മെസ്സി ഈസ് മിസ്സിംഗ്
ഒരു ചരമവാർത്ത കെട്ടിക്കിടക്കുന്ന ഒരു തടാകം പോലെ, അസ്വസ്ഥതയുടെ പായൽ പിടിച്ചു തുടങ്ങിയിരുന്നു മനസ്സിൽ. വേർതിരിച്ചറിയാനാവാത്ത ദിനരാത്രങ്ങളിലൂടെ കാലം കടന്നു പോയ്ക്കൊണ്ടിരുന്നു. ഒരു ചെറിയ കൈവഴിയിലൂടെ മെല്ലെ ഒഴുകി നീങ്ങുമ്പോൾ ആശ്വാസം, സന്തോഷം, സമാധാനം. ഇത്രയൊക്കെ പറയേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ട്' എന്ന് ഉത്തരം. പറഞ്ഞു വന്നതിത്ര മാത്രം - മനസ്സിന് കൈവഴികൾ വേണം, പായൽ നീങ്ങി സ്വച്ഛമാകാൻ. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഷൊർണൂരിലേക്കുള്ള യാത്ര. നല്ല ട്രാഫിക്കായിരുന്നതിനാലും വളയത്തിന് പിന്നിലായിരുന്നതിനാലും വഴിയോരക്കാഴ്ചകളൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. വലിയ ഗേറ്റ് കടന്നപ്പോഴാണ് അവൻ്റെ അഭാവം അനുഭവിക്കാൻ തുടങ്ങിയത്. ഉണ്ണിമാമയുടെ ഗേറ്റിന് മുമ്പിലോ മുറ്റത്തെ അരമതിലിനടുത്തോ വടക്കു പുറത്തെ താളിലകൾക്ക് താഴെയോ കണ്ണുകൾ അവനെ തിരഞ്ഞു. കന്നി മാസമാണ്. ഇക്കാലം അനേകം പ്രേയസികൾക്ക് നടുവിൽ ഉന്നത ശീർഷനായി നടന്നിരുന്നവനാണ്. സാധാരണ കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ കുശലാന്വേഷണവുമായി അരികിലെത്താറുണ്ടായിരുന്നു. ഇന്നിപ്പോൾ അവനില്ല. "മെസ്സി ഈസ് മിസ്സിംഗ്" എന്ന് അച്ഛൻ ഫോണിലൂടെ പറയാൻ തുടങ്ങിയിട്ട്...