Posts

ഋതുവേതെന്നറിയാതെ ...

Image
ചോർന്നൊലിക്കുമീയിരുണ്ട  കാർമേഘമേലാപ്പിൻ കീഴെ  വേനലും വർഷവും ശൈത്യവുമിടകലർന്ന്  ഋതുവേതെന്നറിയാതെ ... വിറങ്ങലിച്ചിരിപ്പൂ ഞാൻ... ഒന്നു മാത്രമറിയാം...  ഒഴുകിപ്പോവുന്നു ജീവിതം .. അടർന്നു പോകുന്നു ദിനരാത്രങ്ങൾ... തിരിച്ചു പോക്കില്ല ...  തിരികെ കിട്ടില്ല....  മുന്നോട്ടൊഴുകാതെ വയ്യ... ഞെട്ടറ്റു വീഴാതെ വയ്യ...  ഒന്നും സുസ്ഥിരമല്ല..  സർവ്വം മായയെന്നല്ലോ തത്ത്വജ്ഞാനം..എങ്കിലും ... മായയേതെന്നറിയാതുഴറുന്നു ഞാൻ ... കൺമുന്നിൽ കാണുന്നതോ .. കാണാമറയത്തുള്ളതോ ...  പ്രീത രാജ്

അർദ്ധവിരാമങ്ങൾ

അർദ്ധവിരാമങ്ങൾ ഓർമ്മിപ്പിക്കുന്നതെന്ത്? തെല്ലിട നിൽക്കൂ പാതി കടന്നുപോയെന്നോ? പൂർണ്ണതക്കിനി അധികദൂരമില്ലെന്നോ? വാചകം അർത്ഥപൂർണ്ണമാകണമെങ്കിൽ ഇനിയങ്ങോട്ട് വാക്കുകളും ഉച്ചാരണവും  കരുതലോടെ വേണമെന്നോ? 

ഘാതകൻ

Image
ഘാതകൻ കെ.ആർ.മീര ആരാച്ചാരിന് ശേഷം കെ.ആർ.മീരയുടെ ശക്തമായ രചനയാണ് ഘാതകൻ .  സ്വന്തം ഘാതകനെ കണ്ടെത്താനുള്ള സത്യപ്രിയയുടെ അന്വേഷണ വഴികൾ ഭൂതകാലത്തിന്റെ ചവറ്റുകുട്ടകളിലെ ദുർഗന്ധം വമിപ്പിക്കുന്ന  മാലിന്യം ചിതറി വീണ് ദുസ്സഹമാകുന്നു. ആര് എന്തിന് എങ്ങനെ എന്ന ഉദ്വേഗജനകമായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മരിക്കാൻ വയ്യ എന്ന നിശ്ചയദാർഢ്യം സത്യപ്രിയയെ ഉള്ളിലെ ഉണങ്ങാ മുറിവുകളിൽ വീണ്ടും വീണ്ടും കുത്തി കീറി നോവിക്കുന്നു. ചില നേരങ്ങളിൽ ഘാതകൻ വിജയിച്ചിരുന്നെങ്കിൽ എന്നു പോലും ചിന്തിച്ചു പോകുന്ന വേദന അവൾ അനുഭവിക്കുന്നു. പക്ഷെ സത്യപ്രിയ സാധരണ സ്ത്രീയല്ലല്ലോ! തീവ്രാനുഭവങ്ങളുടെ തീച്ചൂളകളിൽ പല തവണ ഉരുകി ഉരുകി  രൂപാന്തരം വന്നവൾ. സ്വന്തം ഘാതകനെ മുഖാമുഖം കണ്ടവൾ. അയാളുടെ കയ്യിൽ നിന്ന് അച്ഛന് കുത്തു കൊണ്ട കത്തി കിട്ടിയവൾ! ഘാതകൻ വീട്ടിലെ ജനാല മുറിക്കുന്നത് കേട്ടവൾ! പണവും പ്രതാപവും നിറഞ്ഞ ബാല്യത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെ നിസ്സഹായതയുടെ പടുകുഴിയിൽ വീണവൾ ! പണത്തിന് വേണ്ടി ശരീരം അടിയറ വക്കേണ്ടി വന്നവൾ ! അവയവം വിൽക്കേണ്ടി വന്നവൾ! പ്രണയങ്ങൾ നഷ്ട്ടപ്പെട്ടവൾ. അപമാനിതയായി കൈമുറിച്ച് സ്വയം ഒടുങ്ങാൻ തുനി...

ഓണ നിലാവ്

ഓണനിലാവ് കർക്കിടകത്തിൽ തന്നെ അത്തമെത്തി.... മഴയും കുളിരും ഇളവെയിലുമുണ്ട് ... പൂക്കളുണ്ട് ...പൂത്തുമ്പികളുമുണ്ട്...  ഓണനിലാവ് പരക്കുന്നുണ്ടോ... അറിയില്ല... നോക്കിയില്ല.... ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു... നിലാവുദിക്കേണ്ടത് മനസ്സിലാണല്ലോ... അവിടന്നല്ലേ അത് പരന്നൊഴുകുന്നത്..

പ്രണയം പൊസ്സസ്സീവ്നെസ്സ് ആയി മാറുമ്പോൾ

ഒഥല്ലോയിസം ഒരു പകർച്ചവ്യാധിയായി മാറിയോ ? അതോ പ്രണയം പൊസ്സസ്സീവ്നെസ്സ് ആയി മാറുന്നത് നേട്ടങ്ങൾക്ക് പിറകെ പായുന്ന തലമുറയുടെ തകറാണോ?  അതോ അവരെ ജീവിതം തന്നെ മത്സരമാണെന്നും തോൽവിക്ക് ജീവിതത്തിൽ സ്ഥാനമില്ലെന്നും പറഞ്ഞു പഠിപ്പിച്ച മുൻതലമുറക്കാരുടെ പിഴവോ? പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിനെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രചോദനമായി കാണുന്ന തലമുറ എന്നെ പലപ്പോഴും ഭീതിദയാക്കിയിട്ടുണ്ട്. ഒരു അത്യാഗ്രഹത്തിനു പിന്നാലെ തീവ്രാവേശത്തോടെ പായുമ്പോൾ പ്രകൃതിയും അതിന്റെ സാക്ഷാത്ക്കാരത്തിനായി ഗൂഢാലോചന നടത്തുമെന്ന് വിശ്വസിച്ച് നടക്കാനിടയില്ലാത്ത ആഗ്രഹങ്ങൾക്ക് പിറകെ പായുന്നവർ. അവർ നിരാശ അത്ര നന്നായി സ്വീകരിക്കില്ല.  പ്രണയം അതു പകരുന്ന ആനന്ദവും നോവും ഉന്മാദവും നിരാശയും എല്ലാം ചേർന്നതാണെന്ന് അവരെ ആരു പറഞ്ഞു പഠിപ്പിക്കും?. ജയവും തോൽവിയും ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ദ്വന്ദങ്ങളാണെന്ന് ആര് പറഞ്ഞു കൊടുക്കും ? വിശുദ്ധ ഗ്രന്ഥങ്ങളൊക്കെ വൃദ്ധർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുമ്പോൾ  അതിനും ഒരു ബദൽ ആൽക്കെമിസ്റ്റ് വരണമായിരിക്കും. പ്രീത രാജ്

മാറ്റാത്തി

Image
മാറ്റാത്തി സാറാ ജോസഫ് വായനയിലുടനീളം കൂടിക്കൂടി വരുന്ന വിങ്ങലായി ലൂസി. ചട്ടയും മുണ്ടുമുടുത്ത ഇരുപത്തൊന്ന്കാരി, ബ്രിജീത്തയുടെ മുണ്ട് വെട്ടിത്തയ്ച്ച വെള്ളപ്പാവാടയിട്ട് സ്ക്കൂളിൽ പോയിരുന്ന ചാണകവും കോഴിക്കാട്ടവും മണക്കുന്ന കൗമാരക്കാരി. അതിനും മുമ്പ് മുഷിഞ്ഞു നാറിയ കമ്മീസിട്ട് ബ്രിജീത്തക്കുള്ള കഞ്ഞിക്കോപ്പ കുഞ്ഞിക്കൈയ്യിൽ പിടിച്ച്  തട്ടി വീഴാതെ സൂക്ഷിച്ച് നടക്കുന്ന കുഞ്ഞു ലൂസി . മുളകരച്ചെരിയുന്ന കുഞ്ഞു വിരലുകൾ വെള്ളത്തിൽ മുക്കിയും ഊതിയും കരഞ്ഞും നീറ്റലടക്കാൻ പാടുപെട്ടവൾ. അനാഥത്വത്തിന്റെയും തടഞ്ഞുവച്ച പെൺ കാമനകളുടെയും ഘനീഭവിച്ച മഞ്ഞുകട്ടകൾ ബ്രിജീത്തയുടെ കഞ്ഞിക്കോപ്പയിലും ബ്രിജീത്തയുടെ വലിയ വീട്ടിലെ മിന്നുന്ന അകത്തളങ്ങളിലും പറമ്പിലെ മുരിങ്ങയുടെയും വാഴയുടെയും റോസിന്റെയും കോവൽ വള്ളികളുടെയും തടത്തിലും ചാണകത്തിലും കോഴിക്കാട്ടത്തിലുമൊക്കെ വിതറി അലിയിച്ചു കളഞ്ഞവൾ. ബ്രിജീത്ത എളേമ എന്ന ഒരേയൊരു ബന്ധുവിന്റെ മരണത്തോടെ അതെല്ലാം വീണ്ടും ഘനീഭവിച്ച് ലൂസിയുടെ ദേഹത്ത് ചറ പറാന്ന് വീണു. അതിൽ നിന്ന് രക്ഷപ്പെടാനാണോ ലൂസി ഉടുത്ത മുണ്ടും ബ്രിജീത്തയുടെ റെക്കോർഡ് ചെയ്ത ശബ്ദവും സേതു എടുത്ത ഫോട്ടോയും ആയി ...

സാറാസ്

Image
പ്രസവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ് എന്നതാണ് സിനിമയുടെ സന്ദേശം. തീർച്ചയായും സ്വന്തം ശരീരത്തിന്മേൽ വ്യക്തിക്കുള്ള അവകാശം നൈസർഗ്ഗികമാണ്, തർക്കമില്ലാത്തതാണ്, അതങ്ങനെ തന്നെ ആയിരിക്കുകയും വേണം. ആരെ വിവാഹം കഴിക്കണം, ആരുടെ കൂടെ ജീവിക്കണം , എങ്ങനെ ജീവിക്കണം എന്നതും കൂടി വ്യക്തിയുടെ അവകാശങ്ങളാണെന്ന് ഓർക്കണം. ഇവിടെ സാറയെ ജീവനിലേക്ക് അടുപ്പിക്കുന്നത് തന്നെ കുട്ടികളെ നോക്കാനുള്ള ഇഷ്ടക്കേടും വിവാഹിതരാവുകയാണെങ്കിൽ കുഞ്ഞു വേണ്ട എന്ന തീരുമാനവുമാണ്. പരസ്പരം ബഹുമാനിച്ചും, പിന്തുണ നൽകിയും, വീട്ടു ജോലികൾ പങ്കുവച്ചും ആദർശ ദമ്പതിമാരായി മുന്നോട്ട് പോകുന്നതിനിടയിൽ സാറ ഗർഭിണിയാകുന്നു. കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ സാറ ഉറച്ചുനിൽക്കുമ്പോൾ ജീവൻ മാറി ചിന്തിക്കുന്നു. വീട്ടുകാരും കൂട്ടുകാരും അയാളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നും പറയാം. ഒരു പക്ഷെ കുറച്ചു കൂടി ഫോക്കസ് ചെയ്യേണ്ട പ്രശ്നം അതാണെന്ന് തോന്നുന്നു, മറ്റുള്ളവരുടെ ജീവിതത്തിൽ യഥേഷ്ടം അഭിപ്രായം പറഞ്ഞ് ഇടപെടുന്ന അഭ്യൂദയകാംക്ഷികൾ. പക്ഷെ സാറ അവളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അബോർഷൻ ചെയ്യുന്നു. സ്വന്തം സ്വപ്നമാ...