അഗ്നിപർവ്വതച്ചെമ്പിൽ തിളക്കുന്ന മൺകുഴമ്പ്
അഗ്നിപർവ്വതച്ചെമ്പിൽ തിളക്കുന്ന മൺകുഴമ്പ് 2,40,000 വർഷങ്ങൾക്ക് മുമ്പ് പൊട്ടിത്തെറിച്ച അഗ്നിപർവ്വതം സൃഷ്ടിച്ച കുഴിയിൽ ( Rotorua Caldera ) മഴ വെള്ളം നിറഞ്ഞുണ്ടായ റൊട്ടോർവ തടാകത്തിൻ്റെ കരയിലാണ് തപിക്കുന്ന ഭൂമി സൃഷ്ടിക്കുന്ന അത്ഭുതങ്ങളുടെയും മാവോറി സാംസ്കാരിക പൈതൃകത്തിൻ്റെയും കാഴ്ചകളൊരുക്കുന്ന റൊട്ടോർവ നഗരം സ്ഥിതിചെയ്യുന്നത്. Rotorua Caldera യിൽ അവസാനമായി അനിപർവ്വത സ്ഫോടനം നടന്നത് 25,000 വർഷങ്ങൾക്ക് മുമ്പാണത്രെ. അവിടെ ഇപ്പോഴും തിളച്ചു മറിയുന്ന മൺകുളങ്ങളും ചീറ്റിത്തെറിക്കുന്ന ചൂടുവെള്ളവും ഇടയിലെ വിള്ളലുകളിലൂടെ ചൂടുവമിപ്പിക്കുന്ന പാറക്കെട്ടുകളുമുണ്ട്. പച്ചച്ചേല ചുറ്റി വനപുഷ്പങ്ങളണിഞ്ഞ് നീലത്തടാകങ്ങളിൽ കണ്ണാടി നോക്കി നിൽക്കുന്ന പ്രകൃതി സുന്ദരിക്കും ഉള്ളിൽ തിളയ്ക്കുന്ന കോപതാപങ്ങൾ എപ്പോഴെങ്കിലുമൊക്കെ വമിപ്പിച്ചല്ലേ മതിയാകൂ, പ്രഭാത ഭക്ഷണത്തിന് ശേഷം ഹോട്ടലിൻ്റെ അടുത്തു തന്നെയുള്ള Te Puia യിലേക്കാണ് പോയത്. മാവോരി കല- കരകൗശല കേന്ദ്രം (Newzealand Maori Arts and crafts institute), കിവി സംരക്ഷണ കേന്ദ്രം (Kiwi conservation Centre), Whakarewarewa Geothermal valley...