Posts

ഉപ്പ് യുദ്ധം

Image
  ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.  ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ,  ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും;  വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.  Physical:  ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....

തിരുനെല്ലി

Image
ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും...

വിഷു ആശംസകൾ

Image
പ്രകൃതിയുമായുള്ള താദാത്മ്യപ്പെടലാണ് ഓരോ പരമ്പരാഗത ആഘോഷവും.  നിറയെ  മഞ്ഞത്തൊങ്ങലുകൾ ചാർത്തി കൊന്നമരങ്ങൾ ഒരുങ്ങുമ്പോൾ, ചക്കയും മാങ്ങയും മൂത്തു വിളയുമ്പോൾ,  പൊൻകിരണങ്ങൾ വിതറി സൂര്യൻ ജ്വലിക്കുമ്പോൾ വിഷു വരവായി.  കാർവർണ്ണൻ്റെ മുമ്പിൽ ഒരു പിടി കൊന്നപ്പൂവും മൂത്ത ചക്കയും പഴുത്ത മാങ്ങയും  കണി വെള്ളരിയും ഓട്ടുരുളിയിൽ മറ്റു ശുഭദമായ സാമഗ്രികളോട് ചേർത്ത് വച്ച് പുലർക്കാലേ കണി കണ്ട് കൈ നീട്ടം വാങ്ങി പുതുവർഷത്തിലേക്ക് നീങ്ങുന്ന വിഷുപ്പുലരി. രാവിലത്തെ വിഷുക്കഞ്ഞിക്കും ഉച്ചക്ക് സദ്യക്കും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും പ്രമാണക്കാർ. ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ  ഇത്തരം ആഘോഷ ആചരണങ്ങൾ! തിരിഞ്ഞു നോക്കാൻ,  വേരുകൾ ദൃഢമാക്കാൻ, പ്രകൃതിയോട് കൂടുതൽ അടുക്കാൻ ഇടയാക്കട്ടെ ഓരോ വിഷുവും!  വിഷു ആശംസകൾ! പ്രീത രാജ്

വീണ്ടുമൊരു പൂരക്കാലം

Image
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി  പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി . വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ  പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്. പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു....

തള്ള വൈബും യുവത്വവും

Image
എന്താണ് തന്ത വൈബ് ,തള്ള വൈബ് എന്നത് മനസ്സിൽ തറഞ്ഞത് Adolescence എന്ന Netflix miniseries കണ്ടപ്പോഴാണ്. അത് കാലഹരണപ്പെട്ട ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല, ചെറുപ്പത്തിൻ്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള അജ്ഞതയാണ്.  നിങ്ങൾക്ക് ' incel ' എന്ന വാക്കിൻ്റെ അർത്ഥമറിയുമോ? ഓരോ ഇമോജിയുടെയും അവയുടെ വർണഭേദങ്ങളുടെയും അർത്ഥമറിയുമോ? അതിസങ്കീർണ്ണമായ സൈബർ വെബ്ബിലെ പ്രൊപഗാൻഡ സാധ്യതകളിയുമോ?  ഇന്നത്തെ ചെറുപ്പത്തിൻ്റ അതിസങ്കീർണ്ണമായ ലോകത്തിൽ നിന്ന് സംസാരിക്കുന്നത് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സദസ്സിൽ ഒരു സാധാരണക്കാരൻ പ്രസംഗിക്കുന്നത് പോലെയിരിക്കും. എന്താണ് incel എന്ന് തിരഞ്ഞപ്പോൾ കിട്ടിയ റിസൽറ്റ് ആണ് താഴെ;  Incels are “heterosexual men who blame women and society for their lack of romantic success.”  അവരുടെ ലോകം ഇരുണ്ടതാണ്. ആത്മവിശ്വാസമില്ലാതെ, സ്ത്രീകളോടും സമൂഹത്തിനോടു തന്നെയും വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുന്നവർ. അവർക്ക് വെറുപ്പ് പടർത്താൻ ഫോറങ്ങളുണ്ട്, സോഷ്യൽ മീഡിയ സംവിധാനങ്ങളുണ്ട്.  Bullying ഒരു പക്ഷെ എക്കാലവും ഉണ്ടായിരുന്നിരിക്കാം.  പക്ഷെ അന്നൊക്കെ അത്തരം സന്ദർഭങ്ങളിൽ നി...

തീക്കടൽ കടഞ്ഞ് തിരുമധുരം

Image
തീക്കടൽ കടഞ്ഞ് തിരുമധുരം സി.രാധാകൃഷ്ണൻ കുറെക്കാലമായി വായിക്കണം എന്ന് കരുതിയിരുന്ന പുസ്തകമാണ്  തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന ഭാഷാപിതാവിൻ്റെ ജീവിത കഥ. എന്തുകൊണ്ടോ ഇത്രയേറെ വൈകി. വായിച്ചില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാകുമായിരുന്നു ! എല്ലാ വർഷവും അദ്ധ്യാത്മരാമായണം വായിക്കുമ്പോഴും കേൾക്കുമ്പോഴും പുതിയ അറിവുകൾ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നതറിയാറുണ്ട്. പക്ഷെ അത് നിർമിച്ച ഋഷിതുല്യനായ മഹാകവിയെ അറിയാതെ എന്തു മലയാളി!  പിറവിക്ക് പതിനേഴു ദിവസം മുമ്പ് അച്ഛനില്ലാതായിപ്പോയ കുഞ്ഞിനെ മടിയിലിരുത്തി സന്ധ്യാനാമവും കീർത്തനങ്ങളും മുതൽ ഗീതയും ഉപനിഷത്തുക്കളും വരെ ആസ്വദിച്ച് ആടിയാടിപ്പാടിക്കൊടുത്ത ഗുരുനാഥനായ അമ്മാവൻ തന്നെയാണ് കൃഷ്ണൻ എന്ന അപ്പുവിൽ സരസ്വതീ വിളയാട്ടം ആദ്യം ദർശിച്ചതും. തീരാത്ത ദുരിതത്തീക്കടൽ വാണീ കടാക്ഷത്തിൻ്റെ അനുഗ്രഹത്താൽ ഭക്തി എന്ന കടകോലിട്ട്  കടഞ്ഞെടുത്ത് അദ്ദേഹം കൈരളിക്ക് സമർപ്പിച്ചത് അമൂല്യമായ ഭാഷയും തിരുമധുരമായ കാവ്യങ്ങളും.  ബ്രാഹ്മണ്യം ജന്മാവകാശമാണെന്ന് വരുത്തിത്തീർക്കേണ്ടത് നിലനിൽപിന് അധാരമെന്നറിഞ്ഞ സങ്കേതക്കാരുടെ കുടിലതകളും മുക്കിന് മുക്കിനുള്ള കോയ്മകളുടെ ...

പൂരം

Image
ഇന്ന് ആര്യൻ കാവ് പൂരം. ആരവങ്ങളില്ല. ആഘോഷങ്ങളില്ല. കാവും ദേവിയും പൂജാരിയും വെളിച്ചപ്പാടും മാത്രം. ചിലപ്പോൾ ദേവീചരിതം പാടുന്നയാൾ കാണുമായിരിക്കും.   ഇരുപത്തൊന്നു ദിവസം കൊണ്ട് രാമായണം കഥ മുഴുവൻ പറയുന്ന തോൽപ്പാവക്കൂത്തില്ല. കളമെഴുത്തും പാട്ടുമില്ല. ദേശക്കുതിരകളില്ല. മുളയിൽ തീർത്ത് വൈക്കോൽ നിറച്ച് തുണി ചുറ്റി അലങ്കാരങ്ങൾ ചേർത്തുണ്ടാക്കുന്ന വലിയ ദേശക്കുതിരകൾ . ബലൂണും പൊരിയും വിൽക്കുന്നവരുമില്ല. പൂതനും തിറയുമില്ല. കുട്ടിക്കാലത്ത് തെല്ലു ഭയത്തോടെയാണെങ്കിലും കാത്തിരുന്നിരുന്നു , പൂതനെ . പടിപ്പുരക്കപ്പുറത്തെ പാടത്തിന്റെ അപ്പുറത്ത് നിന്ന് കൊട്ടു കേൾക്കുമ്പോഴെ ഭയം കലർന്ന ആകാംക്ഷയോടെ കാത്തിരുന്നിരുന്നു ,തൊള്ളെക്കണ്ണനായ പൂതനെ. എങ്ങനെ ഭയക്കാതിരിക്കും, ദേശത്തെ എല്ലാ കുട്ടികളെയും മുതിർന്നവർ പേടിപ്പിക്കുന്നത് പൂതന്റെ പേരു പറഞ്ഞല്ലെ !  പൂതന്റെ മുഖം മൂടിയുടെ നാവിന്റെ ഇരുവശത്താണ് വേഷക്കാരന്റെ കണ്ണുകൾ. അതാണ് തൊള്ളെക്കണ്ണൻ എന്ന പേര് വരാൻ കാരണം. വലിയ ഭാരമുള്ള തടി കൊണ്ടുള്ള തിടമ്പ് തലയിലേറ്റി ആടുന്ന തിറ. തിറയാണ് ദേവിയെ തലയിലേറ്റി ആടുന്നത് എങ്കിലും അന്നും ഇന്നും ഞാൻ നോക്കുന്നത് പൂതന്റെ മുഖത്...