മൂന്നാർ
മൂന്നാർ
കോട്ടയത്ത് താമസിക്കുമ്പോഴാണ് ആദ്യത്തെ മൂന്നാർ യാത്ര. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലെപ്പോഴോ ആണ്. ഓഫീസും വീടുമായി രാവിലെ മുതൽ രാത്രി വരെ യന്ത്രം പോലെ നിരന്തരം പണികളിൽ വ്യാപൃതയായിരുന്ന കാലമായിരുന്നു എങ്കിലും കോട്ടയം ദീപ്തസുന്ദരമായ ഓർമ്മയാണ് എനിക്ക്.
എന്റെ ചെറിയ ഓഫീസിൽ ( LICയുടെ കരിയർ ഏജന്റ്സ് ബ്രാഞ്ച് ) എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. അതുകൊണ്ട് തന്നെ മോനെ വൈകുന്നേരം ഓഫീസിൽ ഇറക്കിവിടുമ്പോൾ ഞാനെന്തെങ്കിലും തിരക്കിലായാലും അവനോ മറ്റുള്ളവർക്കോ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. കാർട്ടൂൺ വരച്ചു കൊടുത്തും തമാശകൾ പറഞ്ഞും സ്ക്കൂൾ വിശേഷങ്ങൾ ചോദിച്ചും എന്റെ സഹപ്രവർത്തകർ അവനെ രസിപ്പിച്ചിരുന്നു. ഒരിക്കൽ അവന്റെ വാൻ കേടായി എത്താൻ വൈകിയപ്പോൾ ഓഫീസ് സമയം കഴിഞ്ഞിട്ടും ഏറെ നേരം അവനെ കാത്ത് എന്റെ കൂടെ നിന്നതും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. ഇപ്പോഴും, LIC തന്നെ വിട്ടിട്ട് വർഷങ്ങളായിട്ടും കുറച്ച് നല്ല സൗഹൃദങ്ങളും അവിടെ നിന്ന് കിട്ടി. ഇടക്ക് ഫോണിലൂടെ തനത് കോട്ടയം രീതിയിൽ, " എന്നാണ്ട് " എന്ന് ചോദിച്ച് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്ന സൗഹൃദങ്ങൾ.
കേരളത്തിൽ കൃസ്തുമസ്സിന്റെ ഭംഗിയും ആഘോഷവും ഏറ്റവും അറിയുന്നത് കോട്ടയത്ത് ആണെന്ന് തോന്നിയിട്ടുണ്ട്. ഡിസംബർ ആയാലുടനെ നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും വിവിധ വലുപ്പത്തിലുള്ള കേക്കുകളും ക്രിസ്മസ് ട്രീകളുമൊക്കെയായി കോട്ടയം അണിഞ്ഞൊരുങ്ങുകയായി. ഡിസംബറിന്റെ കുളിരുള്ള രാവുകളിൽ ആകാശത്തും ഭൂമിയിലും തെളിയുന്ന നക്ഷത്രങ്ങൾ ഹൃദയങ്ങളിൽ തിരുപ്പിറവിയുടെ ആനന്ദം നിറച്ചു. ഓഫീസിലും ഞങ്ങൾ കൃസ്മസ് ട്രീ അലങ്കരിച്ചും കരോൾ ഗാനങ്ങൾ പാടിയും കേക്കും വീടുകളിൽ നിന്ന് കൊണ്ടുവന്ന ബീഫ് ഫ്രൈയും ചിക്കൻ റോസ്റ്റും പിന്നെ കോട്ടയം സ്പെഷ്യൽ കപ്പയും മീൻ കറിയുമൊക്കെയായി കൃസ്മസ് ആഘോഷം കേമമാക്കി.
രണ്ടു മൂന്ന് അവധി ദിനങ്ങൾ ഒരുമിച്ച് വന്നപ്പോൾ ഒരു മൂന്നാർ ട്രിപ്പ് പ്ലാൻ ചെയ്തു. സ്ഥാനം കൊണ്ട് ചെറിയമ്മയും വിളി കൊണ്ട് ചേച്ചിയും ശരിക്കും കളിക്കൂട്ടുകാരിയുമായ ഐച്ചേച്ചിയും കുടുംബവും കൂടെ ഉണ്ടായിരുന്നു. ഒരു കാറിൽ ഞങ്ങൾ യാത്ര തുടങ്ങി.
സഹ്യന്റെ മലഞ്ചെരിവുകളിലെ കുളിരിൽ കമ്പിളി പുതച്ചു കിടക്കുന്ന മൂന്നാർ. പ്രഭാത സൂര്യൻ മൃദുകിരണങ്ങളാൽ തലോടുമ്പോൾ, തിളങ്ങുന്ന പച്ചച്ചേലയുടുത്ത് ഉണർന്നെഴുന്നേൽക്കുന്നവൾ. അലൗകികമായ സൗന്ദര്യമാണ് അവിടെ പ്രകൃതിക്ക്.
ഞങ്ങൾ താമസിച്ച ഹോട്ടൽ അതി മനോഹരമായിരുന്നു, അകവും പുറവും. ഒറ്റ നിലയിൽ നിരനിരയായി റൂമുകൾ. റൂമിൽ നിന്നിറങ്ങിയാൽ ചെറിയ കല്ലുകൾ പാകിയ നടപ്പാതകളും പുൽത്തകിടിയും പൂന്തോട്ടവും. വൈകുന്നേരം ഞാനും ഐചേച്ചിയും കുട്ടികളും ഗാർഡനിൽ തന്നെ ചെലവഴിച്ചു. കളിഭ്രാന്തനായ എന്റെ പുത്രൻ അവിടെ ഏതോ കുട്ടികളുടെ കൂടെ ബാഡ്മിന്റൺ കളിക്കാൻ പോയതിനാൽ കൂട്ടു നഷ്ടപ്പെട്ട ശരണ്യക്കുട്ടി( ഐച്ചേച്ചിയുടെ മകൾ) ചിണുങ്ങിക്കൊണ്ട് നിന്നു. റോഡിനപ്പുറത്ത് തേയിലത്തോട്ടം രാവിന്റെ കുളിരിൽ ഉറക്കത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. മൂന്നാറിലേക്ക് പുറപ്പെടുമ്പോൾ തന്നെ തേയിലത്തോട്ടത്തിലൂടെ നടക്കണമെന്ന് കരുതിയിരുന്നു. പിറ്റേന്ന് എന്തായാലും ആഗ്രഹം സാധിപ്പിക്കണമെന്ന് മനസ്സിലുറപ്പിച്ചു.
പിറ്റേന്ന് രാവിലെ പ്രകൃതി രമണീയമായ മാട്ടുപ്പെട്ടി ഡാം, കാലി വളർത്തു കേന്ദ്രം(Indo- swiss cattle farm) ഒക്കെ സന്ദർശിച്ചു. അരവിന്ദന്റെ പ്രശസ്തമായ സിനിമ" ചിദംബരം" ഷൂട്ട് ചെയ്ത സ്ഥലമാണ്. സ്മിത പാട്ടീലിനെ കാണാൻ വേണ്ടി മാത്രം ഞാൻ ആ സിനിമ കണ്ടിരുന്നു. സ്മിത പാട്ടീലിന്റെ സിനിമകൾ ഒരു നിയോഗം പോലെ കണ്ടിരുന്നു അക്കാലത്ത്. ഫാം കണ്ടു കഴിഞ്ഞപ്പോൾ തിരിച്ചു പോകാമെന്നായി. കുട്ടികൾ ചിണുങ്ങിത്തുടങ്ങിയിരുന്നു. മോന് ചെറിയ ഒരു പനിയുടെ ലക്ഷണവും ഉണ്ടായിരുന്നു. എന്നാൽ തിരിച്ചു റൂമിൽ പോകാം എന്നായി.പിറ്റേന്ന് രാജാമലയും പിന്നെ മടക്കയാത്രയും ആണ് പരിപാടി.
തേയിലത്തോട്ടത്തിലൂടെയുള്ള നടപ്പ് തീവമായ ആഗ്രഹമായി ഉള്ളിലുള്ളതിനാലും ഫാമിന്റെ തൊട്ടു മുമ്പിൽ മനോഹരമായ ഒരു തോട്ടമുള്ളതിനാലും ഞാനും ഐച്ചേച്ചിയും ഒരു ചെറിയ സവാരി നടത്തിയിട്ട് വരാമെന്ന് കരുതി. അങ്ങനെ ഞങ്ങൾ തോട്ടം ലക്ഷ്യമാക്കി നടന്നു.
ഞങ്ങൾക്ക് കുറച്ചു മുൻപിൽ ഒരാൾ, വേഗത്തിൽ നടന്നു പോകുന്നുണ്ടായിരുന്നു. ട്രൗസേർസും ഷൂസും നല്ല പരിചയമുള്ളപോലെയുള്ള നടപ്പും ഒക്കെ കണ്ടപ്പോൾ കുറച്ചപ്പുറം വെള്ളച്ചാട്ടമോ മറ്റോ കാണുമായിരിക്കും എന്ന് ഐച്ചേച്ചി പറഞ്ഞു. ശരിയായിരിക്കാം എന്ന് എനിക്കും തോന്നി. ഞങ്ങളും അയാളുടെ പിന്നാലെ വച്ചു പിടിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തിരിഞ്ഞു നോക്കി, എന്നിട്ട് നടപ്പിന്റെ വേഗത കൂട്ടി.
ഞങ്ങൾ അല്പം സംശയിച്ചു അന്യോന്യം നോക്കി മെല്ലെ മുന്നോട്ടു നടന്നു. അയാൾ വീണ്ടും ചെറുതായി തിരിഞ്ഞ് ഞങ്ങളെ നോക്കുന്നത് പോലെ തോന്നി. എന്നിട്ട് അതിവേഗം നടക്കാൻ തുടങ്ങി. ഞങ്ങൾ നടപ്പ് കുറച്ചു കൂടി മെല്ലെയാക്കി. കുറച്ചുകൂടി നടന്നു കാണും, അയാൾ കുറച്ചപ്പുറം മാറി ഞങ്ങൾക്ക് പുറംതിരിഞ്ഞ് നിന്നു . പാവം സഹിക്കാൻ വയ്യാതായിക്കാണും. ആളുകൾ കാണാതെ സൗകര്യമായി മൂത്രശങ്ക തീർക്കാനായിരുന്നു പാവം വച്ചു പിടിച്ചിരുന്നത്. അപ്പോഴാണ് ഞങ്ങൾ പുറെകെ കൂടിയത്. ചിരിയടക്കാൻ പാടുപെട്ട് ഞങ്ങൾ അതിവേഗം തിരിച്ചു നടന്നു.
അന്നു രാത്രി ഡിന്നർ സമയത്ത് അയാളും കൂടെയുള്ള വലിയൊരു ഗ്രൂപ്പും ( ഒരു വടക്കെ ഇന്ത്യൻ സഞ്ചാരി സംഘം) ഞങ്ങളുടെ തൊട്ടടുത്ത ടേബിളിൽ തന്നെ. അയാൾ ഞങ്ങളെ നോക്കാതെ അധികം മുഖമുയർത്താെതെ അത്താഴം കഴിച്ചു തീർത്തു, പാവം! ഞങ്ങളാണെങ്കിൽ ചിരി അടക്കാൻ പാടുപെടുകയായിരുന്നു. അയാളുടെ പരിഭ്രമം കണ്ടിട്ടല്ല, ഞങ്ങൾക്ക് പറ്റിയ അമളി ഓർത്ത്. കേരളത്തിലെ പെണ്ണുങ്ങൾ ഇത്തിരി പിശകാണെന്ന് കരുതിക്കാണുമോ എന്തോ! എന്തായാലും ആ യാത്ര രസകരമായ ഒരോർമയായി കൂടെ കൂടി. ഒരു പുരുഷനെ പിന്തുടർന്ന് പേടിപ്പിക്കാൻ കഴിയുന്നത് ചുരുക്കം സ്ത്രീകൾക്ക് മാത്രം കഴിയുന്ന കാര്യമാണല്ലോ!
പിന്നീട് രണ്ടു വർഷം മുമ്പ് മോന്റെ വിവാഹശേഷം എല്ലാവരും (മോളുടെ അച്ഛനും അമ്മയും അനിയത്തിയും ഞങ്ങളും) കൂടി പോയപ്പോഴാണ് മതിയാവോളം തേയില തോട്ടത്തിലൂടെ നടന്നത്. പച്ചച്ചേല ചുറ്റി നീർച്ചാലുകളിൽ കാലിട്ടടിച്ചിരിക്കുന്ന മൂന്നാറിനെ ഇളവെയിലും ചാറ്റൽ മഴയും മാറി മാറി എത്തി നോക്കുന്നുണ്ടായിരുന്നു, അപ്പോൾ. മൂന്നാർ വശ്യമായി പുഞ്ചിരിച്ചു ഹൃദയം കവർന്ന് കൊണ്ടിരുന്നു.
പ്രീത രാജ്
Picture courtesy: Niranjana
👌👌👌
ReplyDeleteThis comment has been removed by the author.
ReplyDelete😃😂👍
ReplyDeleteHehee still remember tat trip..... missing those days....
ReplyDeleteYes, memorable times...😊😍
DeleteThis comment has been removed by the author.
Deleteഭാഷ ലളിതം സുന്ദരം.മാധവിക്കുട്ടി, മീര നായർ എന്നിവരെ ഓർമിപ്പിക്കുന്നു. വിഷയം sweet nothings. Nanunanutha വിവരണം ആകർഷകം. Very good scope for becoming a writer. All the best.
ReplyDeleteThank you so much!!🙏
Delete