രാമായണം- ഒരു ആസ്വാദനം ശ്രീരാമന്റെയും സീതയുടെയും, ശ്രീരാമന്റെയും കൗസല്യാദേവിയുടെയും ഹൃദയബന്ധങ്ങളുടെ ഒരു ആസ്വാദനം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. ഭക്തിപ്രധാനമായി, ദേവനിർമിതമായ ഒരു തിരക്കഥയായാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയിട്ടുള്ളത്. എങ്കിലും, മനുഷ്യവ്യഥകളുടെ, ധർമ്മസങ്കടങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ശക്തമായ മനുഷ്യ ബന്ധങ്ങളുടെ, അർപണത്തിന്റെ എല്ലാം കൂടി ഗാഥയാണ് രാമായണം എന്ന് കാണാം. അത്യന്തം ഹൃദയസ്പർശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം കഥാസന്ദർഭങ്ങൾ രാമായണത്തിൽ ഉണ്ട്. രാമന്റെയും സീതയുടെയും സൗമ്യ സുന്ദരമായ പ്രണയത്തിന്റെ മൃദുചലനങ്ങൾ രാമായണത്തിലുടനീളം കാണാം. സ്വയംവരം മുതൽ പട്ടാഭിഷേകം വരെ! " വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ " സ്വയംവരത്തിന് വരണമാല്യം ചാർത്തുന്നതിനു മുമ്പായി സുന്ദരനായ വരനെ കണ്ണുകൾ കൊണ്ട് നീലോല്പലമാല ചാർത്തി, മൈഥിലി. വനവാസത്തിന് പുറപ്പെടുന്നതിന് മുമ്പായി കൈകേയി നൽകുന്ന വൽക്കലം എങ്ങനെ ഉടുക്കും എന്നറിയാതെ ഭർത്താവിനെ ലജ്ജയോടെ ഗൂഢം നോക്കുന്നു സീത. "വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുല...