Posts

സമീർ

Image
സമീർ സമീർ ഉച്ചത്തിൽ പാടി. ജുവനൈൽ ഹോമിന്റെ കെട്ടിടത്തിൽ എല്ലായിടത്തും അവന്റെ ശബ്ദം അലയടിച്ചു. ഡേവിഡ് സാറോ രാജൻ സാറോ ഇപ്പോഴെത്തും എന്നവൻ ഊറിച്ചിരിച്ചു. പാട്ട് ഇങ്ങനെ ഉച്ചസ്ഥായിയിൽ അനർഗളം ഒഴുകുമ്പോൾ അവർക്ക് ക്ഷമ നശിക്കും. നല്ല പച്ചത്തെറിപ്പാട്ടാണല്ലോ പാടണത്. ആരെങ്കിലും വന്ന് തലക്ക് ഒരു കിഴുക്കും ഒന്നു രണ്ട് ഇടിയും തരും. ഒറ്റപ്പെട്ട ഈ ഇരുട്ടു മുറിയിലെ വിരസതയിൽ അതും ഒരു രസം. ആരെങ്കിലും എത്തി, കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ചു നേരം മിണ്ടാതെ കിടക്കും. അങ്ങനെ കിടക്കുമ്പോൾ ഓർമകളുടെ മലവെള്ളപ്പാച്ചിൽ തുടങ്ങും. അതാണ് സഹിക്കാൻ പ്രയാസം. അപ്പോൾ വീണ്ടും പാട്ട് തുടങ്ങും.  പാട്ട് പഠിച്ചത് അവരിൽ നിന്നാണ്. രാത്രിയിൽ സാരിയും പാവാടയും ദാവണിയും ലിപ്സ്റ്റിക്കും ഒക്കെ ഇട്ട് റോഡിൽ ഇറങ്ങുന്നവർ. അവരുടെ കൂടെയാണ് പിടിക്കപ്പെട്ടത്. ഒരു ചെറിയ ബൈക്ക് മോഷണം. കൂടെ പിടിക്കപ്പെട്ടവരൊക്കെ ജാമ്യം എടുത്ത് പോയി. തന്നെ മാത്രം ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല. ഉമ്മയെങ്കിലും വരുമെന്ന് കരുതി, വെറുതെ.  ഉമ്മ വരില്ല. അവനെ പേടിയാണ്. ഉമ്മ ഒന്നാണെങ്കിലും ബാപ്പമാർ വേറെയാണ്. അവന്റെ ബാപ്പ മരിച്ചു പോയി. തന്...

വ്യഥ

Image
ചിലപ്പോഴെങ്കിലും... നിരാശയുടെ നിലയില്ലാക്കയത്തിൽ.. കൈകാലിട്ടടിക്കാതെ വയ്യ! ചിലപ്പോഴെങ്കിലും... നിസ്സഹായതയുടെ... ബന്ധനത്തിലകപ്പെടാതെ വയ്യ! ചിലപ്പോഴെങ്കിലും ... പുറത്തെ കൂരിരുട്ടിലേക്ക് നോക്കി ... ഭയപ്പെടാതെ വയ്യ! ചിലപ്പോഴെങ്കിലും... ജീവിതത്തിന്റെ നിരർത്ഥകതയോർത്ത് നെടുവീർപ്പിടാതെ വയ്യ! ചിലപ്പോഴെങ്കിലും... കണ്ണീരുറവിന്റെ കുത്തൊഴുക്ക് തടയാനും വയ്യ! Sometimes you can't help ... But, be thrown into the depths of despair... And struggle... Sometimes you can't help ... But, be overpowered and chained by helplessness... Sometimes you can't help... But, petrified by the surrounding darkness... Sometimes you can't help... But, sigh at the meaningless life... Sometimes you can't stop.... Just can't stop... The fountain of tears... But let it flow..flow...and flow.. Preetha Raj

രാത്രിമഴയും മുല്ലപ്പൂക്കളും

Image
വഴിവിളക്കിന്റെ മഞ്ഞ പ്രഭയിലേക്ക് നൂലു പോലെ താഴ്ന്നിറങ്ങി..... ആദി താളത്തിൽ ...... ഒന്നാം കാലത്തിൽ ...... നീലാംബരി പാടുന്ന രാത്രിമഴ ... ബാൽക്കണിയിലെ ഇത്തിരിവട്ടത്തിൽ ....  മണമുതുർത്ത് വിരിയുന്ന മുല്ലപ്പൂക്കൾ.... കസേരയിൽ ചാരിയിരിക്കുമ്പോൾ .. വായിച്ചു തീർന്ന പുസ്തകത്തിന്റെ വരികൾക്കിടയിൽ അലഞ്ഞുതിരിയുന്ന മനസ്സ്... മഹാമാരിക്ക് തകർക്കാൻ പറ്റാത്ത ചെറിയ ചെറിയ സന്തോഷങ്ങൾ.. പ്രീത രാജ്

മഴയുടെ ദുഃഖം

Image
മഴയുടെ ദുഃഖം മഴ ഓടിക്കിതച്ചെത്തി.. ഒന്നാം തീയതി തന്നെ... സ്കൂൾ മൈതാനിയിൽ കുഞ്ഞിക്കുളങ്ങളുണ്ടാക്കാൻ ... കുഞ്ഞു പാദങ്ങളിലെ പുത്തൻ  ഷൂസുകളിൽ, ചെരുപ്പുകളിൽ  ഇത്തിരി ചെളി വെള്ളം തെറിപ്പിക്കാൻ ... കുഞ്ഞി വർണക്കുടകളുടെ ചന്തം കാണാൻ... പുത്തനുടുപ്പുകളിലും പുതിയ ബാഗിലും  തെല്ലു നനവ് പടർത്താൻ... പക്ഷെ അവരെവിടെ.... ഇടക്കിടെ വന്നെത്തി നോക്കിയപ്പോഴും അവരെ കണ്ടില്ലല്ലോ... നിരാശയോടെ ദുഃഖത്തോടെ മഴ നിന്നു... കൈക്കുടന്നയിൽ കുഞ്ഞുമുഖങ്ങളിലേക്ക്  തെറിപ്പിക്കാൻ കരുതിയ വെള്ളം  ഊർന്നു പോയി... മഴയുടെ ശാപവും ഇരിക്കട്ടെ ദുഷ്ടനാം കൊറോണക്ക്... കുഞ്ഞുലോകങ്ങളെ ചുവരുകൾക്കുള്ളിൽ കുരുക്കിയിട്ടവൻ എത്ര ക്രൂരൻ...... പിന്നീട് പെയ്ത മഴയിൽ  തെല്ലുപ്പു രസമുണ്ടായിരുന്നോ..... പ്രീത രാജ്

അമ്മ

Image
"എന്റെ ഉണ്ണീ... എന്റെ ഉള്ളിൽ നീ രൂപം കൊണ്ട അന്നു മുതൽ എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഞാൻ നിന്നെ കുറിച്ച് ചിന്തിച്ചു. നിന്റെ കുഞ്ഞു മിടിപ്പുകൾക്കായി കാതോർത്തു. നിനക്കഹിതമായാലോ എന്നു കരുതി എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിവച്ചു. നിനക്ക് നല്ലതു വരാൻ കയ്പു കണ്ണടച്ച് സേവിച്ചു. വേദന കണ്ണുനീരായും അലമുറയായും പുറത്തു വരുമ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ ലേബർ റൂമിലെ സ്റ്റീൽ കട്ടിലിൽ തളർന്നവശയായി വിറപൂണ്ട് കിടക്കുമ്പോൾ നിന്റെ കരച്ചിലിനായി കാതോർത്തു. വേദനയുടെ ആഴക്കയത്തിലേക്ക് വീഴുമ്പോൾ തലയിൽ തലോടി നിന്നിരുന്ന ഇത്തിരി പ്രായമുള്ള നഴ്സമ്മ നിന്നെ കൊണ്ടു വന്നു കാണിച്ചപ്പോൾ "കുഴപ്പമൊന്നുമില്ലല്ലോ" എന്നു മാത്രം ചോദിച്ചു. മിടുക്കനാണ് എന്ന് അവർ ചിരിച്ചപ്പോൾ ഞാൻ ഗാഢനിദ്രയിലേക്ക് ... പിന്നീട് എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രബിന്ദു നീ തന്നെ ആയിരുന്നു. സ്വതവേ ചെറുതായിരുന്ന എന്റെ ലോകത്തിന്റെ ചുറ്റളവ് നന്നേ ചുരുങ്ങി. എന്നും നിനക്കായ് വേവലാതിപ്പെട്ടു. ആധി പിടിച്ചു. ആദ്യമായി നിന്നെ വിട്ടു ഓഫീസിൽ പോയപ്പോൾ സങ്കടവും കുറ്റബോധവും കൊണ്ട് നീറി...

ഒരേ ജാലകക്കാഴ്ചകൾ.

Image
ഒരേ പോലെയുള്ള ദിനരാത്രങ്ങൾ.... നീണ്ടു നീണ്ടു പോകുന്ന മഹാമാരിനാളുകൾ... അതിവേഗത്തിലോടിക്കൊണ്ടിരുന്ന തീവണ്ടി അനിശ്ചിതമായി നിർത്തിയിട്ട പോലെ... മുന്നിലെ തടസ്സം എപ്പോൾ നീങ്ങുമെന്നറിയാതെ... ഒരേ ജാലക കാഴ്ചകൾ .... മെല്ലെ കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരിപ്പിത്തിരി സുഖമാക്കി മനസ്സുകൊണ്ടാരു മടക്കയാത്ര....  പിന്നിട്ട വഴികളിലൂടെ ... കൂട്ടുകാരൊത്ത് കളിച്ചുല്ലസിച്ച് സ്കൂളിലേക്ക് നടന്ന വഴികളിലൂടെ ...  സ്കൂളിലെ ഇടനാഴികളിലൂടെ ... പേരു കേട്ട കലാലയത്തിന്റെ നിറയെ ചുവന്ന കായ്കളുള്ള മരത്തണലിൽ പരീക്ഷച്ചൂടിന്റെ വേവലാതിയോടെ .... ആദ്യമായി രാഷ്ട്രീയ പ്രബുദ്ധത കണ്ടറിഞ്ഞ കലാലയ അങ്കണങ്ങളിലൂടെ .... ആദ്യ ഓഫീസിന്റെ അകത്തളങ്ങളിലൂടെ ... വിവാഹിതയായി നടന്നു തീർത്ത അനേകം വഴികളിലൂടെ.... ജനപഥങ്ങളിലൂടെ ... അരനൂറ്റാണ്ടിന്റെ യാത്രകൾ.. ഇപ്പോൾ ഇവിടെ തടഞ്ഞു നിൽക്കുമ്പോൾ ... വത്യാസമറിയുന്നു... മറ്റു യാത്രകളിൽ ലക്ഷ്യമായിരുന്നു പ്രധാനം... ചിന്തിച്ചിരുന്നതും ലക്ഷ്യസ്ഥാനത്തെ കുറിച്ചും അവിടെയെത്തിയാൽ എന്തു ചെയ്യണമെന്നും... ഇവിടെയിപ്പോൾ ലക്ഷ്യം എത്ര അകലെ എന്നു പോലും അറിയാത്തപ്പോൾ ... ഈ ഹ്രസ്വമടക്കയാത്രകൾക്ക് ഒരു പ്രത്യ...

സാന്ത്വനം

Image
വേനലിന്റെയും വ്യാധിയുടെയും വറുതിയിൽ .. വാനത്തിൻ സാന്ത്വനം പോലെ മഴയും കാറ്റും... പൊരി വേനലിനൊടുവിൽ വൃഷ്ടിയും .... വർഷത്തിനൊടുവിൽ വസന്തവും.. അതിനുമപ്പുറം കുളിരും മഞ്ഞും.. വീണ്ടും വേനലും വരുമെന്ന് ... കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരിക്കുമെന്ന്  ദുഃഖമോ സുഖമോ ഒന്നും ശാശ്വതമല്ലെന്ന് .... വിണ്ണിന്റെ ഓർമപ്പെടുത്തലാണോ?!!! പ്രീത രാജ്