Posts

തപോമയിയുടെ അച്ഛൻ

Image
തപോമയിയുടെ അച്ഛൻ ഇ. സന്തോഷ് കുമാർ പടർന്നു പന്തലിച്ച് വീടിനെ മൂടിനിൽക്കുന്ന പുരാതനമായ ആൽമരത്തിനടിയിൽ ഉറയ്ക്കാത്തതും സങ്കീർണ്ണവുമായ വേരുകളുള്ള കണ്ടൽ വൃക്ഷങ്ങൾ  പോലെ ഏതാനും മനുഷ്യർ.  നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു.  തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി  ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു.  തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മ...

നിഴൽ

Image
നിഴൽ നിഴലുപോലെ എന്നെ ചൂഴ്ന്ന് നിൽക്കുന്ന നീ ആരാണ്? എൻ്റെ വ്യഥകളുടെ വേവിനെ കുളുർ തെന്നലായി ശമിപ്പിച്ച  നീ തന്നെയല്ലേ പലപ്പോഴും കൊടുങ്കാറ്റായി എന്നെ ചുഴറ്റിയെറിഞ്ഞതും.? വെൺമേഘങ്ങൾക്കിടയിലൂടെ തെന്നിപ്പറക്കാൻ എന്നെ പ്രേരിപ്പിച്ചതും പരിശീലിപ്പിച്ചതും നീയല്ലേ?  എന്നിട്ടും എത്രവുരു നീയെന്നെ എൻ്റെ മനോരഥങ്ങളിൽ നിന്ന് നിഷ്ക്കരുണം വലിച്ചിറക്കി ചുഴറ്റിയെറിഞ്ഞു? നിൻ്റെ ലാളനയേറ്റ് ഗാഢനിദ്രയിലാണ്ടിരുന്ന എന്നെ വിളിച്ചുണർത്തി കുത്തിക്കീറിയതും നീയല്ലേ? എൻ്റെയുള്ളിലെ  അഗാധ ഗർത്തങ്ങളിൽ ഞാൻ പോലുമറിയാതെ അടിഞ്ഞിരുന്ന അഴുക്കുകളെല്ലാം നിർദ്ദാക്ഷിണ്യം വലിച്ചു പുറത്തിട്ട് എന്നെ അപഹസിച്ചതെന്തിനായിരുന്നു? പലപ്പോഴും നീ നന്മകളുടെ , സൗന്ദര്യത്തിൻ്റെ, സ്നേഹത്തിൻ്റെ ഉദാത്തസാന്നിദ്ധ്യമായി.  പക്ഷെ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന നിൻ്റെ വികലരൂപം പോരായ്മളെ അനാവൃതമാക്കി എന്നിൽ അറപ്പുളവാക്കി. അപ്പോൾ ഞാൻ നിന്നെ ഭീതിയോടെ നോക്കി. ആരാണ് നീ? എൻ്റെ ആത്മാവിൻ്റെ പ്രതിബിംബം? എൻ്റെ അപരവ്യക്തിത്വം? എൻ്റെ മാലാഖ ? ഒന്നു മാത്രമറിയാം. നിന്നിൽ നിന്നെനിക്ക് മോചനമില്ല. മോചനം ഞാനൊട്ടു കാംക്ഷിക്കുന്നുമില്ല. നീയില്...

ഒരു മിന്നാമിന്നിയുടെ നുറുങ്ങു വെട്ടം

Image
ഒരിളം കാറ്റിൻ്റെ അലകളിൽ ജാലകത്തിലെ ഷേഡുകൾ ഇളകുന്നു. അലസമായൊരു ഉച്ചയുറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ഒരു പാദസരക്കിലുക്കം ഉണർവ്വിൻ്റെ ജാഗ്രതയിലേക്ക് വലിച്ചു കയറ്റുന്നു. വെറും  തോന്നലെന്ന അറിവിൻ്റെ ശൂന്യതയിലേക്ക് വീണ്ടും കണ്ണടക്കുന്നു ഭഗവദ്ഗീതയുടെയും കരമസോവ് സഹോദരന്മാരുടെയും ഫിലോസഫികളുടെ ചുഴികളിൽ പെട്ട് കറങ്ങുമ്പോഴാണ് പൊടുന്നനെ പെപ്പ പിഗിൻ്റെയും ബ്ലൂയിയുടെയും ലിറ്റിൽ  റെഡ് റൈഡിങ്ഹുഡിൻ്റെയും സ്നോ വൈറ്റിൻ്റെയും മൗഗ്ലിയുടെയും വിശാലവും പ്രകാശമാനവുമായ ലോകത്തിൽ എത്തപ്പെട്ടത്. ബെഡ് ടൈം കഥകളിലൂടെ, ഫുഡ് ടൈം ടിവി യിലൂടെ,  കളികളിലൂടെ  നാലു വയസ്സുകാരിയുടെ ഇളം ചിറകിൽ പറ്റിച്ചേർന്നു സഞ്ചരിക്കുമ്പോൾ ആ ലോകത്തെ  കാഴ്ചകൾക്ക് എന്തു ഭംഗി! ഭാരമില്ലാത്ത വിശാലമായ കുട്ടിലോകത്തിൽ എല്ലാം സുതാര്യമായി, മിഴിവോടെ,  വ്യക്തതയോടെ കാണാം. അനുദിനം ചേർക്കപ്പെടുന്ന പുതിയ വാക്കുകളുടെ പുതുമയുള്ള കൊഞ്ചലുകളെ പിന്തുടർന്ന് അവിടെ അങ്ങനെ അലഞ്ഞു നടക്കുമ്പോൾ കാലം  തുന്നിച്ചേർത്ത അടരുകൾ അഴിഞ്ഞു വീഴുന്നതറിഞ്ഞിരുന്നു.  അവൾ പറന്നകന്നപ്പോൾ വീണ്ടും മുതിർന്നവരുടെ ദുർഗ്രഹവും ഭാരമേറിയതുമായ ...

ഉപ്പ് യുദ്ധം

Image
  ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.  ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ,  ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും;  വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.  Physical:  ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....

തിരുനെല്ലി

Image
ബ്രഹ്മാവ് പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ആദ്യത്തെ വയനാട് യാത്ര. രാജിൻ്റെ ബാങ്കിലെ സഹപ്രവർത്തകരോടൊത്തുള്ള ഒരു വിനോദസഞ്ചാരമായിരുന്നു അത്. ആ യാത്രയിൽ കുറുവദ്വീപും പഴശ്ശിസ്മാരകവും ബാണാസുരസാഗർ അണക്കെട്ടുമൊക്കെ സന്ദർശിച്ചിരുന്നു. കുറുവദ്വീപിലെ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഉരുളൻ കല്ലുകൾക്ക് മീതെ തെളിനീരായി ഒഴുകുന്ന കബനിയും മറക്കാനാവാത്ത അനുഭവമായിരുന്നു. കൊഴിഞ്ഞ ഇലകൾ പരവതാനി വിരിച്ച ഇല്ലിക്കാടുകളിലൂടെ നടന്നതും സുന്ദരമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യാത്രയിൽ ഒരു ദിവസം വൈകുന്നേരം തിരുനെല്ലിലെ പൗരാണിക ദേവാലയത്തിൽ പോയിരുന്നു. വെളിച്ചം നേർത്തു തുടങ്ങിയ സന്ധ്യാസമയത്ത് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ നടന്ന് പാപനാശിനിയിലിറങ്ങി കൈക്കുമ്പിളിൽ കുളുർജലമെടുത്ത് മുഖം കഴുകി അര കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തിയപ്പോൾ ഇരുൾ പടർന്നു തുടങ്ങിയിരുന്നു. ബ്രഹ്മാവ് പ്രതിഷ്ഠിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. അവിടെ ശ്രീ കോവിലിന് മുമ്പിൽ ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം പവിത്രമായി സംരക്ഷിച്ചിരുന്നു. മുപ്പത് കൽത്തുണുകൾ താങ്ങി നിർത്തുന്ന ക്ഷേത്രവും കല്ല് പാകിയ തറയും...

വിഷു ആശംസകൾ

Image
പ്രകൃതിയുമായുള്ള താദാത്മ്യപ്പെടലാണ് ഓരോ പരമ്പരാഗത ആഘോഷവും.  നിറയെ  മഞ്ഞത്തൊങ്ങലുകൾ ചാർത്തി കൊന്നമരങ്ങൾ ഒരുങ്ങുമ്പോൾ, ചക്കയും മാങ്ങയും മൂത്തു വിളയുമ്പോൾ,  പൊൻകിരണങ്ങൾ വിതറി സൂര്യൻ ജ്വലിക്കുമ്പോൾ വിഷു വരവായി.  കാർവർണ്ണൻ്റെ മുമ്പിൽ ഒരു പിടി കൊന്നപ്പൂവും മൂത്ത ചക്കയും പഴുത്ത മാങ്ങയും  കണി വെള്ളരിയും ഓട്ടുരുളിയിൽ മറ്റു ശുഭദമായ സാമഗ്രികളോട് ചേർത്ത് വച്ച് പുലർക്കാലേ കണി കണ്ട് കൈ നീട്ടം വാങ്ങി പുതുവർഷത്തിലേക്ക് നീങ്ങുന്ന വിഷുപ്പുലരി. രാവിലത്തെ വിഷുക്കഞ്ഞിക്കും ഉച്ചക്ക് സദ്യക്കും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും പ്രമാണക്കാർ. ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ  ഇത്തരം ആഘോഷ ആചരണങ്ങൾ! തിരിഞ്ഞു നോക്കാൻ,  വേരുകൾ ദൃഢമാക്കാൻ, പ്രകൃതിയോട് കൂടുതൽ അടുക്കാൻ ഇടയാക്കട്ടെ ഓരോ വിഷുവും!  വിഷു ആശംസകൾ! പ്രീത രാജ്

വീണ്ടുമൊരു പൂരക്കാലം

Image
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി  പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി . വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ  പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്. പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു....