പുതുവത്സരാശംസകൾ 2025
കാലത്തിൻ്റെ മഹാപ്രയാണത്തിൽ ഞാനെൻ്റെ കൊച്ചു തോണി തുഴഞ്ഞ് കൂടെ ഒഴുകി ഇതാ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്നു. ഇടയിലെവിടെയോ കൈ കുഴഞ്ഞെൻ്റെ തോണി മറിയാം. ഒരു കൊടുക്കാറ്റിൽ ആടിയുലത്തത് മുങ്ങിപ്പോവാം. ഒരു കൊച്ചു സുഷിരത്തിലൂടെ വെള്ളം കയറി ക്രമേണ അടിത്തട്ടിലടിയാം. അപ്പോഴും കാലം നിലക്കാത്ത പ്രയാണം തുടരും. പിന്നിട്ട വഴികളിൽ കൊടിയ വേനലുകൾ തപിപ്പിച്ചപ്പോൾ വൃക്ഷങ്ങൾ ശീതളഛായ പരത്തി സാന്ത്വനിപ്പിച്ചിരുന്നു. കാറ്റിലുലഞ്ഞപ്പോൾ ആരൊക്കെയോ കൈകൾക്ക് ശക്തിയേകി കൂടെ തുഴഞ്ഞു. മഴ എൻ്റെ ക്ഷീണമകറ്റി. പൂമരങ്ങൾ പുഷ്പവൃഷ്ടി നടത്തി. ആമ്പലുകൾ എൻ്റെ വഴിയിൽ പൂത്താലമേന്തി. എനിക്കായി കിളികൾ പാട്ടുപാടുകയും സന്യാസിക്കൊക്കുകൾ തപസ്സനുഷ്ഠിക്കുകയും ചെയ്തു. രാവിൻ്റെ ഇരുളിൽ ചന്ദ്രൻ നിലാവ് പരത്തി . ചന്ദ്രനുദിക്കാത്ത രാവുകളിൽ മിന്നാമിനുങ്ങുകൾ വഴി കാട്ടി. നക്ഷത്രങ്ങൾ എനിക്കു കാവലായി വാനിൽ മിന്നിത്തെളിഞ്ഞു. ഇത്രയൊക്കെത്തന്നെ മതി എനിക്കീ തോണിയിലെൻ്റെ യാത്ര പൂർത്തിയാക്കാൻ. യാത്ര സഫലമാക്കാൻ ! ഏവർക്കും യാത്ര ആസ്വാദ്യകരമാവട്ടെ! പുതുവത്സരാശംസകൾ! പ്രീത രാജ്