മുകുന്ദവിലാസ്
ഓർമകൾ എപ്പോഴും അങ്ങനെയാണ്. പല ഗന്ധങ്ങളായി, രുചിഭേദങ്ങളായി, വർണരാജികളായി അവ സാന്നിദ്ധ്യമറിയിക്കും.. കൈതപ്പൂവിന്റെ സുഗന്ധവും അതിലേറെ സുഗന്ധമുള്ള സ്നേഹം നിറഞ്ഞ കുറെ ഹൃദയങ്ങളും . അച്ഛൻ വീടിനെ കുറിച്ചുള്ള എന്റെ ഓർമകൾ അങ്ങനെയാണ് ...
ഇരിങ്ങാലക്കുട കണ്ഠേശ്വരം റോഡിൽ തലയുയർത്തി നിൽക്കുന്ന 'മുകുന്ദ വിലാസ്' ഒരു കാലത്ത് ഇരിങ്ങാലക്കുടയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായിരുന്നിരിക്കും. മോഡേൺ രീതിയിൽ പണി ചെയ്ത മൊസെയ്ക് തറയും അറ്റാച്ച്ഡ് ടോയ്ലറ്റ്സും ഒക്കെയുള്ള വിശാലമായ ഇരുനില മാളിക.
അതിന്റെ അകത്തളങ്ങളിൽ മേൽമുണ്ട് ഒരു പ്രത്യേക രീതിയിൽ ഇടത്തെ തോളിൽ ഒരു കെട്ടിട്ട് വച്ച്, കൊച്ചു പുള്ളികളുള്ള ബ്ലൗസിട്ട്, അരയിൽ ഒരു താക്കോൽക്കൂട്ടവുമായി ഒരു സ്റ്റീൽ കസേര ഉന്തി പ്രൗഢ സുന്ദരിയായി എന്റെ അച്ഛമ്മ നടന്നിരുന്നു. ഒരു വീഴ്ചയുടെ അനന്തരഫലമായിരുന്നു ആ കസേര ഉന്തിയുള്ള നടപ്പ്.
മുകുന്ദവിലാസിനടുത്ത് 'വീട്' എന്നു ഞങ്ങൾ പറഞ്ഞിരുന്ന അച്ഛമ്മയുടെ തറവാട്. അച്ഛമ്മയുടെ അനിയത്തിമാർ ഗൗരി ഓപ്പോളും കാർത്യായനി ഓപ്പോളും മക്കളും ആണ് അവിടെ ഉണ്ടായിരുന്നത്. അവിവാഹിതയായിരുന്ന ഗൗരി ഓപ്പോൾ ഡി.ഇ.ഒ ആയി വിരമിച്ച ആളായിരുന്നു. വെഞ്ചാമരം പോലെ വെളുത്ത മുടിയുള്ള ശുഭ്ര വസ്ത്രധാരിണിയായ പ്രൗഢയായിരുന്നു ഗൗരി ഓപ്പോൾ.. എപ്പോൾ കണ്ടാലും എന്നോട് പഠനകാര്യങ്ങളൊക്കെ അന്വേഷിക്കുമായിരുന്നു.
അവിടത്തെ വിശാലമായ തളവും നടുമുറ്റവും അതിനു ചുറ്റുമുള്ള നാലു തൂണുകളും സിമന്റ് കൊണ്ട് നിർമിച്ച ഒരു ചാരുകട്ടിലും എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു. അകത്തെ തളത്തിലെ വലിയ ഛായാചിത്രങ്ങൾ ഇത്തിരി അത്ഭുദാദരവോടെ നോക്കി നിന്നിടരുന്നു...വെളുത്ത മണലുള്ള മുറ്റവും, മുറ്റത്തെ പ്രിയൂർ മാവും, പടിപ്പുര ക്കപ്പുറത്തെ മധുരപ്പുളിമരവും, പറമ്പിലെ ചെമ്പകവും ഏറെ പ്രിയമുള്ള ഓർമകൾ ... വീടിന്റെ ഒരു വശത്ത് കൂടെ വെള്ളമണൽ വഴിയുടെ ഓരത്ത് കൈതക്കാടും കെട്ടിമറച്ച കുളവും ഒരു ആമ്പൽച്ചിറയും. വേലിപ്പടർപ്പിൽ നിറയെ കുന്നിക്കുരുവും മഞ്ചാടിക്കുരുക്കളും . എന്റെ കൊച്ചുപെട്ടിയിൽ അവ കുറെക്കാലം സുരക്ഷിതരായിരുന്നു...
എന്റെ ഓർമകളിൽ അച്ഛമ്മക്ക് കൈതപ്പൂവിന്റെ മണമാണ്. നീണ്ട ഇടനാഴിയുടെ അറ്റത്തെ വിശാലമായ അടുക്കളയിൽ പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് ഒരു മേശക്ക് പുറകിൽ കസേരയിൽ അച്ഛമ്മ ഇരിക്കുമായിരുന്നു. അച്ഛമ്മയുടെ അലമാരി തൊട്ടരികിൽ. അതിൽ നിറയെ ചിത്രങ്ങൾ വെട്ടി ഒട്ടിച്ചിരിക്കും. ഞാൻ ചെല്ലുമ്പോൾ" പ്രീതയുടെ ഫോട്ടോ ഉണ്ട് എന്റെ കയ്യിൽ , വരൂ കാണിച്ചു തരാം" എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി അലമാരിയിൽ ഒട്ടിച്ചു വച്ച ഭംഗിയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിച്ചുതരുമായിരുന്നു. എന്റെ സമകാലീനരായി കുറെ ആൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്, മുകുന്ദവിലാസിലും തറവാട്ടിലും. അതുകൊണ്ടാവാം അക്കാലത്തെ ഏതു കൊച്ചു പെൺകുട്ടിയും അച്ഛമ്മയുടെ കണ്ണിൽ ഞാനായിരുന്നത്.
അച്ഛമ്മ ഉള്ളപ്പോൾ ശിവരാത്രിക്ക് കണ്ഠേശ്വരം അമ്പലത്തിൽ വരുന്ന ബന്ധുക്കൾക്കെല്ലാം രാത്രി ഭക്ഷണം അവിടന്നായിരുന്നു. ഇഡ്ഢലിയും ചട്ണിയും. ഒരു ഉത്സവപ്രതീതി ആയിരുന്നു അപ്പോൾ.. കുറെയേറെ ആളുകൾ വരുന്നത്, പൊലികൂട്ടിയതിന്റെ ഇടയിൽ ചപ്പിലകൾ കത്തിക്കുന്നത് എല്ലാം കൗതുകത്തോടെ കണ്ടിരുന്നു അക്കാലത്ത് ..
മറ്റൊരു ആഘോഷം ആനയെ നോക്കി നിൽക്കലാണ്. . കൂടൽമാണിക്യം ഉത്സവകാലത്ത് മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ ആനയെ തളയ്ക്കും. വിശാലമായ ഡൈനിങ്ങ് റൂമിന്റെ വലിയ ഫ്രഞ്ച് വിൻഡോസിൽ ഞങ്ങൾ സ്ഥാനം പിടിക്കും. ദിവസം മുഴുവൻ അവിടെ തന്നെ. ആന ചെവിയാട്ടുന്നതും വാലാട്ടുന്നതും പട്ടയും പഴവും തിന്നുന്നതും വെള്ളം കുടിക്കുന്നതും ഒക്കെ നോക്കി നിൽക്കും. ഞങ്ങൾക്ക് ഭക്ഷണം ആരെങ്കിലും വായിൽ തരും . അക്കൂട്ടത്തിൽ നന്ദമ്മാമയുടെ പുട്ടും പഞ്ചസാരയും നേന്ത്രപ്പഴവും കൂട്ടിക്കുഴച്ചതിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ ..
രാമുമാമനെ പറ്റി പറയാതെ മുകുന്ദവിലാസ് ചരിത്രം പൂർണമാവില്ല. അച്ഛന്റെ ജ്യേഷ്ഠൻ..രാമു മാമൻ ഇന്റർമീഡിയേറ്റിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ എന്തോ മനസികാസ്വാസ്ഥ്യം ഉണ്ടായി. പഠനത്തിൽ മിടുക്കനായിരുന്ന സുന്ദരനായ രാമു മാമൻ പിന്നെ വീട്ടിൽ തന്നെ. പറഞ്ഞകാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞും ഇടക്കിടെ കൈവിരലുകൾ നോക്കിയും ചെറിയൊരു കൂനുമായി രാമു മാമൻ ഓരോ നേരത്തെ ഭക്ഷണത്തിനും രണ്ടും മൂന്നും മണിക്കൂറെടുക്കുമായിരുന്നു. ഞങ്ങൾ കുട്ടികളുടെ അത്താഴം കഴിഞ്ഞാൽ അച്ഛമ്മയുടെ മുറിയിൽ രാമുമാമന്റെ വക കഥ പറച്ചിലുണ്ട്. അച്ഛമ്മയുടെ വിശാലമായ കിടപ്പുമുറിയിൽ താഴെ ഇറക്കി വച്ചിരുന്ന ആട്ടുകട്ടിലിലും ജനൽപ്പടികളിലും ഒക്കെ ഇരുന്ന് ഞങ്ങൾ കഥ കേൾക്കും ...കഥ ഇങ്ങനെ ഇഴഞ്ഞിഴഞ്ഞ് തീരെ മുന്നോട്ട് പോകാതെ ആകുമ്പോൾ അച്ഛമ്മ ഇടപെട്ടു രാമുമാമനെ കളിയാക്കും. അങ്ങനെ ഒരു വിധം പലവട്ടം കേട്ട കഥ കേട്ട് ഞങ്ങൾക്കും കഥ തീർന്നതിൽ രാമുമാമനും ആശ്വാസം .
പിൽക്കാലത്ത് അച്ഛമ്മയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ ആദരവ് കലർന്ന സ്നേഹമായി.. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞപ്പോൾ പ്രസവശേഷം കുട്ടികളെയും ( എന്റെ അച്ഛനും നന്ദമ്മാവനും, ഇരട്ടകൾ) കൊണ്ടു പോയ കാറിൽ തന്നെ തിരികെ വന്ന അച്ഛമ്മ . ബ്ലാഹയിൽ മൂപ്പിൽ നായരായിരുന്ന അച്ഛമ്മയുടെ അച്ഛൻ, " എന്നാൽ അമ്മാളു ഇനി അങ്ങോട്ട് പോവണ്ട" എന്ന് പറഞ്ഞത്രെ. മക്കൾക്ക് അച്ഛന്റെ വീട്ടിൽ പോകാനും അവിടെ താമസിക്കാനും ഒരു തടസ്സവും പറയാതെ അവരോട് അച്ഛനെ പറ്റി ഒരു ദോഷവും പറയാതെ വേദന സ്വന്തം ഉള്ളിലമർത്തി വച്ച് അച്ഛമ്മ ജീവിച്ചു, തലയുയർത്തിപ്പിടിച്ച്, രാജകീയമായി. അച്ഛച്ഛൻ വീട്ടിൽ വരുമ്പോൾ അകലം പാലിച്ചിരുന്ന അച്ഛമ്മ, അച്ഛച്ഛൻ മരണാസന്നനായി കിടക്കുമ്പോൾ പോലും കാണാൻ പോയില്ല. " എനിക്ക് നാണു മേനോൻ എന്നേ മരിച്ചു പോയി" എന്ന്റ പറഞ്ഞ് ഒഴിഞ്ഞു. പക്ഷെ അച്ഛമ്മയുടെ കിടപ്പുമുറിയിലെ അലമാരയിൽ ഭംഗിയായി മടക്കി സൂക്ഷിച്ചു വച്ച അച്ഛച്ഛന്റെ ഒരു ഷർട്ടുണ്ടായിരുന്നു. ആ ഉറച്ച മനസ്സാണ് പിൽക്കാലത്ത് എന്നെ എന്നും ആകർഷിച്ചത്. എന്നും അഭിമാനപൂർവം മനസ്സിൽ കൊണ്ടു നടക്കുന്ന പൈതൃകത്തിന്റെ അദൃശ്യ നൂലുകൾ...
എല്ലാം ഇപ്പോൾ അന്യാധീനപ്പെട്ടു. മുകുന്ദവിലാസും തറവാടും റോഡിനപ്പുറത്തെ ബ്ലാഹയിൽ മഠവും എല്ലാം. പക്ഷെ ഓർമകളുടെ നിധി പേടകത്തിൽ എല്ലാം സുരക്ഷിതം.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛമ്മ മരിച്ചത്. അച്ഛമ്മയുടെ മരണശേഷം ചൈതന്യമറ്റതുപോലെയായി മുകുന്ദവിലാസ്. ശരിക്കും ലക്ഷീദേവി പടിയിറങ്ങിപ്പോയ പോലെ. പിൽക്കാലത്ത് വാങ്ങിയ ആൾ അതേ പോലെ അതിനെ നന്നാക്കി സൂക്ഷിച്ചെങ്കിലും എന്തോ ഒരു ചൈതന്യക്കുറവ്. ആ വഴി പോകുമ്പോഴെല്ലാം അങ്ങോട്ട് നോക്കാതിരിക്കാനാവില്ല. ഗേറ്റിനപ്പുറം വിശാലമായ പറമ്പിന് നടുവിൽ ഏതൊക്കെയോ ഓർമകളുടെ ഭാണ്ഡം പേറി
വിറങ്ങലിച്ച് നിൽക്കുന്ന ഒരു വെറും കെട്ടിടമായി ആ പഴയ മുകുന്ദവിലാസ് .
പ്രീത രാജ്
Excellent
ReplyDeleteSuper..
ReplyDeleteThank you
DeleteSuper, എത്ര സുന്ദരമായ ബാല്യം, അതിലേറെ മനോഹരമായ ഓർമകളും
DeleteThank you.
Deleteഅതെ, സുന്ദരമായ ഓർമ്മകൾ....
Super... എത്ര സുന്ദരമായ ബാല്യകാലം, അതിലേറെ മനോഹരമായ ഗൃഹാദുര സ്മരണകളും, ഇതെല്ലാം മനസ്സിൽ പേറി എറണാകുളം പോലെ തിരക്കുപിടിച്ച ഒരു നഗരത്തിൽ എങ്ങിനെ ഒതുങ്ങി കൂടുന്നു....
ReplyDeleteThank you!!
Deleteനഗരജീവിതം ശീലമായി. കുറെയേറെ കാലമായി പല നഗരങ്ങളിലായി ജീവിതം ഒഴുകുന്നു. അതും ആസ്വദിക്കുന്നു.