ദക്ഷിണായനം - ന്യൂസിലാൻഡ്, വടക്കൻ ദ്വീപ്, ഹോബിറ്റോൺ
ദക്ഷിണായനം - സൂസിലാൻഡ്, വടക്കൻ ദ്വീപ്, ഹോബിറ്റോൺ
വടക്കൻ ദ്വീപിൻ്റെ ഉത്തര-മദ്ധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കരഭാഗം അഥവാ കരയിടുക്ക്( Isthmus) ആണ് ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക് ലാൻഡ് (Auckland City). ഇരുവശത്തും വലിയ ജലാശയങ്ങളുള്ള രണ്ടു കര വിഭാഗങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ഇടുങ്ങിയ കര ഭാഗമാണ് Isthmus. കിഴക്ക് ഹൗറാകി (Hauraki Gulf) ഉൾക്കടലിലെ Waitemata ഹാർബറിനും തെക്കു പടിഞ്ഞാറ് Manukau ഹാർബറിനും ഇടയിലാണ് ഓക്ക് ലാൻഡ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരവും ചുറ്റുമുള്ള ദ്വീപുകളും വന നിബിഡമായ ഉൾഭാഗങ്ങളും ചേർന്ന ഓക്ക് ലാൻഡ് പ്രദേശത്തിൻ്റെ ( Auckland Region) ഭാഗമായ ഓക്ക് ലാൻഡ് നഗരം, നിർവ്വീര്യമായ അനേകം അഗ്നിപർവ്വതങ്ങൾ ഉള്ള പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെ ആഗമനത്തിന് മുമ്പ് തന്നെ ഫലഭൂയിഷ്ഠമായ ഓക്ക്ലാൻഡ് കരയിടുക്ക്, പസഫിക് ദ്വീപുകളിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപ്പാർത്ത മാവോറികൾ എന്ന ആദിവാസി സമൂഹങ്ങളുടെ പ്രധാന ആവാസ കേന്ദ്രമായിരുന്നു. 1840 ൽ ഗവർണറായിരുന്ന Willam Hobson ആണ് ഓക്ക് ലാൻഡ് നഗരം സ്ഥാപിച്ച് കൊളോണിയൽ സർക്കാറിൻ്റെ തലസ്ഥാനമാക്കി മാറ്റിയത്. 1865 ൽ തെക്കൻ പ്രദേശങ്ങൾക്കു കൂടി പ്രാപ്യമായ നോർത്ത് ഐലൻഡിൻ്റെ തെക്ക് ഭാഗത്തുള്ള വെല്ലിങ്ങ്ടണിലേക്ക് ( Wellington) മാറ്റുന്നത് വരെ ന്യൂസിലാൻഡിൻ്റെ തലസ്ഥാനമായിരുന്ന ഓക്ക്ലാൻഡ്, ഇന്ന് ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമെന്ന ഖ്യാതിയോടെ രാജ്യത്തിൻ്റെ സാമ്പത്തിക വ്യാവസായിക തലസ്ഥാനമെന്ന പദവി അലങ്കരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം ( Waitemata Harbour) , ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്നതും ന്യൂസിലാൻഡിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമായ ഓക്ക് ലാൻഡിലാണ്. രാജ്യത്തെ മൂന്നിൽ ഒരു ഭാഗം ആളുകളുടെ വാസസ്ഥാനമാണ് ഈ നഗരം.
വൈകുന്നേരത്തോടെ ഞങ്ങൾ ഓക്ക്ലാൻഡിൽ ലാൻഡ് ചെയ്ത് നേരെ നഗര പര്യടനത്തിനിറങ്ങി. തീരത്തെ പ്രൊമനേഡിൽ നിന്ന് കടലലകളെ തഴുകിയെത്തുന്ന കാറ്റിൽ പാറിപ്പറന്ന മുടിയിഴകളൊതുക്കി ബ്രിഡ്ജിൻ്റെ ദൂരക്കാഴ്ച ആസ്വദിച്ചു. Waitemata ഹാർബറിന് കുറുകെ 8 ലൈൻ ട്രാഫിക്കുള്ള ഓക്ക് ലാൻഡ് ഹാർബർ ബ്രിഡ്ജ്, നഗരത്തെ വടക്കൻ തീരവുമായി ബന്ധിപ്പിക്കുന്നു. ഓക്ക്ലാൻഡ് സ്കൈ ടവർ ( sky tower) നഗരത്തിൻ്റെ മുഖമുദ്രയായി മാറിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതികളിൽ രണ്ടാം സ്ഥാനത്താണ് സ്കൈ ടവർ. 360 ഡിഗ്രിയിൽ ഓക്ക്ലാൻഡ് നഗരക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന സ്കൈ ടവറിൽ ഒരു റിവോൾവിംഗ് റെസ്റ്റോറൻ്റ് , സ്കൈ വാക്കിംഗ് , ഗ്ലാസ്സ് പതിച്ച പാതയിലൂടെയുള്ള ആഴ കാഴ്ചകൾ, ടെലിസ്കോപിക് കാഴ്ചകൾ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളുണ്ട്. സ്കൈ sവർ കാഴ്ചകൾ കാണാൻ ടൂർ മാനേജർ ബാബുവിൻ്റെ കുടുംബവും ഞങ്ങളോട് കൂടെ ചേർന്നു.
ദിവസത്തിൻ്റെ ഏറ്റവും സന്തോഷകരമായ അനുഭവം രാത്രി ഭക്ഷണമായിരുന്നു. പഴയൊരു റെയിൽവേ സ്റ്റേഷൻ്റെ ടിക്കറ്റിങ്ങ് കൗണ്ടറും മറ്റും മാറ്റമില്ലാതെ സംരക്ഷിച്ചിട്ടുള്ള മനോഹരമായ കെട്ടിടത്തിൻ്റെ ഒരു ഭാഗത്താണ് അത്താഴമൊരുക്കിയിരുന്ന തെക്കേ ഇന്ത്യൻ ഭക്ഷണശാല. അങ്ങനെ നാടു വിട്ടതിന് ശേഷം ഇഡ്ഢലിയും ദോശയും പൂരിയും വടയും പായസവും ചേർന്ന ഗംഭീരമായ നാടൻ ഭക്ഷണം മതിവരുവോളം കഴിച്ചു. ബാബുവിൻ്റെ സഹധർമ്മിണിയുടെ വക കേസരിയും കിവിപ്പഴങ്ങളും കൂടി ചേർന്നപ്പോൾ വയറും മനസ്സും നിറഞ്ഞ് ഹോട്ടൽ ഹോളിഡേ ഇന്നിൽ ചേക്കേറി.
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ചെക്കൗട്ട് ചെയ്ത് യാത്ര തുടങ്ങി. John Ronald Reuel Tolkien ഭാവനയിൽ സൃഷ്ടിച്ച മിഡിൽ എർത്ത് ( Middle-earth ) എന്ന പുരാതന ലോകത്തെ ഹോബിറ്റുകളുടെ വാസസ്ഥലമായ The Shire ന് Peter Jackson എന്ന ഹോളിവുഡ് സംവിധായകൻ ഒരുക്കിയ വേദി ( Hobbiton movie set ) കാണുകയാണ് ആദ്യ ലക്ഷ്യം. ഒരു സ്വകാര്യ ചെമ്മരിയാട് ഫാം ആണ് അദ്ദേഹം അതിനായി കണ്ടെത്തിയ ഭൂമിക. നോർത്ത് ഐലൻഡിലെ Waikato പ്രദേശത്ത് Matamata എന്ന സ്ഥലത്താണ് അതിമനോഹരമായ അലക്സാണ്ടർ ഫാം സ്ഥിതിചെയ്യുന്നത്. The Lord of the Rings, The Hobbit എന്നീ film trilogies ൽ ഹോബിറ്റുകളുടെ സ്വന്തം വാസസ്ഥാനമായ The Shire അനേകം ഹോബിറ്റുകളുടെ ഗൃഹങ്ങളും (hobbit holes) തടാകവും പുൽമേടുകളും പൂക്കളും കായ്കളും നിറഞ്ഞ സ്വച്ഛസുന്ദര ഗ്രാമമാണ്.
കാനഡക്കാരിയായ ഡാനി എന്ന ചുറുചുറുക്കുള്ള സുന്ദരിപ്പെൺകുട്ടിയായിരുന്നു ഹോബിറ്റോൺ ടൂർ ഗൈഡ്. ഹോബിറ്റോൺ ബസ്സിൽ ഞങ്ങൾ നേരെ " The Shires Rest Cafe" യിലെത്തി സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഉച്ച ഭക്ഷണം കഴിച്ചു. മുഖവുരയായി ഡാനി ഹോബിറ്റ്, ലോർഡ് ഓഫ് ദ റിങ്സ് കഥകൾ ചുരുക്കി വിവരിച്ചു. ന്യൂസിലാൻഡ് യാത്രക്ക് മുമ്പ് The Hobbit trilogy കണ്ടിരുന്നതിനാൽ ആ ചുറ്റുപാടുകൾ പരിചിതമായി തോന്നി. ഹോബിറ്റ് ഹോളുകളുടെ വട്ടത്തിലുള്ള വാതിലുകളും മനോഹരമായ കൊച്ചു പൂന്തോട്ടങ്ങളും വേലികളും കാഴ്ചക്കാരെ പുരാതനമായ middle - earth ലെത്തിച്ചു.
വിപുലമായ തിരച്ചിലിനൊടുവിലാണ് പീറ്റർ ജാക്ക്സൺ Matamata ടൗണിനടുത്തുള്ള 1250 ഏക്കറുള്ള അലക്സാണ്ടർ ഫാം കണ്ടു പിടിച്ചതത്രെ. മിഡിൽ എർത്ത് വെള്ളിത്തിരയിലെത്തിക്കുമ്പോൾ ഹോബിറ്റുകൾ എന്ന ചെറിയ മനുഷ്യരുടെ സ്വന്തം Shire അവിടെ തന്നെ എന്ന് അദ്ദേഹം തീരുമാനിച്ചു. ഫാമിൻ്റെ ഒരു ഭാഗത്ത് ഹോബിറ്റ് ഹോളുകൾ സൃഷ്ടിച്ചു. ബിൽബോ ബാഗിൻസ് ( Bilbo Baggins) എന്ന പ്രധാന കഥാപാത്രത്തിൻ്റെ Bag End എന്ന ഹോബിറ്റ് ഹോൾ സിനിമയിൽ കണ്ട പോലെ തന്നെ കാണപ്പെട്ടു. മുറ്റത്തെ കൊച്ചു പൂന്തോട്ടവും ബിൽബോ ഇരുന്നിരുന്ന ചാരു ബെഞ്ചും വായിച്ചിരുന്ന പുസ്തകവും വരെ പുറത്ത് ഒരുക്കിയിട്ടുണ്ട്. പക്ഷെ ഉൾഭാഗം ശൂന്യമാണത്രെ. ഉൾഭാഗത്തെ രംഗങ്ങളെല്ലാം Wellington ലുള്ള സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. എങ്കിലും മറ്റു ചില ഹോബിറ്റ് ഹോൾസ് യാത്രികർക്കായി ഉൾവശം മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു.
ബാഗെൻഡിന് പുറകിലായി Party Tree പടർന്ന് പന്തലിച്ച് നിന്നു. കഥയിൽ ഓക്ക് പോലെ ഒരു മരമാണ് പാർട്ടി ട്രീ. ആഘോഷങ്ങളുടെയും ഉയിർത്തെഴുന്നേൽപിൻ്റെയും ബിംബമായാണ് കഥയിൽ വിവക്ഷിച്ചതെങ്കിലും ഇവിടെ സ്റ്റീലും സ്പോഞ്ചും കൊണ്ട് നിർമ്മിച്ച ചായം കൊടുത്ത ഇലകളുമായി ഒരിനം പൈൻ മരമാണ് പാർട്ടി മരമായി ഋതുഭേദങ്ങളറിയാതെ പടർന്ന് പന്തലിച്ച് നിൽക്കുന്നത്.
ചെറിയൊരു കുന്നിൻ ചെരിവിലൂടെ താഴെയിറങ്ങി തടാകക്കരയിലൂടെ Green Dragon Inn ൽ എത്തി. Shire ൽ ഹോബിറ്റുകളുടെ കൂടിച്ചേരൽ വേദിയാണ് Green Dragon Inn. അവിടെ ഞങ്ങളും ഹോബിറ്റുകളായി, രുചികരമായ ജിഞ്ചർ വൈൻ നുണഞ്ഞ് മിഡിൽ എർത്തിൻ്റെ ഭ്രമകൽപനയിൽ മുഴുകി. ഇവിടെയാണ് Bilbo , Thorin മുതലായ dwarves ൻ്റെ കൂടെ ചേർന്ന് അവരുടെ സാഹസികജ്ഞത്തിൻ്റെ ഭാഗമായത്.
പുറത്തെ കൗതുകവസ്തുക്കൾ വിൽക്കുന്ന ഷോപ്പിൽ Gandalf എന്ന മാന്ത്രിക കഥാപാത്രത്തിൻ്റെ പൂർണ്ണകായ ശിൽപത്തോടൊപ്പം ഒരു ഫോട്ടോയെടുത്ത് ചില്ലറ ഷോപ്പിംഗും ചെയ്ത് തിരികെ ബസ്സിൽ കയറി. നോക്കെത്താദൂരത്തോളും പച്ചവിരിച്ച പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങൾ. കൃഷിയും വായനയുമായി കഴിയാനിഷ്ടപ്പെടുന്ന ഹോബിറ്റുകൾക്ക് ഇതിലും മനോഹരമായ ഇടം എവിടെ ലഭിക്കാനാണ്! ഇവിടം വിട്ടാണല്ലോ ബിൽബോ ടൂറിൻ്റെയും കൂട്ടരുടേയും കൂടെ സാഹസിക ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത് !
ഭാവനാസൃഷ്ടികൾ മനുഷ്യ ജീവിതത്തിന് എന്തു മാത്രം പ്രധാനമാണെന്ന് ഓർത്തു പോയി. കലയും കഥയും കളിയും ഇല്ലെങ്കിൽ ജീവിതം വറ്റി വരണ്ട പുഴ പോലെ ശുഷ്കം. മിഡിൽ എർത്തിൻ്റെ കഥ മെനഞ്ഞ J.R.R Tolkien, അതിന് ദൃശ്യഭാഷ്യം ചമച്ച Peter Jackson, അതിനായി പ്രവർത്തിച്ചവർ, മൂവി സെറ്റിൻ്റെ ഭാഗങ്ങൾ കാര്യക്ഷമതയോടെ സംരക്ഷിക്കുന്നവർ എല്ലാവരും അവിടം സന്ദർശിക്കുന്നർക്ക് പകർന്നു നൽകുന്നത് മറക്കാനാവാത്ത അനുഭവമാണ്.
Bay of Plenty റീജിയനിലുള്ള Rotorua ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഇൻ്റേണൽ ഫ്ലൈറ്റുകളിൽ 23 കിലോ മാത്രമേ അനുവദനീയമായുള്ളൂ എന്നതിനാൽ കാര്യമായ ഷോപ്പിംഗ് ഒന്നും ചെയ്തിരുന്നില്ല. Rotorua യിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന Arawa Park Hotel നടുത്ത് ഒരു Pak'n Save store ഉണ്ടായിരുന്നു. ടൂർ അവസാനത്തോട് അടുക്കുകയായതിനാലും Pak'n save എന്ന സൂപ്പർ മാർക്കറ്റ് ശൃംഖല ന്യായവിലയിൽ ഗുണനിലവാരമുള്ള സാധങ്ങൾ വിൽക്കുന്നതാണെന്ന ബാബുവിൻ്റെ അനുഭവജ്ഞാനം പകർന്നു തന്ന അറിവിനാലും അവിടെ നിന്ന് ഓസ്ട്രേലിയ ന്യൂസിലാൻഡ് ജനപ്രിയ സാധനങ്ങൾ വാങ്ങി ഹോട്ടലിലേക്ക് നടന്നു. ലഗ്ഗേജ് ബസ്സിൽ ഹോട്ടലിലെത്തിച്ചിരുന്നു. സുഖകരമായ കുളിരും അരികുകളിൽ തളിരണിഞ്ഞും പുഷ്പിച്ചും നിൽക്കുന്ന വൃക്ഷങ്ങൾ നിറഞ്ഞ വഴിത്താരകളും ആളും ബഹളവുമില്ലാത്ത ശാന്തതയും ആ നടപ്പ് അവിസ്മരണീയമാക്കി.
Hotel Arawa Park ൽ (Arawa എന്നത് ഒരു മാവോറി ഗോത്രനാമമാണ്) വിശാലമായ മുറി, പുറത്തെ റേസ് കോഴ്സിന് അഭിമുഖമായ ബാൽക്കണി, പുറത്തെ കാഴ്ചകളാസ്വദിച്ച് കുളിക്കാവുന്ന മനോഹരമായ ഒരു ബാത്ത് ടബ്ബ് എന്നിങ്ങനെ ആഡംബര സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പക്ഷെ ഒന്നും ശരിയായി ആസ്വദിക്കാൻ സമയമില്ലായിരുന്നു. തെല്ലു നേരം ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ അടുത്തു നിന്നിരുന്ന ഒരു വില്ലോ മരം തലയാട്ടി Kia Ora എന്ന് ഉപചാരം ചൊല്ലി. Kia Ora എന്നാൽ സ്വാഗതം ചെയ്യാനും നല്ലത് ആശംസിക്കാനും സൗഹൃദ സൂചകവുമായുമൊക്കെ ഉപയോഗിക്കുന്ന മാവോറി ആശംസാവചനമാണ്.
കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന Stratosfare restaurant ലാണ് അത്താഴം ഒരുക്കിയിരുന്നത്. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. കേബിൾ കാറിലാണ് കുന്നിൻ മുകളിലേക്ക് പോയത്. വിഭവ വൈവിധ്യം കൊണ്ടും രുചിഭേദങ്ങൾ കൊണ്ടും പുറക്കാഴ്ചകൾ കൊണ്ടും ഹൃദ്യമായി രാത്രി ഭക്ഷണം. മടങ്ങുമ്പോൾ തണുപ്പ് നേർത്ത സൂചിമുനകൾ നീട്ടിത്തുടങ്ങിയിരുന്നു. നാളെയാണ് യാത്രയുടെ അവസാന ദിവസം. യാത്രയുടെ ക്ഷീണവും ഭക്ഷണത്തിൻ്റെ നിറവും കൺപോളകളിൽ കനം തൂക്കി.
പ്രീത രാജ്
മനോഹരമായ വിവരണം 👍 അഭിനന്ദനങ്ങൾ 💕
ReplyDeleteSo proud of you dear Preetha.
ReplyDeleteExcellent narration. 🙏❤️