കൊടുങ്ങല്ലൂർ


കൊടുങ്ങല്ലൂർ

ടെറസിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വിഴുന്ന ശബ്ദം കേട്ട് ഉച്ചമയക്കത്തിൽ നിന്ന് പുറത്തെ കനത്ത കർക്കിടക മഴയിലേക്കുണർന്ന് വെറുതെ കിടന്നപ്പോൾ എന്തോ കൊടുങ്ങല്ലൂരിലെ ഞങ്ങളുടെ പഴയ വീടിനെ കുറിച്ചോർത്തു. മൂന്നു കിടപ്പുമുറികളുള്ള ഒറ്റ നിലയുള്ള വീടായിരുന്നു കൊടുങ്ങല്ലൂരിൽ. മുന്നിൽ ഒരു കൊച്ചു പൂന്തോട്ടവും അതിന് അതിരിട്ട് അച്ഛൻ ഭംഗിയായി വെട്ടി നിർത്തിയ കുറ്റിച്ചെടികളും ഉണ്ടായിരുന്നു. ഇത്തരം തണുത്ത മഴക്കാലങ്ങളിൽ ചുരുണ്ടു കിടന്ന് വായിച്ചാണ് ഞാൻ മലയാള സാഹിത്യത്തിലെ മഹത്തായ പല കൃതികളെയും അടുത്തറിഞ്ഞത്. അച്ഛന്റെ കോളേജ് ലൈബ്രറിയിലെ ഒരു പാട് പുസ്തകങ്ങൾ അക്കാലത്ത് വായിച്ചിരുന്നു. എം.ടിയും എസ്.കെയും വി.കെ. എന്നും മലയാറ്റൂരും സി.രാധാകൃഷ്ണനും വിലാസിനിയും ഒക്കെ അക്കാലത്ത് പരിചയപ്പെട്ടവരാണ്.

വേരുകൾ കരിമ്പനകളുടെ നാട്ടിലേക്കും നിളയുടെ തീരങ്ങളിലേക്കും  പൂരങ്ങളുടെ നാട്ടിലേക്കും സംഗമേശന്റെ മണ്ണിലേക്കുമൊക്കെയായി പടർന്ന് കിടക്കുകയാണെങ്കിലും, എന്റെ ജീവിതവൃക്ഷം വളർന്നതും പൂത്തുലഞ്ഞതും ചരിത്രമുറങ്ങുന്ന   കൊടുങ്ങല്ലൂരിലെ മണ്ണിലാണ്. പുരാതനമായ ശ്രീ കുരുംബഭഗവതിക്ഷേത്രം, ടിപ്പുവിന്റെ പടയോട്ടം അതിജീവിച്ച തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് .... ചരിത്രത്തിന്റെ താളുകളിൽ ക്രാങ്കന്നൂർ, മുസിരിസ് എന്നെല്ലാം അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന്റെ പൗരാണിക ശേഷിപ്പുകൾ.

മൂന്നാം ക്ലാസ്സിലാണ് ഞാൻ കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്ക്കൂളിൽ ചേർന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അച്ഛന്റെ കോളേജിന്റെ(അച്ഛൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം പ്രൊഫസറായിരുന്നു) അടുത്തുള്ള പുല്ലൂറ്റ് പ്രൈമറി സ്കൂളിലായിരുന്നു. റോഡിൽ നിന്ന് കുറച്ചു ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആ വിദ്യാലയം ഇപ്പോഴും ആ വഴി പോകുമ്പോൾ തെല്ലൊരു ഗൃഹാതുരത്വത്തോടും അവ്യക്തമായ ചില ഓർമകളോടും കൂടെ നോക്കാറുണ്ട്. ക്ലാസ്സ് ടീച്ചർ(സതിടീച്ചർ ) ലീവായാൽ കരഞ്ഞിരുന്നതും, ദിവസം മുഴുവൻ ടീച്ചർക്കെന്തു പറ്റി എന്ന് ആകുലപ്പെട്ടിരുന്നതും ഓർമയുണ്ട്.

പ്രസിദ്ധമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രം.പടുകൂറ്റൻ ആൽമരങ്ങൾക്ക് നടുവിൽ കൊടുങ്ങല്ലൂരമ്മ കുടികൊള്ളുന്നു.
ജീവിതത്തിലെ എല്ലാ പ്രധാന കാൽവെയ്പുകൾക്ക് മുമ്പും ദേവിയുടെ തിരുമുമ്പിൽ കൈകൂപ്പിത്തൊഴുതു നിന്നിട്ടുണ്ട്. അനുഗ്രഹസ്പർശം തീർത്ഥമായി നെറുകയിൽ അണിഞ്ഞിട്ടുണ്ട്. പ്രദക്ഷിണ വഴികളിൽ വീണു കിടക്കുന്ന ആൽമരക്കായ്കളുടെയും  മഞ്ഞൾപ്പൊടിയുടെയും ഗന്ധം ഇപ്പോഴും ഓർമകളിൽ പരക്കുന്നു.

മീനഭരണിക്ക് കാവു തീണ്ടാൻ വരുന്ന കോമരങ്ങളെ പക്ഷെ ഭീതിയോടെയാണ് കുട്ടിക്കാലത്ത് നോക്കിയിട്ടുള്ളത്. ചുവന്ന ഉടയാടകളും അരമണിയും കാൽത്തളയും ഉടവാളും നിറുകയിൽ വാരിയണിഞ്ഞ മഞ്ഞളുമായി കോമരങ്ങൾ കൊടുങ്ങല്ലൂരിൽ നിറഞ്ഞു പരക്കും ഭരണിക്കാലത്ത്. അസഭ്യഗാനങ്ങൾ ആണ് അവർ പാടുന്നത്
എന്ന് പറയുമെങ്കിലും എനിക്കൊന്നും മനസ്സിലായിട്ടില്ല, ഒരു കാലത്തും. 

ക്ഷേത്രത്തിന്റെ മുന്നിലാണ് ഞങ്ങളുടെ സ്ക്കൂൾ. ദേവിയുടെ തിരുമുമ്പിൽ പോലീസുകാരുടെ കൺമുന്നിൽ (സ്ക്കൂളിന്റെ തൊട്ടടുത്താണ് പോലീസ് സ്റ്റേഷൻ) അത്യന്തം സുരക്ഷിതമായി ഞങ്ങളുടെ വിദ്യാലയം നിലകൊണ്ടു. കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ മൈതാനവും കളികളുമൊക്കെ പരിമിതമായിരുന്നു. എങ്കിലും ഞങ്ങൾ യുവജനോത്സവങ്ങളും സേവനവാരങ്ങളും സയൻസ് ക്ലബും ക്വിസ് മത്സരങ്ങളുമൊക്കെയായി സജീവമായിരുന്നു. ജില്ലാ യുവജനോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയും ആൾ ഇൻഡ്യാ റേഡിയോയിൽ(AIR) പരിപാടികൾ അവതരിപ്പിച്ചും ഞങ്ങൾ മികവറിയിച്ചു.

കുറേയേറെ പ്രഗത്ഭരായ അദ്ധ്യാപകർ വിജ്ഞാനത്തിന്റെ ഉറച്ച അസ്ഥിവാരങ്ങളിട്ടു തന്നു. ആ അടിത്തറയിൽ നിന്ന് എന്തും പടുത്തുയർത്തുക എളുപ്പമാണെന്ന് പിന്നീട് പലപ്പോഴും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.  അല്ലെങ്കിലും ജീവിതത്തിൽ നാം ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന് ഓർക്കാറുണ്ട് പലപ്പോഴും. ഏറെ പ്രിയപ്പെട്ട  അദ്ധ്യാപകരിൽ ചിലർ ഇന്നില്ല. ചിലരെയൊക്കെ ഈയിടെ കാണാനും ഭാഗ്യമുണ്ടായി.

ഏറെ പ്രിയങ്കരമായ ഓർമ സ്ക്കൂളിലേക്കുള്ള നടത്തമാണ്. പല വഴികളിലൂടെ ഒന്നും രണ്ടും പേരായി ചേർന്ന് ഒരു ചെറു സംഘമായി എന്തൊക്കെയോ കൗമാര കുതൂഹലങ്ങൾ പങ്കുവച്ച് ചിരിച്ചുല്ലസിച്ച് പച്ചയും വെളളയും ചിറകുകളുള്ള ചിത്രശലഭങ്ങളെപ്പോലെ ഞങ്ങൾ നീങ്ങുമ്പോൾ  പൂവാലൻ തുമ്പികൾ സൈക്കിളിൽ ചുറ്റും പാറി നടന്നു. സ്ക്കൂളിലേക്ക് രണ്ടു കിലോമീറ്ററോളം ദൂരം നടക്കാൻ അമ്പല മതിൽക്കെട്ടിനുള്ളിലൂടെ ഞങ്ങൾ കുറുക്കുവഴി കണ്ടിരുന്നു.

കൊടുങ്ങല്ലൂരിന്റെ മറ്റൊരു സുന്ദരമായ ഓർമ സംഗീതവഴികളായിരുന്നു. സോദരൻ ഭാഗവതരുടെ ശിക്ഷണത്തിൽ സംഗീതപഠനവും എന്റെയും അനിയന്റെയും സംഘഗാന പരിശീലനങ്ങളും പലപ്പോഴും ഞങ്ങളുടെ വീട് സംഗീത സാന്ദ്രമാക്കി. വിശ്വംമാഷായിരുന്നു  സംഘഗാന പരിശീലകൻ. എന്നെ സാധകം ചെയ്യാൻ സഹായിച്ചിരുന്നു, വിശ്വം മാഷ്. ഹാർമ്മോണിയത്തിലൂടെ അനായാസം ചലിക്കുന്ന വിരലുകളുമായി അദ്ദേഹം ക്ഷമയോടെ എന്റെ തെറ്റുകൾ തിരുത്തിത്തന്നിരുന്നു. 

ഹെഡ്മിസ്ട്രസായി കൗമുദിടീച്ചർ വന്നപ്പോൾ ഞങ്ങളുടെ പരിശീലനം അമ്പലത്തിന്റെ അടുത്തുള്ള ടീച്ചറുടെ വീട്ടിൽ വച്ചായിരുന്നു. ടീച്ചറുടെ മകൾ സുമംഗലയും ഞങ്ങളുടെ സംഗീതസംഘത്തിലെ ഒരംഗമായിരുന്നു. ഊണ് കഴിഞ്ഞ് ടീച്ചർ തന്നിരുന്ന വെണ്ണ ബിസ്കറ്റിന്റെ  അച്ഛമ്മയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തിയിരുന്നു. 

കൊടുങ്ങല്ലൂരിന്റെ തീവ്ര രാഷ്ട്രീയ നിലപാടുകൾ ചിലപ്പോഴൊക്കെ കൊലപാതകം വരെ നീണ്ടിരുന്നു. ഭീതിയോടെയും നടുക്കത്തോടെയും ഇപ്പോഴും ഓർക്കുന്നു അത്തരമൊരു കൊലപാതകം. സതീശൻ എന്ന ഒരു ബാങ്ക് ജീവനക്കാരന്റെ കൊലപാതകം. യൂണിവേഴ്സിറ്റി പരീക്ഷയുണ്ടായിരുന്നത് കൊണ്ട് പിറ്റേന്ന് രാവിലെ തന്നെ ആ വഴി പോകേണ്ടി വന്നു. തലേ രാത്രി ചുവരിൽ തെറിച്ചു വീണ ചോരപ്പാടുകൾ കണ്ടത് ഇന്നും അലോസരപ്പെടുത്തുന്ന ഒരു ഓർമയാണ്.  

അടുത്ത വീട്ടിലെ (കാട്ടിൽ ചിറ്റേടത്ത് ) ജാനു അമ്മൂമ്മയെ ഓർക്കാതെ കൊടുങ്ങല്ലൂർ ഒർമകൾ പൂർണമാകില്ല. അമ്മക്ക് എപ്പോഴും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളുമായി ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു ജാനു അമ്മൂമ്മ,  പ്രത്യേകിച്ച് എന്റെ ഗർഭകാലത്ത്. ഗർഭകാലത്തും പ്രസവാനന്തരവും പാലിക്കേണ്ട ചിട്ടവട്ടങ്ങൾ കടുകിട മാറരുതെന്ന് നിർബന്ധമുണ്ടായിരുന്നു ജാനു അമ്മൂമ്മക്ക് . ജാനു അമ്മൂമ്മയുടെ
യും അമ്മയുടെയും കണ്ണുവെട്ടിച്ച് പ്രസവം കാരണം ബാക്കിയായ  അവകാശികളുടെ  നാലാം വാല്യത്തിലെ ഭാഗം വായിച്ചു തീർത്തതോർക്കുമ്പോൾ അറിയാതെ ഒരു ചിരി വിടരുന്നു. ഞങ്ങൾ കൊടുങ്ങല്ലൂർ വിട്ടു പോകുന്നതിന് മുമ്പ് ജാനു അമ്മൂമ്മ ഈ ലോകം വിട്ടകന്നിരുന്നു.

അച്ഛന്റെ റിട്ടയർമെന്റിന് ശേഷം അച്ഛനും അമ്മയും കൊടുങ്ങല്ലൂരിലെ വീട് വിറ്റ് ഷൊർണൂർക്ക് താമസം മാറ്റിയതിനു ശേഷം കൊടുങ്ങല്ലൂരുമായുള്ള ബന്ധം ഏറെക്കുറെ അറ്റുപോയി എന്ന് തന്നെ പറയാം. ഇടക്ക് കൊടുങ്ങല്ലൂരമ്മയെ തൊഴാൻ പോകുന്നതൊഴിച്ചാൽ. 

എറണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടി മോനേയും കൊണ്ട് ഞങ്ങൾ അങ്ങോട്ട് മാറി. പിന്നെ ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോലെ ജീവിതം അതിവേഗം ഓടിക്കൊണ്ടിരുന്നു. ജാലകക്കാഴ്ചകളെ അതിവേഗം പിന്നിലാക്കി പുതിയ സ്റ്റേഷനുകളും പുതിയ സഹയാത്രികരുമായി അതങ്ങനെ ഓടിക്കൊണ്ടിരുന്നു. അതിനിടയിൽ ജോലി ചെ യ്തിരുന്ന എൽ.ഐ.സിയോടും വിട പറഞ്ഞിരുന്നു. പിന്നീട് ഒഴിഞ്ഞ കിളിക്കൂടിന്റെ വിരസമായ ഏകാന്തതകളിൽ സമൂഹമാധ്യമങ്ങളിൽ തപ്പിച്ചികഞ്ഞ് പഴയ കൗമാരക്കാരികളെ കണ്ടു പിടിച്ച് ഒരു ഗ്രൂപ്പുണ്ടാക്കി. ഒത്തുകൂടുമ്പോഴൊക്കെ ഞങ്ങൾ പഴയ ചിത്രശലഭങ്ങളായി. കെട്ടുപിണഞ്ഞു കിടക്കുന്ന ഓർമകൾ മനുഷ്യമനസ്സുകളെ എത്രത്തോളം ചേർത്തു നിർത്തുന്നു എന്ന സത്യവും  ഇന്ന് ഞങ്ങൾ അറിയുന്നു. 

എനിക്ക് ശരിക്കും അവകാശപ്പെടാവുന്ന ഒരു സ്വദേശം ഉണ്ടെങ്കിൽ അത് കൊടുങ്ങല്ലൂർ തന്നെയാണ്. എന്റെ ചിറകുകൾ മുളച്ചതും കരുത്താർജ്ജിച്ചതും അവിടെയാണ്. കൊടുങ്ങല്ലൂരമ്മയെ സ്മരിക്കാതെ ഉറങ്ങിയിട്ടുള്ള നാളുകളും വിരളം തന്നെ. 

പ്രീത രാജ്
Sketch by Niranjana Pramod



















Comments

  1. Valare nannaayirikunnu.. Veendum orupaadu snehathode...

    ReplyDelete
  2. Super writing. I am from Kodungallur.... Reminds me of my young age..

    ReplyDelete
  3. Took me back to the days I spent with my grandparents for vacation. You get the best venna biscuits and madhuraseva from there.. ❤️ l

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. Nice to hear that the write-up moved you.😊
      Life with grandparents is always special...

      Delete
  4. Preetha 6 class മുതലുള്ള ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി നന്ദി

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര