ഒരു ചരമ വാർത്ത

 ഒരു ചരമവാർത്ത

കെട്ടിക്കിടക്കുന്ന ഒരു തടാകം പോലെ, അസ്വസ്ഥതയുടെ പായൽ പിടിച്ചു തുടങ്ങിയിരുന്നു മനസ്സിൽ. വേർതിരിച്ചറിയാനാവാത്ത ദിനരാത്രങ്ങളിലൂടെ കാലം കടന്നു പോയ്ക്കൊണ്ടിരുന്നു. ഒരു ചെറിയ കൈവഴിയിലൂടെ മെല്ലെ ഒഴുകി നീങ്ങുമ്പോൾ ആശ്വാസം, സന്തോഷം, സമാധാനം. ഇത്രയൊക്കെ പറയേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ട്' എന്ന് ഉത്തരം. പറഞ്ഞു വന്നതിത്ര മാത്രം - മനസ്സിന് കൈവഴികൾ വേണം, പായൽ നീങ്ങി സ്വച്ഛമാകാൻ. 

മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഷൊർണൂരിലേക്കുള്ള യാത്ര. നല്ല ട്രാഫിക്കായിരുന്നതിനാലും വളയത്തിന് പിന്നിലായിരുന്നതിനാലും വഴിയോരക്കാഴ്ചകളൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. വലിയ ഗേറ്റ് കടന്നപ്പോഴാണ് അവൻ്റെ അഭാവം അനുഭവിക്കാൻ തുടങ്ങിയത്. ഉണ്ണിമാമയുടെ ഗേറ്റിന് മുമ്പിലോ മുറ്റത്തെ അരമതിലിനടുത്തോ വടക്കു പുറത്തെ താളിലകൾക്ക് താഴെയോ കണ്ണുകൾ അവനെ തിരഞ്ഞു. കന്നി മാസമാണ്. ഇക്കാലം അനേകം പ്രേയസികൾക്ക് നടുവിൽ ഉന്നത ശീർഷനായി നടന്നിരുന്നവനാണ്. സാധാരണ കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ കുശലാന്വേഷണവുമായി അരികിലെത്താറുണ്ടായിരുന്നു. ഇന്നിപ്പോൾ അവനില്ല. 

"മെസ്സി ഈസ് മിസ്സിംഗ്" എന്ന് അച്ഛൻ ഫോണിലൂടെ പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. മുമ്പും അവൻ ഇടയ്ക്കൊക്കെ ഇങ്ങനെ സഞ്ചാരത്തിനിറങ്ങാറുണ്ട്. പക്ഷെ രണ്ടോ മൂന്നോ ദിവസത്തിലധികം നീളാറില്ല ആ സഞ്ചാരങ്ങൾ. ഇതിപ്പോൾ മാസങ്ങളിലേക്ക് നീളുമ്പോൾ അവൻ നിത്യമായ യാത്ര പുറപ്പെട്ടു പോയി എന്ന് തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

വയ്യാതെ ആയിരുന്നു.  കുറെയായി ഭക്ഷണമൊന്നും വേണ്ടാതായിരുന്നു. ഇഷ്ടപ്പെട്ട ബിസ്കറ്റോ ക്രീം ബണ്ണോ ഇട്ടു കൊടുത്താൽ പോലും കഷ്ടപ്പെട്ടാണ് എഴുന്നേറ്റ് വന്നിരുന്നത്. പ്രായത്തിൻ്റെ അസ്വസ്ഥതകൾ ബാധിച്ചിരുന്നു. 'മെസ്സ്' എന്ന് വിളിച്ചാൽ കണ്ണ് തുറക്കാൻ പോലും മടിച്ചിരുന്നെങ്കിലും വാലാട്ടൽ ഉഷാറായിരുന്നു. ശ്വാനവർഗ്ഗത്തിന് മാത്രം കഴിയുന്ന ഉപാധികളില്ലാത്ത സ്നേഹം തന്നിരുന്നു. 

എവിടുന്നോ ചാവാലിയായി കയറിവന്ന നായക്കുട്ടി വീട്ടുപരിസരത്തെ സ്ഥിരം സാന്നിദ്ധ്യമായി മാറിയിരുന്നു. ഇപ്പോൾ ആ അസാന്നിദ്ധ്യം ഒരു മുള്ളു പോലെ അസ്വസ്ഥയാക്കുന്നു. ഊണ് കഴിയുമ്പോൾ പിന്നാമ്പുറത്ത് അവൻ സ്ഥിരം കിടക്കാറുള്ള സ്ഥലങ്ങളിൽ അറിയാതെ കണ്ണുകൾ നീളുന്നു. ഇനിയവനില്ല എന്ന് തിരിച്ചറിയുന്നു.

ഇഹലോക ജീവിതം അവനെപ്പോലുള്ള നായ്ക്കൾക്ക് പൂമെത്തയായിരുന്നില്ലല്ലോ! അനായാസമായി ഉയരമുള്ള മതിലുകൾ പോലും ചാടിക്കടന്നിരുന്ന കല്ലേറുകളിൽ നിന്ന് അനായാസം വഴുതി മാറിയിരുന്ന അവന് അവസാന യാത്രയും അനായാസമായിരുന്നിരിക്കും എന്ന് വിശ്വസിക്കാനാണിഷ്ടം! അങ്ങനെ തന്നെ ആയിരിക്കട്ടെ! ശാന്തി!


പ്രീത രാജ് 



Comments

Popular posts from this blog

ആരോ

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

മേപ്പിൾ മരം