്ച് വർഷം നീണ്ട കോമയിൽ നിന്ന് ഉണർന്ന ഇന്ദ്രജിത്തിന്റെ അനുഭവങ്ങൾ അയാൾക്ക് പരീക്ഷണ ഉപാധിയായി. ഗഹനമായ വേദാന്തം വെറും നിരീക്ഷണവും അനുഭവവും കൊണ്ട് തികച്ചും സ്വാഭാവികമായി പറയുന്ന ഗ്രാമവേശ്യ ജാനകി റോബർട്ടോയുടെ സഹായിയല്ല പലപ്പോഴും വഴികാട്ടിയാണ്.
എന്തായലും നിരീശ്വരൻ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റി. അതിൽ നിപ്രസ ( നിരീശ്വര പ്രാർത്ഥനാ സംഘം) ത്തിന്റെ വിപണന തന്ത്രങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എങ്കിലും " കൊഞ്ഞ " എന്ന പേരും പേറി ജീവിച്ചിരുന്ന സുമിത്രന് തനിക്ക് ആ പേരിൽ നിന്ന് മോചനം നൽകി എന്ന് വിശ്വസിക്കുന്ന നിരീശ്വരനോളം വലിയ മറ്റൊരു ദൈവമില്ല.
വിശ്വാസത്തിന്റെ നടവഴികളിൽ യുക്തിക്ക് സ്ഥാനമില്ല. അല്ലെങ്കിലും യുക്തി എന്നത് അറിയാവുന്ന കാര്യങ്ങളിൽ അധിഷ്ഠിതമാണല്ലോ. അനന്തമായ പ്രപഞ്ചത്തിൽ എന്തിനും ശാസ്ത്രീയമായ അടിസ്ഥാനമുണ്ടായിരിക്കാം. പക്ഷെ അതറിയുന്നത് വരെ ഓരോന്നും അത്ഭുതവും വിശ്വാസവും തന്നെ.
വായനയിലുടനീളം എന്തു വില കൊടുത്തും നിരീശ്വരനെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ആഭാസന്മാർക്കെതിരെ നിരീശ്വര പക്ഷത്താണ് ഞാൻ നിലയുറപ്പിച്ചത്. ആചാരാനുഷ്ഠാനങ്ങൾ വേണ്ടാതെ ജാതിമതേഭേദമില്ലാതെ ആത്മാവിന്റെ ചുവട്ടിലിരുന്ന് ഒരു നാടിനെ മാറ്റി മറിക്കാൻ കഴിയുമെങ്കിൽ പിന്നെ ആ നിരീശ്വരനെ വാഴ്ത്തുക തന്നെ.
ഓം നിരീശ്വരായ നമ:
പ്രീത രാജ്
,👌
ReplyDeleteThank you🙏
Delete