സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി.രാമകൃഷ്ണൻ വായിച്ചു കൊണ്ടിരുന്നപ്പോൾ ഗൂഗിളിൽ ഏറെ തവണ തിരഞ്ഞു, ശ്രീലങ്ക എന്ന കൊച്ച് അയൽ രാജ്യത്തിന്റെ ചരിത്രമറിയാൻ. പണ്ട് ചരിത്ര പുസ്തകത്താളുകളിൽ പരീക്ഷക്ക് വേണ്ടി മാത്രം പഠിച്ച ചേര ചോള സാമ്രാജ്യങ്ങളുടെ ചരിത്രമറിയാൻ. രജനി തിരണഗാമ എന്ന ധീരയായ മനുഷ്യ സ്നേഹിയെ അറിയാൻ. നോവൽ വഴികളുടെ ഭൂമിശാസ്ത്രം തിരയാൻ. മിത്തും ചരിത്രവും ഭൂമിശാസ്ത്രവും വർത്തമാനവും കൂടിക്കലർന്ന കഥാഗതിക്ക് ചിലപ്പോഴൊക്കെ ഒരു യാത്രാവിവരണമോ ചരിത്രപുസ്തകമോ ആയി തോന്നാവുന്ന ശൈലി തികച്ചും അനുയോജ്യമായി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകിയുടെ കഥയിൽ നിന്നും വർത്തമാന കാലത്തെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെത്തി നോവൽ അവസാനിക്കുമ്പോൾ, "ദേവനായകിയിൻ കതൈ " പൂർണ്ണമാകുന്നില്ല. ആണ്ടാൾ ദേവനായകിമാർ ഇനിയുമുണ്ടാവും. ആവർത്തനം ചരിത്രത്തിന് സഹജമാണല്ലോ! യുദ്ധഭൂമികളിലും, അധികാരകേന്ദ്രങ്ങളിലും, വിപ്ലവ വിമോചന മുന്നേറ്റങ്ങൾക്കിടയിലും പെണ്ണുടലുകളും മനസ്സുകളും നിർദ്ദയം ചവുട്ടിയരക്കപ്പെടുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകി കടന്നു പോയ വഴികൾ രജനി തിരണഗാമക്കും സുഗന്ധിക്കു...