St Joseph's
St. Joseph's College Alumni association ന്റെ മാഗസിൻ ആയ DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ ഒന്ന് ചികഞ്ഞു നോക്കി. പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു. കുറെയേറെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു, അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ, മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്. സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ എന്നിങ്ങനെ പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോട...