രാമായണം - ഒരു ആസ്വാദനം

രാമായണം- ഒരു  ആസ്വാദനം

ശ്രീരാമന്റെയും സീതയുടെയും, ശ്രീരാമന്റെയും കൗസല്യാദേവിയുടെയും ഹൃദയബന്ധങ്ങളുടെ ഒരു ആസ്വാദനം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്.

ഭക്തിപ്രധാനമായി, ദേവനിർമിതമായ ഒരു തിരക്കഥയായാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയിട്ടുള്ളത്. എങ്കിലും, മനുഷ്യവ്യഥകളുടെ, ധർമ്മസങ്കടങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ശക്തമായ മനുഷ്യ ബന്ധങ്ങളുടെ, അർപണത്തിന്റെ എല്ലാം കൂടി ഗാഥയാണ് രാമായണം എന്ന് കാണാം. അത്യന്തം ഹൃദയസ്പർശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം കഥാസന്ദർഭങ്ങൾ രാമായണത്തിൽ ഉണ്ട്. 

രാമന്റെയും സീതയുടെയും സൗമ്യ സുന്ദരമായ പ്രണയത്തിന്റെ മൃദുചലനങ്ങൾ രാമായണത്തിലുടനീളം കാണാം. സ്വയംവരം മുതൽ പട്ടാഭിഷേകം വരെ!
" വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ "
സ്വയംവരത്തിന് വരണമാല്യം ചാർത്തുന്നതിനു മുമ്പായി  സുന്ദരനായ വരനെ കണ്ണുകൾ കൊണ്ട് നീലോല്പലമാല ചാർത്തി, മൈഥിലി.

വനവാസത്തിന് പുറപ്പെടുന്നതിന് മുമ്പായി കൈകേയി നൽകുന്ന വൽക്കലം എങ്ങനെ ഉടുക്കും എന്നറിയാതെ ഭർത്താവിനെ ലജ്ജയോടെ ഗൂഢം നോക്കുന്നു സീത. 
"വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുലാൽ
തൽക്ഷണേ ലജ്ജയാ ഭർത്തൃ മുഖാംബുജം ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ള ചിന്തയാ
മംഗലദേവതാ വല്ലഭൻ രാഘവ -
നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം
വൽക്കലം ദിവ്യാംബരോപരി വേഷ്ടിച്ചു."
ആ ഒരു നോട്ടത്തിൽ സീതയുടെ മനസ്സറിഞ്ഞ രാമൻ വൽക്കലം വാങ്ങി ഉടുത്തിരുന്ന വസ്ത്രത്തിന് മീതേ ധരിപ്പിച്ചു. അങ്ങേയറ്റം വൈകാരികവും ഗൗരവതരവുമായ സന്ദർഭത്തിൽ പോലും സീതയുടെ മനസ്സറിഞ്ഞു പ്രവർത്തിച്ചു ശ്രീരാമൻ.

സീതക്ക് വേണ്ടി പൊൻനിറമുള്ള മായാമാനിനെ പിടിക്കാൻ പോയ രാഘവന്റെ വിലാപം കേട്ട് സീത ലക്ഷ്മണനെ പരുഷ വചനങ്ങൾ കൊണ്ട് പറഞ്ഞയക്കുന്നു. ലക്ഷ്മണനെ കണ്ട ശ്രീരാമൻ "പർണ്ണശാലയിൽ സീതക്കാരൊരു തുണയുള്ളൂ ? എന്തിനിങ്ങോട്ടു പോന്നു? " എന്നും ചോദിക്കുന്നു. തിരികെ വന്ന് സീതയെ കാണാതെ രാമൻ വിലപിച്ചു തിരഞ്ഞു നടക്കുന്നു.
" വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ
മുഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു
മൃഗലോചനയായ ജനകപുത്രിതന്നേ?
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം"

പുഷ്പക വിമാനത്തിൽ രാവണൻ കൊണ്ടുപോകുമ്പോൾ 'ഭർത്താവിനു കാണ്മാൻ യോഗമുണ്ടാവട്ടെ!' എന്ന് പ്രാർത്ഥിച്ച് സീത ഉത്തരീയത്തിൽ പൊതിഞ്ഞ് താഴേക്കിട്ട ആഭരണ സഞ്ചയം സുഗ്രീവൻ ശ്രീരാമനെ കാണിക്കുമ്പോൾ ധാരധാരയായൊഴുകുന്ന കണ്ണീരോടെ രാമൻ വിലപിക്കുന്നു.
"സീതേ! ജനകാത്മജേ ! മമ വല്ലഭേ!
നാഥേ! നളിനദളായതലോചനേ!
രോദനം ചെയ്തു വിഭൂഷണ സഞ്ചയ -
മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ 
ലോകൈകനാഥൻ കരഞ്ഞു തുടങ്ങിനാൻ"
എന്നു പറയുന്നു എഴുത്തച്ഛൻ.

ബാലിയെ വധിച്ച് സുഗ്രീവനെ കിഷ്കിന്ധാധിപനായി വാഴിച്ച് സീതാന്വേഷണത്തിനായി സഹായിക്കാമെന്ന സുഗ്രീവവചനം വിശ്വസിച്ച് ക്ഷമയോടെ കാത്തിരിക്കുന്ന രാമൻ ഇടക്കിടെ ദുഃഖാർത്തനാകുന്നത് കാണാം.
" എന്നെയും കാണാതെ ദുഃഖിച്ചിരിക്കുന്ന നിന്നെഞാനെന്നിനിക്കാണുന്നു വല്ലഭേ!
ചന്ദ്രാനനേ! നീ പിരിഞ്ഞതുകാരണം ചന്ദ്രനുമാദിതൃനെപ്പോലെയായിതു
ചന്ദ്ര! ശീതാംശുക്കളാവളെച്ചെന്നു
മന്ദമന്ദം തലോടിത്തദാ
വന്നു തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജാ.
സുഗ്രീവനും ദയാഹീനനത്രെ തുലോം
ദുഃഖിതനാമെന്നെയും മറന്നാനല്ലോ.."
എന്ന് പരിതപിക്കുന്നു.

ഹനുമാൻ ശ്രീരാമദൂതനായി ലങ്കയിൽ സീതാദേവിയെ കാണുമ്പോൾ അത്യന്തം ദുഃഖിതയും കൃശഗാത്രിയുമായ സീതാദേവി ഓരോ അവസരത്തിലും അതീവ ശ്രദ്ധയോടെ തന്നെ സംരക്ഷിച്ചു കാത്തിരുന്ന ശ്രീരാമദേവൻ തന്നെ മറന്നു പോകാൻ എന്തേ കാരണം എന്ന് വിലപിക്കുമ്പോൾ എങ്കിൽ തന്റെ സ്കന്ധത്തിലേറൂ ക്ഷണനേരം കൊണ്ട് ശ്രീരാമ സവിധത്തിൽ കൊണ്ടുപോകാം എന്ന് ഹനുമാൻ പറയുന്നു. ഇല്ല, അതു തന്റെ ഭർത്താവിന്റെ സൽപേരിന് ചേരില്ലെന്നും രാമൻ വന്ന് യുദ്ധം ചെയ്ത് തന്നെ വീണ്ടെടുക്കട്ടെ എന്നാണ് സീത പറഞ്ഞത്.

യുദ്ധം ജയിച്ച് സീതയെ വീണ്ടെടുത്ത് പുഷ്പക വിമാനത്തിലേറി അയോദ്ധ്യയിലേക്ക് പോകുന്ന വഴിയിൽ ശ്രീരാമൻ ഉത്സാഹപൂർവം താഴെയുള്ള കാഴ്ചകൾ സീതക്ക് വർണിച്ചു കൊടുക്കുന്നുണ്ട്. 

ഇങ്ങനെയൊക്കെയായാലും അഗ്നിപരീക്ഷയും ഗർഭിണിയായ സീതയെ കാനനത്തിലുപേക്ഷിച്ചതുമാണ് ശ്രീരാമനെതിരെ ആരോപിക്കാവുന്ന ഗൗരവമുള്ള അപരാധങ്ങൾ. ശ്രീരാമൻ പ്രഥമമായി രാജാവായിരുന്നു. രാജത്വം അദ്ദേഹത്തിന് അധികാരത്തിന്റെയോ ആഡംബരത്തിന്റേയോ ചിഹ്നമായിരുന്നില്ല, മറിച്ച് ഒരു ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. കൈകേയി ആരണ്യവാസം വിധിച്ചപ്പോൾ രാമൻ പറയുന്നത് ഇപ്രകാരമാണ്.
"ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ
സ്നേഹമെന്നെക്കുറിച്ചേറുമമ്മയ്ക്കുമ-
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ. "
രാജ്യഭാരം രാമന് അധികാരാംഢംബരങ്ങൾക്കുള്ള ഉപാധിയല്ല. അത് അത്യന്തം ശ്രമകരമായ കർത്തവ്യമാണ്. സ്വന്തം ദേഹം മാത്രം സംരക്ഷിച്ചു കൊണ്ടുള്ള ആരണ്യവാസം അതിലും എത്രയോ എളുപ്പമാണ്.

താതന് നിന്നോടിതു പറയാൻ വിഷമമുണ്ട് എന്ന് പറയുന്ന കൈകേയിയോട്, 
"എത്രയുമേറ്റം വ്യഥിതനായ് ചൊല്ലി നാ നിത്രയെല്ലാം പറയേണമോ മാതാവേ! താതാർത്ഥമായിട്ട് ജീവനെ തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതിനില്ല സംശയം 
മാനസേ ഖേദമതിനില്ലെനിക്കേതും;
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ ത്യാജ്യമെന്നാലെന്നറിക നീ മാതാവേ! ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊല്കിലും തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ"
എന്നു പറയുന്നു ശ്രീരാമൻ. രാമന് സ്വന്തം ജീവനേക്കാൾ പ്രധാനമാണ് അമ്മയും സീതയും രാജ്യവും ലക്ഷ്മണനും എന്നു കാണാം. ത്രേതായുഗത്തിലെ ധർമ്മനീതിക്കനുസൃതമാണ് ശ്രീരാമന്റെ ഓരോ തീരുമാനങ്ങളും. ഓരോ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം അനുഭവിക്കുന്ന ധർമ്മസകടങ്ങൾ അതിതീവ്രമാണ്.

പക്ഷെ, ബഹുഭാര്യാത്വത്തിന്റെ കാലത്തും രാമൻ ഏകപത്നീവ്രതത്തിൽ അചഞ്ചലനായി നിലകൊണ്ടു. രാമന് സീത സ്വന്തം ജീവന്റെ അംശം തന്നെയായിരുന്നു. 

കൗസല്യാദേവിയുടെ മാതൃമനസ്സിന്റെ വിഹ്വലതകളാണ് ഒരുപക്ഷെ രാമായണത്തിലെ ഏറ്റവും ഹൃദയസ്പർശിയായ സന്ദർഭങ്ങൾ. രാമഭിഷേക വാർത്തയറിഞ്ഞ കൗസല്യ ഇങ്ങനെ ചിന്തിക്കുന്നു.
"സത്യസന്ധൻ നൃപവീരൻ ദശരഥൻ
പുത്രാദിഷേകം കഴിച്ചീടുമെന്നുമേ 
കേകയ പുത്രീ വശഗതനാകയാ -
ലാകുലമുള്ളിൽ വളരുന്നിതേറ്റവും"
സപത്‌നീ ദുഃഖവും പുത്രാഭ്യുദയകാംക്ഷയും ഇവിടെ വ്യക്തമാക്കപ്പെടുന്നു. ഭാര്യയുടേയും അമ്മയുടെയും ആകുലതകൾ. 

വനവാസത്തിന് മുമ്പ് യാത്ര പറയാൻ വന്ന ശ്രീരാമനോട് അമ്മ ഇങ്ങനെ പറയുന്നു
"എന്തെന്മകനേ! മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതു പാരം വിശക്കയോ വന്നിരുന്നീടു ഭുജിപ്പതിനാശു നീ"
എന്തേ മുഖം വല്ലാതെയിരിക്കുന്നത്. വിശക്കുന്നുണ്ടോ? വന്നിരുന്ന് എന്തെങ്കിലും കഴിക്കൂ എന്നു പറയുന്ന അമ്മമനസ്സ് .

വനവാസവൃത്താന്തമറിഞ്ഞ് ബോധരഹിതയായി വീഴുന്ന ആ അമ്മ ബോധം തെളിഞ്ഞെഴുന്നേറ്റിരുന്ന് ഇങ്ങനെ പറയുന്നു.
"എന്തു പിഴച്ചതു കൈകേയിയോടു നീ 
ചിന്തിക്ക ഭൂപനോടും കുമാര! ബലാൽ
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റില്ലെന്ന് നിർണ്ണയം പോകേണമെന്ന് താതൻ നിയോഗിക്കിൽ
ഞാൻ പോകരുതെന്ന് ചെറുക്കുന്നതുണ്ടല്ലോ.
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി
തന്നുടെ വാചാ ഗമിക്കുന്നതാകിലോ
ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ"

അച്ഛനും അമ്മയും മക്കൾക്കൊരുപോലെയല്ലേ? അച്ഛൻ വനത്തിന് പോകണമെന്ന് പറയുന്നെങ്കിൽ അമ്മയായ ഞാൻ പോകരുതെന്നു പറയുന്നു. എന്റെ വാക്കു നീ ധിക്കരിച്ചാൽ ഞാൻ ജീവൻ വെടിയുമെന്ന് പറയുന്നു. ശ്രീരാമദേവന് വളരെ കഷ്ടപ്പെടേണ്ടി വന്നു, അമ്മയെ അനുനയിപ്പിക്കാൻ. ഒടുവിൽ നിസ്സഹായയായ ആ അമ്മ തന്റെ മകനെ കാത്തു രക്ഷിക്കാൻ ദേവകളോടിരക്കുന്നു.
"എന്മകനാശു നടക്കുന്ന നേരവും
കല്മഷം തീർന്നിരുന്നീടുന്ന നേരവും 
തന്മതി കെട്ടുറങ്ങീടുന്ന നേരവും സമ്മോദമാർന്ന് രക്ഷിച്ചീടുവിൻ നിങ്ങൾ."
അമ്മമനസ്സുകൾ എക്കാലവും ഒരുപോലെ, ത്രേതായുഗത്തിലായാലും കലിയുഗത്തിലായാലും. ആകുലതകളും പ്രാർത്ഥനകളുമായി അവ എപ്പോഴും മക്കൾക്കു പുറകെ നിരന്തരം സഞ്ചരിക്കുന്നു. പാവം പാവം അമ്മ മനസ്സുകൾ.


പ്രീത രാജ്















"


Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര