പൈതൃകം
ഇതിഹാസങ്ങളിൽ കുട്ടിക്കാലം മുതൽ എന്നെ ആകർഷിച്ചത് മഹഭാരതമായിരുന്നു. മാലി ഭാരതം വായിച്ചു തുടങ്ങിയ ഇഷ്ടം.
കുറച്ച് വലുതായപ്പോൾ കാലാതിവർത്തിയായ പ്രമേയമാണ് എന്നെ ആകർഷിച്ചത്. കഥകളും ഉപകഥകളുമൊക്കെയായി മഹാഭാരതത്തിൽ ഇല്ലാത്തതൊന്നും ഇല്ലെന്നു തന്നെ പറയാം. പിന്നെ എം.ടി.വാസുദേവൻ നായർ എന്ന ധിഷണാശാലി മഹാഭാരത്തിൽ നിന്ന് പെറുക്കി എടുത്ത്, വരികൾക്കിടയിൽ വായിച്ചാൽ ഒരു പാട് അർത്ഥതലങ്ങളും അത്ഭുതങ്ങളും ഉണ്ട് ആ ബൃഹദ് ഗ്രന്ഥത്തിൽ എന്നു കാണിച്ചു തന്ന രണ്ടാമൂഴം, വൈശാലി തുടങ്ങിയ വിസ്മയ സൃഷ്ടികൾ. വി.എസ് ഖണ്ടേക്കറുടെ യയാതി. മറാഠിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് ആ പ്രശസ്ത നോവൽ. മഹാഭാരത്തിൽ നിന്ന് അടർത്തി എടുത്ത സൃഷ്ടികൾ ഒരുപാടുണ്ട്.
കുറച്ചു വലുതായപ്പോൾ അൽപം സ്ത്രീപക്ഷ ചിന്തകളൊക്കെ ആയപ്പോൾ മഹാഭാരതത്തിലെ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് എന്നെ ആകർഷിച്ചത്. പാഞ്ചാലിയും കുന്തിയും ഗാന്ധാരിയും. "എന്റെ അമ്മയെ നിങ്ങൾക്കറിയില്ല" എന്ന് എം.ടി. ഭീമനെ കൊണ്ട് പറയിക്കുന്നുണ്ട് രണ്ടാമൂഴത്തിൽ. പി.കെ.ബാലകൃഷ്ണന്റെ ദ്രൗപദി എന്ന ദ്രുപദ രാജകുമാരിയുടെ വീക്ഷണത്തിലൂടെയുള്ള "ഇനി ഞാൻ ഉറങ്ങട്ടെ! " എന്ന നോവലും ഒരുപാട് ആകർഷിച്ചു. ആല്ലെങ്കിലും സദസ്സിൽ വലിച്ചിഴച്ച് അപമാനിച്ചവന്റെ രക്തം കൊണ്ടല്ലാതെ അഴിഞ്ഞ മുടി കെട്ടില്ല എന്ന ദ്രൗപദിയുടെ ശപഥമാണല്ലോ മഹാഭാരത യുദ്ധത്തിന് തുടക്കമായത്. പരിമിതമായ ചുറ്റുപാടുകളിൽ നിവർന്ന് നിന്ന് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഉറച്ച നിലപാടുകളെടുത്ത ഒരു പിടി സ്ത്രീരത്നങ്ങൾ ഉണ്ടല്ലോ ഇതിഹാസങ്ങളിലും ചരിത്രത്തിന്റെ താളുകളിലും.
ഇപ്പോൾ ജീവിതാനുഭവങ്ങളും കുറച്ച് തത്ത്വചിന്തയും ഒക്കെയായപ്പോൾ ഭഗവദ്ഗീതയുടെ കാലാതിവർത്തിയായ പ്രസക്തി അത്ഭുതപ്പെടുത്തുന്നു. പഠിച്ച മന:ശാസ്ത്രത്തിലൂടെ നോക്കുമ്പോഴും ആഴമുള്ള കഥാപാത്രങ്ങൾ അതിശയപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു.
ഭീഷ്മപിതാമഹനും ദാനശീലനും ഉത്തമ സുഹൃത്തും വില്ലാളിവീരനുമായ കർണനും ദ്രോണാചാര്യരും കുന്തിയും ഗാന്ധാരിയും ശകുനിയും പുത്രസ്നേഹത്തിൽ അന്ധനായ ധൃതരാഷ്ട്രരും ....
ശ്രീകൃഷ്ണൻ എന്ന യാദവ രാജകുമാരനും, അർജ്ജുനൻ എന്ന സുഭഗനായ വില്ലാളിവീരനും, വിയർപ്പിന് താമരപ്പൂവിന്റെ സുഗന്ധമുള്ള ദ്രൗപദിയും വരവർണിനി ആയ സുഭദ്രയും... എത്രയെത്ര ശക്തരായ കഥാപാത്രങ്ങൾ ....
രാമൻ എപ്പോഴും ഇത്തിരി പ്രതിനായക സ്ഥാനത്തായിരുന്നു എന്റെ ഉള്ളിൽ. "സീതയെവിടെ രഘുരാമാ.." എന്ന ലളിതഗാനം ഒട്ട് ഹൃദയത്തിൽ തട്ടി പാടിയിട്ടുണ്ട് വേദികളിൽ.
കൂടാതെ ഊർമ്മിളയുടെ ദുഃഖം ഒരു ഗാനമായി എവിടെയൊക്കെയോ കേട്ടിരുന്നതായി ഓർക്കുന്നു. രാമൻ ഒരു സ്ത്രീവിരുദ്ധനാണെന്നു പോലും തോന്നിയിരുന്ന ഒരു കാലം. രാമായണം കൂടുതലറിയാൻ മിനക്കെട്ടിട്ടില്ലായിരുന്നു.
രാമായണം ശ്രദ്ധിക്കാൻ തുടങ്ങിയത് കാവാലം ശ്രീകുമാറിന്റെ പാരായണം കേട്ടുകൊണ്ടാണ്. സാഹിത്യത്തിന് അനുസരിച്ച് രാഗങ്ങൾ തിരഞ്ഞെടുത്ത് ഉച്ചാരണശുദ്ധിയോടെയുള്ള വായന ഹൃദ്യമായി തോന്നി. ആദ്യം അടുപ്പിച്ചത് സംഗീതമാണെങ്കിലും അതിലൂടെ സാഹിത്യത്തിലേക്ക് എത്തിപ്പെട്ടു. ഇപ്പോൾ ഒരു പത്തു കൊല്ലത്തിലധികമായിക്കാണും കർക്കിടകത്തിൽ രാമായണം കേൾക്കുന്നത് ഒരു ശീലമാക്കിയിട്ട്. ഓരോ തവണ കേൾക്കുമ്പോഴും രാമായണവും അതിശയപ്പെടുത്തുന്നു. അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാനുണ്ടെന്ന് മനസ്സിലാക്കുന്നു.
അല്ലെങ്കിലും ഇതിഹാസങ്ങൾ അങ്ങനെയാണല്ലോ! ഒരു ജനതയുടെ സംസ്കാരത്തിന്റെ, ജീവിതത്തിന്റെ, ഭാവനയുടെ, കാലത്തിന്റെ കയ്യൊപ്പുകൾ! പൈതൃകം.!!
പ്രീത രാജ്
Comments
Post a Comment