സ്വർണ്ണപ്പുൽമേട്- സോനമാർഗ് (22/4/25)
സ്വർണ്ണപ്പുൽമേട് - സോനമാർഗ് (22/4/25) രാവിലെ സന്തോഷകരമായ ഒരു സർപ്രൈസൊരുക്കിയിരുന്നു ഹോട്ടലുകാർ. പ്രഭാത ഭക്ഷണത്തിന് സ്ഥിരം വിഭവങ്ങൾക്ക് പുറമെ ഇഡ്ഢലിയും ചട്ണിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു. വലിയ പ്രതീക്ഷയില്ലാതെയാണ് കഴിക്കാൻ തുടങ്ങിയതെങ്കിലും സംഗതി ഉഷാറായിരുന്നു. നാട്ടിൽ എന്നും കഴിക്കുന്ന സാധനമായിട്ടും എല്ലാവരും ഇഡ്ഢലി എടുക്കുന്നത് കണ്ടു. മരണശേഷം ശ്മശാനത്തിലേക്കുള്ള യാത്രയിൽ അവിടെയും പ്രാതലിന് ഇഡ്ഢലി തന്നെയാവില്ലേ എന്നന്വേഷിക്കുന്ന വി.കെ.എന്നിൻ്റെ പയ്യൻ കഥ ഓർമ്മയിലേക്ക് വന്നു. ടുലിപുകളൊക്കെ വാടിയും കൊഴിഞ്ഞും പോയിത്തുടങ്ങിയതിനാൽ ടുലിപ് ഗാർഡൻ രണ്ടു ദിവസത്തിനകം അടക്കുമെന്ന ഒരു വാർത്ത കണ്ടിരുന്നു. അതിനാലാവാം പിറ്റേന്ന് പോകാനുറച്ച ടുലിപ് ഗാർഡൻ ടൂർ നേരത്തെയാക്കി. ഹോട്ടലിൽ നിന്ന് നേരെ പോയത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമോറിയൻ ടുലിപ് ഗാർഡനിലേക്കാണ്. സബർവാൻ മലനിരകളുടെ മടിത്തട്ടിൽ ദൽ തടാകത്തിനരികിൽ 74 ഏക്കറിലാണ് ടുലിപ് പൂക്കളുടെ വർണ്ണവിന്യാസം ഒരുങ്ങുന്നത്. പാർക്കിംഗ് ഏരിയയിൽ ബസ്സ് നിർത്തി അതിമനോഹര...