അഗ്നിപർവ്വതച്ചെമ്പിൽ തിളക്കുന്ന മൺകുഴമ്പ്

അഗ്നിപർവ്വതച്ചെമ്പിൽ തിളക്കുന്ന മൺകുഴമ്പ്

2,40,000 വർഷങ്ങൾക്ക് മുമ്പ് പൊട്ടിത്തെറിച്ച അഗ്നിപർവ്വതം സൃഷ്ടിച്ച കുഴിയിൽ ( Rotorua Caldera ) മഴ വെള്ളം നിറഞ്ഞുണ്ടായ റൊട്ടോർവ തടാകത്തിൻ്റെ കരയിലാണ് തപിക്കുന്ന ഭൂമി സൃഷ്ടിക്കുന്ന അത്ഭുതങ്ങളുടെയും മാവോറി സാംസ്കാരിക പൈതൃകത്തിൻ്റെയും കാഴ്ചകളൊരുക്കുന്ന  റൊട്ടോർവ നഗരം സ്ഥിതിചെയ്യുന്നത്. Rotorua Caldera യിൽ അവസാനമായി അനിപർവ്വത സ്ഫോടനം നടന്നത് 25,000 വർഷങ്ങൾക്ക് മുമ്പാണത്രെ.
അവിടെ ഇപ്പോഴും തിളച്ചു മറിയുന്ന മൺകുളങ്ങളും ചീറ്റിത്തെറിക്കുന്ന ചൂടുവെള്ളവും ഇടയിലെ വിള്ളലുകളിലൂടെ ചൂടുവമിപ്പിക്കുന്ന പാറക്കെട്ടുകളുമുണ്ട്. പച്ചച്ചേല ചുറ്റി  വനപുഷ്പങ്ങളണിഞ്ഞ് നീലത്തടാകങ്ങളിൽ കണ്ണാടി നോക്കി നിൽക്കുന്ന പ്രകൃതി സുന്ദരിക്കും ഉള്ളിൽ തിളയ്ക്കുന്ന കോപതാപങ്ങൾ എപ്പോഴെങ്കിലുമൊക്കെ വമിപ്പിച്ചല്ലേ മതിയാകൂ, 

പ്രഭാത ഭക്ഷണത്തിന് ശേഷം ഹോട്ടലിൻ്റെ അടുത്തു തന്നെയുള്ള Te Puia യിലേക്കാണ് പോയത്. മാവോരി കല- കരകൗശല കേന്ദ്രം (Newzealand Maori Arts and crafts institute), കിവി സംരക്ഷണ കേന്ദ്രം (Kiwi conservation Centre),  Whakarewarewa Geothermal valley  എന്നിവ സന്ദർശിക്കുകയാണ് ലക്ഷ്യം. കമാനാകൃതിയിലുള്ള പ്രവേശനകവാടത്തിൽ മനോഹരമായ ശില്പങ്ങൾ തീർത്തിരുന്നു. കമാനം കടന്ന് അകത്തെത്തിയപ്പോൾ അനേകം  ശിൽപങ്ങളും ന്യൂസിലാൻഡിലെ ആദിവാസികളായ മാവോരി ജനതയുടെ ചരിത്രം ആലേഖനം ചെയ്ത ഫലകങ്ങളും ചേർന്ന് ഒരു ജനതയുടെ സംസ്കാരം അഭിമാനപൂർവ്വം പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു. ആയിരത്തിലേറെ വർഷങ്ങൾക്ക് മുമ്പാണത്രെ കിഴക്കൻ പോളിനേഷ്യയിൽ നിന്ന് ആദ്യ മാവോരികൾ നൗകയിൽ ( waka hourua എന്ന് മാവോരി ഭാഷ്യം) Newzealand (Aotearoa) യിൽ എത്തിയതത്രെ. പുതിയ തീരങ്ങൾ കണ്ടെത്തി അവർ തിരികെ പോയി കുടിയേറ്റ സംവിധാനങ്ങളുമായി മടങ്ങി വന്നു. നക്ഷത്രങ്ങളുടെ സ്ഥാനവും ഒഴുക്കിൻ്റെ ഗതിയും പക്ഷികളുടെയും തിമിംഗലങ്ങളുടെയും ദേശാടന രീതികളും പഠിച്ചാണത്രെ അവർ അത്തരമൊരു മടക്കയാത്ര സംഭവ്യമാക്കിയത്. 

മാവോരികളുടെ വായ് മൊഴിയായി പകർന്ന് കിട്ടിയ വിശ്വാസമനുസരിച്ച് പോളിനേഷ്യൻ ദ്വീപായ ഹവായ്കി(Hawaiki, a mythological island) യിൽ നിന്ന്, വർദ്ധിച്ച ജനസംഖ്യയും വിഭവങ്ങൾക്കായുള്ള  പോരാട്ടങ്ങളുമാണത്രെ Arawa ജനതയെ പുതിയ തീരങ്ങൾ തേടാൻ പ്രേരിപ്പിച്ചത്. അവർ നൗകയിൽ വടക്കൻ തീരത്തെത്തി കീഴക്കൻ തീരത്തിലൂടെ തെക്കോട്ട് സഞ്ചരിച്ച് Bay of Plenty റീജിയനിലുള്ള Maketu യിലെത്തി താമസമാരംഭിച്ചു. കുറച്ചു പേർ പിന്നെയും തെക്കു ദിശയിൽ സഞ്ചരിച്ച് വടക്കൻ ദ്വീപിൻ്റെ മധ്യഭാഗത്തുള്ള Tongario എന്ന സ്ഥലത്തും താമസമാക്കി. അവരുടെ പിൻമുറക്കാരാണത്രെ ഇന്നത്തെ മാവോരികൾ. 

കിവി സംരക്ഷണകേന്ദത്തിലേക്ക് പോകുന്നതിന് മുമ്പ് ന്യൂസിലാൻഡിൻ്റെ മുഖമുദ്രയായ വംശനാശം നേരിടുന്ന കിവി പക്ഷിയെ കുറിച്ച് Na Huia എന്നു പേരുള്ള  മാവോരി ഗൈഡ് വിശദീകരിച്ചു. മൂന്ന് പക്ഷികളെയാണ് അവിടെ അരണ്ട വെളിച്ച സംവിധാനം ഒരുക്കി സംരക്ഷിച്ചിരിക്കുന്നത്.  അധികം വലുപ്പമില്ലാത്ത കിവിപ്പക്ഷികൾക്ക് ഭൂമിയിലും ആകാശത്തും നായ്ക്കളടക്കം ഒരു പാട് ശത്രുക്കളുണ്ട്. ബാക്ടീരിയകളും പാരിസ്ഥിതിക പ്രശ്നങ്ങളുമൊക്കെ കാരണമാവാം കിവികൾ ഇടുന്ന പകുതിയോളം മുട്ടകൾ വിരിയാറില്ലത്രെ. ജീവിതകാലം മുഴുവൻ ഒരിണയുമായി കഴിയുന്ന കിവികൾ അടയിരിക്കുന്നതിലും തുല്യ പങ്കാളികളാണ്. അരണ്ട വെളിച്ചത്തിൽ കണ്ട കിവികൾ ദുർബലരായ പക്ഷികളാണ് എന്ന് തോന്നി. കിവികളെ സംരക്ഷിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളും അവിടെ ആലേഖനം ചെയ്തിരുന്നു. 

 ബഗ്ഗിയിൽ ഞങ്ങൾ ഭൂതാപ പരിസരത്തേക്ക് ( Geothermal Reserve) പുറപ്പെട്ടു. ഇളവെയിലും കുളിരുമുള്ള ആ പ്രഭാതത്തിൽ ബഗ്ഗിയിൽ നിന്നിറങ്ങി ഇരുവശവും ന്യൂസിലാൻഡിൻ്റെ തനത് സസ്യജാലങ്ങൾ നിറഞ്ഞു നിന്നിരുന്ന പാതയിലൂടെ നടക്കുമ്പോൾ Huia പ്രധാന സസ്യജാലങ്ങളെ പരിചയപ്പെടുത്തി. ന്യൂസിലാൻഡിലെ പ്രശസ്തമായ മനുക തേനിൻ്റെ (Manuka Honey)  ഉറവിടങ്ങളായ മനുക (Manuka), കനുക ( Kanuka ) ചെടികൾ വഴിക്കിരുവശവും സമൃദ്ധമായി ശ്വേത പുഷ്പങ്ങളണിഞ്ഞ് നിന്നിരുന്നു. ഒറ്റനോട്ടത്തിൽ വ്യത്യാസമൊന്നും തോന്നില്ല. മനുക പെൺചെടിയും കനുക ആൺചെടിയും ആണ്. മനുകയുടെ ഇലകൾക്ക് കടും പച്ചനിറവും പൂക്കൾ താരതമ്യേന വലുതുമാണ്. മാവോരികൾ മനുക കനുക ചെടികളുടെ തടി കുന്തം തുടങ്ങിയ ആയുധങ്ങളും മറ്റുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. അണു നാശകമായ  ന്യൂസിലാൻഡ് ടീ ട്രീ ഓയിൽ ( Tea tree oil) ഉണ്ടാക്കുന്നതും മനുക, കനുക ചെടികളിൽ നിന്നാണ്. ഓസ്ട്രേലിയയിലെ തെക്കുകിഴക്കൻ ക്വീൻസ് ലാൻഡിലും ന്യൂ സൗത്ത് വെയിൽസിൻ്റെ വടക്കുകിഴക്കൻ തീരങ്ങളിലും സമൃദ്ധമായി വളരുന്ന ടീ ട്രീയുടെ ഇലകളിൽ നിന്നാണ് പ്രധാനമായും ടീ ട്രീ ഓയിൽ നിർമ്മിക്കുന്നതെങ്കിലും ന്യൂസിലാൻഡ് ടീ ട്രീ ഓയിലും മികച്ച അണുനാശക ഗുണങ്ങളുള്ളതാണ്.

Whakarewarewa Geothermal valley  അത്ഭുതങ്ങളുടെ താഴ്‌വരയാണ്. ചൂടുവെള്ളം ചീറ്റുന്ന Pohutu Geyser, തിളയ്ക്കുന്ന ചെളിക്കുളങ്ങൾ ( mud pools), ചൂടു വമിപ്പിക്കുന്ന വെൺപാറകൾ എന്നിങ്ങനെയുള്ള  മായക്കാഴ്ചകൾ അവിസ്മരണീയമായ അനുഭവമായി. Pohutu geyser ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ geyser ആണ്. Pohutu എന്ന പദത്തിന് മാവോരിയിൽ നിരന്തരമായ തെറിപ്പിക്കൽ /ചീറ്റൽ( constant splash) എന്നാണ് അർത്ഥം.  ഒരു മണിക്കൂറിൽ ഒന്നോ രണ്ടോ തവണ ചീറ്റിത്തെറിക്കുന്ന Pohutu,  30 മീറ്റർ ഉയരത്തിൽ വരെ എത്തും. 1800 കളിൽ വടക്കൻ ദ്വീപിൽ അഞ്ച് പ്രധാന geyser പ്രദേശങ്ങൾ ഉണ്ടായിരുന്നതിൽ പ്രകൃതിദത്തമായ കാരണങ്ങളാലും മനുഷ്യരുടെ ഇടപെടൽ കാരണവും ചിലതൊക്കെ നശിപ്പിക്കപ്പെട്ടു. ഏതായാലും Pohutu geyser ഇവിടെ കരുതലോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

അഗ്നിപർവ്വതപ്രദേശങ്ങളിലെ ചൂടുപിടിച്ച വെള്ളത്തിൽ നിന്നുയരുന്ന നീരാവിയും വാതകങ്ങളും ചേർന്ന അമ്ല മിശ്രിതം പ്രദേശത്തെ പാറകളെ ദ്രവിപ്പിച്ച് കളിമണ്ണാക്കി മാറ്റുന്നു. വമിച്ചു കൊണ്ടിരിക്കുന്ന വാതകങ്ങളും നീരാവിയും കളി മണ്ണിലൂടെ പുറത്തു കടക്കുന്നതാണ് കുമിളകളായും ആവിയായും തിളക്കുന്ന ചെളിക്കുളങ്ങൾ സൃഷ്ടിക്കുന്നത്. ഈ കളിമണ്ണ് ഔഷധ ഗുണമുള്ളതാണെന്ന് കരുതപ്പെടുന്നു. Te Puia യിലെ ഏറ്റവും വലിയ 'The cherished ones of Koko' mud pool,  6 മുതൽ10 മീറ്റർ വരെ ആഴമുള്ളതാണ്.  ചെളിക്കുളത്തിലെ പോപ്പിംഗ് ശബ്ദം ചാടുന്ന തവളകളെ ഓർമ്മിപ്പിക്കുന്നതിനാൽ യൂറോപ്യന്മാർ നൽകിയ  Frog pool എന്ന പേരിലും ഈ mud pool അറിയപ്പെടുന്നു. ഇവിടെ തിളക്കുന്ന കളിമണ്ണ് 95 ഡിഗ്രി വരെ ചൂടാകുമത്രെ.

മാവോരി കലാ കരകൗശല കേന്ദ്രം (New Zealand  Maori Arts and Crafts Institute) മരത്തിലും കല്ലിലും അസ്ഥിയിലും മാവോരി സംസ്കാരത്തിലധിഷ്ഠിതമായ കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണം, ചിത്രരചന, നെയ്ത്ത് എന്നിവ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ്. പൈതൃകത്തെ സംരക്ഷിക്കുക മാത്രമല്ല,  പ്രൗഢമായി അഭിമാനത്തോടെ മാവോരി സാംസ്കാരിക പൈതൃകവും തനത് കരകൗശലവിദ്യകളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിക്കുന്നു. ഇത്ര പ്രൗഢിയോടെ നിവർന്നു നിന്ന് നോക്കൂ ഇതാണ് ഞങ്ങളുടെ പൈതൃകം, ഇതാണ് ഞങ്ങൾ കടന്നു വന്ന വഴികൾ, ഞങ്ങളതിൽ അഭിമാനം കൊള്ളുന്നു എന്ന് ലോകത്തോട് വിളിച്ചു പറയാൻ ലോകത്ത് എത്ര ആദിവാസി സമൂഹങ്ങൾക്ക് കഴിയും? മറ്റു പല ആദിവാസി ജനതയുമായി മാവോരികൾക്കുള്ള പ്രധാന വ്യത്യാസം അവർ മുഖ്യധാരയുമായി ചേർന്ന് നീങ്ങുന്നു എന്നതായിരിക്കാം. മിക്കവാറും എല്ലാവരും മുഖ്യ ഭാഷയായ ഇംഗ്ലീഷ് സംസാരിക്കും. te reo Maori എന്ന തനത് ഭാഷ ഈയിടെയായി കൂടുതൽ ആളുകൾ പഠിക്കുന്നുണ്ടത്രെ.

Arts and Crafts Institute ൽ നിന്ന് ഇറങ്ങി ഞങ്ങൾ Huia യുടെ നിർദ്ദേശാനുസരണം മനോഹരമായ കൊത്തുപണികളുള്ള ഒരു കെട്ടിടത്തിൻ്റെ വിശാലമായ മുറ്റത്തിൻ്റെ ഇങ്ങേയറ്റം പടിപ്പുര പോലെയുള്ള ഒരു കെട്ടിൽ നിലയുറപ്പിച്ചു. Te Aronui a Rua എന്ന മാവോരികൾ പവിത്രമായി കാണുന്ന ഇടമാണ് ആ കെട്ടിടം. അവിടേക്ക് അവർ പരമ്പരാഗത രീതിയിൽ സ്വീകരണം നൽകുമെന്നും ആരും പരിഹസിക്കുകയോ ഉറക്കെ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുതെന്നും Huia മുന്നറിയിപ്പ് നൽകി. അവിടെ കൂടിയ ആളുകളിൽ നിന്ന് ഒരു പ്രതിനിധി മുന്നോട്ട് പോയി സ്വീകരണം ഏറ്റുവാങ്ങണം. ഞങ്ങളുടെ ടൂർ മാനേജർ ബാബുവാണ് പ്രതിനിധിയായി മുന്നോട്ട് പോയത്. മറു പുറത്ത് നിന്ന് ചടുലമായ ചുവടുകൾ വച്ച് മുന്നേറുന്ന ആളുടെ മുഖം ഭാവം കണ്ട് പുറകിൽ നിൽക്കുന്നവർ ശ്വാസം പിടിച്ച് നോക്കി നിന്നു. മാവോരി നേതാവ് ചുവടുകൾ വച്ച് ഒരു ഇലക്കെട്ട് നിലത്തിട്ടു. Huia യുടെ നിർദ്ദേശ പ്രകാരം ബാബു അതെടുത്തു. അങ്ങനെ Pohiri എന്ന ഉദ്വേഗപൂർണമായ മാവോരി ചടങ്ങിനൊടുവിൽ സ്വാഗതം സ്വീകരിച്ച് തടി കഴിച്ചിലായ ബാബുവിന് പുറകെ ഞങ്ങൾ മുന്നോട്ട് നീങ്ങി.

Te Aronui a Rua യിൽ ഞങ്ങളെ കാത്തിരുന്നത് സംഗീതവും മന്ത്രോച്ചാരണങ്ങളും ( Waiata & Moteatea)  സുന്ദരികളും സുന്ദരന്മാരുമായ ഒരു സംഘം നർത്തകർ അവതരിപ്പിച്ച നൃത്തങ്ങളുമായിരുന്നു. Poi എന്ന ഗോളാകൃതിയിയുള്ള  ഉപകരണം ഉപയോഗിച്ചുള്ള നൃത്തവും തീവ്രമായ പോർ നൃത്തവും ചേർന്ന് നല്ല ദൃശ്യശ്രാവ്യ വിരുന്നു സൽക്കാരം സ്വീകരിച്ച് മടങ്ങുമ്പോൾ ഇങ്ങനെ തന്നെ വേണം പൈതൃകത്തെ ആദരിക്കാൻ എന്ന് തോന്നി.  ഒരു പക്ഷെ ഇംഗ്ലീഷ് എന്ന യൂണിവേഴ്സൽ ഭാഷയിലുള്ള പ്രാവീണ്യമാവാം അവരെ അതിന് പ്രാപ്തരാക്കുന്നത്. 

തിരികെ Rotorua യിലെത്തി Mamma Rosa Restaurant & Pizzeria യിൽ നിന്ന് പിസ്സ കഴിച്ച് മുമ്പിലെ ആളൊഴിഞ്ഞ വഴിയിലൂടെ വെറുതെ നടന്നു. മറ്റുള്ളവർ കഴിച്ചു കഴിഞ്ഞിരുന്നില്ല. അവിടെ ഒരു elm മരത്തിൻ്റെ ഇലച്ചാർത്തിനടിയിൽ ഒരു ചാരുബെഞ്ചിൽ,  പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മീതെ തത്തി നടക്കുന്ന ഗൾ ( gull) പക്ഷികളെ നോക്കിയിരുന്നു. എല്ലാവരും ഇറങ്ങിയപ്പോൾ കൂടെ നടന്നു. പാസ്സ്പോർട്ട്  വെച്ചിരുന്ന ബാഗ് എടുത്തില്ലെന്ന് ഓർത്തു പരിഭ്രമത്തോടെ  തിരിച്ചു നടക്കുമ്പോൾ സംഘാംഗമായ ലിസി അതെടുത്ത് നടന്നു വരുന്നത് കണ്ടപ്പോൾ ആശ്വാസമായി. അശ്രദ്ധ ആപത്തിലെത്താതെ കഴിച്ചിലായി.

ഓക്ക് ലാൻഡിന് തെക്കു ഭാഗത്തായി Waikato റീജിയനിലാണ്  ചുണ്ണാമ്പ് കല്ല് പാറകൾ കൊണ്ട് നിർമ്മിതമായ Waitomo caves സ്ഥിതി ചെയ്യുന്നത്. Rotorua യിൽ നിന്ന് ഏകദേശം രണ്ടു മണിക്കൂർ യാത്ര ചെയ്യണം ഞങ്ങളുടെ  അടുത്ത ലക്ഷ്യമായ Waitomo Glow worm caves ലേക്ക്. Waitomo യുടെ പച്ച പുതച്ച  ഉപരിതലത്തിനടിയിൽ അനേകം ചുണ്ണാമ്പുകല്ല് ഗുഹകളുണ്ട്. Waitomo Glow worm caves, Ruakuri Cave,  Aranui Cave, Piripiri Cave എന്നിവയാണ് പ്രദേശത്തെ പ്രധാന ഗുഹകൾ. 

Wai എന്നാൽ മാവോരി ഭാഷയിൽ വെള്ളം എന്നും tomo എന്നാൽ ദ്വാരം എന്നുമാണത്രെ അർത്ഥം. Waitomo എന്നാൽ മാവോരിയിൽ ഒരു ദ്വാരത്തിലൂടെ കടന്നു പോകുന്ന വെള്ളം എന്ന് അർത്ഥം. Waitomo Glow Worm Caves ൻ്റെ അടിഭാഗത്തു കൂടി Waitomo  അരുവിയൊഴുകുന്നു. ആ അരുവി ഗുഹയിലേക്ക് കടക്കുന്ന ഭാഗത്ത് കൂടിയാണ് 1987 ൽ Tane Tinorau എന്ന മാവോരി തലവൻ Fred Mace എന്ന യൂറോപ്യൻ സർവ്വേയറുമായി ഒരു ചങ്ങാടത്തിൽ ഗുഹയിലേക്ക് പ്രവേശിച്ചത്. അതിനും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ഗുഹയെ പറ്റി മാവോരികൾക്ക് അറിയാമായിരുന്നത്രെ. അകത്തേക്ക് പ്രവേശിച്ച Tinorau ഉം Mace ഉം ഗുഹയുടെ മുകൾ ഭാഗത്ത് മിന്നിത്തിളങ്ങുന്ന അനേകായിരം glow worms നെയും മെഴുകുതിരി വെട്ടത്തിൽ ഗുഹക്കുള്ളിൽ ചുണ്ണാമ്പു കൽ നിർമ്മിതികളും കണ്ടത്തി. ഗുഹയുടെ മുകളിലെ പ്രവേശന ദ്വാരം Tinorau തനിച്ച് പിന്നീട് കണ്ടെത്തി. അദ്ദേഹവും ഭാര്യ Huti യും  ചെറിയൊരു പ്രവേശനഫീസ് ഈടാക്കി സന്ദർശകരെ ഗുഹയിലേക്ക് നയിക്കാൻ തുടങ്ങി.1905 ൽ Waitomo caves ഗവൺമെൻ്റ് ഏറ്റെടുത്തു. 1989 ൽ വീണ്ടും Tinorau ൻ്റെ പിൻഗാമികൾക്ക് കൈമാറി. ഇപ്പോൾ അവിടത്തെ ജീവനക്കാരൊക്കെ Tinorau - Huti ദമ്പതിമാരുടെ പിൻമുറക്കാരാണത്രെ.

ഒരു ഗൈഡിൻ്റെ സഹായത്തോടെ ഞങ്ങൾ ഗുഹയുടെ മുകളിലെ പ്രവേശനകവാടത്തിലൂടെ അകത്തു കടന്നു. നിരനിരയായി സജ്ജീകരിച്ചിരുന്ന മങ്ങിയ വൈദ്യുതി വിളക്കുകൾ സഞ്ചാരം സുഗമമാക്കി. സർക്കാർ ഏറ്റെടുത്തതിനുശേഷമാണ് വിളക്കുകളൊക്കെ സ്ഥാപിച്ചത്. അതിനു മുമ്പ് മെഴുകുതിരി നാളത്തിൻ്റെയും ഹരിക്കേൻ വിളക്കിൻ്റെയും പന്തത്തിൻ്റെയുമൊക്കെ സഹായത്താലാണ് ഗുഹയിലേക്ക് പ്രവേശിച്ചിരുന്നത്.  മുകളിലെ ദുർബല ഭാഗങ്ങളിലൂടെ തുള്ളിയായി വീഴുന്ന വെള്ളത്തിലെ കാൽസ്യം കാർബണേറ്റ് അടിഞ്ഞ്   മുകളിൽ നിന്ന് താഴേക്കും( stalactites ) താഴെനിന്ന് മുകളിലേക്കും ( stalagmites ) നിർമ്മിതികൾ ഉണ്ടാകുന്നു. അത്തരം നിർമ്മിതികൾ ഗുഹാന്തർ ഭാഗത്ത് ധാരാളമുണ്ട്. 

രണ്ടു നിലകളിലായി 1300 മീറ്റർ നീളത്തിൽ വഴികളുടെ ശൃംഖലയും വലിയ അറകളുമുള്ള സങ്കീർണ്ണമായ ഗുഹയാണ് waitomo Glow worm caves. കത്തീഡ്രൽ എന്നു വിളിക്കുന്ന ഏറ്റവും വലിയ അറ മികച്ച ശബ്ദ ക്രമീകരണമുള്ളതാണത്രെ. പ്രഗത്ഭർ പാടിയിട്ടുള്ള അവിടെ സംഘത്തിലെ വാനമ്പാടി പ്രൊ.ലളിത ഒരു ഗാനമാലപിച്ചു. താഴത്തെ നിലയിലേക്കിറങ്ങിയപ്പോൾ മിന്നിത്തിളങ്ങുന്ന glow worms കൂടുതലായി കാണപ്പെട്ടു. വളരെ ചെറിയ ജീവിതചക്രമുള്ള ഒരു തരം പ്രാണിയുടെ ലാർവയും ലാർവയുള്ള പെൺ പ്രാണികളുമാണത്രെ ഇങ്ങനെ മിന്നിത്തിളങ്ങുന്നത്. Waitomo അരുവിയിലൂടെ ഒരു വഞ്ചിയിൽ നീങ്ങുമ്പോൾ ഇരുണ്ട ആകാശത്തെ നക്ഷത്രക്കാഴ്ച ഭൂമിക്കടിയിലും കാണായി. വഞ്ചിയിൽ ഗുഹാമുഖത്തെത്തുമ്പോൾ ഒരു മായാ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന പ്രതീതി. എന്തു കൊണ്ടും ടൂറിൻ്റെ അവസാന ദിനം അവിസ്മരണീയമായി.

ഓക്ക് ലാൻഡിലേക്കുള്ള മടക്കയാത്രയിൽ ഒരു ഇന്ത്യൻ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണവും ജിഞ്ചർ വൈനും ഗംഭീരം. ഓക്ക്ലാൻഡ് വിമാനത്താവളത്തിനടുത്തുള്ള ഹോളിഡെ ഇന്നിൽ ചെക്ക് ഇൻ ചെയ്ത് മടക്കയാത്രക്കുള്ള പാക്കിങ്ങിൽ വ്യാപൃതരായി. 

മലേഷ്യൻ ഹോസ്പിറ്റാലിറ്റി എന്ന് ഓരോ യാത്രയ്ക്കിടയിലും ഇടക്കിടെ പറയുമെങ്കിലും അതത്ര കേമമായി തോന്നിയില്ല മടക്കയാത്രയിൽ.  ഓക്ക്ലാൻഡ്  വിമാനത്താവളത്തിൽ ചെക്കിൻ ബൂത്തുകളൊന്നും ശരിയായി പ്രവർത്തിച്ചിരുന്നില്ല. സഹായികളായി വന്ന മലേഷ്യ എയർലൈൻസ് ജീവനക്കാർക്കു പോലും ചെക്കിൻ പൂർത്തിയാക്കിത്തരാൻ ബുദ്ധിമുട്ടായിരുന്നു . ഒടുവിൽ എല്ലാ കടമ്പകളും കടന്ന് പതിനൊന്നര മണിക്കൂർ ദൈർഘ്യമുള്ള  ഓക്ക്ലാൻഡ്-ക്വാലാലംപൂർ ഫ്ലൈറ്റിൽ കയറിക്കൂടിയപ്പോഴും മേൽ പറഞ്ഞ ആതിഥ്യമര്യാദയൊന്നും കണ്ടില്ല. 

ക്വാലാലംപൂർ - കൊച്ചി മലേഷ്യ എയർലൈൻസ് വിമാനത്തിൽ ഗാഢമായ ഉറക്കത്തിലേക്ക് വീണു പോയി. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യാറായപ്പോൾ യാത്ര പുറപ്പെടുന്നതിന് മുമ്പുണ്ടായ ചെവിയുടെ ബാലൻസ് പ്രശ്നം തല പൊക്കി. അടുത്തിരുന്നിരുന്ന മായയുടെ കരുതലിനാലും കയ്യിൽ കരുതിയിരുന്ന മരുന്നിനാലും കൊച്ചിയിൽ ഇറങ്ങിയപ്പോഴേക്കും സുഖം പ്രാപിച്ചു. വിമാനത്താവളത്തിൽ സോമൻ സാർ കാത്തുനിന്നിരുന്നു. സോമൻസ് ലിഷർ ടൂർസ് വക ഫ്രെയിം ചെയ്ത ഗ്രൂപ്പ് ഫോട്ടോയും സ്വീറ്റ്സും വാങ്ങി കാബിലേക്ക്.

അക്ഷാംശങ്ങൾ കടന്നുള്ള യാത്രയിൽ, പോകുമ്പോൾ നഷ്ടപ്പെട്ട സമയം തിരിച്ച് നേടി കാലത്തിൻ്റെ ബാലൻസ് ഷീറ്റ് ടാലിയായി. അനുഭവങ്ങളുടെ ,  അറിവുകളുടെ, സൗഹൃദത്തിൻ്റെ ലാഭവുമായി കൊച്ചിയുടെ പരിചിതമായ വഴികളിലൂടെ വീടിൻ്റെ സൗഖ്യത്തിലേക്ക് !
Kia Ora!!

പ്രീത രാജ്

Comments

Post a Comment

Popular posts from this blog

തെക്കോട്ടിറക്കം- മെൽബൺ

ദക്ഷിണായനം - കെയ്ൻസ്

ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ്