തിരുനെല്ലി


ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം


ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും സമീപത്തെ ബ്രഹ്മഗിരിയുടെ തലയെടുപ്പും അപ്പോഴും ആ ദേവൻ യാഗം ചെയ്യാനവിടെ എത്താറുണ്ടെന്ന തോന്നൽ ഉളവാക്കിയിരുന്നു.
രണ്ടു പതിറ്റാണ്ട് മുമ്പ് വീണ്ടും താമരശ്ശേരി ചുരം കയറിയത് ഭർത്തൃപിതാവിൻ്റെ ബലിതർപ്പണത്തിനായി തിരുനെല്ലി ക്ഷേത്രത്തിലേക്ക് തന്നെയായിരുന്നു. തലേന്നെത്തി മാനന്തവാടിയിൽ താമസിച്ച്, പിറ്റെന്ന് രാവിലെ പാപനാശിനിയിൽ പിതൃകർമ്മങ്ങൾ ചെയ്ത് ക്ഷേത്രത്തിൽ പോയി സൃഷ്ടിയുടെ ദേവൻ പ്രതിഷ്ഠിച്ച സ്ഥിതിയുടെ ദേവനെ വന്ദിച്ച് പ്രാർത്ഥിച്ചു. പരിപാവനമായ കാനനക്ഷേത്രപരിസരത്തേക്ക് ആധുനികതയുടെ കടന്നുകയറ്റത്തിന് നാന്ദി കുറിച്ച് കൊണ്ട് അക്കാലം ക്ഷേത്രത്തിനടുത്ത് ഒരു സത്രമൊക്കെ വന്നിരുന്നു. പാപനാശിനിയിലേക്കുള്ള വഴി അപ്പോഴും മണ്ണും ഉരുളൻ കല്ലുകളും നിറഞ്ഞതായിരുന്നെന്ന് ഓർക്കുന്നു. സാമാന്യം ഒഴുക്കുള്ള വെള്ളത്തിൽ വഴുക്കുന്ന കല്ലുകൾക്കിടയിൽ ഇറങ്ങി നിന്നാണ് അന്ന് കർമ്മങ്ങൾ ചെയ്തതും മുങ്ങിനിവർന്നതും.
 2025 മെയ് നാലിന് വയനാടൻ ചുരത്തിൻ്റെ ഒമ്പത് ഹെയർപിൻ വളവുകൾ വീണ്ടും കയറുമ്പോൾ ലക്ഷ്യം തിരുനെല്ലി തന്നെയായിരുന്നു. ഇത്തവണ ഭർത്തൃമാതാവിൻ്റെ ബലിതർപ്പണമായിരുന്നു ലക്ഷ്യം. എറണാകുളത്ത് നിന്ന് വന്ദേഭാരതിൽ കോഴിക്കോടെത്തി. അവിടെ നിന്ന് ഞാനും രാജും രാജിൻ്റെ ചേച്ചിയും മക്കളും മരുമക്കളും അവരുടെ അമ്മമാരും ഒരു ഇളമുറക്കാരനും അടക്കം പതിനൊന്നു പേരുള്ള ഞങ്ങളുടെ സംഘം ഉച്ചയോടെ തിരുനെല്ലിയിലേക്ക് യാത്ര തുടങ്ങി. ശ്രാദ്ധമൊരിക്കൽ ആയതിനാൽ വീട്ടിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചിട്ടാണ് ഇറങ്ങിയത്.
കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ ഗൃഹാതുരത്വമുണർത്തുന്ന ഒരു സ്ഥലനാമമാണ് കൈതപ്പൊയിൽ. വായിച്ചു തീർത്ത പുസ്തകങ്ങളിലെ സ്ഥലങ്ങളും വൃക്ഷങ്ങളും നദികളുമെല്ലാം ചിലയിടങ്ങളിൽ ചിലകാലം ഒരു ‘ dejavu feeling ഉണ്ടാക്കും. എസ്.കെ. പൊറ്റെക്കാടിൻ്റെ ‘ ഒരു ദേശത്തിൻ്റെ കഥ’യാണ് കൈതപ്പൊയിൽ ഉണർന്നുന്ന dejavu വികാരത്തിന് നിദാനം. ചുരം റോഡിലേക്ക് കയറിയപ്പോൾ തന്നെ “വയനാട് പഴയ വയനാടല്ല” എന്ന് ചുറ്റുപാടുകൾ വിളിച്ചു പറഞ്ഞു. പഴയ പേടിപ്പിച്ചിരുന്ന ചുരം റോഡ് ഇപ്പോൾ നല്ല വീതിയിൽ കൈവരികളൊക്കെയായി ഗംഭീരമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ തുടങ്ങി സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിലുള്ള വയനാട്ടിലെ ലക്കിടിയിലെത്താൻ ഒമ്പത് മുടിപ്പിൻ വളവുകളിലൂടെ 14 കിലോമീറ്റർ ദൂരം താണ്ടണം.
ബാംഗ്ലൂരിലേക്കും മൈസൂരിലേക്കുമുള്ള ദേശീയപാതയുടെ ഭാഗമാണ് താമരശ്ശേരി ചുരം അഥവാ വയനാടൻ ചുരം എന്നറിയപ്പെടുന്ന ഈ പശ്ചിമഘട്ട മലമ്പാത . കുതിരവട്ടം പപ്പു എന്ന അനുഗ്രഹീത നടൻ അനശ്വരമാക്കിയ ‘മ്മടെ താമരശ്ശേരി ചുരം’. വയനാട്ടിലെ സുഗന്ധദ്രവ്യങ്ങളും മറ്റ് വനവിഭവങ്ങളും കൈക്കലാക്കാനും മൈസൂരിലേക്ക് കടക്കാനുമായി ബ്രിട്ടീഷുകാരാണ് ഈ പാത നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അന്നവർക്ക് വഴികാട്ടിയ ‘ കരിന്തണ്ടൻ’ എന്ന ആദിവാസി യുവാവിനെ അവർ വധിച്ചത്രെ. ഒരു പക്ഷെ ആ മലമ്പാത മറ്റാർക്കും പ്രാപ്യമാവാതിരിക്കാനാവാം ആ ക്രൂരത. അധിനിവേശത്തിൻ്റെ എണ്ണമറ്റ കണ്ണില്ലാ ക്രൂരതകളുടെ കൂട്ടത്തിൽ ഇതും ചേർക്കാം. ഏതായാലും കരിന്തണ്ടൻ്റെ ആത്മാവ് ചുരപ്പാത കയറുന്ന യാത്രികരെ അപായപ്പെടുത്താൻ തുടങ്ങിയപ്പോൾ ഒരു മാന്ത്രികൻ അതിനെ ഒരു ചങ്ങലയിൽ ബന്ധിച്ചത്രെ. ഒമ്പതാം വളവിൽ ഒരു മരത്തെ ചുറ്റി നിൽക്കുന്ന ചങ്ങലക്കണ്ണികളിൽ കുടികൊള്ളുന്ന കരിന്തണ്ടൻ്റെ ആത്മാവിന് കൂട്ടായി പിൽക്കാലത്ത് ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മേടച്ചൂടും സമയക്കുറവും കാരണം ഈ യാത്രയിൽ വഴിയിലൊന്നും ഇറങ്ങാതെ കാറിലിരുന്നുള്ള താഴ്വാര കാഴ്ചകളിൽ തൃപ്തരായി. ധാരാളം ഭക്ഷണശാലകളും ഓരോന്നിനും മുമ്പിൽ നിരന്നു കിടക്കുന്ന ചെറുതും വലുതുമായ വാഹനങ്ങളും ആണ് വയനാട്ടിലേക്ക് എതിരേറ്റത്. അവധിക്കാലം ആഘോഷിക്കാൻ എത്തിയവരുടെ തിരക്കാണ് എവിടെയും.
മൊത്തം വിസ്തൃതിയുടെ 38 ശതമാനവും വനമുള്ള വയനാട് കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയാണ്. കദനകഥകളാണ് കഴിഞ്ഞ കുറെ കാലങ്ങളായി വയനാട്ടിൽ നിന്ന് കേൾക്കുന്നത്. കാട് നഷ്ടപ്പെടുന്ന, അപമാനിക്കപ്പെടുന്ന കാടിൻ്റെ മക്കളുടെ രോദനങ്ങൾ, അതിക്രമങ്ങൾ താങ്ങാൻ വയ്യാതെ അടിക്കടി രോഷാകുലയാകുന്ന പ്രകൃതി, വിഹാരയിടങ്ങൾ നഷ്ടമാകുമ്പോൾ നാട്ടിലേക്കിറങ്ങുന്ന ഒറ്റയാന്മാർ തകർത്തെറിയുന്ന ജീവിതങ്ങൾ, മനുഷ്യനും മൃഗവും തമ്മിലുള്ള സങ്കീർണ്ണമായ സംഘർഷങ്ങൾ. കദനകഥകൾ ഏറെയുണ്ടാകും വയനാടൻ വൃക്ഷശിഖരങ്ങളിൽ ചുറ്റിത്തിരിയുന്ന കാറ്റിനും ക്ഷയിച്ച് കൊണ്ടിരിക്കുന്ന കുളിരിനും പറയാൻ!
മാനന്തവാടി പട്ടണത്തിൽ നിന്ന് മുപ്പതോളം കിലോമീറ്റർ അകലെ കർണാടക അതിർത്തിയിലെ ബ്രഹ്മഗിരി മലനിരകളുടെ മടിത്തട്ടിലാണ് തിരുനെല്ലി ക്ഷേത്രം. മാനന്തവാടിയിൽ നിന്ന് കാട്ടിക്കുളം എന്ന സ്ഥലത്ത് നിന്ന് തിരിഞ്ഞ് കാനന പാതയിലൂടെ സഞ്ചരിക്കണം തിരുനെല്ലിയിലെത്താൻ. തിരുനെല്ലിക്കടുത്തുള്ള തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി നെയ് വിളക്ക് വച്ച് പാപനാശിനിയിൽ തർപ്പണം ചെയ്ത് തിരുനെല്ലി പെരുമാളെ വണങ്ങിയാലേ ബലികർമ്മങ്ങൾ പൂർത്തിയാവൂ എന്നതാണ് ആചാരം. മുമ്പ് വന്നപ്പോൾ ഇക്കാര്യം അറിയില്ലായിരുന്നു. തൃശ്ശിലേരി മഹാദേവക്ഷേത്രത്തിൽ അഞ്ചരയോടെ എത്തുക എന്നതായിരുന്നു ലക്ഷ്യം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്കുള്ള വഴിയിൽ നിന്ന് ചെറുതായൊന്ന് വഴി മാറി കുറച്ചു ദൂരം സഞ്ചരിച്ചാൽ തൃശ്ശിലേരിയിലെത്താം. നിറയെ കായ്ചു നിൽക്കുന്ന മാവുകളും പ്ലാവുകളും വഴിയിലുടനീളം കാണാമായിരുന്നു. വേനലിൻ്റെ തീജ്വാലകൾ പോലെ അവിടവിടെയായി വാകമരങ്ങൾ പൂത്തു തുടുത്തു നിന്നിരുന്നു.
 റോഡിൽ നിന്ന് പടികളിറങ്ങി വേണം ക്ഷേത്രാങ്കണത്തിലത്തൊൻ. മലബാർ ദേവസ്വം ബോർഡിന്റെ പരിധിയിൽ വരുന്നതാണ് പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ പെടുന്ന തൃശ്ശിലേരി മഹാദേവക്ഷേത്രം. പാപനാശിനിയിൽ സ്വയംഭൂവായ ശിവലിംഗമാണ് പരശുരാമൻ ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം. കിരാതമൂർത്തിഭാവത്തിലാണ് പ്രതിഷ്ഠ.
ജലത്താൽ വലയം ചെയ്യപ്പെട്ട ജലദുർഗയുടെ ശ്രീകോവിൽ ഇവിടത്തെ പ്രത്യേകതയാണ്. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രമാണിത് . ശ്രീകോവിലിന് ചുറ്റുമുള്ള ജലം എക്കാലവും അതേ അളവിൽ തന്നെയാണത്രെ ഉണ്ടാവുക . തൊട്ടടുത്ത് ചെറിയൊരു കുളമുണ്ട്. അതിലിറങ്ങി കൈകാൽ കഴുകി ജലത്തിന് കുറുകെ തീർത്തിരിക്കുന്ന കൽപ്പാതയിലൂടെ നടന്ന് ശ്രീകോവിലിനു മുമ്പിൽ നെയ് വിളക്ക് സമർപ്പിച്ച് തീർത്ഥം ദേവിയുടെ അനുഗ്രഹമെന്നുറപ്പിച്ച് നിറുകയിൽ അണിഞ്ഞു.
ചമ്രം പടിഞ്ഞിരിക്കുന്ന അയ്യപ്പനാണ് ഇവിടത്തെ മറ്റൊരു ഉപദേവൻ. താപസ ഭാവത്തിലാണത്രെ ഇവിടെ അയ്യപ്പനിരിക്കുന്നത്. പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോൾ നനുത്ത കാറ്റ് ക്ഷേത്രാങ്കണത്തിൽ സുഖമുള്ള കുളിർ പകർന്നു. പ്രധാന ശ്രീകോവിലിൽ തിരുമുമ്പിൽ നെയ് വിളക്ക് വച്ച് മഹാദേവനെ വണങ്ങി പ്രസാദം വാങ്ങുമ്പോൾ മനസ്സ് ഭക്തിസാന്ദ്രമായി. തിരുനെല്ലിയിലേക്ക് യാത്ര തുടങ്ങിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
തിരുനെല്ലി അമ്പലത്തിനടുത്ത് തന്നെയുള്ള ദക്ഷിണകാശി എന്ന ഒരു റിസോർട്ടിലാണ് താമസം ഏർപ്പാടാക്കിയിരിക്കുന്നത്. റൂമിൽ പോയി മേൽകഴുകി തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറുമ്പോൾ ബ്രഹ്മഗിരിയെ അസ്തമയം തമസ്കരിച്ചിരുന്നു. ശ്രീകോവിലിന് മുമ്പിൽ നടതുറക്കാനായി കാത്തു നിൽക്കുമ്പോൾ ചെറിയ നിരാശ തോന്നി. ക്ഷേത്രം പുതരുദ്ധാരണം നടക്കുകയാണ്. ബ്രഹ്മാവിൻ്റെ യാഗസ്ഥലമൊക്കെ കല്ലിട്ട് പൊക്കി എതോ നിർമ്മാണഘട്ടത്തിലായിരുന്നു. മേൽക്കൂരയിലും മരക്കഷ്ണങ്ങൾ അവിടവിടെ തള്ളി നിൽക്കുന്നു. പണി കഴിയുമ്പോൾ മനോഹരമാവുമായിരിക്കാം. പഴമയുടെ ഗരിമ നഷ്ടപ്പെടാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. പൗരാണികതയുടെ അലൗകിക പരിവേഷത്തിന് മാത്രമല്ല നൂറ്റാണ്ടുകൾ പുറകിലേക്ക് നീളുന്ന സംസ്കാരത്തിൻ്റെ തിരുശേഷിപ്പുകൾ സംരക്ഷിക്കുക എന്നത് എത്രയും പ്രധാനമാണ്. നട തുറന്ന് ഭഗവാനെ തൊഴുത് പുറത്തിറങ്ങിയപ്പോൾ ഇരുട്ട് പടർന്നിരുന്നു. ശ്രീകോവിലിന് പുറത്ത് കൽമണ്ഡപത്തിൽ നിന്ന് പുരോഹിതൻ പിറ്റേന്ന് ബലി തർപ്പണം ചെയ്യുന്നവർക്കായി പ്രാർത്ഥനകൾ ചൊല്ലിത്തന്നു. തിരുനടയിൽ നിന്ന് അതേറ്റു ചൊല്ലി ഭഗവാനെ വണങ്ങി കാണിക്കയർപ്പിച്ച് പിറ്റേന്നത്തെ കർമ്മങ്ങൾക്കും പൂജകൾക്കും വേണ്ട സംവിധാനങ്ങളൊക്കെ ഒരുക്കി പടികളിറങ്ങി.
കാടിൻ്റെ രഹസ്യമറിയാനുള്ള മോഹവുമായി റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്ന് റോഡിനപ്പുറത്തെ മരങ്ങൾക്കിടയിൽ കട്ട പിടിച്ചിരിക്കുന്ന ഇരുട്ടിലേക്ക് നോക്കി. കർട്ടൻ നീക്കിയപ്പോൾ കാട് ഞങ്ങളുടേതുമാണെന്ന് പ്രഖ്യാപിച്ച് ബാൽക്കണിയാകെ വിവിധയിനം പ്രാണികൾ കയ്യടക്കിയിരിക്കുന്നത് കണ്ടു. അവരുടെ അംഗബലം കണ്ട് ബാൽക്കണിയിലേക്ക് കടക്കുക എന്ന സാഹസം വേണ്ടെന്നു വച്ച് ഉറക്കത്തിനുള്ള വട്ടം കൂട്ടി.
പിറ്റേന്ന് അതിരാവിലെ കുളിച്ച് പാപനാശിനിയിലേക്ക് പുറപ്പെട്ടു. ആറുമണിക്ക് അവിടെ കർമ്മങ്ങൾ തുടങ്ങും. ക്ഷേത്രത്തിൻ്റെ അരികിലൂടെയുള്ള നടപ്പാതയിലൂടെ പാപനാശിനിയിലേക്കുള്ള വഴിയിലെത്തിയപ്പോൾ തെല്ല് അതിശയം തോന്നി. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരമുള്ള വഴി പടവുകൾ തീർത്ത് കൈവരികൾ നിർമ്മിച്ച് ഭംഗിയാക്കിയിരിക്കുന്നു. ചുറ്റുമുള്ള വൃക്ഷങ്ങളും പഞ്ചതീർത്ഥക്കുളവും ഏപ്രിൽ മാസത്തിലെ നനുത്ത പുലർകാല കുളിരും ആ നടപ്പ് ആസ്വാദ്യമാക്കി. ബ്രഹ്മഗിരിയിൽ നിന്നൊഴുകി വരുന്ന പാപനാശിനിയിൽ തർപ്പണം നടക്കുന്നതിൻ്റെ സമീപത്തായി കുറുകെ കല്ലു പടുത്തു കെട്ടി വെള്ളം സംഭരിച്ചിട്ടുണ്ട് പാറകൾക്കിടയിലെ വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു . റൂമിൽ നിന്ന് കുടിച്ചതിനാൽ മുങ്ങാതെ പാപനാശിനിയിലെ പുണ്യജലം ദേഹത്ത് തളിച്ച് പ്രതീകാത്മകശുദ്ധി വരുത്തി.
കണങ്കാൽ വരെയുള്ള നേർത്ത നീർച്ചാലിൽ നിലയുറപ്പിച്ച് ക്ഷേത്രത്തിൽ നിന്നും ലഭിച്ച ഇലപ്പൊതിയിലെ കുഴച്ച അരി എള്ള് നെയ്യ് മുതലായ ദ്രവ്യങ്ങളും ദർഭയും പാറക്കല്ലിൽ വച്ച് ആചാര്യ നിർദ്ദേശാനുസരണം പിതൃക്കളെ ആവാഹിച്ചിരുത്തി ബലി പിണ്ഡമർപ്പിച്ചു. അറിഞ്ഞോ അറിയാതെയോ മൺമറഞ്ഞു പോയ സമസ്ത പിതൃക്കൾക്കും ജീവജാലങ്ങൾക്കും വരെ ബലിതർപ്പണം ചെയ്തു. അപ്പോഴാണ് ബലികർമ്മത്തിൻ്റെ മഹത്വം മനസ്സിലായത്. മുൻപെ നടന്ന് വഴി കാട്ടിയവർക്ക് , അറിഞ്ഞോ അറിയാതെയോ വഴിയിൽ വീണുപോയവർക്ക് ഒരു തിലോദകം. മോക്ഷ മാർഗ്ഗത്തിൽ പിതൃക്കൾക്കിത് പാഥേയമാവട്ടെ എന്ന് മനസ്സ് പ്രാർത്ഥനാ നിരതമായി. പിതൃക്കൾക്ക് ആത്മ ശാന്തി ലഭിക്കാനും വിഷ്ണുപാദത്തിൽ ചേരാനും അറിവിലും കഴിവിലും ആകാവുന്നത് ചെയ്തു എന്ന സങ്കൽപം പകരുന്ന ചാരിതാർത്ഥ്യത്തോടെ പാപനാശിനിയിൽ നിന്ന് കയറി.
 മടക്കയാത്രയിൽ ഒട്ടും തിടുക്കമില്ലാതെ പഞ്ചതീർത്ഥക്കരയിൽ തെല്ലു നേരം നിന്നു. ഭഗവാൻ്റെ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയിൽ നിന്നും തൃപ്പാദങ്ങളിൽ നിന്നും ഉറവയെടുത്ത ജലധാരകളാൽ നിർമ്മിതമാണ് പഞ്ചതീർത്ഥം എന്നാണ് വിശ്വാസം. ചുറ്റും നിൽക്കുന്ന മരങ്ങളുടെ പച്ച മേലാപ്പിനു കീഴെ പഞ്ചതീർത്ഥം പായലുകൾ തീർത്ത പച്ചക്കരിമ്പടം പുതച്ച് കിടന്നു. അതിനിടയിൽ നിന്ന് ഒരു ചെന്താമരപ്പൂ തലനീട്ടി പുഞ്ചിരി തൂകി.
തിരികെ റൂമിൽ പോയി കുളിച്ചീറൻ മാറ്റി അമ്പലത്തിലേക്കുള്ള പടവുകൾ കയറി മുകളിലെത്തിയപ്പോൾ ശീവേലി നടക്കുകയായിരുന്നു. പ്രസാദകൗണ്ടറിനടുത്ത് ഒതുങ്ങി നിന്ന് ശീവേലി കണ്ട് തൊഴുതു. ശീവേലി കഴിഞ്ഞ് ശ്രീകോവിലിലേക്ക് കയറിയപ്പോൾ മനസ്സിലുരുവിട്ടു,
“ കായേന വാചാ മനസേന്ദ്രിയൈർവ്വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത്
കരോമി യദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി.”
സമസ്തവും ഭഗവദ് പാദങ്ങളിലർപ്പിച്ച് പ്രസാദം വാങ്ങി പുറത്തിറങ്ങുമ്പോൾ ദൂരെ ബ്രഹ്മഗിരി നിരകൾ ഉഷ:കിരണങ്ങളേറ്റ് തിളങ്ങി നിന്നിരുന്നു.
താഴെ മരം കൊണ്ടും മുള കൊണ്ടുമുള്ള ഉൽപന്നങ്ങളും തേനും തേൻ നെല്ലിക്കയും മറ്റു വനവിഭവങ്ങളും വിൽക്കുന്ന ധാരാളം കടകളുണ്ട്. മരം കൊണ്ട് നിർമ്മിച്ച ചെറിയ സ്പൂണുകളും കൊച്ചുമോൾക്ക് ഒരു ഓടക്കുഴലും വാങ്ങി. അവിടെ അടുത്തു താമസിക്കുന്നവരാണ് കടക്കാരൊക്കെ. ബ്രഹ്മഗിരിയിലേക്ക് പോകാനുള്ള മാർഗ്ഗമൊക്കെ അതിലൊരാൾ വിശദീകരിച്ചു. കുറച്ചു മാറി വനം വകുപ്പിൻ്റെ ഓഫീസുണ്ട്. അവിടന്ന് അനുവാദം പ്രത്യേക ജീപ്പിൽ വേണം അടിവാരത്തിലെത്താൻ. 1608 മീറ്റർ ഉയരമുള്ള ബ്രഹ്മഗിരിയുടെ മുകളിലെത്താൻ ട്രെക്കിംഗ് തന്നെ വേണം. മൂന്നോ നാലോ മണിക്കൂറെടുക്കുമത്രെ മുകളിലെത്താൻ.
ക്ഷേത്രത്തിന് അടുത്തുള്ള ഒരു ഭക്ഷണശാലയിൽ നിന്ന് ദോശ കഴിച്ച് റൂമിലേക്ക് നടന്നു. കയറ്റവും ഇറക്കവുമായി പത്ത് മിനിറ്റോളം നടക്കാനുണ്ട് റിസോർട്ടിലേക്ക്. വൃക്ഷമേലാപ്പുകൾക്കടിയിലൂടെ ആ പ്രഭാത നടത്തം ഉന്മേഷദായകമായി. വഴിയിൽ വേറേയും കടകളുണ്ട്. ക്ഷേത്രത്തിൽ നിന്ന് അരകിലോമീറ്റർ ചുറ്റളവിലെങ്കിലും നിർമ്മിതികളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും കടന്നുവരാതെ സംരക്ഷിച്ചിരുന്നെങ്കിൽ ഉചിതമാകുമായിരുന്നു എന്നു തോന്നി.
കോഴിക്കോട്ടേക്കുള്ള മടക്കയാത്രയിൽ വഴിയിലുടനീളം ഹോട്ടലുകളും അമ്യൂസ്മെൻ്റ് പാർക്കുകളും സാഹസികവിനോദോപാധികളും കണ്ടു. ശേഷിച്ച കാടും കുളിരുമെങ്കിലും വയനാടിന് നഷ്ടമാവാതിരിക്കട്ടെ എന്ന ചിന്തയായിരുന്നു ചുരമിറങ്ങുമ്പോൾ മനസ്സിൽ.

പ്രീത രാജ്


Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്