സമീർ
സമീർ
സമീർ ഉച്ചത്തിൽ പാടി. ജുവനൈൽ ഹോമിന്റെ കെട്ടിടത്തിൽ എല്ലായിടത്തും അവന്റെ ശബ്ദം അലയടിച്ചു. ഡേവിഡ് സാറോ രാജൻ സാറോ ഇപ്പോഴെത്തും എന്നവൻ ഊറിച്ചിരിച്ചു. പാട്ട് ഇങ്ങനെ ഉച്ചസ്ഥായിയിൽ അനർഗളം ഒഴുകുമ്പോൾ അവർക്ക് ക്ഷമ നശിക്കും. നല്ല പച്ചത്തെറിപ്പാട്ടാണല്ലോ പാടണത്. ആരെങ്കിലും വന്ന് തലക്ക് ഒരു കിഴുക്കും ഒന്നു രണ്ട് ഇടിയും തരും. ഒറ്റപ്പെട്ട ഈ ഇരുട്ടു മുറിയിലെ വിരസതയിൽ അതും ഒരു രസം. ആരെങ്കിലും എത്തി, കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ചു നേരം മിണ്ടാതെ കിടക്കും. അങ്ങനെ കിടക്കുമ്പോൾ ഓർമകളുടെ മലവെള്ളപ്പാച്ചിൽ തുടങ്ങും. അതാണ് സഹിക്കാൻ പ്രയാസം. അപ്പോൾ വീണ്ടും പാട്ട് തുടങ്ങും.
പാട്ട് പഠിച്ചത് അവരിൽ നിന്നാണ്. രാത്രിയിൽ സാരിയും പാവാടയും ദാവണിയും ലിപ്സ്റ്റിക്കും ഒക്കെ ഇട്ട് റോഡിൽ ഇറങ്ങുന്നവർ. അവരുടെ കൂടെയാണ് പിടിക്കപ്പെട്ടത്. ഒരു ചെറിയ ബൈക്ക് മോഷണം. കൂടെ പിടിക്കപ്പെട്ടവരൊക്കെ ജാമ്യം എടുത്ത് പോയി. തന്നെ മാത്രം ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല. ഉമ്മയെങ്കിലും വരുമെന്ന് കരുതി, വെറുതെ.
ഉമ്മ വരില്ല. അവനെ പേടിയാണ്. ഉമ്മ ഒന്നാണെങ്കിലും ബാപ്പമാർ വേറെയാണ്. അവന്റെ ബാപ്പ മരിച്ചു പോയി. തന്റെ ബാപ്പ ആരാണോ? അവൻ തന്നെ തല്ലിച്ചതച്ചാലും ഉമ്മ നോക്കി നിൽക്കും. അവനെ കുറ്റം പറയാൻ പറ്റില്ല. താൻ ഉമ്മ പിഴച്ചു പെറ്റവൻ. പോരാത്തതിന് ആണും പെണ്ണും കെട്ടവൻ. തലയുയർത്തി നടക്കാൻ പറ്റാത്തതു കൊണ്ടാവും അവൻ എപ്പോഴും കഞ്ചാവിന്റെ പുകവലയത്തിൽ തലകുമ്പിട്ട് നടക്കുന്നത്. അവന്റെ പായക്കടിയിൽ നിന്ന് കുറ്റി എടുത്ത് വലിച്ചാണല്ലോ താനും തുടങ്ങിയത് എന്നോർത്ത് അവൻ ചിരിച്ചു.
കുട്ടിക്കാലം മുതലെ പെൺകുട്ടികളെപ്പോലെ കണ്ണെഴുതി പാവാടയൊക്കെ ഇടാനായിരുന്നു ഇഷ്ടം. ആദ്യമൊക്കെ ഉമ്മ കളിയാക്കിച്ചിരിച്ചു. പിന്നെ പിന്നെ ചീത്തവിളിയായി. പ്രാക്കായി.
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കളിച്ചു കൊണ്ടിരുന്ന ഗ്രൗണ്ടിൽ നിന്ന് കുറച്ചു ചേട്ടന്മാർ വന്ന് വിളിച്ചു കൊണ്ട് പോയത്. അവർ മിഠായിയും സമോസയും ഒക്കെ തന്നു. അവർ എന്തൊക്കെയോ ചെയ്തു. പിന്നെ അത് പതിവായി.
പിന്നെ തന്നെ വീട്ടിൽ കണ്ടാൽ അവൻ തല്ലി ഓടിക്കും. അവൻ എന്നും വീട്ടിൽ വരാത്തതു കൊണ്ട് പിന്നെയും തിരിച്ചു വീട്ടിൽ ചെല്ലും. ചീത്തവിളിച്ചിട്ടാണെങ്കിലും ഉമ്മ ചോറും മീൻ കറിയും തരും. ഉമ്മയുടെ മീൻകറി കഴിച്ചിട്ട് എത്രനാളായി എന്ന് അവൻ സങ്കടപ്പെട്ടു. ഒരിക്കൽ കിടന്നുറങ്ങുമ്പോൾ കയറി വന്ന് അവൻ തലങ്ങും വിലങ്ങും തല്ലി. ഇനി കണ്ടാൽ കൊന്നു കളയും എന്നു പറഞ്ഞ് ഓടിച്ചു.
എത്തിപ്പെട്ടത് എറണാകുളത്ത്. കായൽത്തിര ത്തെ ബഞ്ചിൽ കിടന്നുറങ്ങി. പച്ചവെള്ളം കുടിച്ചു വിശപ്പടക്കി. അപ്പോഴാണ് അവരിലൊരാൾ കൂടെ വിളിച്ചത്. അവരിലൊരാളായി പാവാടയും ദാവണിയും ചുരിദാറുമൊക്കെയിട്ട് അണിത്തൊരുങ്ങി രാത്രികളിൽ റോഡിലിറങ്ങി. ആരുടെയൊക്കെയോ കൂടെ ഏതൊക്കെയോ ലോഡ്ജ് മുറികളിൽ കിടന്നുറങ്ങി. ഇടയിൽ മറ്റു രണ്ടുപേരുടെ കൂടെ ബൈക്ക് മോഷ്ടിച്ച് കറക്കവും തുടങ്ങി. അങ്ങനെ അകത്തായി.
ഓർമകളുടെ മൂർച്ചയുള്ള കുത്തൽ സഹിക്കാതെയാവുമ്പോൾ ചിലപ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം കൊണ്ട് ശരീരമാസകലം കോറി വരച്ചു. മൂർച്ചയുള്ള ഒന്നും തരില്ല അവർ. അതാണ് ഈ ഒറ്റപ്പെട്ട ഇരുട്ടുമുറിയിൽ. കൗൺസലിംഗിന് വന്ന മാഡം പറഞ്ഞു, ഒരാളുടെ ലൈംഗികത അയാളുടെ സ്വകാര്യതയാണ്. അതിങ്ങനെയായി എന്നോർത്ത് ആത്മനിന്ദ തോന്നേണ്ട കാര്യമില്ല. അതിലുപരിയായി ജീവിതത്തിൽ ചെയ്യാൻ ഏറെയുണ്ട്. അവരാണ് ചിത്രം വരക്കാനൊക്കെ പ്രോത്സാഹിപ്പിച്ചത്.
ഇടക്ക് കുറച്ചു കാലം വേറെ മൂന്നാല് പേർ ഉണ്ടായിരുന്നു. അവരും ജാമ്യം കിട്ടാൻ വൈകി കുറച്ചു കാലം ഇവിടെ കഴിഞ്ഞു. അപ്പോൾ രസമായിരുന്നു. ഇപ്പോൾ വീണ്ടും ഒറ്റക്ക്.
ഇന്നലെ സൂപ്രണ്ട് മാഡം പറഞ്ഞു, തന്നെ തൃശൂരിലുള്ള സർക്കാർ വക ഹോമിലേക്ക് മാറ്റാൻ ഓർഡറായിട്ടുണ്ട് എന്ന്. ഭ്രാന്തന്മാർക്കും ആർക്കും വേണ്ടാത്തവർക്കും ഉള്ള സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. അല്ലെങ്കിലും തനിക്കും ഭ്രാന്തല്ലേ? അവൻ വീണ്ടും പാട്ടുതുടങ്ങി.
പ്രീത രാജ്
Comments
Post a Comment