Posts

തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട

Image
  തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട ഒസ്ലോയിൽ നിന്ന് യാത്ര തുടങ്ങിയ ഡി എഫ് ഡി എസ് കപ്പലിൽ വടക്കൻ കടലിൻ്റെ തിരകൾ നുരയായി ചിതറി വീണു. സിൽജ സിംഫണിയേക്കാൾ വലുതാണ് കാബിൻ. കൂടുതൽ സൗകര്യപ്രദവുമായി തോന്നി. അത്താഴവും പ്രഭാത ഭക്ഷണവും വിഭവസമൃദ്ധം. കാവിയറും സുഷിയും മുതൽ ചിക്കൻ ടിക്ക മസാല വരെയുണ്ട് വൈവിധ്യം പകരാൻ.  കപ്പലിൽ നിന്ന് വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ യാത്ര അവസാനിക്കാറായല്ലോ എന്ന ചിന്തയിൽ  തെർമൽസ് ഒക്കെ പാക്ക് ചെയ്തു. മൂന്നും നാലും ഡിഗ്രി അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞവർക്ക് കോപ്പൻഹേഗനിലെ പതിമൂന്നും പതിന്നാലുമൊക്കെ എത്ര നിസ്സാരം എന്നായിരുന്നു അപ്പോൾ കരുതിയത്.  കോപൻഹേഗനിലെത്തുമ്പോൾ വെയിലും തണുപ്പുമായി സുഖകരമായ അന്തരീക്ഷമായിരുന്നു. സന്ദർശക പട്ടികയിലെ പ്രധാന ഇനമായ 'ലിറ്റിൽ മെർമെയ്ഡ്' ഇരിക്കുന്ന പരിസരത്ത് തിരക്കുണ്ടായിരുന്നു. ഏകയായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന പാവം മെർമെയ്ഡ്. ഒരു നാടോടിക്കഥയിലെ കഥാപാത്രമാണ് ലിറ്റിൽ മെർമെയ്ഡ്. ഒരു രാജകുമാരനെ പ്രണയിച്ച് മനുഷ്യ സ്ത്രീയായി അയാളോടൊപ്പം ജീവിക്കാൻ കൊതിച്ച് അയാൾക്ക് വേണ്ടി സർവ്വം ത്യജിച്ചവൾ. പത്മരാജൻ്റെ ഗന്ധർവ്വനെപ്പോലെ. അ...

ഒരു വടക്കൻ വീഥി ഗാഥ

Image
ഒരു വടക്കൻ വീഥി ഗാഥ യൂറോപ്പിൻ്റെ വടക്കെ അറ്റത്താണ് നൊർവെ സ്ഥിതി ചെയ്യുന്നത്. വടക്കിൻ്റെ വീഥി ( Nothern Way) ആണ് ലോപിച്ച്  Norway ആയത്. ആർക്ടിക് സർക്കിളിനുള്ളിലുള്ള, രാജ്യത്തിൻ്റെ വടക്കെ അറ്റത്തെ സ്വാൽബാർഡ് (Svalbard archipelago) ദ്വീപസമൂഹത്തിൽ ഗ്രീഷ്മകാലത്ത് ദിവസങ്ങളോളം സൂര്യൻ അസ്തമിക്കില്ല. ശൈത്യകാലത്ത്  സൂര്യനെ കാണാൻ പറ്റാത്ത, ദിവസങ്ങളോളം നീണ്ട ധ്രുവരാത്രങ്ങളുമുണ്ട് അവിടെ. നീണ്ടു കിടക്കുന്ന നോർവെയുടെ തെക്കോട്ട് വരും തോറും പാതിരാ സൂര്യൻ്റെയും ധ്രുവരാത്രിയുടെയും ദൈർഘ്യം കുറയുന്നു, ജനസാന്ദ്രത കൂടുന്നു. വടക്ക് മനുഷ്യരേക്കാൾ കൂടുതൽ ധ്രുവകരടികളാണത്രെ. സ്റ്റോക്ഹോമിൽ  നിന്ന്  ഓസ്ലോയിലേക്കുള്ള യാത്രക്കിടയിൽ അതിർത്തിയിലുള്ള ഒരിടത്ത് ശുചിമുറി സൗകര്യത്തിനായി നിർത്തി. ശുചിമുറി അത്ര ശുചിയല്ലായിരുന്നു എങ്കിലും  വാങ്ങണമെന്ന് വിചാരിച്ചിരുന്ന ഹെഡ് ബാൻഡ് അവിടത്തെ കടയിൽ നിന്ന് കിട്ടി. ഓസ്ലോയിലെത്തി  രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടൽ സ്കാൻഡികിൽ ചെക്ക് ഇൻ ചെയ്തു. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പരിസരം എത്ര മനോഹരമാണെന്ന് കണ്ടത്. ഇലകൾ വിരിച്ചിട്ട വലിയ...

നോബെലിൻ്റെ നാട്ടിൽ

Image
നോബെലിൻ്റെ നാട്ടിൽ വടക്കൻ യൂറോപ്പിലെ ഏറ്റവും വലുതും പ്രബലവുമായ രാജ്യമാണ് സ്വീഡൻ. ആയിരമാണ്ടിൽപരം നീണ്ട സ്വാശ്രയത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ചരിത്രമുണ്ട് സ്വീഡന് . അനേകം യുദ്ധങ്ങളിലൂടെ കടന്ന് ഇന്നിപ്പോൾ രാഷ്ട്രങ്ങളുടെ കലഹങ്ങളിൽ മാദ്ധ്യസ്ഥം വഹിച്ച് മനുഷ്യാവകാശങ്ങളുടെ വക്താക്കളായി നിലനിൽക്കാൻ ആ രാജ്യത്തെ  പ്രാപ്തരാക്കിയതും ആ സ്വാതന്ത്ര്യത്തിൻ്റെ പിൻബലമാണ്.   കപ്പലിലെ രാജകീയമായ പ്രഭാത ഭക്ഷണത്തിന്  ശേഷം  സ്റ്റോക്ക്ഹോമിൽ ഇറങ്ങിയപ്പോൾ പത്തുമണിയായിരുന്നു. മനോഹരമായ വലിയൊരു മെട്രോപൊളിസ് ആണ് സ്റ്റോക്ക്ഹോം.  അവിടെ പ്രകൃതി ശിശിര നൃത്തത്തിൻ്റെ മംഗളം ആടിത്തുടങ്ങിയിരുന്നു.  സ്വീഡൻ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കാദ്യം എത്തുന്നത് സ്റ്റീഗ് ലാർസ്സൻ്റെ ' ദ് ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുള്ള ചുറ്റുപാടുകളും കഥാപാത്രങ്ങളുമാണ്. സ്റ്റോക്ക്ഹോഹോമിലൂടെ ബസ്സിൽ സഞ്ചരിക്കുമ്പോൾ ആ കഥാപാത്രങ്ങളെ വെറുതെ തിരഞ്ഞു. മൈക്കൽ ബ്ലോംക്വിസ്റ്റിനെ പലയിടത്തും കണ്ടുമുട്ടി. പക്ഷെ ലിസ്ബത്ത് സലാൻഡർ പിടി തരാതെ മറഞ്ഞു തന്നെ നിന്നു. സ്വീഡനിൽ ഭരണകാര്യങ്ങൾ നി...

സന്തോഷത്തിൻ്റെ നാട്ടിൽ

Image
സന്തോഷത്തിന്റെ നാട്ടിൽ ഫിൻലൻഡിൻ്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ എത്തിയപ്പോൾ ഇരുട്ടിത്തുടങ്ങിയരുന്നു. അതുകൊണ്ടുതന്നെ സന്തോഷ സൂചികയിൽ മുൻപിൽ നിൽക്കുന്ന ഫിൻലൻഡിലെ സന്തോഷം തുളുമ്പുന്ന മുഖങ്ങളൊന്നും അന്ന് ശരിക്ക് കാണാൻ കഴിഞ്ഞില്ല.  ഭക്ഷണം പറഞ്ഞിരിക്കുന്ന റെസ്റ്റോറൻ്റിൽ എത്തിയപ്പോൾ വൈകിയിരുന്നു. ഒരു സ്ത്രീയും ഒരു പയ്യനുമായിരുന്നു സ്റ്റാഫായി അവിടെ ഉണ്ടായിരുന്നത്.  ടൂറിസ്റ്റുകൾ ആയതു കൊണ്ടും നേരത്തെ പറഞ്ഞതു കൊണ്ടും മാത്രമാണ് ജോലി സമയം കഴിഞ്ഞുള്ള ഈ ത്യാഗം ചെയ്യുന്നതത്രെ. സൂപ്പ് കഴിഞ്ഞ് മെയിൻ കോഴ്സിലേക്കെത്തേണ്ട താമസം പയ്യൻ വന്ന് സൂപ്പ് പോട്ട് എടുത്തു മാറ്റട്ടേ എന്ന് ചോദിച്ച് എടുത്തു കൊണ്ട് പോയി. അടുത്ത നിമിഷം ഒരു ബാക്ക്പാക്കും തൂക്കി അവനിറങ്ങിപ്പോയി. സന്തോഷം വരുന്ന ഒരു വഴി പിടി കിട്ടി; ഉപഭോക്താവല്ല അവനവൻ തന്നെ രാജാവ്.  ഭക്ഷണം കഴിഞ്ഞാൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലേറ്റുകളും കത്തിയും മുള്ളുമൊക്കെ പ്രത്യേകം സ്ഥലത്ത് ഉപഭോക്താവ് തന്നെ കൊണ്ടു വയ്ക്കണം. ഗ്രൂപ്പിലെ ചിലർക്ക് അതത്ര പിടിച്ചില്ല. ചില മുറുമുറുപ്പുകൾ അവിടവിടെ കേട്ടു. നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോരുത്തരും അവനവൻ്റെ പ...

എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത്

Image
എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത് ഹെസ്റ്റിയ ഹോട്ടൽ യൂറോപ്പയിൽ നിന്ന് പ്രാതൽ കഴിച്ച് ചെക്ക് ഔട്ട് ചെയ്ത് എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിൻ എന്ന തുറമുഖ പട്ടണം കാണാനിറങ്ങി. ലിത്വാനിയയുടെയും ലാറ്റ് വിയയുടെയും ചരിത്ര കഥകൾ തന്നെയാണ് ഏറെക്കുറെ എസ്റ്റോണിയക്കും പറയാനുള്ളത്. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങൾ , കൈമാറ്റങ്ങൾ ,അടിച്ചമർത്തലുകൾ ഒക്കെ അനുഭവിച്ചവരാണ് എസ്റ്റോണിയൻ ജനതയും. ടാലിനിൽ പക്ഷെ ആ ഗതകാലസ്മൃതികളുടെ ആഘാതം അത്ര പ്രകടമായിരുന്നില്ല. തദ്ദേശീയർ ആകെ ജനസംഖ്യയുടെ പകുതിയോളം മാത്രം ഉള്ളതു കൊണ്ടാവാം. പകുതിയോളം പേർ മതങ്ങളിൽ വിശ്വസിക്കുന്നില്ല. ധാരാളം പള്ളികൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുന്നുണ്ടവിടെ. ഒരിടത്ത് രണ്ടു കന്യാസ്ത്രീകൾ മാത്രമുള്ള ഒരു കോൺവൻ്റ് കാണിച്ചു തന്നു ഞങ്ങളുടെ  ഗൈഡ്. ഒരു ഐറിഷ്കാരിയും ഒരു ഇന്ത്യക്കാരിയും. ഇന്ത്യൻ മിക്കവാറും മലയാളിയായിരിക്കും എന്ന് ഊഹിച്ചു. ഒരു പക്ഷെ പ്രകൃതിയുടെ  ദ്രുതതാളത്തിലുള്ള ശിശിരനടനത്തിന് സൂര്യകിരണങ്ങൾ ഒരുക്കിയ വെളിച്ച വിന്യാസത്തിൻ്റെ മാസ്മരികതയിൽ  ചരിത്രത്തിൻ്റെ അത്തരം രേഖപ്പെടുത്തലുകൾ ശ്രദ്ധിക്കാതെ പോയതുമാവാം . വർണ്ണ മേലാപ്പും അലസമായി വീ...

റിഗയിലെ ശിൽപസൗധങ്ങൾ

Image
റിഗയിലെ ശിൽപസൗധങ്ങൾ പ്രഭാത ഭക്ഷണത്തിന് ശേഷം വിൽനിയസിൽ നിന്ന് ലാറ്റ് വിയയുടെ തലസ്ഥാനമായ റിഗയിലേക്ക് പുറപ്പെട്ടു. മറ്റു രണ്ടു ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയക്കും എസ്റ്റോണിയക്കും ഇടയിലാണ് ലാറ്റ് വിയയുടെ സ്ഥാനം. നീണ്ട യാത്രക്ക് ഇടയിൽ ലിത്വാനിയയിലെ തന്നെ രണ്ടു സ്ഥലങ്ങൾ കൂടി കാണാനുണ്ട്.  ഹിൽ ഓഫ് ക്രോസ്സസ് ആണ് ആദ്യത്തെ ലക്ഷ്യം. ഒരു പ്രധാന കത്തോലിക്കാ തീർത്ഥാടന കേന്ദ്രമാണ് അവിടം. ഒരു കൊച്ചു കുന്നിൻ്റെ മുകളിലും ചരിവുകളിലും ചുറ്റുപാടുമായി രണ്ടു ലക്ഷത്തിലധികം കുരിശുകൾ.  മാർപ്പാപ്പ വന്നപ്പോൾ ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം അവിടെ  നിലനിർത്തിയിരിക്കുന്നു. കുന്നിലേക്കുള്ള നടപ്പാത ഒരു വീതിയുള്ള വയൽ വരമ്പ് പോലെ. പാതയുടെ തുടക്കത്തിൽ കുരിശും സുവനീറുകളും വിൽക്കുന്ന കടകളുണ്ട്.  ഞങ്ങളുടെ പുറകിലായി സാമാന്യം വലിയ ഒരു കുരിശു ചുമന്ന് ഒരു സംഘം തീർത്ഥാടകർ വരുന്നുണ്ടായിരുന്നു. ഒരു കുരിശ് വാങ്ങി സ്ഥാപിക്കാമായിരുന്നെന്ന് തോന്നി അവിടെ എത്തിയപ്പോൾ. അതിനൊരു അടയാളപ്പെടുത്തലിൻ്റെ സുഖമുണ്ടാകുമായിരുന്നു.  ഹിൽ ഓഫ് ക്രോസ്സസിലേക്ക് വരുമ്പോൾ വഴി തെറ്റി ഒരു മണിക്കൂറോളം നഷ്ടപ്പെട്ടിരുന്നു. അടുത്ത ...

ലിത്വാനിയ - കുരിശിൻ്റെ നാട്

Image
ലിത്വാനിയ- കുരിശിൻ്റെ നാട് വാഴ്സൊയിൽ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് വിൽനിയസിലേക്ക്  പുറപ്പെട്ടു. രാവിലെ അധികം പരീക്ഷണത്തിനൊന്നും നിൽക്കാതെ  ബ്രഡ്, ജാം , മുട്ട, ഫ്രൂട്ട്സ് , ജ്യൂസ് എന്ന സ്ഥിരം രീതിയിൽ പോയതിനാൽ വിശേഷാൽ വിഭവങ്ങളൊന്നും നോക്കിയില്ല. അൺപാക്കിംഗ്- റീപാക്കിംഗ് പരിപാടി ഉള്ളതിനാൽ അധികം സമയവുമില്ല.  വിൽനിയസിലേക്ക്  500 കിലോമീറ്ററിലധികം ദൂരമുണ്ട്. അഞ്ചാറ് മണിക്കൂർ  നീണ്ട യാത്രയാണ്. സ്വയം പരിചയപ്പെടുത്തലും സംവാദങ്ങളും തമാശകളുമായി ഞങ്ങൾ യാത്രയുടെ വിരസതയകറ്റി. പുറം കാഴ്ചകളിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ലായിരുന്നു. വിളഞ്ഞു കിടക്കുന്ന വയലുകളും കൃഷിത്തോട്ടങ്ങളും എനിക്കേറെ പ്രിയപ്പെട്ട കാഴ്ചകളാണ്. അത്തരം മനോഹരദൃശ്യങ്ങളൊന്നും കണ്ടില്ല. അധികം ജീവജാലങ്ങളെയും കണ്ടില്ല. ഒരു പക്ഷെ ശൈത്യകാല മുന്നൊരുക്കങ്ങളായി വിളവെടുപ്പെല്ലാം കഴിഞ്ഞു കാണും. പക്ഷികൾ ദേശാടനം  തുടങ്ങിക്കാണുമായിരിക്കാം. വാഴ്സൊയിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു ചില്ലു ജാലകത്തിൽ നിറയെ കറുത്ത പക്ഷികളെ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടിരുന്നു. അതേതെങ്കിലും വിശ്വാസത്തിൻ്റെ ഭാഗമാണോ എന്ന് ഗൈ...