Posts

Showing posts from October, 2024

എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത്

Image
എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത് ഹെസ്റ്റിയ ഹോട്ടൽ യൂറോപ്പയിൽ നിന്ന് പ്രാതൽ കഴിച്ച് ചെക്ക് ഔട്ട് ചെയ്ത് എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിൻ എന്ന തുറമുഖ പട്ടണം കാണാനിറങ്ങി. ലിത്വാനിയയുടെയും ലാറ്റ് വിയയുടെയും ചരിത്ര കഥകൾ തന്നെയാണ് ഏറെക്കുറെ എസ്റ്റോണിയക്കും പറയാനുള്ളത്. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങൾ , കൈമാറ്റങ്ങൾ ,അടിച്ചമർത്തലുകൾ ഒക്കെ അനുഭവിച്ചവരാണ് എസ്റ്റോണിയൻ ജനതയും. ടാലിനിൽ പക്ഷെ ആ ഗതകാലസ്മൃതികളുടെ ആഘാതം അത്ര പ്രകടമായിരുന്നില്ല. തദ്ദേശീയർ ആകെ ജനസംഖ്യയുടെ പകുതിയോളം മാത്രം ഉള്ളതു കൊണ്ടാവാം. പകുതിയോളം പേർ മതങ്ങളിൽ വിശ്വസിക്കുന്നില്ല. ധാരാളം പള്ളികൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുന്നുണ്ടവിടെ. ഒരിടത്ത് രണ്ടു കന്യാസ്ത്രീകൾ മാത്രമുള്ള ഒരു കോൺവൻ്റ് കാണിച്ചു തന്നു ഞങ്ങളുടെ  ഗൈഡ്. ഒരു ഐറിഷ്കാരിയും ഒരു ഇന്ത്യക്കാരിയും. ഇന്ത്യൻ മിക്കവാറും മലയാളിയായിരിക്കും എന്ന് ഊഹിച്ചു. ഒരു പക്ഷെ പ്രകൃതിയുടെ  ദ്രുതതാളത്തിലുള്ള ശിശിരനടനത്തിന് സൂര്യകിരണങ്ങൾ ഒരുക്കിയ വെളിച്ച വിന്യാസത്തിൻ്റെ മാസ്മരികതയിൽ  ചരിത്രത്തിൻ്റെ അത്തരം രേഖപ്പെടുത്തലുകൾ ശ്രദ്ധിക്കാതെ പോയതുമാവാം . വർണ്ണ മേലാപ്പും അലസമായി വീ...

റിഗയിലെ ശിൽപസൗധങ്ങൾ

Image
റിഗയിലെ ശിൽപസൗധങ്ങൾ പ്രഭാത ഭക്ഷണത്തിന് ശേഷം വിൽനിയസിൽ നിന്ന് ലാറ്റ് വിയയുടെ തലസ്ഥാനമായ റിഗയിലേക്ക് പുറപ്പെട്ടു. മറ്റു രണ്ടു ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയക്കും എസ്റ്റോണിയക്കും ഇടയിലാണ് ലാറ്റ് വിയയുടെ സ്ഥാനം. നീണ്ട യാത്രക്ക് ഇടയിൽ ലിത്വാനിയയിലെ തന്നെ രണ്ടു സ്ഥലങ്ങൾ കൂടി കാണാനുണ്ട്.  ഹിൽ ഓഫ് ക്രോസ്സസ് ആണ് ആദ്യത്തെ ലക്ഷ്യം. ഒരു പ്രധാന കത്തോലിക്കാ തീർത്ഥാടന കേന്ദ്രമാണ് അവിടം. ഒരു കൊച്ചു കുന്നിൻ്റെ മുകളിലും ചരിവുകളിലും ചുറ്റുപാടുമായി രണ്ടു ലക്ഷത്തിലധികം കുരിശുകൾ.  മാർപ്പാപ്പ വന്നപ്പോൾ ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം അവിടെ  നിലനിർത്തിയിരിക്കുന്നു. കുന്നിലേക്കുള്ള നടപ്പാത ഒരു വീതിയുള്ള വയൽ വരമ്പ് പോലെ. പാതയുടെ തുടക്കത്തിൽ കുരിശും സുവനീറുകളും വിൽക്കുന്ന കടകളുണ്ട്.  ഞങ്ങളുടെ പുറകിലായി സാമാന്യം വലിയ ഒരു കുരിശു ചുമന്ന് ഒരു സംഘം തീർത്ഥാടകർ വരുന്നുണ്ടായിരുന്നു. ഒരു കുരിശ് വാങ്ങി സ്ഥാപിക്കാമായിരുന്നെന്ന് തോന്നി അവിടെ എത്തിയപ്പോൾ. അതിനൊരു അടയാളപ്പെടുത്തലിൻ്റെ സുഖമുണ്ടാകുമായിരുന്നു.  ഹിൽ ഓഫ് ക്രോസ്സസിലേക്ക് വരുമ്പോൾ വഴി തെറ്റി ഒരു മണിക്കൂറോളം നഷ്ടപ്പെട്ടിരുന്നു. അടുത്ത ...

ലിത്വാനിയ - കുരിശിൻ്റെ നാട്

Image
ലിത്വാനിയ- കുരിശിൻ്റെ നാട് വാഴ്സൊയിൽ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് വിൽനിയസിലേക്ക്  പുറപ്പെട്ടു. രാവിലെ അധികം പരീക്ഷണത്തിനൊന്നും നിൽക്കാതെ  ബ്രഡ്, ജാം , മുട്ട, ഫ്രൂട്ട്സ് , ജ്യൂസ് എന്ന സ്ഥിരം രീതിയിൽ പോയതിനാൽ വിശേഷാൽ വിഭവങ്ങളൊന്നും നോക്കിയില്ല. അൺപാക്കിംഗ്- റീപാക്കിംഗ് പരിപാടി ഉള്ളതിനാൽ അധികം സമയവുമില്ല.  വിൽനിയസിലേക്ക്  500 കിലോമീറ്ററിലധികം ദൂരമുണ്ട്. അഞ്ചാറ് മണിക്കൂർ  നീണ്ട യാത്രയാണ്. സ്വയം പരിചയപ്പെടുത്തലും സംവാദങ്ങളും തമാശകളുമായി ഞങ്ങൾ യാത്രയുടെ വിരസതയകറ്റി. പുറം കാഴ്ചകളിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ലായിരുന്നു. വിളഞ്ഞു കിടക്കുന്ന വയലുകളും കൃഷിത്തോട്ടങ്ങളും എനിക്കേറെ പ്രിയപ്പെട്ട കാഴ്ചകളാണ്. അത്തരം മനോഹരദൃശ്യങ്ങളൊന്നും കണ്ടില്ല. അധികം ജീവജാലങ്ങളെയും കണ്ടില്ല. ഒരു പക്ഷെ ശൈത്യകാല മുന്നൊരുക്കങ്ങളായി വിളവെടുപ്പെല്ലാം കഴിഞ്ഞു കാണും. പക്ഷികൾ ദേശാടനം  തുടങ്ങിക്കാണുമായിരിക്കാം. വാഴ്സൊയിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു ചില്ലു ജാലകത്തിൽ നിറയെ കറുത്ത പക്ഷികളെ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടിരുന്നു. അതേതെങ്കിലും വിശ്വാസത്തിൻ്റെ ഭാഗമാണോ എന്ന് ഗൈ...

വാഴ്സൊ, പോളണ്ട്

Image
വാഴ്സൊ, പോളണ്ട് ഒക്ടോബർ എട്ടിനാണ് ഞങ്ങളുടെ ഇരുപത്തെട്ടംഗ സംഘം വാഴ്സൊയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലെത്തി അവിടെ നിന്ന്  ഖത്തർ എയർവേയ്സിൻ്റെ  തന്നെ മറ്റൊരു വിമാനത്തിൽ വാഴ്സൊയിൽ പറന്നിറങ്ങി , കാത്തു നിന്നിരുന്ന ബസിൽ നേരെ ഹോട്ടലിലേക്ക് പോയി. ചെന്നപാടെ ഒരു വലിയ ബർഗറും ഫ്രഞ്ച് ഫ്രൈസും സാലഡും മുമ്പിലെത്തി. വിമാനത്തിൽ നിന്ന് തന്നെ അത്യാവശ്യം ഭക്ഷണം കഴിച്ചതു കൊണ്ടാണോ  എന്നറിയില്ല, ബർഗർ ഒരു കൊച്ചു കുന്നു പോലെ തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ഒരെണ്ണം മതി എന്നു തീരുമാനിച്ചു. അതു തന്നെ തീർക്കാൻ ബുദ്ധിമുട്ടായിരുന്നു.  പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസൻ ഡയലോഗ് ചിരിയുണർത്തുമെങ്കിലും പോളണ്ട് എന്ന് കേൾക്കുമ്പോൾ ഉടനെ മനസ്സിൽ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിന് വേദിയായ നാസി കോൺസൻട്രേഷൻ ക്യാമ്പുകളാണ്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അറിഞ്ഞ നാസി ക്രൂരതയും ഇരകളുടെ ദൈന്യതയും മനസ്സിലേക്കെത്തി.   കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പുകൾ ക്രാക്കോവ് എന്ന പോളണ്ട് നഗരത്തി നടുത്താണ്. വാഴ്സോ , ബാൾട്ടിക്...

പ്രകൃതിയുടെ നിറഭേദങ്ങൾ

Image
ഒരു മാസത്തോളം മൂന്നു വയസ്സിൻ്റെ വിശാല ലോകത്തിൽ മുഴുകിപ്പോയിരുന്നു. അവിടെ കൈ പിടിച്ചു നടത്തിയിരുന്ന കുഞ്ഞിപ്പാപ്പു അവളുടെ ബഹ്‌റൈനിലേക്ക് മടങ്ങിപ്പോയപ്പോൾ  മുതിർന്നവളുടെ പ്രാരാബ്ധങ്ങളിലേക്കുള്ള മടക്കയാത്രക്ക് വഴിയറിയാതെ ഉഴറിപ്പോയിരുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന യൂറോപ്പ് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് ആശ്വാസം. ഈ യാത്ര മൂന്നിൽ നിന്ന് അമ്പത്തേഴിലേക്കുള്ള മാറ്റം സുഗമമാക്കുമായിരിക്കും എന്ന് കരുതിയിരുന്നു.  ഉത്തരധ്രുവത്തിന് കുറച്ചു താഴെ കിടക്കുന്ന നോർഡിക്- ബാൾട്ടിക് രാജ്യങ്ങൾ. അവിടെ പ്രകൃതിക്ക് മറ്റൊരു ഭാവമാണ്,  വർണ്ണമാണ്. പ്രകൃതി എന്ന പ്രഗത്ഭ നർത്തകിയുടെ കടുത്ത ആരാധികയായ എനിക്ക് അവളുടെ മനോഹരമായ ലാസ്യഭാവങ്ങളിലും അംഗചലനങ്ങളിലും മുഴുകണമായിരുന്നു. യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെ ആയിരുന്നു. ഒക്ടോബർ എട്ടിന് പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സോയിൽ എത്തി  ലിത്വാനിയ, ലാറ്റ്വിയ , എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലൂടെ , ഫിൻലാൻ്റ് , സ്വീഡൻ , നോർവേ , ഡെൻമാർക് എന്നീ നോർഡിക് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവളുടെ നൃത്തം മതിയാവോളം ആസ്വദിച്ചു. ലിത്വാനിയയിൽ ചമയങ്ങൾ അണിഞ്ഞ് ല...