കർണന്റെ ധർമ്മം

സസ്യാവന്ദനം കഴിഞ്ഞ്, കാത്തു നിന്നിരുന്നവർക്ക് ദാനം നൽകി തിരികെ കൂടാരത്തിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് കർണൻ പാണ്ഡവ മാതാവിനെ കണ്ടത്. യുദ്ധം ആസന്നമായ ഈ വേളയിൽ എന്തേ പാണ്ഡവരുടെ മാതാവ് എതിർപക്ഷത്തെ യോദ്ധാവിനെ കാത്തു നിൽക്കാൻ?

ശാന്തി ദൂതുമായി വന്ന ശ്രീകൃഷ്ണൻ പറഞ്ഞത് ശരിയാണെങ്കിൽ തനിക്ക് ജന്മം തന്ന മാതാവാണ് മുന്നിൽ നിൽക്കുന്നത്. പ്രസവിച്ച കുത്തിനെ നിഷ്കരുണം പുഴയിലൊഴുക്കിയവൾ. താൻ ജീവിതത്തിലുടനീളം ഏറ്റുവാങ്ങിയ അപമാന ശരങ്ങൾക്ക് കാരണഭൂതയായവൾ. ഓർമ വച്ചനാൾ മുതൽ ഇടക്കിടെ സ്വപ്നങ്ങളിൽ മാത്രം അറിഞ്ഞ ജനനീസാമീപ്യം. 

ശുഭ്ര വസ്ത്രധാരിണിയായ അമ്മ. ശിരസ്സു മൂടിയിരുന്ന വസ്ത്രത്തലപ്പിന്റെ ഇടയിലൂടെ പുറത്തു കാണുന്ന നരകയറിത്തുടങ്ങിയ മുടിയിഴകളിലും കണ്ണിൽ അടരാനായി നിൽക്കുന്ന കണ്ണുനീർ തുള്ളിയിലും അസ്തമയ സൂര്യന്റെ മുദുരശ്മികൾ വർണം ചേർത്തു, സാന്ത്വന സ്പർശം പോലെ. 

മുന്നിൽ നിന്ന് കർണൻ ശിരസു നമിച്ചു കൊണ്ട് പറഞ്ഞു: "രാധേയനായ കർണന്റെ പ്രണാമം.ഭവതിക്കായി എന്താണെനിക്ക് നൽകാൻ കഴിയുക?"
ഗദ്ഗഗദ കണ്ഠയായി കുന്തി പറഞ്ഞു: "രാധേയനല്ല മകനേ... കൗന്തേയനാണ് നീ.. പാണ്ഡവരുടെ ജ്യേഷ്ഠൻ. നിനക്കു ജന്മം നൽകിയ മാതാവായ കുന്തിയാണ് ഞാൻ."

കുന്തി ആ കഥ പറഞ്ഞു. കന്യകയായ രാജകുമാരിക്ക് ദുർവാസാവ് നൽകിയ വരത്തെ കുറിച്ച്. ഏതു ദേവനെ മനസ്സിൽ സങ്കൽപിച്ച് മന്ത്രം ജപിച്ചാലും ദേവൻ പ്രത്യക്ഷപ്പെട്ട് കുഞ്ഞിനെ നൽകുമെന്ന വരം.  വരത്തിന്റെ ശക്തി പരീക്ഷിക്കാൻ സൂര്യഭഗവാനെ സങ്കൽപിച്ച് മന്ത്രം ജപിച്ചത്. സൂര്യ ഭഗവാൻ പ്രത്യക്ഷനായത്. അവിവാഹിതയായ കന്യക കുഞ്ഞിന് ജന്മം നൽകിയ കഥ. അപമാനം ഭയന്ന് കുഞ്ഞിനെ ഒരു ചെറുകുട്ടയിലാക്കി നദിയിൽ ഒഴുക്കിയത്. 

കർണൻ ഓർത്തു. വളർത്തച്ഛനമ്മമാരായ അധിരഥനും രാധയും പറഞ്ഞ കഥകൾ. പുഴയിൽ നിന്ന് സുവർണ കവചകുണ്ഠലങ്ങളുമായി കിട്ടിയ കുഞ്ഞിന്റെ കഥ. കുതിരച്ചാണകം മണക്കുന്ന തെരുവുകളിൽ മറ്റു കുട്ടികളുമായി കളിച്ചു നടക്കുമ്പോഴും അലട്ടിയിരുന്ന ജന്മരഹസ്യത്തിന്റെ പ്രഹേളിക. ഇഷ്ടഭോജ്യങ്ങൾ സ്നേഹ വാത്സല്യത്തോടെ
വച്ചുവിളമ്പിയിരുന്ന രാധ എന്ന അമ്മയെ. 
ആഗ്രഹങ്ങൾ എല്ലാം ആവും വിധം സാധിച്ചു തന്നിരുന്ന അധിരഘൻ എന്ന തേരാളിയായ വളർത്തച്ഛനെ. പക്ഷേ എപ്പോഴൊക്കെയോ മനസ്സ് ഈ അമ്മമുഖം തേടിയിരുന്നു. 

തള്ളിവന്ന വികാരങ്ങളടക്കി കർണൻ പറഞ്ഞു: "അറിയാനും കേൾക്കാനും എന്നും ആഗ്രഹിച്ച കാര്യമാണ് അമ്മ ഇപ്പോൾ പറഞ്ഞത്. ഈ മകൻ എന്താണ് മാതാവിന് ചെയ്തുതരേണ്ടത്?"

കുന്തി പറഞ്ഞു: " മകനേ, മക്കൾ അന്യോന്യം യുദ്ധം ചെയ്യുന്നതിലും വലിയ ദുഃഖമെന്തുണ്ട് അമ്മക്ക്? നീ പാണ്ഡവപക്ഷത്ത് നിന്ന് യുദ്ധം ചെയ്യണം. നീയാണ് ജ്യേഷ്ഠൻ . യുദ്ധശേഷം രാജാവാകേണ്ടതും നീ തന്നെ."

കർണൻ പറഞ്ഞു:  "വല്ലാതെ വൈകിപ്പോയി അമ്മേ. ഈ ജന്മത്തിൽ കർണന് ദുര്യോധനനെ ഉപേക്ഷിക്കാൻ കഴിയില്ല. എന്റെ കരുത്തിലും കഴിവിലും ഉള്ള വിശ്വാസമാണ് അയാൾക്ക് ഈ യുദ്ധത്തിന് ധൈര്യമേകുന്നത്. ആപത്ഘട്ടത്തിൽ സുഹൃത്തിനെ കൈവിടാൻ പറ്റില്ല.

കുട്ടയിലാക്കി പുഴയിലൊഴുക്കിയപ്പോൾ അമ്മ ഏറെ ഭയപ്പെട്ടിരുന്ന അപമാനത്തെയും എന്നോട് കൂടെ ചേർത്ത് വച്ചിരുന്നു. പിതാവ് നൽകിയ കവചകുണ്ഡലങ്ങൾക്കൊപ്പം അമ്മ നൽകിയ അപമാനത്തിന്റെ തിലകക്കുറിയും പൈതൃകമായി എന്നും കൂടെയുണ്ടായിരുന്നു. അപമാനത്തിന്റെ ആ കറുത്ത മറുക് അംഗരാജാവിന്റെ കിരീടം വച്ച് തന്ന് മറച്ചത് ദുര്യോധനൻ ആണ്. അമ്മക്കാ മറുക് നിഷ്പ്രയാസം മായ്ച് കളയാമായിരുന്നു. ഹസ്തിനപുരിയിലെ അഭ്യാസക്കാഴ്ചയിൽ വച്ച്. ഇപ്പോൾ വെളിപ്പെടുത്തിയ എന്റെ ഈ ജന്മരഹസ്യം അപ്പോൾ വെളിപ്പെടുത്തിയിരുന്നെങ്കിൽ. ഇപ്പോൾ ഏറെ വൈകിപ്പോയി മാതാവേ!

എന്റെ കരങ്ങൾക്ക് ചമ്മട്ടിയേക്കാൾ എന്നും വഴങ്ങിയിരുന്നത് അസ്ത്രശസ്ത്രങ്ങളായിരുന്നു. സൂതന്റെ ആ അതിമോഹത്തിന് ഏറ്റ അപമാനത്തിന് അതിരില്ല. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞാണ് ഗുരുവായ പരശുരാമനിൽ നിന്ന് വിദ്യ നേടിയത്. ഒപ്പം ശാപവും. ശാപങ്ങൾ ഏറെ പിന്നെയും  ഏറ്റുവാങ്ങിയിട്ടുണ്ട്. താഴ്ന്ന കുലത്തിൽ നിന്നൊരുവൻ സാമർത്ഥ്യം കാണിക്കുമ്പോൾ അസഹിഷ്ണുത കാട്ടാത്തവർ വിരളമാണ്. ദ്രോണാചാര്യരും കൃപാചാര്യരും ശല്യരും എന്തിന് ഭീഷ്മ പിതാമഹനും ദ്രൗപദി പോലും ആട്ടി അകറ്റിയിട്ടേ ഉള്ളൂ. എത്ര വേദികളിൽ അപമാനിതനായി. സ്വയംവരവേദിയിൽ, ആയുധ പരീക്ഷയുടെ വേദിയിൽ....അവിടെയാണ് ദുര്യോധനൻ സിംഹാസനമിട്ട് കൂടെയിരുത്തിയത്. എന്റെ കരുത്തിൽ, വാക്കിൽ വിശ്വാസമർപ്പിച്ചത്. അതുകൊണ്ട്തന്നെ അയാൾ എന്തധർമ്മം ചെയ്താലും കൂടെ നിൽക്കുക എന്നതാണ് എന്റെ ധർമ്മം. കർണന്റെ ധർമ്മം സാധാരണക്കാരന്റെതാണ്, സൗഹൃദത്തിന്റേതാണ്. രാജനീതിയുടെ ഗഹനധർമ ചിന്തകളല്ല.

എന്റെ ഈ ജന്മരഹസ്യം യുദ്ധം കഴിവോളം പുറത്തു പറയരുത് എന്നൊരു അപേക്ഷയുണ്ട്. യുദ്ധത്തിനു മുൻപും പിൻപും അമ്മക്ക് അഞ്ചു മക്കൾ ഉണ്ടായിരിക്കും. ഞാനും അർജ്ജുനനും അന്യോന്യം വധിക്കാൻ പ്രതിജ്ഞാബദ്ധരാണ്. അമ്മയുടെ മറ്റുമക്കളെ വധിക്കാൻ അവസരമുണ്ടായാലും വധിക്കില്ലെന്ന് കർണൻ ഇതാ പ്രതിജ്ഞ ചെയ്യുന്നു.

മരണം ആസന്നമായെന്ന് ഞാനറിയുന്നു. ഗുരുശാപം, ബ്രാഹ്മണശാപം, ഭൂമീദേവിയുടെ ശാപം എന്നിങ്ങനെ ശാപങ്ങളുടെ നീണ്ട നിരയുണ്ട് കർണനെതിരെ. കുടിച്ചു തീർത്ത അപമാനത്തിന്റെ തികട്ടി വരുന്ന കയ്പുരസം പലപ്പോഴും നീചവാക്കുകളായും പ്രവൃത്തികളായും പുറത്തുവന്നിട്ടുണ്ട്. ദ്രൗപദിയെ സഭയിലേക്ക് വലിച്ചിഴച്ച ദുശ്ശാസനന്റെ കൂടെ നിന്ന് അപമാനിച്ചിട്ടുണ്ട്. 
എത്ര ദാനധർമ്മങ്ങൾ ചെയ്താലും ഈ ശാപങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല.

അമ്മ സമാധാനമായി പോകൂ. കൃഷ്ണന്റെ കൂടെ അർജ്ജുനൻ സുരക്ഷിതനായിരിക്കും.
എന്നെ എന്റെ ധർമ്മം ചെയ്യാൻ അനുവദിക്കൂ. കൗന്തേയനായ കർണൻ മാതാവിനെ പ്രണമിക്കുന്നു."

കർണൻ കൂടാരം ലക്ഷ്യമാക്കി നടന്നു. 

പ്രീത രാജ്





Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര