യാത്ര
ലോഹപ്പക്ഷിയുടെ ഉദരത്തിൽ മുഖാവരണവും മുഖകവചവും അണിഞ്ഞ് പുറത്തെ തിളങ്ങുന്ന ഉച്ചവെയിലിലേക്ക് നോക്കിയിരിക്കുമ്പോൾ വല്ലാത്ത അപരിചത്വം. പൊങ്ങിയുയരുമ്പോൾ താഴെ നോക്കി എത്ര സുന്ദരിയാണ് അറബിക്കടലിന്റെ റാണി എന്ന് ആശ്ചര്യപ്പെട്ടു.
മേഘജാലങ്ങളിൽ ഊളിയിട്ട് ചിതറിപ്പോയ പഞ്ഞിക്കെട്ടുകൾ കണക്കെ അവയെ പിന്തളളി നീലാകാശത്തിലേക്ക് കുതിച്ചപ്പോൾ ഉന്മേഷം തോന്നി. കത്തിക്കാളുന്ന സൂര്യരശ്മികൾ വെള്ളിച്ചിറകിൽ തട്ടിച്ചിതറി. പൊടുന്നനെ, ഇത്തരം ഒരു ചിറകിൽ അള്ളിപിടിച്ചെങ്കിലും പ്രാകൃത മനുഷ്യർ കൈയടക്കിയ സ്വന്തം മണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മനുഷ്യരെ ഓർത്തു പോയി. എന്തു ഭീതിയായിരിക്കും, എന്തു വെപ്രാളമായിരിക്കും ആ മനസ്സുകളിൽ ഉണ്ടായിരുന്നിരിക്കുക. ഡിമ്മർ ഉപയോഗിച്ച് ജാലകക്കാഴ്ച ഇരുട്ടാക്കി കണ്ണടച്ചിരുന്നു.
ഇടയിൽ ഭക്ഷണം വന്നു. അപ്പോൾ കവചവും ആവരണവുമെക്കെ മാറ്റി എല്ലാവരും തദവസരത്തിൽ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യത്തിൽ വ്യാപൃതരായി. . ആകാശത്ത് ഭക്ഷണം കഴിക്കുമ്പോൾ ആക്രമിക്കാൻ പാടില്ല എന്നത് പുതിയ ധർമ്മ യുദ്ധത്തിന്റെ നിബന്ധന ആണോ എന്തോ! കോവിഡിന് മനസ്സിലാവുമായിരിക്കും.
കാബിൻ ക്രൂവിനെ കണ്ടാൽ സഹിക്കില്ല. എന്തൊക്കെയായിരുന്നു !! കടും നിറത്തിലുള്ള ലിപ്സ്റ്റിക്, കട്ടിയായ മേക്കപ്പ്, , ക്ലീൻ ഷേവ്, സുഗന്ധേലേപനങ്ങൾ, സ്റ്റൈലൻ വേഷവിതാനം . ഇതിപ്പോൾ ഏതോ ഹോസ്പിറ്റലിൽ ചെന്നു പെട്ട പോലെ. പിപി ഇ കിറ്റ് ധരിച്ച് തലങ്ങും വിലങ്ങും നടന്ന് വലയുന്നു പാവങ്ങൾ.
കൊച്ചുമോളെ കാണാനുള്ള യാത്രയാണ്, ബഹറിനിലേക്ക്. അവിടെ പോയി പത്തു ദിവസം ഏകാന്ത വാസവും മൂന്ന് ടെസ്റ്റുകളും കഴിഞ്ഞു വേണം കുഞ്ഞിനെ കാണാൻ . പക്ഷെ സാരമില്ല, കുറെ കാലമായി ലൈബ്രറി യിൽ പറഞ്ഞു വച്ചിരുന്ന പുസ്തകം പുറപ്പെടുന്നതിന്റെ രണ്ടു ദിവസം മുമ്പു കിട്ടിയത് ബാഗിൽ ഭദ്രം. കെ.ആർ.മീരയുടെ ഘാതകൻ. ഒരു ബാക്ക്അപ്പായി കിൻഡിലും . മഹാമാരിക്കാലത്തെ യാത്രക്ക് ഇത്രയൊക്കെ സൗകര്യമേ പ്രതീക്ഷിക്കാവൂ.. യാത്ര സാധ്യമായതേ ഭാഗ്യം. അഹോ ഭാഗ്യം !! അഹോ ഭാഗ്യം !!
പ്രീത രാജ്
Comments
Post a Comment