Posts

കാത്തിരിപ്പ്

Image
അവൻ അവളുടെ സൂര്യനായിരുന്നു... പ്രഭാത രശ്മികൾ ചക്രവാളം തുടുപ്പിക്കുമ്പോൾ ..... പ്രതീക്ഷയാൽ വിരിയാൻ തുടങ്ങുന്ന പൂക്കളെപ്പോലെ ....  അവൾ അവന്റെ സാമീപ്യത്തിനായി  വെമ്പൽ കൊണ്ടു.... സൂര്യപ്രഭക്കു നേരെ മുഖം തിരിച്ച് നിൽക്കുന്ന പുഷ്പങ്ങൾ പോലെ .... അവൾ അവനെ കാണാൻ മാത്രം മിഴികൾ തുറന്നു... സൂര്യപ്രകാശത്താൽ  നിലനിൽക്കുന്ന വൃക്ഷലതാദികൾ പോലെ .. അവളുടെ നിലനിൽപിനാധാരം അവനായിരുന്നു....  ശിഖരങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്ന  മഞ്ഞു പോലെ .... അവളുടെ മനസ്സിലും .... വിരഹം വിങ്ങലായി ഘനീഭവിച്ചു നിന്നു...  സൂര്യനെ കാത്തിരിക്കുന്ന ചെടികളെ പോലെ .... അവളും കാത്തിരുന്നു... അവളുടെ സൂര്യനെ ... മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ  മഴവില്ലു വിരിയിക്കുന്ന പോലെ.....  മനസ്സിൽ മാരിവില്ലൊരുക്കുന്നവനെ ....   മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു ...  വരും ..... വരാതിരിക്കില്ല.....  പ്രീത രാജ്

യന്ത്രം വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ

Image
നിലച്ചുപോയ യന്ത്രം കേടുപാടുകൾ തീർത്ത് ചലിച്ചു തുടങ്ങിയതു പോലെ മെല്ലെ മെല്ലെ ചലിച്ചു തുടങ്ങുന്നു മനുഷ്യ നിർമ്മിത ലോകവും. വഴുതി വഴുതിപ്പോകുന്ന ജീവിതത്തെ പ്രത്യേക വൈദഗ്ധ്യത്തോടെ പിടി കൂടാനുള്ള പരിശ്രമം. ഏതോ യൂണിഫോമിട്ട് മാസ്ക് ധരിച്ച് ധൃതിയിൽ കടവന്ത്ര  മെട്രൊ സ്റ്റേഷനിലേക്ക്  കയറി പോകുന്ന  പെൺകുട്ടികൾ. സൗത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ കൂടി പോകുമ്പോൾ നീലകലർന്ന പച്ച നിറമുള്ള വലിയ ഒരു പുഴു പോലെ അങ്ങു മുകളിൽ കൊച്ചി മെട്രൊ. സിഗ്നലുകളിൽ സാമാന്യം നല്ല തിരക്ക്. ഭിക്ഷാടകരും പണി പുനരാരംഭിച്ചിരിക്കുന്നു. ഡർബാർ ഹാൾ ഗ്രൗണ്ടിൽ സായാഹ്ന സവാരിക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അമ്പലത്തിന് മുന്നിലെ പാർക്കിംഗ് മിക്കവാറും നിറഞ്ഞിരിക്കുന്നു.  ശ്രീ കോവിലിൽ ഭഗവാൻ സുവർണ ചന്ദ്രക്കലാധാരിയായി  ദീപങ്ങൾക്കു നടുവിൽ അതേ ഗാംഭീര്യസ്മേരത്തോടെ നിറഞ്ഞു നിൽക്കുന്നു. നൃത്തം ചെയ്യുന്ന ആലിലകളെ തഴുകി വരുന്ന കായൽക്കാറ്റേറ്റ് പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ പരിഭവങ്ങളെല്ലാം അലിഞ്ഞു പോകുന്നു.  തിരികെ വന്ന് കാറ് പുറകോട്ടെടുക്കുമ്പോൾ റിവേഴ്സ് സെൻസറിന്റെ ബീപ് ബീപ്. തൊട്ട് മുമ്പ് കടന്ന് പോയ  ക...

കൈരളി

Image
കൈരളി രാവിന്റെ കുളിരിൽ സഹ്യന്റെ കൈകളിൽ  ഉറങ്ങി പ്രഭാത സൂര്യകിരണങ്ങളുടെ തലോടലിൽ ഉറക്കമുണർന്ന് കേര വൃക്ഷത്തൊങ്ങലുള്ള പച്ചച്ചേല ചുറ്റി നീല രത്നമാലകൾ അലസമായ് ധരിച്ച് മനോഹരിയായ കൈരളി .. വഞ്ചിപ്പാട്ടിന്റെ ചടുല താളത്തിലും മോഹിനിയുടെ ലാസ്യലയത്തിലും കഥകളിയുടെ ശാസ്ത്രീയഗാംഭീര്യത്തിലും അവൾ മാറി മാറി ചുവടു വക്കുന്നു... തിരമാലകൾ അവളുടെ കാലുകളിൽ ഉമ്മവച്ചിക്കിളിയൂട്ടുന്നു... അസ്തമയ സൂര്യ കിരണങ്ങൾ അവളെ തഴുകി തുടിപ്പിക്കുന്നു... കടൽക്കാറ്റിൽ ഉലഞ്ഞ ചേലയുമായി അവൾ വീണ്ടും സഹ്യന്റെ കരവലയത്തിലമരുന്നു.... അവന്റെ മാറിൽ മുഖം ചേർക്കുന്നു... ഇരുപത്തിനാലിന്റെ മുഗ്ദ്ധസൗന്ദര്യമുള്ള കൈരളിക്കിന്ന് അറുപത്തി നാലാം പിറന്നാൾ !!   പ്രീത രാജ്

വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്

Image
വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര  കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച്  രണ്ടു  മാസക്കാലം അവന്റെ ജൈത്രയാത്രയാണ്. പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും.    വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള   സ്ഥിരം ഫോൺ വിളികളിൽ  ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ"  എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം.  ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്.  കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും  വല്ലാത്തൊരു  ആകർഷണമാണ് വൃശ്ചിക കാറ്റിന്.  ഗൃഹാതുരത്വത്തിന്റെ  മാമ്പൂ മണമുള്ള കാറ്റ്.  കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി...

തുലാവർഷ മഴ

Image
അടക്കിപ്പിടിച്ച ഘനീഭവിച്ച ദുഃഖം പൊറാഞ്ഞ് സർവ്വ നിയന്ത്രണങ്ങളും വിട്ട് തലതല്ലി നെഞ്ചത്തടിച്ച് ആർത്തലച്ച് വിലപിക്കുന്ന പോലെ തുലാവർഷമഴ... ധാരയാരയായൊഴുകുന്ന കണ്ണുനീർ പോലെ കലങ്ങിയൊഴുകുന്ന പ്രകൃതിയുടെ  കണ്ണുനീർച്ചാലുകൾ ...  അണപൊട്ടി ഒഴുകിയ ദു:ഖം തോർന്ന്  പിന്നെയും അവശേഷിക്കുന്ന ഏങ്ങലടികൾ പോലെ  അകന്നു പോകുന്ന ഇടിയൊച്ചകൾ .. ഇടക്കെങ്കിലും ഇങ്ങനെ കരഞ്ഞു തോർന്നേ മതിയാകൂ ... പ്രകൃതിക്കും മനുഷ്യനും... പ്രീത രാജ്  

അവൾ

Image
കുട്ടിയായിരുന്നപ്പോൾ ..... സാരിത്തുമ്പിന്റെയും കൈകളുടെയും ബന്ധനത്തിലായിരുന്നു... അപ്പോഴവൾ .... ചാഞ്ചാടുന്ന പാവക്കുട്ടിയിലും .. കുന്നിക്കുരുവിലും കുപ്പിവളകളിലും വളപ്പൊട്ടുകളിലും ആനന്ദം കണ്ടു..  സ്വപ്നങ്ങളിൽ... പൂക്കൾ ചിരിച്ചു.. പൂത്തുമ്പികൾ വട്ടമിട്ട് പറന്നു.... തിത്തിരിപ്പക്ഷികൾ  കലപില കൂട്ടി... കൗമാരത്തിൽ ..... അഴികളുള്ള കൂടുണ്ടായി.. സ്നേഹത്തിന്റെയും... കരുതലിന്റെയും.. അനേകം ലിഖിതാലിഖിത സമൂഹനിയമങ്ങളുടെയും ... വർണ്ണനൂലുകളാൽ തൊങ്ങലിട്ട  ഭംഗിയുള്ള അഴികൾ... കൂടിന് കട്ടിച്ചില്ല് മേലാപ്പായിരുന്നു ... അപ്പോഴവൾ ..... പുസ്തകങ്ങളിൽ മുഖം ചേർത്ത്   മായിക ലോകത്തിൽ മുഴുകി.... പലതരക്കാരുമായി ചങ്ങാത്തം കൂടി..... പ്രണയത്തിലായി..... കൈകോർത്ത്  പിടിച്ച് വിദൂരദേശങ്ങളിൽ  കാലാതീതമായി സഞ്ചരിച്ചു.....  ഭാര്യയായി .... അമ്മയായി.... ഉദ്യോഗസ്ഥയായി..... പിന്നെന്തൊക്കെയോ ആയി ...  യൗവ്വനം ഒഴുകിപ്പോയി....  അതിനിടയിൽ അവൾ എവിടെയോ പോയി .. അതോ ഒളിച്ചിരുപ്പുണ്ടായിരുന്നോ .... അറിയില്ല...  തിരയാൻ നേരമില്ലായിരുന്നല്ലോ....  തലയിൽ വെള്ളിവരകളും ... മൂക്കിനു...

വിഷാദം

Image
നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!!