കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്
കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത് ഹിമാലയം എന്നും എന്നെ ആകർഷിച്ചിരുന്നു. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ 2400 കിലോമീറ്ററോളം ചന്ദ്രക്കലാകൃതിയിൽ നീണ്ടുകിടക്കുന്ന ഹിമാദ്രി, ഹിമാചൽ, ശിവാലിക് എന്നീ മൂന്ന് സമാന്തരനിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതനിരകൾ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉന്നത ശീർഷനായി നിൽക്കുന്നു ഹിമവാൻ. കശ്മീർ സന്ദർശിക്കണമെന്നത് കുറെ കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമാണ്. മഞ്ഞിൻ്റെ മകുടമണിഞ്ഞ് അറബിക്കടലലകളിൽ പാദങ്ങളൂന്നി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം കുട്ടിക്കാലത്തെന്നോ മനസ്സിൽ പതിഞ്ഞതാണ്. ഭാരതാംബയുടെ മഞ്ഞുകിരീടം കശ്മീർ താഴ്‌വരയെ പൊതിഞ്ഞു നിൽക്കുന്ന ഹിമവൽ ശൃംഗങ്ങളിലാണെന്ന ധാരണയാണോ ആ മകുടം ഒന്നു കാണണം, ഒന്നു തൊട്ടു നോക്കണം എന്ന തീവ്രാഭിലാഷത്തിന് പുറകിൽ എന്നറിയില്ല. ഇങ്ങു താഴെ പാദങ്ങളിൽ നുര ചേർക്കുന്ന കടലലകൾക്ക് സമീപം ജീവിക്കുന്നവൾക്ക് ആ മോഹം തോന്നുന്നത് സ്വാഭാവികമായിരിക്കാം. കശ്മീർ സന്ദർശകരിൽ ധാരാളം മലയാളികൾ എത്തുന്നതും ഒരു പക്...