മഴയോർമ്മകൾ
മഴയോർമ്മകൾക്ക് ഇലച്ചാർത്തുകളിൽ നിന്നിറ്റ് വീഴുന്ന വെള്ളത്തുള്ളികളുടെ മനോഹാരിതയാണ്, വശ്യതയാണ്.
മഴക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഉറവകളുണ്ട്, അനുഭൂതികളുണ്ട്. മഴക്ക് മാത്രം മുളപ്പിക്കാൻ കഴിയുന്ന പുതുനാമ്പുകളുണ്ട്, വികാരങ്ങളുണ്ട്. മഴയോർമ്മകൾ തുടങ്ങുന്നതെവിടെയാണ്?
കുഞ്ഞു വർണ്ണക്കുട നിവർത്തി പിടിച്ച് വെളളക്കുഴികളിൽ ചവിട്ടിത്തെറിപ്പിച്ച് കുടയ്ക്ക് പുറത്തേക്ക് കൈനീട്ടി മഴയെ കൈക്കുമ്പിളിലാക്കി നടന്നകന്ന ബാല്യത്തിലാണോ?അതോ മുറ്റത്തെ കെട്ടിക്കിടക്കുന്ന കലക്ക വെള്ളത്തിലൊഴുക്കുന്ന കടലാസുതോണികളിലോ?. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാറ്റിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും നീങ്ങി മുങ്ങിപ്പോകുന്ന അല്ലെങ്കിൽ ചേറിലടിഞ്ഞ് പോകുന്ന കടലാസുവഞ്ചികൾ. ഇപ്പോഴും ഒരു തുണ്ട് കടലാസോ നോട്ടീസോ കിട്ടിയാൽ കൈകളിൽ അവ കടലാസുവഞ്ചികളായി ഏതോ ഒർമ്മകളിലാടിയുലയുന്നു.
മേൽക്കൂരയിൽ നിന്നൊഴുകി വീഴുന്ന മഴ വെള്ളം സ്യഷ്ടിക്കുന്ന നീർക്കുമിളകളെ കൗതുകത്തോടെ നോക്കി നിന്നിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊട്ടിപ്പോകുന്ന നീർക്കുമിളകൾ ഉള്ളിലുണ്ടാക്കിയിരുന്ന കുഞ്ഞു നിരാശകൾ...
പൊലി കൂട്ടി വച്ചിരിക്കുന്ന മൺകൂനകളിൽ ചെറുകല്ലുകൾക്ക് താഴെ മഴ നിർമ്മിക്കുന്ന കുഞ്ഞ് മൺസ്തൂപങ്ങളാണ് മറ്റൊരു മഴയോർമ്മ. ശ്രദ്ധയോടെ ആ മൺസ്തൂപങ്ങൾ അടർത്തിമാറ്റി മറ്റൊരു പരന്ന പ്രതലത്തിൽ സ്ഥാപിക്കുന്നത് ഒരു ബാല്യകാല മഴക്കാല വിനോദമായിരുന്നു.
സ്കൂളിൽ പോകുമ്പോൾ വരുന്ന മഴയോട് തെല്ല് നീരസം തോന്നിയിരുന്നു. ദിവസം മുഴുവൻ നനഞ്ഞ വസ്ത്രമണിഞ്ഞ് ഇരിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ! പക്ഷെ ഈറൻ തുണിയുടെയും പുസ്തകത്തിന്റെയും മണവും തണുപ്പും പ്രിയമുള്ള ഓർമ്മയാണ്. തിരിച്ചു വരുമ്പോൾ പെയ്യുന്ന മഴ ആസ്വദിക്കാനുള്ളതാണ്. നനഞ്ഞുകുളിച്ച് റോഡിലെ ചെറിയ വെള്ളക്കുഴികളിൽ കാല് നനച്ച് മെല്ലെ നടക്കാം. വീട്ടിൽ ചെന്ന് മേലുകഴുകി ഉടുപ്പ് മാറി ചൂടുചായ കുടിച്ച് കൊണ്ട് മഴയെ നോക്കിയിരിക്കാം.
ഹൈസ്കൂളിൽ എത്തിയപ്പോൾ ഒഴിവുദിവസങ്ങളിലെ മഴയായിരുന്നു ഏറെ ഇഷ്ടം. പുറത്തു മഴ തകർത്തു ചെയ്യുമ്പോൾ ചുരുണ്ട് കൂടിക്കിടന്ന് വായിക്കലായിരുന്നു പ്രധാന പരിപാടി. എം.ടിയും മാധവിക്കുട്ടിയും സി.രാധാകൃഷ്ണനും എസ്.കെയും എം.മുകുന്ദനും മലയാറ്റൂരും വി.കെ.എന്നും ഒക്കെ മഴയിലൂടെയാണ് കടന്നുവന്നത്.
വിവാഹശേഷം പല സ്ഥലത്തേക്കുള്ള താമസം മാറ്റത്തിനനുസരിച്ച് മഴയ്ക്കും മാ
ഭാവമാറ്റങ്ങളുണ്ടായി.. തിരുവനന്തപുരത്തെ സൗമ്യമായ മഴ, കോട്ടയത്തെ ഇടിയോടും മിന്നലോടും കൂടിയ മഴ, നിർത്താതെ പെയ്യുന്ന മുംബൈ മഴ, എറണാകുളത്തെ വെറും കുളമാക്കുന്ന മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കുകളുണ്ടാക്കുന്ന കൊച്ചി മഴ, തവളമേളത്തിന്റെ അകമ്പടിയോടെ പെയ്തിറങ്ങുന്ന നാട്ടുമഴ.
ആലുവയിലെ പെരിയാറിന്റെ തീരത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്നാണ് മഴയുടെ സ്പന്ദനങ്ങൾ അടുത്തറിഞ്ഞത്.
മഴ വന്യമായ ആസക്തിയോടെ പുഴയെ പുൽകി പെയ്തിറങ്ങുന്നത് കണ്ട് നിന്നിട്ടുള്ളത്. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾക്ക് സാക്ഷിയായത്.
മഴ തിമർത്ത് ചെയ്തിരുന്ന ഒരു കർക്കിടക നാളിലാണ് അമ്മയായതും. അമ്മയായതിന് ശേഷം അസമയത്ത് പെയ്യുന്ന മഴയോട് ചെറിയ പരിഭവമായിരുന്നു. കളിഭ്രാന്തനായ മകൻ മഴ നനയുമോ എന്ന അമ്മആധി.
ഏറ്റവും നല്ല മഴയോർമ്മ ആലുവയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും കണ്ടെയ്നർ ടെർമിനൽ റോഡിലൂടെ മഴയുടെയും ഗസലുകളുടെയും ജുഗൽബന്ദി ആസ്വദിച്ച് ചെയ്ത ഏതാനും ഡ്രൈവുകളാണ്.
മകന്റെ കല്യാണ സമയത്ത് പേമാരിയായി,
പ്രളയമായി മഴ ശരിക്കും വിഷമിപ്പിച്ചു. തകർത്ത് പെയ്യുന്ന മഴ നോക്കി നിൽക്കുമ്പോഴും എന്തോ എല്ലാം ശരിയാവും എന്ന് മനസ്സു പറഞ്ഞു കൊണ്ടിരുന്നു. കുറെ പേർക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ വിവാഹം ഭംഗിയായി നടന്നു.
മുടിയഴിച്ചുറഞ്ഞുതുള്ളുന്ന രാത്രിമഴയിലൂടെ
ഒറ്റയ്ക്കൊരു ഒരു യാത്ര പോകണം എന്നൊരു മോഹമുണ്ട്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് നോക്കുന്ന ആ കണ്ണുകളിൽ എന്തു ഭാവമായിരിക്കും? ഉന്മാദത്തിന്റെ രൂക്ഷതയോ പൊട്ടിച്ചിരിയോ അതോ 'ഇതാ മറ്റൊരു ഭ്രാന്തി' എന്ന അറിവിന്റെ ഗൂഢസ്മിതമോ?. പകൽ പോലും നഗരം വിട്ട് പുറത്തേക്ക് കാറോടിക്കാൻ അനുവാദമില്ലാത്ത സംരക്ഷണ വലയത്തിലായതിനാൽ അത് ഒരു സ്വപ്നം ആയി തന്നെ അവശേഷിക്കുമായിരിക്കാം. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല.
മഴക്കാലങ്ങൾ ഇനിയും വരുമല്ലോ !
പ്രീത രാജ്
Lovelyyyyyyy.....
ReplyDeleteThank you, 😊
DeleteLovelyyyyyy
ReplyDeleteLovelyyyyyyy.....
ReplyDelete