പവമാനനന്ദനം
രാമൻ്റെ അയനമാണ് രാമായണം എങ്കിലും ഹനുമാൻ്റെ ശക്തിയും ബുദ്ധിയും അചഞ്ചലഭക്തിയുമാണ്
സന്നിഗ്ദ്ധഘട്ടങ്ങളിലെല്ലാം രാമയണത്തിൻ്റെ കഥാഗതിയെ നയിക്കുന്നത്.കിഷ്കിന്ധാകാണ്ഡത്തിൽ പ്രത്യക്ഷപ്പെടുന്നത് മുതൽ പട്ടാഭിഷേകം വരെ നിറഞ്ഞു നിൽക്കുന്നു ആ കപിപുംഗവൻ.
കിഷ്കിന്ധയിൽ നിന്ന് നിഷ്കാസിതനായി സുഗ്രീവൻ ഋശ്യമൂകാചലത്തിൽ വസിക്കുമ്പോൾ ഒരു നാൾ ദൂരെ നിന്നും വരുന്ന രാമലക്ഷ്മണന്മാരെ കണ്ട് അവരാരെന്നറിയാൻ മന്ത്രിയായ ഹനുമാനെ നിയോഗിച്ചു. കാമരൂപിയായ ഹനുമാൻ ഒരു വടു വേഷം ധരിച്ച് അവരെ സമീപിച്ചു. മധുരമായി സംസാരിച്ച ഹനുമാനെ കുറിച്ച് രാമൻ ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു,
" പശ്യ സഖേ! വടുരൂപിണം ലക്ഷ്മണ!
നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ലവൈയാകരണൻ വടു നിർണ്ണയം"
ഹനുമാന്റെ സംഭാഷണ പാടവം സുന്ദര കാണ്ഡത്തിൽ സീതയെയും ആകർഷിക്കുന്നുണ്ട്. ശിംശപാവൃക്ഷഛായയിൽ ദുഃഖിതയായിരിക്കുന്ന സീതാദേവിയെ
വന്ദിച്ച് കൊണ്ട് ഹനുമാൻ പറഞ്ഞു,
"ശരണമിഹ ചരണ സരസിജമഖിലനായികേ
ശങ്കിക്ക വേണ്ടാ
കുറഞ്ഞതൊന്നുമെന്നെ നീ
തവ സചിവനഹമിഹ
തഥാവിധനല്ലഹോ !
ദാസോസ്മികോസലേന്ദ്രസ്യ
രാമസ്യ ഞാൻ
സുമുഖി കപികുലതിലകനായ
സൂര്യാന്മജൻ സുഗ്രീവഭൃത്യൻ
ജഗൽപ്രാണനന്ദനൻ
കപടമൊരുവരൊടുമൊരു
പൊഴുതുമറിയുന്നീല
കർമ്മണാ വാചാ മനസാപി മാതാവേ! "
ഇത് കേട്ട് സീത ആരാണ് ഇത്ര സ്ഫുടമായി മധുരമായി സംസാരിക്കുന്നതെന്നിങ്ങനെ ചിന്തിച്ചു,
" ഋത ഋജുമൃദു സ്ഫുടവർണ്ണവാക്യം
തെളിഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം"
വാക്സാമർത്ഥ്യം മാത്രമല്ല രാജ്യകാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന മന്ത്രിയും കൂടിയാണ് അഞ്ജനാനന്ദനൻ. ബാലിവധത്തിന് ശേഷം കിഷ്കിന്ധയിൽ സുഖലോലുപനായി കഴിയുന്ന സുഗ്രീവനോട് ഹനുമാൻ ഇപ്രകാരം പറഞ്ഞു,
"പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
പർവ്വതാഗ്രേ നിജ സോദരൻതന്നോടു -
മുർവ്വീശ്വരൻ പരിതാപേന വാഴുന്നു
നിന്നെയും പാർത്തു പറഞ്ഞ സമയവും
വന്നതു നീയോ ധരിച്ചതില്ലേതുമേ
വാനരഭാവേന മാനിനീ സക്തനായ് പാനവും ചെയ്തു മതിമറന്നന്വഹം....."
കാര്യഗൗരവം വന്ന സുഗ്രീവൻ ഹനുമാനെ അഭിനന്ദിച്ചു,
" സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ
പൃഥ്വീശനാപത്തുമെത്തുകയില്ലല്ലോ"
സമുദ്രമെങ്ങനെ ലംഘിക്കുമെന്ന് ചിന്തിച്ച് കപികൾ വിഷണ്ണരായിരിക്കെ ജാംബവാൻ പറഞ്ഞു,
" എന്തു ജഗൽപ്രാണനന്ദനനിങ്ങനെ
ചിന്തിച്ചിരിക്കുന്നതേതും പറയാതെ?"
അനന്തരം ജാംബവാൻ ഹനുമാൻ്റെ ജനനത്തെ കുറിച്ചും കൽപാന്തകാലത്തോളം മൃതിയില്ല എന്ന അനുഗ്രഹത്തെ കുറിച്ചും അദ്ദേഹത്തെ ഓർമ്മപ്പെടുത്തി.
" നിൻ കയ്യിലല്ലയോ തന്നതു രാഘവ -
നംഗുലീയമതുമെന്തിനെന്നോർക്ക നീ
ത്വൽബലവീര്യവേഗങ്ങൾ വർണ്ണിപ്പതി-
നിപ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ"
ഉടനെ മാരുതി സിംഹനാദം ചെയ്തു കൊണ്ട് സമുദ്രലംഘനത്തിന് തയ്യാറായി.
വഴിയിലെ താസ്സങ്ങളെല്ലാം മറികടന്ന് ക്ഷീണം തീർക്കാനുള്ള ക്ഷണങ്ങൾ നിരസിച്ച് ആ ശ്രീരാമഭക്തൻ രാമാംഗുലീയവുമായി സമുദ്രലംഘനം ചെയ്തു.
ലങ്കയിലെത്തി രാവണനെ കാണുന്ന സന്ദർഭത്തിൽ ഹനുമാൻ്റെ സംഭാഷണം സരസവും, തത്വചിന്താപരവും, ഭക്തിയുക്തവും, ഹാസ്യോദ്ദീപകവുമാണ്. രാവണ പുത്രനായ ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രത്തെ ബഹുമാനിച്ച് ബന്ധനസ്ഥനെന്ന ഭാവേന രാവണ സന്നിധിയിലെത്തിയ ആ രാമദൂതൻ, താനാരെന്നും വന്നതെന്തിനെന്നും പറഞ്ഞ് അവിടെ വരുത്തിയ നാശനഷ്ടങ്ങൾക്ക് കാരണമായി ഇങ്ങനെ പറഞ്ഞു,
" വനജവിടപികളെയുടനുടനിഹ തകർത്തതും വാനരവംശ പ്രകൃതിശീലം വിഭോ!
ഇകലിൽ നിശിചരവരരെയൊക്കെ മുടിച്ചതുമെന്നെ വധിപ്പതിനായ് വന്ന കാരണം
മരണഭയമകതളിരിലില്ലയാതേ ഭുവി മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം
ദശവദന! സമരഭുവി ദേഹരക്ഷാർത്ഥമായ് ത്വത്ഭൃത്യവർഗത്തെ നിഗ്രഹിച്ചേനഹം
ദശനിയുത ശതവയസി ജീർണ്ണമെന്നാകിലും ദേഹികൾക്കേറ്റം പ്രിയം ദേഹമോർക്ക നീ"
പരമഭക്തനായ ഹനുമാൻ ശ്രീരാമമഹത്ത്വം രാവണനെ ധരിപ്പിച്ച് രാമനെ ശരണം പ്രാപിക്കാൻ അദ്ദേഹത്ത ഉപദേശിച്ചു. രാവണൻ കോപാകുലനായി രാമനെയും ലക്ഷ്മണനെയും സീതയെയും ഹനുമാനെയും കൊല്ലുമെന്ന് അലറി.
മാരുതപുത്രൻ പരിഹസിച്ചു,
" നിനവു തവ മനസി പെരുതെത്രയും നന്നു നീ നിന്നോടെതിരൊരു നൂറുനൂരായിരം രജനിചര കുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയതമിതു മമ ചെറുവിരൽക്ക് പോരാ പിന്നെ നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!"
വലാഗ്രത്തിലെ തീപ്പന്തവുമായി ലങ്കയെ ചുട്ടു ചാമ്പലാക്കി ആ പവമാനനന്ദനൻ
ഇന്ദ്രജിത്തിൻ്റെ ശരമേറ്റ് രാമലക്ഷമണന്മാരുൾപ്പെടെ എല്ലാവരും വീണപ്പോൾ വിഭീഷണനും ഹനുമാനും അക്കൂട്ടത്തിൽ ആരെങ്കിലും ജീവനോടെയുണ്ടോ എന്നന്വേഷിച്ചു നടന്നു. ജാംബവാൻ മോഹം തീർന്നെഴുന്നേറ്റ് ഹനുമാനെവിടെ എന്നു അന്വേഷിച്ചപ്പോൾ വിഭീഷണന് ആശ്ചര്യം തോന്നി. രാമലക്ഷ്മണനന്മാരേയോ സുഗ്രീവനേയോ അംഗദനേയോ കുറിച്ച് ചോദിക്കാതെ എന്തേ മാരുതിയെവിടെ എന്ന് അന്വേഷിച്ചത്? ജാബവാൻ പറഞ്ഞു,
"എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ
സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും
മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-
റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ"
ഹിമവാനിൽ പോയി മലയോടെ മൃതസഞ്ജീവനി കൊണ്ടുവരാൻ മാരുതിയല്ലാതെ മറ്റാരുണ്ട്?
പട്ടാഭിഷേകം കഴിഞ്ഞ് രാമൻ നൽകിയ അമൂല്യമാല്യം ഹനുമാന് നൽകി സീതാദേവി വായുപുത്രനോടുളള തൻ്റെ സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ചു.
മാരുതപുത്രൻ നിറഞ്ഞു നിൽക്കുന്ന സുന്ദരകാണ്ഡം രാമായണത്തിലെ ഏറ്റവും സുന്ദരമായ കാണ്ഡമായതിൽ അത്ഭുതമില്ല.
പ്രീത രാജ്
Image pinterest
Comments
Post a Comment