ബാഷ്പീകൃതരും പെൺനീതിയും
അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ. The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ് എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാ...